
വാഷിംഗ്ടണ്‍: യു.എസ്. സെന്‍സസ് ബ്യൂറോ 2020 ലെ ജനസംഖ്യ കണക്കെടുപ്പ് വിവരങ്ങള്‍ പുറത്തു വിട്ടു. ഇതനുസരിച്ച് ഏഷ്യന്‍ വംശജരില്‍ ഇന്ത്യാക്കാരാണ് രണ്ടാം സ്ഥാനത്ത്-47 ലക്ഷം പേര്‍. 52 ലക്ഷം ഉള്ള ചൈനീസ് വംശജരാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഫിലിപ്പിനോകള്‍-44 ലക്ഷം വിയറ്റ്‌നാമീസ് വംശജര്‍ 22 ലക്ഷം ഉണ്ട്. വളരെവേഗം വര്‍ധിക്കുന്നത് നേപ്പാളീസ് വംശജരാണ്. 2010 ല്‍ കഴിഞ്ഞ സെന്‍സസ് കാലത്ത് 52,000 മാത്രം ആയിരുന്ന ഇവര്‍ 10 വര്‍ഷത്തിനുള്ളില്‍ 2, 06,000 ആയി. യു.എസ്. ജനങ്ങളില്‍ ഒരു നല്ല വിഭാഗം ഒന്നിലധികം വംശജരായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. മിശ്രവിവാഹങ്ങള്‍ വര്‍ധിച്ചത് മൂലം ഇവയില്‍ നിന്ന് ജനിക്കുന്ന കുട്ടികളെ ഏത് വംശത്തില്‍ ഉള്‍പ്പെടുത്തണം എന്ന ചോദ്യം ജനസംഖ്യാ കണക്കെടുപ്പ് ഉദ്യോഗസ്ഥരെ കുഴക്കിയിട്ടുണ്ട്. ചിലപ്പോള്‍ മാതാപിതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ചോദ്യാവലി പൂരിപ്പിക്കുന്നു.
35 ലക്ഷം യു.എസ്. നിവാസികള്‍ മിഡില്‍ ഈസ്റ്റേണ്‍ എന്നോ നോര്‍ത്ത് ആഫ്രിക്കന്‍ എന്നോ അറിയപ്പെടുവാന്‍ താല്‍പര്യപ്പെട്ടു. ഹിസ്പാനിക്കുകളില്‍ വലിയ വര്‍ധന ഉണ്ടായത് വെനീസ് വേലന്‍ വംശജരിലാണ്. ചൈനാക്കാരും ഏഷ്യന്‍ ഇന്ത്യാക്കാരും ഏറ്റവും വലിയ രണ്ട് ഏഷ്യന്‍ വിഭാഗങ്ങളായി. 2020 ലെ സെന്‍സസ് വിവരങ്ങള്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രസിദ്ധപ്പെടുത്തിയത്. സെന്‍സസ് വിവരങ്ങള്‍ രാഷ്ട്രീയാധികാരവും 2.8 ട്രില്യന്‍ ഡോളറിന്റെ പ്രതിവര്‍ഷ ഫണ്ടിംഗിന്റെ വിനിയോഗവും പത്ത് വര്‍ഷത്തിനിടയില്‍ യു.എസ്. എങ്ങനെ മാറി എന്നതിന്റെ പ്രതിഫലനവും വ്യക്തമായി മനസ്സിലാക്കുവാന്‍ സഹായിക്കും.
2020 ലെ സെന്‍സസ് വിവരങ്ങള്‍ മുന്‍ സെന്‍സസ് വിവരങ്ങളെക്കാള്‍ കൂടുതലായി രാജ്യത്തിന്റെ വംസീയ, വര്‍ഗീയ വിഭാഗങ്ങളെ മനസ്സിലാക്കുവാന്‍ സഹായിക്കും എന്ന് സെന്‍സസ് ബ്യൂറോ പറഞ്ഞു. ഇത്തരം 1,550 വംശീയ, വര്‍ഗ്ഗീയ വിഭാഗങ്ങളുടെ വിവരങ്ങള്‍ മിക്കവാറും പൂര്‍ണ്ണമായി ശേഖരിക്കുവാന്‍ കഴിഞ്ഞു എന്നും അവകാശപ്പെട്ടു.
ഈ സെന്‍സസാണ് ആദ്യമായി പങ്കെടുത്തവര്‍ക്ക് മിഡില്‍ ഈസ്റ്റേണ്‍ അല്ലെങ്കില്‍ നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യക്കാര്‍(മെന) എന്ന് വിശേഷിപ്പിക്കുവാന്‍ അവസരം നല്‍കിയത്. 1997ന് ശേഷം ആദ്യമായാണ് വംശീയ, വര്‍ഗീയ വിവരങ്ങള്‍ ക്രോധീകരിക്കുന്നത്.
2020 ലെ സെന്‍സസ് വിവരങ്ങള്‍ പ്രകാരം മെന ആണെന്ന് ഒറ്റയ്‌ക്കോ മറ്റേതെങ്കിലും ഗ്രൂപ്പുമായി ചേര്‍ന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ട് വലിയ വിഭാഗങ്ങള്‍ ലെബനീസും(6,85,000), ഇറാനിയനു(5,6000 പേര്‍) മാണ്. ഇവര്‍ കൂടുതലും കാലിഫോര്‍ണിയ, മിഷിഗന്‍, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളില്‍ വസിക്കുന്നു.
ഹിസ്പാനിക് വിഭാഗത്തില്‍ ഏറ്റവും വേഗത്തില്‍ വര്‍ധിച്ചത് വെനീസ് വേലന്‍ വംശജരാണ്. 2010ല്‍ 2,15,000 ല്‍ നിന്ന് 2020 ല്‍ 6,05,000 ആയി. മെക്‌സിക്കനുകള്‍ 3 കോടി 59 ലക്ഷവുമായി ഏറ്റവും വലിയ ഹിസ്പാനിക് വിഭാഗം ആയി. പോര്‍ട്ടോറിക്കന്‍സ് 56 ലക്ഷം, സാല്‍വഡോറന്‍സ് 23 ലക്ഷം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
വെളുത്ത വര്‍ഗക്കാരില്‍ ഇംഗ്ലീഷ്‌കാര്‍-4 കോടി 66 ലക്ഷം, ജര്‍മ്മന്‍കാര്‍-4 കോടി 50 ലക്ഷം. ഐറിഷ്‌കാര്‍- 3 കോടി 86 ലക്ഷം.
കറുത്തവര്‍ഗ്ഗക്കാര്‍- ആഫ്രിക്കന്‍ അമേരിക്കന്‍സ്- 4 കോടി 69 ലക്ഷം.
മറ്റുള്ളവര്‍-2 കോടി 80 ലക്ഷം തങ്ങള്‍ മറ്റുള്ളവരാണെന്ന് രേഖപ്പെടുത്തി. ഇവരില്‍ 94% വും ഹിസ്പാനിക്കുകള്‍ ആകാനാണ് സാധ്യതയെന്ന് സെന്‍സസ് അധികാരികള്‍ പറയുന്നു.