Image

അശ്രദ്ധ അപഹരിച്ച ജാനവി കാണ്ടുളയുടെ ജീവനും , അകമ്പടിയായെത്തിയ അവഹേളനങ്ങളും (സുരേന്ദ്രൻ നായർ)

Published on 22 September, 2023
അശ്രദ്ധ അപഹരിച്ച ജാനവി കാണ്ടുളയുടെ ജീവനും , അകമ്പടിയായെത്തിയ അവഹേളനങ്ങളും (സുരേന്ദ്രൻ നായർ)

ഇന്ത്യക്കാരിയായ ഒരമ്മയുടെ ഏക ആശ്രയവും പ്രതീക്ഷയുമായിരുന്ന 23 കാരി ജാനവി എന്ന പെൺകുട്ടി ഉപരിപഠനത്തിനായി ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്നു. ഭാവിസംബന്ധമായ നിറംപിടിപ്പിച്ച കുറെയേറെ സ്വപ്നങ്ങളുമായി പഠനം പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ അശ്രദ്ധയോടെ അമിതവേഗത്തിൽ വാഹനം ഓടിച്ചുവന്ന ഒരു പോലീസ് ഓഫീസർ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച പെൺകുട്ടിയെ ഇടിച്ചുതെറിപ്പിച്ചു ദാരുണമായ മരണത്തിനു ഇരയാക്കുന്നു.
                                             
 സാധാരണമായ ഒരു റോഡപകടം എന്നനിലയിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തെ പൊതുജന ശ്രദ്ധയിൽ നിന്നും മറയ്ക്കാൻ കുറ്റവാളിക്ക് കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ ബോഡി ക്യാമറയിലെ ശബ്ദശേഖരവും ചിത്രങ്ങളും പുറത്തുവന്നതോടെ സംഭവത്തിന് പുതിയ മാനങ്ങൾ കൈവരുകയായിരുന്നു.
                        
കൊല്ലപ്പെട്ട കുട്ടിയെ വംശീയമായും സ്ത്രീ വിരുദ്ധമായും അപമാനിക്കുന്ന രീതിയിൽ കൃത്യം നടന്നയുടനെ വാഹനം ഓടിച്ചിരുന്ന പോലീസ് ഓഫീസർ മറ്റൊരു സുഹൃത്തുമായി നടത്തിയ സംഭാഷണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മുഖ്യധാരാ വാർത്താവിതരണ ശൃങ്ഗലകളിളുടേയും പുറത്തുവന്നതോടെ സിയാറ്റിനിലെ കിംഗ് കൗണ്ടി പ്രോസിക്യൂട്ടിങ് അറ്റോർണി അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
            
അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചുവന്ന ഇയാൾ സമര്ത്ഥയായ ഒരു പെൺകുട്ടിയുടെ ജീവൻ അപഹരിച്ചതുകൂടാതെ അവരുടെ സ്ത്രീത്വത്തിനു തുശ്ചമായ വിലയിട്ട് ഗൂഢ ലക്ഷ്യത്തോടെ ഇന്ത്യൻ സമൂഹത്തെയാകെ അപമാനിക്കാനും സംഭാഷണത്തിലൂടെ ശ്രമിക്കുന്നു.
                     
സാംസ്‌കാരിക മികവും തുല്യ നീതിയും ഉറപ്പാക്കുന്ന ഒരു സമൂഹത്തിൽ പ്രകടമാകുന്ന ഇത്തരം ഒറ്റപ്പെട്ട നടപടികളെ അപലപിക്കാനും കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനും നിരവധി ഇന്ത്യൻ സംഘടനകളും അമേരിക്കൻ പൊതുസമൂഹവും രംഗത്ത് വന്നിട്ടുണ്ട്.
പോലീസുതന്നെ പ്രതിസ്ഥാനത്തു വരുന്ന ഈ കേസ്സിൽ പിന്തുണ അഭ്യർത്ഥിച്ചു സിയാറ്റിൽ കോൺഗ്രസ് വിമൻ പ്രമീള ജയ്‌പാലിനെയും പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്ന വിവേക് രാമസ്വാമിയെയും പലരും സമീപിച്ചുവെങ്കിലും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല എന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
                         
മനഃപൂവ്വമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളും വംശീയവും ലിംഗ പരവുമായി ഉയർത്തുന്ന പരാമർശങ്ങളും പ്രതിരോധിക്കാൻ ഭാഷയും മതങ്ങളും മാറ്റിവെച്ചുള്ള ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലും അനിവാര്യമാണ്.
അല്പം വൈകിയാണെങ്കിലും ആ കുഞ്ഞു സഹോദരിയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക