
ജീവിച്ചു കൊതിതീരാതെയാണ് ഗായിക രാധിക പോയത്.. പാട്ടിനെ പ്രാർഥനയാക്കിയ ഗായിക... ഹൃദയം കൊണ്ടായിരുന്നു രാധിക പാടിയത്..
പക്ഷെ പാടിത്തീർക്കാൻ ഇനിയും നിരവധി പാട്ടുകൾ ബാക്കിയാക്കി അവർ ഈ ലോകത്തോടു വിട പറഞ്ഞു..
കഴിവിനൊത്തുള്ള അംഗീകാരം തേടിയെത്തിയില്ലെന്ന നിർഭാഗ്യവും പേറിയായിരുന്നു രാധിക ജീവിച്ചത്...
അതിൽ ഒരിക്കലും അവർ പരിഭവം പറഞ്ഞില്ല.. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മരിക്കാത്ത സംഗീതം ഈ ഭൂമിയിൽ ബാക്കി വച്ചുപോയി..
മായാമഞ്ചലിൽ...
കലാകാരന്മാർ ഭാഗ്യം ചെയ്തവരാണ്..
അവരുടെ ഭൗതിക ശരീരം ഈ ലോകം വിട്ടുപോയാലും അവരിവിടെ അവശേഷിപ്പിച്ചു പോയ കലാ സൃഷ്ടികളാൽ എന്നെന്നും
ഓർക്കപ്പെടും എന്ന സത്യം.. എഴുത്തുകാരായാലും പാട്ടുകാരായാലും...
ഏതോ കാലത്തിന്റെ ഇടനാഴികകളിൽ നിന്നും ഒരീണമധുരം മൂളി ആരോ..! അവർ മണ്ണിനോടു ചേർന്നിട്ട് കാലങ്ങൾ കഴിഞ്ഞു... സുന്ദരമായ ആ ദേഹം ഇന്നില്ല.. എന്നിരുന്നാലും ആ ശബ്ദത്തിന്റെ അലയൊലികൾ ഇന്നും കണ്ണ് ഈറനാക്കിക്കൊണ്ട് ഇവിടെയൊക്കെ...
രാധിക തിലക്.. ഒരപൂർവ ശബ്ദത്തിന്റെ ഉടമ.. അവരോടു ചേർത്തുവയ്ക്കാൻ പ്രമുഖ ഗായികമാരെ ഉണ്ടാവൂ.. മലയാളത്തിന്റെ ഗായിക ആയിട്ടും നമ്മൾ ഏറെ അവസരങ്ങൾ കൊടുക്കാതെ ഒതുക്കിക്കളഞ്ഞ ഒരുവൾ...

പാട്ടിന്റെ അപാര സാധ്യതകൾ കഴിവായി തെളിയിക്കപ്പെടേണ്ടതായിരുന്നു.. ആരുടെയൊക്കയോ കൈകൾ അണിയറയിൽ പ്രവർത്തിച്ചതിന്റെ ഫലമായി പിന്തള്ളപ്പെട്ടവൾ... അത്രക്കേറെ ശ്രുതിമധുരമായിരുന്നു രാധികാ ശബ്ദം.. അതേറെ അനുഭവങ്ങൾ സൃഷ്ടിക്കപ്പെടാൻ യോഗമുണ്ടായില്ല.. ഉണ്ടായതോ വളരെ കുറച്ചും...
‘' ദേവസംഗീതം നീയല്ലേ..’ എന്ന യുഗ്മഗാനം അവർക്കു വീണ്ടുമൊരു ബ്രേക്ക് കൊടുത്തു... അന്ധരായ രണ്ടു കാമുകരുടെ പ്രണയ പരാവശ്യങ്ങൾ പാട്ടിലൂടെ രാധികയും യേശുദാസും ഭംഗിയാക്കി...
കന്മദത്തിലെ ടൈറ്റിൽ സോങ് പാടി വീണ്ടും രാധിക തിലക്.. സിനിമയ്ക്കു പേരെഴുതികാണിക്കുന്ന സമയത്തെ പാട്ട് പലപ്പോഴും
ശ്രദ്ധിക്കപ്പടാറില്ല.. എന്നാൽ
" തിരുവാതിര.. തിരനോക്കിയ
മിഴിവാർന്നൊരു ഗ്രാമം... "
എന്ന ഗാനം പക്ഷെ അങ്ങനെയായിരുന്നില്ല...
മൂവന്തി താഴ് വരയിൽ..
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
എന്നീ ഗാനങ്ങളൊക്കെ മുൻപന്തിയിൽ ഉണ്ടെങ്കിലും ഒട്ടും പുറകിലല്ലാതെ തിരുവാതിരയും സ്ഥാനം പിടിച്ചു...
മറ്റൊരു തിരുവാതിര പാട്ടുമായി വീണ്ടും രാധിക.. സ്നേഹം എന്ന ജയരാജ് ചിത്രത്തിൽ
‘കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി..’
അത് ചിത്രത്തിൽ നല്ലൊരനുഭവമായിരുന്നു..
ദൃശ്യത്തിലും കേൾവിയിലും...
അതിമധുരമായി പ്രണയഗാനത്തിലും തന്റെ ഭാഗം പാടിവയ്ക്കാൻ ആവുമായിരുന്നു രാധികയ്ക്ക്...
യൂസഫലി കേച്ചേരിയുടെ രചനകൾ ചിലവയിൽ പങ്കുകൊള്ളാൻ കഴിഞ്ഞുവെന്നത് രാധികയ്ക്കു നിർവൃതി തന്നെയായിരിക്കും...
എന്റെ ഉള്ളുടുക്കും കൊട്ടി.. നിന്റെ കണ്ണിൽ വിരുന്നു വന്നു.. ഇവയൊക്കെ ഓളങ്ങൾ സൃഷ്‌ടിച്ച ഗാനങ്ങൾ ആയിരുന്നു... മോഹൻ സിതാരയുടെ ലളിതസംഗീതം അതിനേറെ ഉപകരിച്ചു...
കാനനകുയിലേ കാതിലിടാനൊരു
കാൽപവൻ പൊന്നു തരാമോ...
എന്ന ഗിരീഷ് ഗാനത്തോടെ നല്ലൊരു പാട്ടുകാലം അവസാനിച്ചു എന്നു പറയാം.. പിന്നീടും പാട്ടുകൾ ഉണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല...
2015ൽ പൂർത്തികരിക്കാതെ തന്റെപാട്ടു മോഹങ്ങളോടെ ആ ജീവിതംസമാധിയായി.. കണ്ണീർപൂക്കൾ
അർപ്പിക്കുന്നു പ്രിയഗായികയ്ക്ക്... !