
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) തലവന്‍ ജഗ്താര്‍ സിങ് താരയുമായി ചേര്‍ന്നാണ് ഇയാല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്.
2014ല്‍ ഹരിയാനയിലെ സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ നിജ്ജാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയില്‍ എത്താന്‍ സാധിച്ചില്ല. അതിനാല്‍ മുന്‍ ഡിജിപി മുഹമ്മദ് ഇസ്ഹാര്‍ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാക്കളായ നിശാന്ത് ശര്‍മ, ബാബ മാന്‍ സിങ് പെഹോവ വാലെ എന്നിവരെ വധിക്കാന്‍ നിജ്ജാര്‍ നിര്‍ദേശം നല്‍കി. ഇതിനായി കാനഡയില്‍ മന്ദീപ് സിങ് ധലിവാള്‍, സര്‍ബ്ജിത് സിങ്, അനുപ്വീര്‍ സിങ്, ദര്‍ശന്‍ സിങ് എന്നിവരടങ്ങിയ സംഘത്തെ നിജ്ജാര്‍ വളര്‍ത്തിയെടുത്തു. 2015 ഡിസംബറില്‍ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയില്‍വച്ച് ഇവര്‍ക്ക് ആയുധപരിശീലനവും ലഭിച്ചു.
പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘം അര്‍ഷ്ദീപ് സിംഗ് ഗില്ലിനൊപ്പം മോഗയില്‍ നിന്നുള്ള അര്‍ഷ് ദലയുമായി നിജ്ജര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് രേഖയില്‍ പറയുന്നു. 2020ല്‍ 'പന്തിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍' ആരോപിക്കപ്പെട്ട മനോഹര്‍ ലാല്‍ അറോറയുടെയും ജതീന്ദര്‍ബീര്‍ സിംഗ് അറോറയുടെയും ഇരട്ടക്കൊലപാതകം നടത്താന്‍ അദ്ദേഹം അര്‍ഷ്ദീപിനെ ചുമതലപ്പെടുത്തി. ആക്രമണത്തില്‍ മനോഹര്‍ ലാല്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെടിയേറ്റു മരിച്ചു. എന്നാല്‍ മകന്‍ രക്ഷപ്പെട്ടു. ഇവരുടെ കൊലപാതകത്തിന് കാനഡയില്‍ നിന്ന് നിജ്ജര്‍ പണം അയച്ചിരുന്നുവെന്ന് രേഖയില്‍ പറയുന്നു.
2021ല്‍ സ്വദേശമായ ഭാര്‍ സിങ് പുര ഗ്രാമത്തിലെ പുരോഹിതനെ കൊലപ്പെടുത്താന്‍ നിജ്ജര്‍ അര്‍ഷ്ദീപിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ആ വധശ്രമം നടന്നില്ല.
ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹര്‍ദീപ് വ്യാജ പാസ്‌പോര്‍ട്ടില്‍ 1996ലാണ് കാനഡയിലേക്ക് കടന്നത്. കുറെ കാലം അവിടെ ട്രക്ക് ഡ്രൈവറായി ജോലിനോക്കി. പിന്നീട് ആയുധത്തിനും സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടാനുമായി പാകിസ്താനിലെത്തി. കാനഡയില്‍ തിരിച്ചെത്തിയ ശേഷം, കാനഡയില്‍ മയക്കുമരുന്നും ആയുധക്കടത്തും നടത്തുന്ന കൂട്ടാളികളിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ക്രമീകരിക്കാന്‍ തുടങ്ങി. കാനഡയില്‍ അഭയം തേടുംമുമ്പ് പഞ്ചാബില്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയിരുന്നതായും രേഖയില്‍ പറയുന്നു.