
ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള തിരുവോണ മഹോല്‍സവവും, സംഘടനയുടെ നാല്‍പതാമത് വാര്‍ഷികവും സംയുക്തമായി സെപ്റ്റംബര്‍ 23-ാം തീയതി ശനിയാഴ്ച ചാള്‍സ് ലെംഗ് ഓഡിറ്റോറിയത്തില്‍(PS 54 Auditorium) വെച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ശ്രീമതി. ലൈസി അലക്‌സ്, ശ്രീമതി. പ്രീനു ജെയിംസ്(സെക്രട്ടറി), ഡോ.ഷൈല റോഷിന്‍(ട്രഷറര്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പ്രശസ്ത മലയാള സിനിമാതാരവും 1980-90 കാലഘട്ടത്തെ റൊമാന്റിക്ക് ഹീറോയുമായിരുന്ന ശ്രീ.ജോസ്(ജോസ് കുര്യന്‍) മുഖ്യാതിഥിയായിരിക്കും.

പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും രുചികരമായ ഓണസദ്യ വിളമ്പുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. കേരളത്തിന്റെ തനതായ രുചിയില്‍ അമേരിക്കയിലെ മലയാളി പാചക വിദഗ്ധര്‍ ഒരുക്കുന്ന ഓണസദ്യ സൗജന്യമായാണ് നല്‍കുന്നത്. വൈവിധ്യമാര്‍ന്ന കലാവിരുന്നകള്‍, കുട്ടികളും മുതിര്‍ന്നവരും ഒരുക്കുന്ന നൃത്തങ്ങള്‍, മാസി സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സിലെ പ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍, ചെണ്ടമേളം, താലപ്പൊലി, മാവേലിതമ്പുരാന്റെ വരവേല്‍പ് തുടങ്ങി ഒട്ടനവധി പരിപാടികള്‍ ചടങ്ങിന് ആകര്‍ഷകമേകും. മലയാളി അസോസിയേഷന്റെ നാല്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. വിവിധ ബിസിനസ്സ് സംരംഭകര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് ഇക്കൊലത്തെ ഓണാഘോഷം ആകര്‍ഷകമാക്കുവാന്‍ സഹായകമാകുന്നത്. കലാസ്‌നേഹികളായ ഏവരേയും കുടുംബസമ്മേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.