Image

ശവങ്ങളുടെ മന്ദഹാസം (ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 22 September, 2023
ശവങ്ങളുടെ മന്ദഹാസം (ജോൺ കുറിഞ്ഞിരപ്പള്ളി)

തെരുവ് നായ്ക്കൾ  അലഞ്ഞു തിരിയുന്ന നഗരത്തിൻറെ  മൂലയിൽ  ചപ്പുചവറുകൾ കുന്നുകൂടി കിടക്കുന്നു. അവിടെ അഴുകി ദുർഗ്ഗന്ധം വമിക്കുന്ന നഗരത്തിൻ്റെ  വിസർജ്യങ്ങൾക്കിടയിൽ കിടക്കുകയായിരുന്നു ആ  ജഡം.

ആരുടേതാണ്  എന്നറിയില്ല,എങ്ങിനെ  അവിടെ അത് വന്നു എന്നും,ആർക്കും  അറിയില്ല.അല്ലെങ്കിലും അത് അന്വേഷിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം ആർക്കും ഇല്ലല്ലോ.

എന്നാലും ജീവൻ വേർപെട്ടുപോയ ആ ശരീരത്തിന് ദുർഗന്ധം വമിക്കുന്ന നഗരത്തിലെ അഴുക്കുചാലിനടുത്തു്ചപ്പുചവറുകൾക്ക് ഇടയിൽ തന്നത്താൻ വരാൻ  കഴിയില്ലല്ലോ. 

ജനനമരണങ്ങൾക്കിടയിൽ കിട്ടുന്ന അല്പസമയം സന്തോഷമായി ചിലവഴിക്കാൻ ഉള്ള വ്യഗ്രതയിൽ ഏതോ ലോകത്തിൽ  നിന്നും വന്നതായിരിക്കും ആ മനുഷ്യ ജഡം.

ജീവൻ വേർപെട്ടുകഴിയുമ്പോൾ പേരുകളും നഷ്ടപ്പെടുന്നു.എന്തൊരു അത്ഭുതകരമായ  പ്രതിഭാസമാണ് അത്?ഇപ്പോൾ  എല്ലാവരും ജഡം അല്ലെങ്കിൽ ബോഡി എന്നേ  പറയൂ. 

തിരിച്ചറിയാത്തതും  ആരുടേത് എന്നറിയാത്തതുമായ  ജഡങ്ങൾ അസമയങ്ങളിൽ നഗരത്തിൻ്റെ  അഴുക്കുചാലുകളിൽ  കാണാറുള്ളത് പതിവ് സംഭവമാണ്.

ഭക്ഷണം  തേടിയെത്തുന്ന കുറുക്കന്മാരും വിശന്ന് അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളും വിഹരിക്കുന്ന അവിടെ എന്തുകൊണ്ടോ ആ ജഡം കിടക്കുന്നത് അവയുടെ ശ്രദ്ധയിൽ പെട്ടില്ല എന്ന് തോന്നുന്നു.അവ അങ്ങോട്ടുമാത്രം തിരിഞ്ഞുനോക്കാതിരുന്നത് അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ്.

അല്ലെങ്കിലും മൃഗങ്ങൾക്ക് മനുഷ്യമാംസം ഇഷ്ടമല്ല എന്ന് പറയപ്പെടുന്നു.

വല്ലപ്പോഴും നഗരത്തിലെ ചപ്പുചവറുകൾ നീക്കം ചെയ്യാൻ എത്തുന്ന ജോലിക്കാരുംആ  ജഡം കുപ്പക്കൂനയിൽ കിടക്കുന്നത് കണ്ടെങ്കിലും ഇതെല്ലം ഒരു സാധാരണ സംഭവമാണ് എന്ന രീതിയിൽ അത് ഗൗനിച്ചതേയില്ല.

പ്രഭാതം നഗരത്തിന് മുകളിൽ പ്രകാശം വിതറി ,രാത്രിയുടെ ഇരുട്ടിൽ മറഞ്ഞുകിടന്നവ വെളിച്ചത്തിലായി. എങ്കിലും ആരും ആ ശവശരീരം ആരുടേതാണ് എന്നോ അത് മറവുചെയ്യേണ്ടതാണ് എന്നോ   ചിന്തിക്കാതിരുന്നത് ഒരു സാധാരണമായ സംഭവമല്ല. 

ആ ജഡം പുരുഷൻൻ്റെതാണോ സ്ത്രീയുടേത് ആണോ എന്നറിയാൻ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. തിരിച്ചറിയാവുന്ന ശരീര ഭാഗങ്ങൾ ശരീരത്തിൽ നിന്നും വേർപെട്ട് അപ്രത്യക്ഷമായിരുന്നു.

അല്ലെങ്കിൽ  ശവത്തിൻ്റെ   ലിംഗം തിരിച്ചറിഞ്ഞിട്ടു എന്ത് ചെയ്യുവാനാണ്?

മധ്യാഹ്നത്തിൽ  ചപ്പുചവറുകൾ നീക്കാൻ എത്തിയ തൊഴിലാളികൾ യാതൊരു ഭാവ  വ്യത്യാസവുമില്ലാതെ  നഗരത്തിലെ  മാലിന്യങ്ങൾക്ക്  ഒപ്പം ചവറുവണ്ടിയിൽ അതും  കോരിയിട്ടു. ചേതന  അറ്റുപോയിരുന്നുവെങ്കിലും അവരുടെ ആ പ്രവൃത്തിയിൽ  ജഡം ചലിച്ചു. പക്ഷെ അപ്പോഴേക്കും അവർ കോരിയിട്ട ചപ്പുചവറുകൾ അതിനെ മൂടിക്കഴിഞ്ഞിരുന്നു.

ഇളകുന്ന വണ്ടിയിൽ മാലിന്യങ്ങൾക്കിടയിൽനിന്ന്   പുറത്തേക്ക് തൂങ്ങികിടന്നിരുന്ന കാലുകൾ വണ്ടിയുടെ ചലനങ്ങൾക്കൊപ്പം  ഇളകിയാടിക്കൊണ്ടിരുന്നു.

ഇപ്പോൾ വണ്ടിയുടെ ഓട്ടം നിലച്ചിരിക്കുന്നു.മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന മൈതാനത്തു അഴുക്കുകൾക്കിടയിൽ ഇനി എപ്പോഴാണ്  തൻ്റെ  ഊഴം എന്നറിയാതെ  ജഡം കിടന്നു.

മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം കുറവായിരുന്നു, എങ്കിലും തൊഴിലാളികൾ അവർക്ക് പറ്റുന്നതുപോലെ ജോലിയിൽ മുഴുകി..

 പാഴ്വസ്തുക്കൾക്കിടയിൽ നിധി തിരയുന്ന കുട്ടികളാണ് അത് ശ്രദ്ധിച്ചത്,ചീഞ്ഞളിഞ്ഞ കാൽപാദങ്ങൾ,പുറത്തേക്ക് തള്ളി നിൽക്കുന്നു.

അവർ  പറഞ്ഞു,"അതൊരു മനുഷ്യൻറെ കാൽപാദമാണ് ".

ഭയം അവരുടെ മനസ്സിൽ കിളിർത്തുവന്നു.

"നമ്മൾക്ക് പോകാം."

അപ്പോഴേക്കും നഗരത്തിൻ്റെ മാലിന്യങ്ങളുമായി മറ്റൊരു ലോറി എത്തി.അതിൽ നിന്നും കൊണ്ടുവന്ന ചപ്പുചവറുകൾ കൊണ്ട് ഭയാനകമായ ആ കാഴ്ച മറഞ്ഞുപോയി.

കുട്ടികൾ പുറത്തേക്ക് നടക്കുമ്പോൾ ആ  മാലിന്യകൂമ്പാരത്തിലേക്ക് നോക്കി നിൽക്കുന്ന ഏതാനും ആളുകളെ കണ്ടു.അവരുടെ അടുത്തേക്ക് ചെന്ന് കുട്ടികളിൽ ഒരാൾ ചപ്പുചവറുകൾക്കിടയിൽ മറഞ്ഞുകിടക്കുന്ന ജഡത്തിൻറെ നേർക്ക് വിരൽ ചൂണ്ടി എന്തോ പറയാൻ തുനിഞ്ഞു.ഒരാൾ അവൻ്റെ ചൂണ്ടിയ  കൈ ബലത്തിൽ പിടിച്ചു താഴ്ത്തി അകലേക്ക് വിരൽ ചൂണ്ടി.

കുട്ടികൾ അയാളുടെ മുഖത്തേക്ക് നോക്കി.പാഴ്‌വസ്തുക്കൾ കത്തിച്ചുകളയുന്ന ഫർണസിലെ തീനാളങ്ങൾ അയാളുടെ കണ്ണുകളിൽ കത്തിനിൽക്കുന്നത് അവർ കണ്ടു.അപ്പോൾ ജഡം തനിച്ചല്ല.

അല്പസമയത്തിനകം ആ ജഡം പാഴ്വസ്തുക്കളോടൊപ്പം ചാരമായി തീരും.

"ഇന്നലെ പത്രത്തിൽ വായിച്ചില്ലേ,രേണു ചേച്ചിയുടെ കഥ.അവരുടേതായിരിക്കുമോ ആ ബോഡി?"കുട്ടികൾ തമ്മിൽ പറഞ്ഞു.

"ആകാൻ  വഴി കാണുന്നില്ല.അത് ഇന്നലെ നടന്ന സംഭവമല്ലേ ? ഇത് കണ്ടിട്ട് ഒരാഴ്ചയെങ്കിലും ആയിട്ടുണ്ട് എന്ന് തോന്നുന്നു."

"എന്നാൽ ഗുണ്ടകൾ തല്ലിക്കൊന്ന അശോകൻ ചേട്ടൻ്റെ   ആയിരിക്കും.ആളുമാറി ഗുണ്ടകൾ കുത്തിക്കൊന്ന അശോകൻ ചേട്ടൻ്റെ ."

"അശോകൻ ചേട്ടൻ  ആയിരിക്കില്ല.പോലീസ് കേസ്സെടുത്തു് പോസ്റ്റുമാർട്ടം ചെയ്യാൻ കൊണ്ടുപോയില്ലേ?" മറിയം,രാജശേഖരൻ , അസ്സാംകാരൻ രാംമനോഹർ...... 

എണ്ണിയാൽ തീരാത്ത അത്രയും ആളുകൾ,സംഭവങ്ങൾ.

മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചു വലിച്ചു കൊണ്ടുപോയി എന്നും പത്രത്തിൽ വായിച്ചിരുന്നത് അവർ ഓർത്തു.

കൺവയറിൽ ജഡം ചപ്പ് ചവറുകളോടൊപ്പം ഫർണസ്സിലേക്ക് നീങ്ങുന്നത് അവർ തിരിച്ചറിഞ്ഞു.

യാതൊരു അവശേഷിപ്പും ഇല്ലാതെ ആ ജഡവും  അതിനുപിന്നിലുള്ള  കഥകളും  അവസാനിക്കും.

പെട്ടന്ന് ശവവും വഹിച്ചുകൊണ്ടുപോയിരുന്ന കൺവെയറിൻറെ  ചലനം നിലച്ചുപോയി.വൈദുതി തടസ്സപ്പെട്ടുകാണുമായിരിക്കും.

ആ ബോഡിക്ക് ആയുസ്സു കുറച്ച്കൂടിയുണ്ട് . 

അവിടെ കൂടി നിന്നിരുന്ന അജ്ഞാതരായ കാഴ്ചക്കാർ  നിരാശയോടെ പറഞ്ഞു,

"നാശം,ഇതൊന്ന്  അവസാനിച്ചുകിട്ടാൻ ഇനിയും എത്ര നേരം കാത്തിരിക്കണം?"അവരുടെ അസ്വസ്ഥതയിൽ കുട്ടികൾക്ക് ആശ്ചര്യമായിരുന്നു.

അവർ തമ്മിൽ പറഞ്ഞു,"ആ ശവത്തിന് ആയുസ്സുണ്ട്."

അതിലെ വിരോധാഭാസം  അവരെ ചിരിപ്പിച്ചു.ശവത്തിന് ആയുസ്സോ?

അപ്പോഴാണ് ഒരു യുവതിയും രണ്ടുകുട്ടികളും  കുറച്ചകലെ ആ കൺവയറിലേക്ക് നോക്കി നിൽക്കുന്നു.

"എല്ലാം കഴിഞ്ഞു എന്നുതോന്നുന്നു."അവൾ സ്വയം പറഞ്ഞു.

ഒന്നും മനസ്സിലാകാതെ  കുട്ടികൾ പരസ്പരം നോക്കി.

അവിടെ നിന്നിരുന്ന അജ്ഞാതരായ രണ്ടുപേർ  അവരുടെ അടുത്ത് വന്നു.

ഒരാൾ പറഞ്ഞു,"കറണ്ട് പോയി.പേടിക്കാനില്ല കറണ്ട് വന്നാൽ ഉടനെ തീരും, എല്ലാം പറഞ്ഞു ഏർപ്പാടാക്കിയിട്ടുണ്ട്.അഞ്ചു കോടി രൂപയാണ് കഴുവേറിടമോൻമൂലം നഷ്ടമായത്.

നിങ്ങൾക്ക് പറഞ്ഞ തുക തരും.ഇനി ഇവിടെ നിൽക്കേണ്ടതില്ല.ഇപ്പോൾ പൊയ്‌ക്കോളൂ."

"അത് പറഞ്ഞാൽ പറ്റില്ല.കാര്യം കഴിയുമ്പോൾ നിങ്ങൾ അതുമിതും പറയരുത്."

"ഭീഷണി വേണ്ട.അങ്ങനെ വല്ലതും സംഭവിച്ചാൽ  ഒരിക്കൽ കൂടി നീയും  ഇവിടെ വരേണ്ടിവരും.കെട്ടിയവൻ്റെ  യാത്രാവഴിയെ, യാത്ര ചെയ്യാൻ ". .

കുട്ടികകൾ  സ്ത്രീയോട് ചോദിക്കുന്നു."അപ്പ എവിടെ?"

"ജീവിച്ചിരുന്ന കാലത്തു് പത്തുപൈസയുടെ  ഉപകാരം ഉണ്ടായിട്ടില്ല.ചത്താലെങ്കിലും വല്ലതും കിട്ടും എന്നുവിചാരിച്ചാ ഞാൻ ഇതിന് കൂട്ടുനിന്നത്.സാറമ്മാര് അതിൽ  കൈ വയ്ക്കരുത്."

അവളുടെ കണ്ണിൽ കത്തുന്ന തീയും പുകയും കണ്ട് അവർ ചെറുതായി പരുങ്ങി.

"അതിന് ഞങ്ങൾ ഒന്നും എതിർത്ത് പറഞ്ഞില്ലല്ലോ . എല്ലാം പറഞ്ഞതുപോലെ ചെയ്യും.ഇതെല്ലം ഒന്ന് കഴിയട്ടെ."

അപ്പോൾ ഈ ജഡം തനിച്ചല്ല.

ഒരിക്കലും ഒരു ജഡവും തനിച്ചാകില്ല.

കുട്ടികൾ പറഞ്ഞു,"നമ്മുക്ക് പോകാം "

ഒരാൾ ജഡമായാൽ അതിന് പിന്നിൽ ആരെങ്കിലും കാണും."വേണ്ട, വേണ്ടാ ,എന്ന് വിചാരിച്ചിട്ട് അവൻ സമ്മതിക്കില്ല.അഞ്ചുകോടി രൂപയാണ് നഷ്ട്ടം.നീ അവൻ ഒളിപ്പിച്ചത് കണ്ടെടുക്കാൻ സഹായിച്ചത് ശരിയാണ്.പക്ഷേ,എല്ലാം ഒന്നിച്ചു വിഴുങ്ങാൻ നോക്കരുത്.മനസ്സിലായോ?"

"അപ്പോൾ പകുതി തരാം എന്നല്ലേ പറഞ്ഞത്? എന്നിട്ട് ഇപ്പോൾ വാക്ക് മാറുന്നത്?"

"ആര്  വാക്കുമാറി?എല്ലാം മുഴുവനോടെ വിഴുങ്ങണം എന്ന നിൻറെ  ചിന്ത ആണ് കുഴപ്പം  ഉണ്ടാക്കുന്നത്."

അവരുടെ ശബ്ദത്തിലെ ഭീഷണി അവൾ തിരിച്ചറിഞ്ഞു.ബുദ്ധിപൂർവ്വം പെരുമാറുന്നതാണ് നല്ലത്.തനിച്ചു് പിടിച്ചുനിൽക്കാൻ വിഷമം ആണ് എന്ന് അവൾ  മനസ്സിലാക്കിയിരിക്കുന്നു.

അവൾ മക്കളോടൊപ്പം പുറത്തേക്ക് നടന്നു.അവരുടെ സംസാരം അവൾ കേൾക്കില്ല എന്നുറപ്പായപ്പോൾ ഒരാൾ ചോദിച്ചു,

"പകുതി അവൾക്ക് കൊടുക്കുമ്പോൾ എങ്ങനെ മുതലാകും?"

"അതിന് ആര്  കൊടുക്കാൻ പോകുന്നു.? ഈ കൺവയറിൽ അവളും വരും  ഒരു ദിവസം ."

ഒന്നും മനസ്സിലാകാതെ കുട്ടികൾ പരസ്പരം നോക്കി.സിംഹങ്ങളുടെ കൂട്ടിൽ വീണ ചുണ്ടെലിയുടെ കഥ അവർ ഓർമ്മിച്ചെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക