വിക്രം ചന്ദ്രനിൽ സെയ്‌ഫ് ലാൻഡിംഗ് നടത്തിയതിനേക്കാൾ, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തേക്കാൾ മലയാളി ഇന്നലെ ആകാംഷയോടെ കാത്തിരുന്നത് രണ്ടു മണിക്ക് നറുക്കെടുക്കുന്ന ഓണം ബമ്പറിനായിരുന്നു. ഒരു വീട്ടിൽ ഒരു കോടിപതി എന്ന സർക്കാർ ലക്ഷ്യം സാധൂകരിക്കാൻ ലോട്ടറിയെടുത്ത് സഹായിച്ചവർ രാവിലെ തന്നെ എണീറ്റ് പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകി. ചിലർ ക്ഷേത്രം പള്ളി ഇവിടങ്ങളിൽ കൈയിലുള്ള ലോട്ടറി ടിക്കറ്റുമായി പോയി ഭഗവാന്റെ അനുഗ്രഹം വാങ്ങി. പൂജാമുറിയിലെ ഫോട്ടോക്ക് അടിയിലും മറ്റു ചിലർ നിലവിളക്കിനു ചുവട്ടിലും ടിക്കറ്റ് വച്ച് ദേവസ്പർശം അനുഭവിച്ചു ധന്യരായി. ചിലരൊക്കെ ടിക്കറ്റ് നിലവിളക്കിന്റെ തീയിൽ കാണിച്ച് അഗ്നിശുദ്ധി വരുത്താൻ ശ്രമിച്ചെന്നും അപ്പോൾ തീപടർന്ന് ടിക്കറ്റ് കത്തിപ്പോയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
രാവിലെ മുതൽ ടിക്കറ്റിലെ അക്കങ്ങൾ കൂട്ടിയും കിഴിച്ചും ഒറ്റസംഖ്യയും ഇരട്ട സംഖ്യയും ജന്മതീയതിയും ഒക്കെ കൂട്ടിക്കുഴച്ച് ഒരു പരുവമായ മലയാളി രണ്ടു മണി ആയിക്കിട്ടാതെ പ്രസവ വാർഡിനു മുന്നിലെ ഭർത്താവിനെപ്പോലെ അസ്വസ്ഥരായി തെക്കും വടക്കും നടന്നുകൊണ്ടിരുന്നു. ചിലരൊക്കെ 25 കോടിയിൽ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും നേരത്തെ തന്നെ അടച്ചു കഴിഞ്ഞിരുന്നു. സ്വപ്നത്തിൽ ടാക്സ് അടക്കാൻ പറ്റുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം കേരളമായതിനാലും സ്വപ്നജീവികൾക്ക് പഞ്ഞമില്ലാത്ത നാടായതിനാലും ആളുകൾ ഭാവനയിൽ കോടിപതി ആഘോഷിച്ചു.
കഴിഞ്ഞ വർഷം ഓണം ബമ്പറടിച്ച ആൾ ടിക്കറ്റ് എടുത്തത് മകന്റെ കുടുക്ക പൊട്ടിച്ച പൈസകൊണ്ടായതിനാൽ ഇത്തവണ വിഷുവിനുതന്നെ പലരും മക്കൾക്ക് ഓരോ കുടുക്ക വാങ്ങി കൊടുത്തിരുന്നു. കൈയിൽ പൈസ ഉള്ളവനും ഓണത്തിന് മക്കളുടെ കുടുക്ക തല്ലിപ്പൊട്ടിച്ച് ടിക്കറ്റെടുത്തു, അന്ധവിശ്വാസങ്ങളിൽ ഒട്ടും വിശ്വാസമില്ലാത്ത മലയാളി മുമ്പേ ഗമിക്കുന്ന ഗോവുതന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന പ്രയോഗത്തിൽ വിശ്വസിക്കുന്നവരാണ്.
മദ്യവും ലോട്ടറിയും വീക്നെസ് ആയ മലയാളി നറുക്കെടുപ്പിന്റെ സെക്കന്റുകൾക്ക് മുന്നേവരെ ലോട്ടറി സെന്ററിൽ പോയി ഭാഗ്യപരീക്ഷണം നടത്തി. ലോട്ടറിയും മദ്യവും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളൂ. ലോട്ടറി എടുക്കുന്നവർക്കെല്ലാം അടിക്കാറില്ല, മദ്യം അടിക്കുന്നവരെയെല്ലാം എടുക്കേണ്ടി വരാറില്ല. ടിക്കറ്റ് വില അഞ്ഞൂറ് രൂപ ആയതിനാൽ ചിലരൊക്കെ ഷെയർ എടുത്ത് ഗ്രൂപ്പായാണ് ടിക്കറ്റ് എടുത്തത്. ഈ വിവരം വീട്ടിൽ ചെന്ന് പറഞ്ഞപ്പോൾ ചിലരുടെ ഒക്കെ ഭാര്യമാർ വഴക്കുണ്ടാക്കി എന്നും കേൾക്കുന്നു, നിങ്ങൾക്ക് ഒറ്റക്കെടുത്താൽ മതിയായിരുന്നില്ലേ, ഇനി ഇപ്പോൾ പന്ത്രണ്ടര കോടി കൂട്ടുകാരന് കൊടുക്കേണ്ടേ, ഇതുപോലെ ഒരു മണ്ടൂസിനെയാണല്ലോ എന്റെ തലയിൽ കെട്ടിവച്ചത് എന്നും പറഞ്ഞ് കരഞ്ഞവരും ഉണ്ടത്രേ. സാരമില്ല, ഇനി ആ ഇരുപത്തഞ്ച് കോടിയിൽ നിന്ന് അയാളുടെ ഷെയറായ 250 രൂപ അങ്ങോട്ട് കൊടുത്തോ, നമുക്കാരുടെയും പൈസ വേണ്ട.. ചില ഭാര്യമാർ തന്നെ മാന്യമായ നിർദേശങ്ങളും നൽകി ഭർത്താക്കന്മാരെ സഹായിച്ചു.
ചിലരൊക്കെ ഫലം പ്രഖ്യാപിച്ചതിന് ശേഷവും ടിക്കറ്റ് നശിപ്പിക്കാതെ സൂക്ഷിച്ചു വച്ചിട്ടുണ്ടത്രെ, നാളെ തിരുത്ത് എന്ന് പറഞ്ഞ് പത്രത്തിൽ വരുന്ന വർത്തയിലാണ് അവരുടെ പ്രതീക്ഷകൾ മുഴുവനും . അതിനിടക്ക് 10 ടിക്കറ്റ് എടുത്തതിൽ ഒരു ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് അറിഞ്ഞ മലയാളി ടിക്കറ്റുകൾ പത്തിന്റെയും ഇരുപത്തിന്റെയും കെട്ടുകളായി വാങ്ങാൻ തുടങ്ങിയിരിക്കുന്നു. കെട്ടുതാലി പണയം വച്ചാണെങ്കിലും മിനിമം ഒരു കോടിപതി എങ്കിലും ആകാതെ എന്ത് ജന്മം എന്നാലോചിക്കാൻ തുടങ്ങിയിരിക്കുന്നു സാക്ഷരനായ മലയാളി.
വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഫസ്റ്റ് പ്രൈസ് എന്നറിഞ്ഞ മലയാളി രാവിലെ വണ്ടിയുമെടുത്ത് വാളയാർ ചെക്ക് പോസ്റ്റിലേക്ക് വച്ച് പിടിച്ചിട്ടുണ്ട്. അടുത്ത നറുക്കെടുപ്പിലും വാളയാറിൽ തന്നെ ഫസ്റ്റ്, അവർ ഏതാണ്ട് തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. ഗുരുവായൂരും തൃപ്രയാറും ചോറ്റാനിക്കരയും ഒക്കെ ക്ഷേത്ര നടയിൽ ടിക്കറ്റ് വിൽക്കുന്നവർ വാളയാർ സീരീസ് നമ്പർ എന്ന് വിളിച്ച് പറഞ്ഞ് ഭാഗ്യാന്വേഷികളെ ആകർഷിക്കാൻ തുടങ്ങിയിരിക്കുന്നു. ടിക്കറ്റെടുത്ത് എന്റെ വാളയാറപ്പാ എന്ന് തൊട്ടു തൊഴുന്നവരെയും ക്ഷേത്ര പരിസരത്ത് കണ്ടു.
ഉത്രാട ദിവസത്തെ പോലെയായിരുന്നു ഇന്നലെ ബിവറേജസിന് മുന്നിലെ ക്യൂ. ലോട്ടറി അടിക്കാത്തവർ പൈസ പോയ വിഷമം മാറുവാനും സമ്മാനം അടിച്ചവർ സന്തോഷം ആഘോഷിക്കാനും എത്തുന്ന കേരളത്തിലെ സിംഗിൾ പോയിന്റ് ഹാപ്പിനെസ്സ് സെന്റർ ആണ് ബാറുകളും ബിവറേജ് ഷോപ്പുകളും. മദ്യം അകത്ത് ചെന്ന അവർ ലോട്ടറിയുടെ രഹസ്യങ്ങളും വീരസ്യങ്ങളും വിളമ്പി.
"ഡാ, നിനക്കറിയോ, തൊട്ടു തൊട്ടില്ല എന്ന പോലെയാ എനിക്ക് 25 കോടി പോയത്... എനിക്കിത്തിരി വിഷമം ഉണ്ട്." . അളിയൻ കരയണ്ട, അടുത്ത നറുക്കെടുപ്പിൽ അളിയൻ കോടിപതി തന്നെയാ, ദാ, ഈ കുപ്പി തൊട്ട് ഞാൻ സത്യം പറയാണ്,. ആര് ചതിച്ചാലും കുപ്പി ചതിക്കില്ല, അന്ന് നമുക്ക് ഒന്ന് കൂടണം. കൂട്ടുകാരൻ ആശ്വസിപ്പിച്ചു.
എങ്ങനെ കരയാതിരിക്കും, വെറും ആറ് നമ്പറിനല്ലടാ എനിക്ക് 25 കോടി പോയത്, സ്വൽപ്പം വ്യതാസത്തിൽ, ഞാനിതെങ്ങനെ സഹിക്കും.... നീ ഒരെണ്ണം കൂടി ഒഴിച്ചേ "...
ലോട്ടറി ആഘോഷങ്ങൾ പല മേശകളിൽ ഇതുപോലെ തുടർന്ന് കൊണ്ടിരുന്നു......
രാജൻ കിണറ്റിങ്കര