വനിതാ ബില്‍ ലോകസഭ ഇപ്പോള്‍ പാസാക്കിയാലും 2029 ഇലക്ഷനു മാത്രമേ പെണ്‍കരുത്ത് സഫലമാകൂ. ഇത് 2024ല്‍ വേണമെങ്കില്‍ 'ചക്ക വേരിന്‍മേലും കായ്ക്കില്ലേ?'. ഭരണപക്ഷം അത് അനുവദിച്ചാലും ഇല്ലെങ്കിലും വനിതാബില്‍ തങ്ങളുടെത് കൂടിയാണെന്ന് സമര്‍ത്ഥിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇതൊരു നല്ലൊരു പിടിവള്ളി. രാഷ്ട്രീയക്കാരല്ലേ എവിടെയും നേട്ടമുണ്ടാക്കാന്‍ അവര്‍ ഇരുകൂട്ടരും ശ്രമിക്കും. അവര്‍ വീഴുന്നത് എങ്ങനെയാണെങ്കിലും അത് നാലുകാലിലായിരിക്കുമല്ലോ ?
രാഷ്ട്രീയത്തില്‍ പെണ്‍കരുത്ത് ഇനി കൂടും. കൂടുതല്‍ സ്ത്രീകള്‍ രാഷ്ട്രീയത്തിലിറങ്ങും. ബി.ജെ.പി കൊണ്ടുവരുന്ന വനിതാബില്‍ ഈ വരുന്ന തെരഞ്ഞെടുപ്പിനു ബാധകമാക്കാന്‍ ബി.ജെ.പി തിരക്കിട്ട് ഒന്നും ചെയ്യില്ല. 2029 പാര്‍ലമെന്റ് ഇലക്ഷനു മാത്രമേ ബാധകമാകൂ. എന്താണെന്നോ തടസ്സം ? ലോകസഭയും രാജ്യസഭയും പാസാക്കിയാലും ഇന്ത്യയിലെ പകുതി നിയമസഭകളും കൂടിയത് പാസാക്കണം. എല്ലാ കക്ഷികളും പിന്തുണക്കുന്ന ബില്‍ അതനുസരിച്ച് 2004നു മുന്‍പ് പാസ്സാക്കാന്‍ എന്താണ് തടസ്സമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. വനിതാ ബില്‍ പാസാക്കിയത് തങ്ങളാണെന്നു ഭരണപക്ഷം സമര്‍ത്ഥിക്കുമ്പോള്‍ അതെന്തു കൊണ്ട് ബില്‍ 2024 ഇലക്ഷനില്‍ നടപ്പാക്കുന്നില്ലെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഇതിനു തടയിടാന്‍ 'ഒരു ഇന്ത്യ ഒരു ഇലക്ഷന്‍' നടപ്പാക്കിയാല്‍ നിലവിലുള്ള എല്ലാ നിയമസഭകളും (ഇപ്പോള്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ കര്‍ണാടക നിയമസഭാ ഉള്‍പ്പെടെ) പിരിച്ചുവിട്ടാലോയെന്ന് ഭരണകക്ഷിക്ക് ആലോചിക്കാം.
12നു പകരം 46 :
അതല്ല, 2024ല്‍ തന്നെ വനിതാബില്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ കേരള നിയമസഭയില്‍ ഇപ്പോഴുള്ള 12 വനിതകള്‍ക്ക് പകരം 46 പേരെങ്കിലുമുണ്ടാവും. പാര്‍ലമെന്റ് സീറ്റ് 20 ഉണ്ടെങ്കിലും ഇപ്പോഴുള്ളത് രമ്യ ഹരിദാസ് മാത്രം. പകരം 6 സീറ്റുകള്‍ വനിതകള്‍ക്ക് കിട്ടും. ഇപ്പോള്‍ 20 ലോകസഭാ സീറ്റുകളിള്‍ രണ്ടെണ്ണം സംവരണ സീറ്റാണ്. ബാക്കി 18 ജനറല്‍ സീറ്റില്‍ 6 വനിതകള്‍ക്കാകും. സംവരണ സീറ്റില്‍ നിന്ന് ജയിച്ചു വരാവുന്നവര്‍ വേറെയും. അങ്ങനെയും കേരളത്തില്‍ നിന്നുള്ള ലോകസഭാ വനിതാ പ്രാതിനിധ്യം കൂടും. നിയമസഭയില്‍ 140 സീറ്റുണ്ടെങ്കിലും ജനറല്‍ സീറ്റ് 124 മാത്രം. അതില്‍ 41 വനിതകള്‍. 14 പട്ടികജാതി സംവരണ സീറ്റുകളില്‍ 5 പേര്‍ എത്തും. അങ്ങനെയാണ് 46 സ്ത്രീകളുടെ സാന്നിധ്യം വരുന്നത്. 2 പട്ടികവര്‍ഗ്ഗ സീറ്റുണ്ട്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി സീറ്റുകളാണത്. വനിതാ സംരക്ഷണം വഴിയോ അല്ലാതെയോ നിയമസഭയിലെ പെണ്‍കരുത്ത് പിന്നെയും കൂടാം.
ഇലക്ഷന്‍ കാര്‍ഡ് :
പുതിയ വനിതാ ബില്ലില്‍ ഒ.ബി.സി, ന്യൂനപക്ഷ സംരക്ഷണത്തിന് സംവരണം ഇല്ലെന്നതും കോണ്‍ഗ്രസ് ഇലക്ഷന്‍ കാര്‍ഡാക്കി മാറ്റും. മായാവതിയെ സോണിയ ഗാന്ധി കണ്ടത് ഇതേ ഉദ്ദേശത്തോടെ തന്നെ. കേരളത്തിലും ഈ വിഭാഗങ്ങള്‍ പ്രബലമാണല്ലോ. ഈ വരുന്ന ഇലക്ഷനില്‍ ഈ ബില്‍ പ്രാബല്യത്തില്‍ വരുത്താന്‍ പറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് അതിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കും.
വിമത ശല്യം :
ആലപ്പുഴയിലെ സി.പി.എം വിമതര്‍ സിപിഐയിലേക്ക് വ്യാപകമായി ചേക്കേറുന്നു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലും വിമതര്‍ക്കെതിരെ സി.പി.എം വിശദീകരണ ജാഥകള്‍ ഇന്ന് നടത്തുന്നു. രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ വിമതരായി സി.പി.ഐയിലേക്ക് മാറിയിരിക്കുകയാണല്ലോ. കുട്ടനാട്ടിലെ വിമത ശല്യം ഒഴിവാക്കാന്‍ സജി ചെറിയാന്‍ മന്ത്രി പലവട്ടം വന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ആലപ്പുഴ ജില്ലയില്‍ പൊതു വിമതര്‍ കൂടിവരികയാണ്. സി.പി.എമ്മിനു അതൊരു തലവേദനയും.
അടിക്കുറിപ്പ് : വന്നല്ലോ വനമാല എന്ന് പറയുന്നതുപോലെ അരികൊമ്പന്‍ കേരളാ അതിര്‍ത്തി വരെ എത്തി. നെയ്യാറിന് 65 കി.മീറ്റര്‍ അകലെയുണ്ട് ആ കൊമ്പന്‍. നിത്യേന 10 കി.മീറ്റര്‍ നടന്നെത്താന്‍ കഴിയുന്ന കൊമ്പനാനയ്ക്ക് വേണമെങ്കില്‍ ഒരാഴ്ച കൊണ്ട് നെയ്യാറില്‍ എത്താം. അതിന് ഇപ്പോള്‍ മദപ്പാടുണ്ട്. നാല് ആനകളെ കൂടെ കൂട്ടിയിട്ടുമുണ്ട്. ഇന്നലെ ചില പരാക്രമങ്ങള്‍ മാഞ്ചോട് ഭാഗത്ത് നടത്തിയെങ്കിലും അരികൊമ്പന്‍ അവിടത്തെ റേഷന്‍കട തൊട്ടില്ല. അരിയോടുള്ള ഭ്രമം ആനക്ക് കുറഞ്ഞതാകാം കാരണമെന്ന് തമിഴ്‌നാട് വനം വകുപ്പുകാര്‍ പറയുന്നു. റേഡിയോ കോളറില്‍ നിന്ന് ഇപ്പോഴും സൂചനകള്‍ കിട്ടുന്നുണ്ട്.
കെ.എ ഫ്രാന്‍സിസ്