Image

മുഷ്ടിചുരുട്ടി ഇറങ്ങാന്‍ സഖാക്കള്‍ക്ക് അവസരം ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 22 September, 2023
മുഷ്ടിചുരുട്ടി ഇറങ്ങാന്‍ സഖാക്കള്‍ക്ക് അവസരം ! : (കെ.എ ഫ്രാന്‍സിസ്)

മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്തതോടെ സി.പി.എമ്മിന്റെ മുഖം കൂടുതല്‍ വികൃതമായി. പിണറായിയുടെ കുടുംബാംഗങ്ങള്‍ക്കായി സമരം നടത്തുന്നത്  ശരിയുമല്ല. ഇനി മൊയ്തീന്റെ പേരില്‍ വലിയ ഒരു പ്രക്ഷോഭം നാടു നീളെ നമുക്ക് കാണാം. കുറേക്കാലമായി ഒരു ആക്ടിവിറ്റിയുമില്ലാതെ വെറുതെ ഇരിക്കുന്ന സഖാക്കളില്‍  ഇത് പുതിയ ഉണര്‍വ് നല്‍കും. 

എന്തൊക്കെ പറഞ്ഞാലും ഇ.ഡിയുടെ കരുവന്നൂര്‍ ബാങ്ക് അന്വേഷണം സി.പി.എമ്മിന്റെ മുഖം വികൃതമാക്കിയെന്ന  കാര്യത്തില്‍ ഒരു സംശയവുമില്ല. നേരത്തെ തന്നെ പിണറായി വിജയന്റെ കുടുംബത്തെ പോലും കോണ്‍ഗ്രസുകാര്‍ സംശയത്തിന്റെ പുകമറയിലാക്കിയിരുന്നു. ഇതിനൊക്കെ വ്യാപകമായ വിശദീകരണം സി.പി.എമ്മിന് ആവശ്യമായി വന്നു. അതോടെയാണ് 'ജനസദസ്സുകള്‍' എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ നടത്തുന്നത്. അതുമായി പ്രതിപക്ഷം സഹകരിക്കുകയുമില്ല. 

ഇ.ഡിയ്ക്കെതിരെ : 

മൊയ്തീന്റെ വീട് ഇ.ഡി  റെയ്ഡ് ചെയ്തത് വെറുതെയായിയെന്നായി ഗോവിന്ദന്‍ മാഷ്. പി.കെ അരവിന്ദാക്ഷന്റെ മകളുടെ വിവാഹ നിശ്ചയം നടത്താന്‍ പോലും സമ്മതിക്കില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വെല്ലുവിളിച്ചു. അവിടെ ഇ.ഡിയ്ക്ക് ഒരു ഇടിമുറി തന്നെയുണ്ട് പോലും ! ഇ.ഡിയെ വിട്ട് സി.പി.എമ്മിനെ മോശമാക്കാനാണ് ബി.ജെ.പി ശ്രമമെങ്കില്‍ മിണ്ടാതിരിക്കില്ലെന്ന് മാഷ് വ്യക്തമാക്കി. മൊയ്തീന്‍ ഇന്നത് ചെയ്തുവെന്ന് കണ്ടുവെന്നു, ഇടിമുറി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇ.ഡി കള്ളത്തെളിവുണ്ടാക്കുന്നത്. ഇത്രയുമായപ്പോള്‍ സി.പി.എം അവസാനത്തെ അടവായ പൂഴിക്കടകനെടുക്കുന്നതു പോലെ ഇ.ഡിയ്ക്കെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുമെന്നുറപ്പല്ലേ?  

കാല്‍തൊട്ട് ...: 

വനിതാ ബില്‍ പാസാക്കിയത് വലിയ കാര്യമാക്കിയുള്ള പ്രചാരണം ബി.ജെ.പി ആരംഭിച്ചു കഴിഞ്ഞു. ജാതി സെന്‍സസ് നടത്തിയാല്‍ ഒ.ബി.സിയും പട്ടികജാതി-വര്‍ഗ്ഗക്കാരും കൂടുതലുണ്ടെന്ന കാര്യം പുറത്ത് വരുമെന്ന്  കരുതിയാണ് അത് നടത്താതെ വനിതാ ബില്‍ പാസാക്കിയതെങ്കിലും കോണ്‍ഗ്രസ് അതിന് പിന്തുണ നല്‍കി. അതേസമയം ജാതി സെന്‍സസ് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്നായി രാഹുല്‍ഗാന്ധിയുടെ ഉറപ്പ്. വനിതകളുടെ ശക്തി മനസ്സിലാക്കി ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് വലിയ വനിതാസമ്മേളനം തന്നെ വിളിച്ചു കൂട്ടി. അവിടെ വെച്ച് പ്രതീകാത്മകമായി മോദി വനിതകളുടെ കാല്‍തൊട്ടു വന്ദിച്ചു. 

കുട്ടനാടന്‍ പോര് :

ആലപ്പുഴയിലെ കുട്ടനാട് മാത്രമല്ല കഞ്ഞിക്കുഴിയിലും, ഹരിപ്പാടും, കായംകുളത്തും വിമത ശല്യം. വിമതനായി മാറിയ രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രകുമാര്‍ അവരെല്ലാം അടര്‍ത്തിയെടുത്ത് സി.പി.ഐയിലേക്ക് കൊണ്ട് പോവാനുള്ള ശ്രമത്തിലാണ്. സജി ചെറിയാന്‍ മന്ത്രി ഒലിച്ചുപോക്ക്  തടയാന്‍ ഓടി നടക്കുന്നു. കായംകുളത്ത് 12 ഏരിയ കമ്മിറ്റികള്‍ പിണങ്ങി നില്‍ക്കുകയാണത്രെ! കൊല്‍ക്കത്തയിലെ സത്യജിത്റേ സ്ഥാപനത്തിന്റെ അധ്യക്ഷനാക്കുന്നത് തന്നെ ഭാവി തടയാനുള്ള വിദ്യയാണോ എന്നാണ് സുരേഷ് ഗോപി സംശയിക്കുന്നത്. തൃശ്ശൂരില്‍ വിജയ പ്രതീക്ഷയോടെ മുന്നോട്ടു പോകുന്ന സമയത്താണ് ചിലര്‍ കെണിയൊരുക്കുന്നതായി അദ്ദേഹത്തിനു തോന്നുന്നു. 

അടിക്കുറിപ്പ് : ഒരു പാവം മനുഷ്യനെ മകളുടെ മുന്‍പില്‍ വെച്ച് ക്രൂരമായി മദ്യലഹരിയില്‍ മര്‍ദ്ദിച്ച സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ കുറ്റക്കാരനാണെന്ന് പോലീസ് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും, ശിക്ഷാ നടപടികള്‍ വൈകുന്നു. മദ്യം എസ്.ഐക്ക് പെട്ടെന്ന് തലക്കു പിടിച്ചെങ്കിലും, പോലീസ് അധികൃതരുടെ തലയ്ക്ക് ഇനിയുമത് കയറിയ മട്ടില്ല.  തലപ്പത്തുള്ളവര്‍ എന്ത് കാണിച്ചാലും പ്രശ്‌നമില്ലെങ്കില്‍ തങ്ങള്‍ക്കും ഇങ്ങനെ ചെറിയ അഭ്യാസങ്ങള്‍ ആയിക്കൂടെയെന്ന് പോലീസുകാര്‍ക്കും ചിന്തിക്കാമല്ലോ.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക