Image

ഗണ്‍ വയലന്‍സ് പ്രിവെന്‍ഷന്‍ ഓഫീസ് ആരംഭിക്കുമെന്ന് ബൈഡന്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 September, 2023
ഗണ്‍ വയലന്‍സ് പ്രിവെന്‍ഷന്‍ ഓഫീസ് ആരംഭിക്കുമെന്ന് ബൈഡന്‍ (ഏബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: യു.എസില്‍ ആദ്യമായി ഒരു ഗണ്‍വയലന്‍സ് പ്രിവെന്‍ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്ദേശിക്കുന്നതായി രണ്ടു വൈറ്റ് ഹൗസ് അധികാരികള്‍ വെളിപ്പെടുത്തി.

ഈ ഓഫീസ് വിവിധ ഫെഡറല്‍ ഗവണ്‍മെന്റ് വിഭാഗങ്ങളില്‍ നടക്കുന്ന ശ്രമങ്ങളെ ഏകോപ്പിപിക്കുകയും തോക്ക് ആക്രമങ്ങളോട് പൊരുതുവാന്‍ പ്രയാസപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും. കഴിഞ്ഞവര്‍ഷം ഉഭയകക്ഷി സമ്മതത്തോടെ പാസ്സാക്കിയ തോക്ക് നിയന്ത്രണ നിയമ നടത്തിപ്പിലെ ശ്രമങ്ങളും ഒന്നിപ്പിക്കും.

വൈറ്റ് ഹൗസില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഗണ്‍വയലന്‍സ് പ്രിവെന്‍ഷന്‍ ഓഫീസ് ആരംഭിക്കുന്നതായി വെള്ളിയാഴ്ച ബൈഡന്‍ പ്രസ്താവന നടത്താനാണ് സാദ്ധ്യത. വിവരം മാധ്യമങ്ങളെ അറിയിച്ച ഉദ്യോഗസ്ഥര്‍ തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കൂട്ടിച്ചേര്‍ത്തു.

ഗണ്‍സേഫ്റ്റി പ്രവര്‍ത്തകരുടെ ഒരു പ്രധാന ആവശ്യമാണ് ഗണ്‍ വയലന്‍സ് പ്രിവെന്‍ഷന് പ്രത്യേകം ഓഫീസ് വേണമെന്നുള്ളത്. ഈ പ്രവര്‍ത്തകര്‍ തങ്ങളുടെ കോഅലിഷന് ബൈഡന്‍ ഫോര്‍ പ്രസിഡന്റ് ഇന്‍ 2024 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോഅലിഷന്‍ സജീവമായി രംഗത്തുണ്ടാവുമെന്നാണ് കരുതുന്നത്. പ്രസിഡന്റ് ഈ ആക്രമണായുധങ്ങളുടെ നിരോധത്തിന് ശക്തമായ പിന്തുണ നല്‍കുന്നെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നടപടി ഉടന്‍ ഉണ്ടാവണം എന്നാണ് ആവശ്യമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഈ വര്‍ഷം11 വയസ്സിന് താഴെയുള്ള 220 കുട്ടികളും 12 വയസ്സു മുതല്‍ 17 വയസ്സുവരെപ്രായമുള്ള 1049 കുട്ടികളും തോക്കുകള്‍ക്ക് ഇരകളായി. തോക്കുകളാണ് യു.എസിലെ കുട്ടികളുടെ മരണങ്ങളുടെ പ്രധാനകാരണക്കാര്‍. ഒരു ഫെഡറല്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ഒഴിക്കാന്‍ ഇതുവരെ വ്യക്തമായ നയങ്ങളോ, പിന്തുണയോ കണ്ടെത്തിയിട്ടില്ല. വളരെ ചുരുങ്ങിയ സമയം മാത്രമേ ശേഷിക്കുന്നുള്ളൂ, എങ്കിലും സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. ഫെഡറല്‍ ഷട്ട് ഡൗണ്‍ ഒഴിവാക്കാന്‍ കഴിയും എന്ന് വീണ്ടും ആവര്‍ത്തിച്ചു. ജനപ്രതിനിധി സഭയില്‍ ഒരു ടെമ്പററി സ്‌പെന്‍ഡിംഗ് പാസ്സാക്കുവാന്‍ തന്റെ സുഹൃത്തുക്കളായ അംഗങ്ങളുടെ സഹായം തേടുകയാണ് എന്ന് മക്കാര്‍ത്തി അറിയിച്ചു.
ക്യാപിറ്റോളില്‍ മടങ്ങി എത്തിയപ്പോള്‍ പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ച് മാറി നില്‍ക്കുന്ന അംഗങ്ങളെ കണ്ട് അനുനയ ചര്‍ച്ചകള്‍ സ്പീക്കര്‍ ആരംഭിച്ചു. ഈ മാസം അവസാനിക്കുന്നതോടെ ഫെഡറല്‍ ഫണ്ടിംഗും തീരുകയാണ്. അതിനകം താല്‍ക്കാലിക ഫണ്ടിംഗിന് അനുമതി നേടണം.

എന്നാല്‍ പ്രതിനിധി സഭാംഗങ്ങളെ മയപ്പെടുത്തി ബില്‍ പാസ്സാക്കിയാലും 8% വെട്ടിച്ചുരുക്കലുകള്‍ പല സര്‍വ്വീസുകള്‍ക്കും ഏര്‍പ്പെടുത്തുന്ന ധനാഭ്യര്‍ത്ഥന ബില്‍ സെനറ്റില്‍ പരാജയപ്പെടാനാണ് സാധ്യത. കാരണം സെനറ്റ് നിയന്ത്രിക്കുന്നത് ഡെമോക്രാറ്റുകളാണ്. സെനറ്റില്‍ നടത്തിയ ഒരു ടെസ്റ്റ് വോട്ട് പരാജയപ്പെട്ടു.
റിപ്പബ്ലിക്കന്‍ പ്രതിനിധി സഭാംഗങ്ങള്‍ യോഗം ചേര്‍ന്ന് സഭയില്‍ ബില്‍ പാസ്സാകാനുള്ള 218 വോട്ടുകള്‍ ഉറപ്പാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക