1
ലൂസിഫർ യേശുവിനെ പരീക്ഷിച്ചു.
യേശുവിന് വിശന്നു.
സാത്താൻ അരികെ വന്ന് പറഞ്ഞു.
“നീ ദൈവപുത്രനെങ്കിൽ ഈ കല്ലുകൾ അപ്പമായിത്തീരുവാൻ കല്പിക്കുക.”
യേശു പറഞ്ഞു.
“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവുക്കുന്നത്.”
സാത്താൻ തോറ്റു. എന്നാൽ അവൻ പിന്മാറിയില്ല. സാത്താൻ യേശുവിനെ കത്തീഡ്രലിന്റെ ഗോപുരത്തിൽ കൊണ്ടുചെന്നു.
“നീ ചാടുക. ദൂതന്മാർ നിന്നെ കൈകളിൽ വഹിക്കുമെന്ന് നിങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ.”
യേശു പറഞ്ഞു. “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും എഴുതിയിരിക്കുന്നു.”
സാത്താൻ തോറ്റു. പക്ഷേ, അവൻ പിന്മാറിയില്ല. സാത്താൻ യേശുവിനെ ഒരു വൻമലയിലേക്ക് കൊണ്ടുപോയി. സകല ഭൂമിയുടെയും പ്രതാപം കാണിച്ചു. സ൱ന്ദര്യവും ഗാംഭീര്യവും കാണിച്ചു. ഒരു കണ്ടീഷൻ.
“എന്നെ സാഷ്ടാംഗം നമസ്ക്കരിക്കുക. ഇതെല്ലാം നിന്റേത്.”
യേശു പറഞ്ഞു. “നിന്റെ ദൈവമായ കർത്താവിനെ മാത്രമേ നമസ്ക്കരിക്കാവു എന്ന് തിരുവചനത്തിൽ എഴുതിയിരിക്കുന്നു.”
സാത്താൻ തോറ്റു. അവൻ വീണ്ടും വീണ്ടും തോറ്റു. എന്നാൽ അവൻ പിന്മാറിയില്ല. സാത്താൻ സ്ട്രാറ്റജി മാറ്റി.
ഇത്തവണ അവൻ മൂന്ന് ഡപ്യുട്ടികളെ നിയോഗിച്ചു, തനിക്കു പകരം. അവർ മൂവരും കേരളമെന്ന കൊച്ചു രാജ്യത്തെ ലക്ഷ്യമാക്കി പറന്നു.
2
ബയത്സബൂൽ പത്തനംതിട്ട ജില്ലയിലേക്ക് പറന്നു.
ബയത്സബൂൽ അവറാച്ചൻ ഉപദേശിയുടെ ഭവനത്തിലേക്ക് ചെന്നു. അവറാച്ചനെ വലിയ മലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മതപണ്ഡിതന്മാർ ദർശനക്കുന്നെന്ന് പറയും.
അമേരിക്കയിലെ ഡാളസ് പട്ടണവും ന്യൂയോർക്കും കാണിച്ചു.
അവറാച്ചൻ ചോദിച്ചു.
“ഇത് സ്വർഗ്ഗമാണോ? ഇതാണോ സ്വർഗ്ഗം?”
ബയത്സബൂൽ പറഞ്ഞു. “സ്വർഗ്ഗം ഇത്രയും നല്ലതാണോ? സ്വർഗ്ഗം ഇത്രയും നല്ലതായിരുന്നാൽ മതി.”
വീഥികളിൽ രഥങ്ങൾ ഓടുന്നു.
പുതിയ യരുശലേമിനെക്കാൾ പകിട്ടുള്ള ഗോപുരങ്ങൾ.
പെട്ടെന്ന് ഒരു വലിയ കത്തീഡ്രൽ അവറാച്ചൻ ഉപദേശിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അതിന് പന്ത്രണ്ട് മുത്തുകൾ കൊണ്ടുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു.
“ഞാൻ ഇത് നിനക്ക് തരും.” ബയത്സബൂൽ മൊഴിഞ്ഞു.
പിന്നെ ബയത്സബൂൽ അവറാച്ചൻ ഉപദേശിയെ ആകാശത്തിലേക്ക് കൊണ്ടുപോയി. കത്തീഡ്രലും പരിസരവും കാണിച്ചു.
“ഇതാണ് ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്ന സ്വർഗ്ഗം. ഞാൻ നിന്റെ പേര് മാറ്റും. പണ്ട് ദൈവം യാക്കോബിന്റെ പേര് മാറ്റിയില്ലേ? അതുപോലെതന്നെ. നീ ഉപദേശിയല്ല, നീ റവറണ്ട് ഡാക്ടറാകും. ഞാൻ നിന്റെ വേഷം മാറ്റും; ഞാൻ നിന്റെ ഭാവം മാറ്റും. നിന്നെ കാണുമ്പോൾ ദേശത്തിലെ മാന്യന്മാർ എഴുനേല്ക്കും; അവർ വായ് പൊത്തി നില്ക്കും. നിന്റെ പേരിന് വാലും അർത്ഥവുമുണ്ടാകും. എന്റെ പേർ നിന്റെ പേരിനോട് കൂട്ടിച്ചേർക്കും. നീ റവ. ഡാക്ടർ അബ്രഹാം ബയൂലത്തിങ്കൽ ആകും.”
പിന്നെ ബയത്സബൂൽ അവറാച്ചനുപദേശിയെ കത്തീഡ്രലിനുള്ളിലേക്ക് കൊണ്ടുപോയി.
അവറാച്ചൻ ഉപദേശി ചോദിച്ചു. “ഇത് സിനിമാ തിയേറ്ററാണോ?”
ആരാധന നടക്കുമ്പോൾ ശബ്ദതരംഗങ്ങൾ കൊണ്ട് മിന്നുകയും മങ്ങുകയും ചെയ്യുന്ന ലൈറ്റുകൾ. ഗായകസംഘത്തിന്റെ സ്വരവ്യതിയാനങ്ങൾക്കൊത്ത് പ്രത്യക്ഷപ്പെടുന്ന കൃത്രിമ മേഘം.
“അല്ല, ഇത് സാങ്ചുവരി ആണ്. ഇവിടെ മാലാഖമാരെപ്പോലുള്ള യുവതീയുവാക്കൾ ആടിപ്പാടി തകർക്കും. നീ ആഗതനാകുമ്പോൾ അവർ എഴുനേല്ക്കും; എഴുനേല്ക്കണം. ഞാൻ നിന്റെ ഈ നാറിയ ഉപദേശിയുടുപ്പ് മാറ്റും. നിന്നെ ഞാൻ കോട്ടും സൂട്ടും ധരിപ്പിക്കും. ഞാൻ നിന്നെ സഭയുടെ ശുശ്രൂഷക്കാരനല്ല, സഭാ മുതലാളിയാക്കും. നീ പറയുന്ന വേദവാക്യങ്ങൾ നിമിഷനേരത്തിനുള്ളിൽ ഓവർഹെഡ് സ്ക്രീനിൽ മിന്നിത്തിളങ്ങും. നീ പഴയ കറുത്ത വേദപുസ്തകം ചുമന്നുകൊണ്ട് നടക്കേണ്ട. ഞാൻ നിനക്ക് ഐപാഡും സ്മാർട്ട്ഫോണും നല്കും. ഇപ്പോൾ മുഴങ്കാലിൽ നില്ക്കുന്ന നിന്നെ ഞാൻ സിംഹാസനത്തിൽ ഇരുത്തും. നിന്റെ ഭാര്യയെ ഞാൻ സഭയിലെ ഫസ്റ്റ് ലേഡിയാക്കും.”
പിന്നെ ബയത്സബൂൽ അവറാച്ചൻ ഉപദേശിയെ ആലയത്തിന് പുറത്തേക്ക് കൊണ്ടുപോയി. അവിടെ മനോഹരമായ കാറുകൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം കാണിച്ചു. ചലിക്കുന്ന കൊട്ടാരങ്ങൾ.
“ഇത് ഞാൻ നിനക്ക് നല്കും. ഒന്നല്ല, രണ്ടല്ല, പലത്. നിന്നെ ഞാൻ വാലല്ല, തലയാക്കും. ഒരു കണ്ടീഷൻ. എന്നെ വീണ് നമസ്ക്കരിക്കുക.”
അവറാച്ചൻ ഉപദേശി അനുസരിച്ചു. ദ൱ത്യം വിജയിച്ചു.
3
മാമോൻ ദൈവം കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും ഊടാടി സഞ്ചരിച്ചു. കൊല്ലം ജില്ലയിലെ ഒരു ചെറിയ വീട്ടിലേക്ക് മാമോൻ കടന്നുചെന്നു.
അവിടെ കുടുംബാരാധന നടക്കുകയാണ്.
ചെറുകിട കർഷകനായ വർഗ്ഗീസ്കുട്ടി.
വൃദ്ധരായ മാതാപിതാക്കൾ.
പഠിക്കാൻ മിടുക്കരായ രണ്ട് മക്കൾ, ജോണും ജോയിസും.
സമ്പന്നരല്ലെങ്കിലും സംതൃപ്ത കുടുംബം.
ചോര നീരാക്കി കുടുംബം പുലർത്തുന്നവനാണ് വർഗ്ഗീസ്.
വർഗീസ് മാമോനെ സ്വീകരിച്ചിരുത്തി.
പെട്ടെന്ന് മാമോൻ വർഗീസിനെ ദർശനക്കുന്നിലേക്ക് കൊണ്ടുപോയി.
ബോസ്റ്റണും ഹൂസ്റ്റണും കാണിച്ചു.
മാമോൻ ദൈവം അരുളിച്ചെയ്തു.
“ഞാൻ നിന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകും. ഞാൻ നിന്നെ അനുഗ്രഹിക്കും. ഞാൻ നിന്റെ തലമുറയെ മാനിക്കും. നിന്റെ മക്കളെ ഞാൻ ഡാക്ടറും കമ്പനി പ്രസിഡന്റുമാക്കും. ഹാർവാർഡ് യൂണിവേഴ്സിറ്റി എന്ന് നീ കേട്ടിട്ടില്ലേ? എം.ഐ.റ്റി എന്ന് കേട്ടിട്ടില്ലേ? നിന്റെ മക്കൾ ലോകപ്രസിദ്ധമായ സർവ്വകലാശാലകളിൽ പഠിക്കും. അവർ സായ്പ് കുട്ടികളെക്കാൾ, മദാമ്മ കുട്ടികളെക്കാൾ സമർത്ഥരും പ്രസിദ്ധരുമാകും. ഞാൻ നിന്റെ പേർ വലുതാക്കും. നിന്റെ ഈ ചെറ്റപ്പുരയ്ക്കു പകരം ഞാൻ നിനക്ക് മണിമേട നല്കും. നീയും നിന്റെ സന്തതികളും വലിയവരാകും. അവർ അത്യാധുനിക ജറ്റുകളിൽ പറക്കും. ഇന്ന് ന്യൂയോർക്ക്, നാളെ ലണ്ടൻ, മറ്റെന്നാൾ ടോക്കിയോ.”
“പക്ഷേ.......” വർഗീസ്കുട്ടി സംശയം പ്രകടിപ്പിച്ചു.
“എന്താണ് നിന്റെ പക്ഷേ?” മാമോൻ ആരാഞ്ഞു.
“എന്റെ വൃദ്ധരായ മാതാപിതാക്കൾ?”
വർഗീസ്കുട്ടി ചോദിച്ചു. “അവരെ വാർദ്ധക്യത്തിൽ ആര് സംരക്ഷിക്കും?”
മാമോൻ ദൈവം ചിരിച്ചു.
“വർഗീസേ, നീ ഇത്ര പാവമായിപ്പോയല്ലോ. പുഴ താഴേയ്ക്കാണ് ഒഴുകുന്നത്. അതൊരിക്കലും മേലോട്ട് ഒഴുകുകയില്ല. നിന്റെ മക്കളുടെ ഭാവി, അതായിരിക്കണം നിന്റെ ലക്ഷ്യം. അതാണ് നിനക്ക് നല്ലത്. നീ ജീവിക്കുന്നത് നിന്റെ മക്കൾക്കാണ്. അവരുടെ നന്മ കണ്ട് നീ സന്തോഷിക്കണം. നിന്റെയും നിന്റെ മക്കളുടെയും ഭാവി കണ്ട് നിന്റെ മാതാപിതാക്കളും സന്തോഷിക്കും.
നിന്റെ വളർച്ച, നിന്റെ മക്കളുടെ വളർച്ച. അതാണ് നിന്റെ മാതാപിതാക്കളുടെ സന്തോഷം. നിന്റെ മാതാപിതാക്കളെ പ്രതി നീ ബുദ്ധികേട് കാണിക്കരുത്. കൈയിൽ കിട്ടിയ നിധി എറിഞ്ഞുകളയരുത്.
ഇപ്പോൾ നീ അപ്പത്തിന് ബുദ്ധിമുട്ടുന്നു. വിയർപ്പോടെ അപ്പം. അത് ശാപമാണ്. ഞാൻ നിന്റെ ശാപം മാറ്റും. നീ വിയർക്കാതെ അപ്പം കഴിക്കും. നിന്റെ ഭവനത്തിലേക്ക് അപ്പക്കുട്ടകൾ ഒഴുകിവരും. അത് നിന്റെ ഭവനത്തിൽ നിന്ന് പുറത്തേക്കൊഴുകും. അനേകർക്ക് നീ അപ്പം കൊടുക്കും. വിയർക്കാതെ അപ്പം നല്കുക. അതാണെന്റെ ലക്ഷ്യം.
എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും. അങ്ങനെയല്യോ വേദപുസ്കകത്തിൽ എഴുതിയിരുക്കുന്നത്?
നിന്റെ പട്ടിണി ഞാൻ മാറ്റിത്തരും. പക്ഷേ ഒരു കണ്ടീഷൻ. എന്നെ നമസ്ക്കരിക്കുക.”
വർഗീസ് അനുസരിച്ചു. മാമോൻ ദൈവം പറന്നു, തന്റെ യജമാനന്റെ സവിധത്തിലേക്ക്, ദ൱ത്യം വിജയിച്ച സന്തേഷത്തിൽ.
4
അർത്തമിസ് ദേവി കോട്ടയം പട്ടണത്തിൽ പ്രത്യക്ഷപ്പെട്ടു, ദ്യോവിൽ നിന്ന് പൊട്ടി വീണതുപോലെ. ആ സ൱ന്ദര്യധാമം കോട്ടയം ജില്ലയിലും ഇടുക്കി ജില്ലയിലും ഊടാടി സഞ്ചരിച്ചു.
ഇടുക്കി ജില്ലയിലെ ഒരു ചെറ്റക്കുടിലിനെ ലാക്കാക്കി അവൾ പറന്നു. മത്തായിക്കുട്ടി എന്ന ദൈവഭക്തനായ ഒരു യുവാവാണ് അവളുടെ ലക്ഷ്യം.
“മത്തായിക്കുട്ടി, സുഖമാണല്ലോ?”
മദ്ധ്യാഹ്നത്തിൽ ഒരു സുരസുന്ദരി ഭവനത്തിലേക്ക് കടന്നുവന്നത് കണ്ട് മത്തായിക്കുട്ടി അന്ധാളിച്ചു.
“പഠിത്തമൊക്കെ എന്തായി?” അർത്തമിസ് കുശലപ്രശ്നം തുടങ്ങി.
അവളുടെ ശബ്ദത്തിന് സംഗീതത്തിന്റെ വശ്യതയുണ്ട്.
“പത്താംതരം റാങ്കോടെ പാസ്സായി. ബിരുദവും ബിരുദാനന്തര ബിരുദവും നല്ല നിലയിൽ പാസ്സായി. എല്ലാം ദൈവത്തിന്റെ കൃപ.”
“ആത്മീയ കാര്യങ്ങളൊക്കെ എങ്ങനെ?” അർത്തമിസ് ആരാഞ്ഞു.
“ചില യുവജനക്യാമ്പുകളൊക്കെ സംഘടിപ്പിച്ച് നേതൃത്വം നല്കാൻ കഴിഞ്ഞു. എല്ലാം ദൈവകൃപ.”
“ഇനി ഒരു കല്യാണം കൂടി കഴിക്കണം, സുന്ദരിയും സുശീലയുമായ ഒരു പെൺകുട്ടിയെ.” അർത്തമിസ് നിർദ്ദേശിച്ചു.
“കല്യാണത്തെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ല. അതിന് മുമ്പൊരു ജോലി വേണം.”
“കല്യാണം കഴിച്ചിട്ടും ജോലി ആകാമല്ലോ.”
“അതല്ലല്ലോ അതിന്റെ ക്രമം. വിവാഹം കഴിക്കുന്ന പെൺകുട്ടിയെ പോറ്റാൻ കഴിയണ്ടേ?”
അർത്തമിസ് ചിരിച്ചു.
“തിരിച്ചുമാകാമല്ലോ. വിവാഹത്തിൽ വരനും വധുവും തുല്യപങ്കാളികളാണ്. പരസ്പരപൂരകമാണ് ദാമ്പത്യം.”
പെട്ടെന്ന് അർത്തമിസ് ദേവി മത്തായിക്കുട്ടിയെ ഒരു വൻമലയിലേക്ക് കൊണ്ടുപോയി. ഒക്ലഹോമാ പട്ടണവും മയാമിയും ഡിട്രോയിറ്റും ഫിലാദൽഫിയായും കാണിച്ചു, ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യങ്ങൾ മിന്നി മറയുന്നതുപോലെ.
ഒക്ലഹോമാ, ന്യൂയോർക്ക്, സാൻഫ്രാൻസിസ്ക്കോ, അറ്റ്ലാന്റാ, ചിക്കാഗോ.
സുരസുന്ദരികൾ. ചായം തേച്ച ചുണ്ടുകൾ, വശ്യതയാർന്ന നയനങ്ങൾ, മദാലസമായ പുഞ്ചിരി.
“ഇതിലേത് കുട്ടിയെ വേണം നിനക്ക്? ഇവരെല്ലാം ചർച്ചിലെ ലീഡേഴ്സ് ആണ്.
മധുരമായി പാടും, നല്ല ജോലി, നല്ല വിദ്യാഭ്യാസം, നല്ല സ൱ന്ദര്യം.”
“പക്ഷേ അർത്തമിസ്ദേവി, ഞാൻ അല്പമായി സുവിശേഷവേലയിൽ താല്പര്യമുള്ളയാളാണ്.”
മത്തായിക്കുട്ടിയുടെ മറുപടി കേട്ട് അർത്തമിസ് ചിരിച്ചു.
“സുവിശേഷവേലയിൽ അനന്തമായ സാദ്ധ്യതകളല്ലേ നിനക്ക് കൈവരാൻ പോകുന്നത്? നോക്കൂ, ഈ പെൺകുട്ടിയെ. ഇവൾ ചർച്ചിലെ ഗായകസംഘത്തിന്റെ നേതാവാണ്. ഇവൾക്ക് ഇൻഡ്യാക്കാരെ അത്ര പഥ്യമല്ല. അവരുടെ മംഗ്ലീഷിനോട് പുച്ഛമാണ്. എന്നാൽ മത്തായിക്കുട്ടി വിദ്യാഭ്യാസമുള്ള ആളല്ലേ? പെട്ടെന്ന് ഇണങ്ങിച്ചേരാൻ കഴിയും.”
“പക്ഷേ, ഇവളെ കണ്ടിട്ട് മൂവിസ്റ്റാർ ആണെന്ന് തോന്നുമല്ലോ. സുന്ദരിയൊന്നുമല്ല, കൃത്രിമസ൱ന്ദര്യമാണ്.”
മത്തായിക്കുട്ടി അല്പം ‘ടഫ്’ ആണെന്ന് അർത്തമിസ്ദേവിക്ക് തോന്നി. ഇവനെ വീഴ്ത്തുക അത്ര എളുപ്പമല്ല. എന്നാൽ അർത്തമിസ് പിന്മാറുന്ന കൂട്ടത്തിലല്ല. അവൾ മൊഴിഞ്ഞു.
“മത്തായിക്കുട്ടി, യഥാർത്ഥ സ൱ന്ദര്യം ആന്തരികമാണ്. ഷേർലിമോൾക്ക് ആന്തരിക സ൱ന്ദര്യവും ബാഹ്യസ൱ന്ദര്യവുമുണ്ട്. അവൾ സമുദായനേതാവായിരുന്ന പാസ്റ്റർ കൊച്ചുമാത്തന്റെ പേരക്കുട്ടിയാണ്.
കൊച്ചുമാത്തൻ നിസ്വാർത്ഥനായ സഭാനേതാവായിരുന്നു, ത്യാഗിയായിരുന്നു.
ദൈവം തലമുറയെ മാനിച്ചു. അത് ദൈവത്തിന്റെ നീതി. എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും എന്നല്യോ വേദപുസ്തകത്തിൽ പറയുന്നത്. ഈ ആലോചന വിട്ടുകളയരുത്.”
“പക്ഷേ എന്റെ കുടുംബം അനാഥമാവുകയില്ലേ? എന്റെ സഹോദരിയുടെ വിദ്യാഭ്യാസം, അവളുടെ വിവാഹം, എന്റെ മാതാപിതാക്കളുടെ സംരക്ഷണം.”
മത്തായിക്കുട്ടിക്ക് സംശയങ്ങൾ നിരവധിയാണ്. അർത്തമിസ്ദേവി പുച്ഛത്തോടെ ചിരിച്ചു. അവൾ വാചാലയായി.
“മത്തായിക്കുട്ടി, നിനക്ക് കൈവരുന്നത് മഹാഭാഗ്യമാണ്. ഡോളർ നിന്റെ ഭവനത്തിലേക്ക് ഒഴുകും. നിന്റെ സഹോദരിയെ വളരെ മാന്യമായ രീതിയിൽ നിനക്ക് വിവാഹം കഴിപ്പിക്കാം.
പിന്നെ നിന്റെ മാതാപിതാക്കളുടെ കാര്യം. അവർ അത്ര വൃദ്ധരൊന്നുമല്ലല്ലോ. അവരുടെ വാർദ്ധക്യത്തിൽ നിനക്കവരെ അമേരിക്കയിലേക്ക് കൊണ്ടുപോകാം, അവരെ സംരക്ഷിക്കാം. ഗവണ്മെന്റ് തന്നെ അതിന് പണം നല്കും.
അമേരിക്ക സമ്പന്നരാജ്യമാണ്. അതിലുപരി, ക്രിസ്തീയരാജ്യമാണ്.
ഒരു കണ്ടീഷൻ മാത്രം. എന്നെ നമസ്ക്കരിക്കുക, ഭാഗ്യജേതാവാകുക.”
അസ്ത്രം ലക്ഷ്യത്തിൽ തറച്ചു. ഇര വീണു.
അർത്തമീസ്ദേവി ജംബോജറ്റിനെക്കാൾ വേഗത്തിൽ ലൂസിഫറിന്റെ സവിധത്തിലേക്ക് പറന്നു.
ദ൱ത്യം വിജയിച്ചു.