
കൈക്കൂലി വാങ്ങി ഈജിപ്തിനു യുഎസ് രഹസ്യങ്ങൾ ചോർത്തി കൊടുത്തു എന്ന കരുത്തനായ ഡെമോക്രാറ്റിക് സെനറ്റർ റോബർട്ട് മെനെൻഡസിന്റെ മേൽ ചുമത്തിയതോടെ അദ്ദേഹത്തിനു ഉപരി സഭയുടെ വിദേശകാര്യ സമിതി അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. ന്യൂ ജേഴ്സിയിൽ നിന്നുള്ള സെനറ്റർക്കു പക്ഷെ അംഗത്വം രാജി വയ്ക്കേണ്ടതില്ല.
ആറു വർഷം മുൻപ് ഒരു അഴിമതി കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട സെനറ്ററുടെ ഭാര്യ നാദിനെയും ഈ കേസിൽ ഫെഡറൽ പ്രോസിക്യൂട്ടർ ഡേമിയൻ വില്യംസ് പ്രതി ചേർത്തിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ച പ്രോസിക്യൂട്ടർ വെള്ളിയാഴ്ച ന്യൂ യോർക്കിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അടുത്ത വർഷം തിരഞ്ഞെടുപ്പ് നേരിടുന്ന സെനറ്റർ കുറ്റങ്ങൾ നിഷേധിച്ചു. അദ്ദേഹം ആയിരക്കണക്കിനു ഡോളറും സ്വർണവും മെഴ്‌സിഡിസ് കാറും മറ്റു വിലപിടിച്ച സാധനങ്ങളും കൈക്കൂലിയായി സ്വീകരിച്ചെന്നു ഡേമിയൻ വില്യംസ് പറയുന്നു. ഈജിപ്ഷ്യൻ സർക്കാരിനും ബിസിനസുകാർക്കും മെച്ചമുണ്ടാവുന്ന വിവരങ്ങൾ പകരം നൽകിയെന്നാണ് ആരോപണം.
കൈക്കൂലി കിട്ടിയ പണവും സ്വർണവും എന്ഗേൽവുഡ് ക്ലിഫ്‌സിലെ വീട്ടിൽ അലമാരകളിലും തുണിക്കിടയിലുമൊക്കെ ഒളിപ്പിച്ചു വച്ചിരുന്നത് എഫ് ബി ഐ കണ്ടെടുത്തു. കഴിഞ്ഞ വർഷം മെനെൻഡസിന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയ എഫ് ബി ഐ $480,000 ക്യാഷും $150,000 വിലവരുന്ന സ്വർണക്കട്ടകളും കണ്ടെടുത്തുവെന്നു വില്യംസ് ആരോപിച്ചു. കൈക്കൂലി എത്തിച്ചു കൊടുത്ത മൂന്നു പേരുടെ വിരലടയാളം കിട്ടി.
2018ൽ വിവാഹമോചനം നേടിയ മെനെൻഡസ് (69) ഇപ്പോഴത്തെ ഭാര്യ നാദിൻ അഴ്സലിനിയനെ (56) ബന്ധപ്പെട്ടതോടെയാണ് ഈജിപ്ഷ്യൻ ഇടപാട് ആരംഭിച്ചതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവരാണ് ഈജിപ്ഷ്യൻ സൈനിക ഉദ്യോഗസ്ഥരെയും ബിസിനസുകാരെയും അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. 2020ൽ അവർ വിവാഹിതരായി.
എഫ് ബി ഐ റെയ്‌ഡിൽ $70,000 നാദിന്റെ സേഫ് ഡെപ്പോസിറ് ബോക്സിൽ നിന്നും കിട്ടി.
ഈജിപ്തിനു മെനെൻഡസ് കൈമാറിയ വിവരങ്ങൾ അങ്ങേയറ്റം രഹസ്യ സ്വഭാവം ഉള്ളതെല്ലെങ്കിലും തന്ത്ര പ്രധാനമാണെന്നു വില്യംസ് പറയുന്നു. പുറത്തായാൽ യുഎസിന്റെ രാജ്യരക്ഷയ്ക്കു അപകടമുണ്ടാക്കുന്ന വിവരങ്ങളാണ് അവ.
യുഎസിൽ നിന്നുള്ള മാംസം ഹലാൽ ആണെന്നു സർട്ടിഫിക്കറ്റ് നൽകി ഈജിപ്തിലേക്കു കയറ്റുമതി ചെയ്തതും ഈ അഴിമതിയുടെ ഭാഗമാണ്. കൈക്കൂലി കൊടുത്തവർക്ക് നൽകിയ കുത്തകയെ കൃഷി വകുപ്പ് എതിർത്തപ്പോൾ അദ്ദേഹം ഇടപെട്ടു.
വായേൽ ഹന്നാ (40), ഹോസ് യുറിബെ (56) ഫ്രെഡ് ഡൈബിസ് (66) എന്നീ ബിസിനസുകാരും കേസിൽ പ്രതികളാണ്. ഹന്നാ നാദിന്റെ ദീർഘകാല സുഹൃത്താണ്. അവരാണ് മാംസം കയറ്റുമതി ചെയ്തത്. അവരും യുറിബെയും ചേർന്നാണ് കാർ നൽകിയത്. യുറിബെയെ ക്രിമിനൽ കേസിൽ നിന്നു രക്ഷിക്കാനും സെനറ്റർ ഇടപെട്ടു.
2022 മാർച്ചിൽ നാദിനു ഡൈബിസ് ഓരോ കിലോ വരുന്ന രണ്ടു സ്വർണകട്ടകൾ നൽകി. അന്ന് ഒരു കിലോയുടെ വില $60,000 ആയിരുന്നു.
ഈജിപ്തിനു ഗണ്യമായ സൈനിക സഹായവും മെനെൻഡസ് സാധ്യമാക്കിയെന്നു ആരോപണമുണ്ട്.
Senator Menendez charged with massive corruption