
ന്യൂജേഴ്‌സി: വിട്ടുവീഴ്ചയില്ലാത്ത ഉന്നത നിലവാരത്തിലൂടെയും സമയബന്ധിതമായ നിര്‍മാണ രീതിയിലൂടെയും ഉപഭോക്താക്കളുടെ മനംനിറഞ്ഞ പ്രശംസ നേടിയെടുത്ത ടോമര്‍ ഗ്രൂപ്പ് തങ്ങളുടെ ജൈത്രയാത്രയുടെ 25-ാം വാര്‍ഷികം ആഘോഷിച്ചു. വുഡ്‌റിഡ്ജിലുള്ള മാരിയറ്റ് ഡല്‍റ്റാ ഹോട്ടല്‍സില്‍ നടന്ന ആഘോഷങ്ങളില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സംബന്ധിച്ചു.

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള മൊട്ടയ്ക്കല്‍ വീട്ടില്‍ തോമസ് ജോര്‍ജ് മൊട്ടയ്ക്കല്‍ എന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ 1998 ഡിസംബറില്‍ ആരംഭിച്ച പ്രസ്ഥാനം കഴിഞ്ഞ 25 വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ ഒന്നാം നിര കണ്‍സ്ട്രക്ഷന്‍ കമ്പനിയായി വളര്‍ന്നതിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉണ്ട്. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, സമാനതകളില്ലാത്ത പ്രവര്‍ത്തന വൈദഗ്ധ്യം, പരിസ്ഥിതി സംരക്ഷണം, കഠിനാദ്ധ്വാനം, വെല്ലുവിളികളെ നേരിടാനുള്ള കരുത്ത്, ഉന്നത നിലവാരം, അര്‍പ്പണ ബോധം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ടോമര്‍ ഗ്രൂപ്പിനെ ഒന്നാം നിരയിലെത്തിച്ചത്.

റവ. ജെയിംസ് കെന്‍സിലിയുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച 25-ാം വാര്‍ഷിക ചടങ്ങില്‍ തോമസ് മൊട്ടയ്ക്കലിന്റെ കൊച്ചുമകള്‍ സോഫി തോമസ് 'താങ്ക് യൂ ഗോഡ്...' എന്ന പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചര്‍ വൈസ് ചെയറായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇന്ത്യക്കാരി ഡോ. ആനി പോള്‍ യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടോമര്‍ ഗ്രൂപ്പിന് അംഗീകാരത്തിന്റെ 'സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊക്ലമേഷന്‍' ചെയര്‍മാനും സി.ഇ.ഒയുമായ തോമസ് മൊട്ടയ്ക്കലിന് നല്‍കി.

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്‌സ്യല്‍ പ്രതിനിധിയായ മനീഷ് കല്‍ഹാരി (കോണ്‍സല്‍ ട്രേഡ്) ആയിരുന്നു ഗസ്റ്റ് ഓഫ് ഓണറായി കീനോട്ട് പ്രസംഗം നടത്തിയത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, ടോമര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജൊ തോമസ്, ഡാനിയല്‍ ഡാന്‍സിന്‍സ്‌കി, ടോമര്‍ ഗ്രൂപ്പ് കോ-ഫൗണ്ടറും വൈസ് പ്രസിഡന്റുമായ മാര്‍ട്ടിന്‍ ഐസ്‌നര്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സജിമോന്‍ ആന്റണി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ജിനേഷ് തമ്പി, സണ്ണി വേലിയന്‍ (ഓസ്ട്രിയ), തോമസ് മൊട്ടയ്ക്കലിന്റെ ഭാര്യ സൂസന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് പാര്‍ട്ണര്‍മാര്‍ക്കും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. മരിയാ മാത്യു ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. ടോമര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് രാജ് ഡാനിയേല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

കണ്‍സ്ട്രക്ഷന്റെ എല്ലാ മേഖലകളിലും ഉപഭോക്താക്കളുടെ അംഗീകാരം നേടിക്കൊണ്ടാണ് ടോമര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 1998ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ടൗണ്‍ഷിപ്പുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് പ്രോജക്ടുകള്‍, മറ്റ് യൂട്ടിലിറ്റി സംരംഭങ്ങള്‍, ബഹുനില മന്ദിരങ്ങള്‍ തുടങ്ങി വിവിധ തലങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ടോമര്‍ ഗ്രൂപ്പിന്റെ നിര്‍മാണ സാമ്രാജ്യം.

തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഫേസിന്റെ വരെ നിര്‍മാണം നിര്‍വഹിച്ചത് തോമസ് കണ്‍സ്ട്രക്ഷന്‍സാണ്. അമേരിക്കയില്‍ ചുവടുറപ്പിച്ച ശേഷമാണ് തോമസ് മൊട്ടയ്ക്കല്‍ അന്താരാഷ്ട്ര തലത്തിലേയ്ക്കും കേരളത്തിലേയ്ക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്.
