Image

അച്ചു ഉമ്മന്‍ വരുന്നു ; ചാഴിക്കാടന്‍ ഇനി കൃപാസനത്തിലേക്ക് : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 23 September, 2023
അച്ചു ഉമ്മന്‍ വരുന്നു ; ചാഴിക്കാടന്‍ ഇനി കൃപാസനത്തിലേക്ക് : (കെ.എ ഫ്രാന്‍സിസ്)

കേരളത്തിന്റെ 'പ്രിയങ്ക'യായ അച്ചു ഉമ്മനെ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ നിര്‍ത്തിയാല്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നുറപ്പല്ലേ? കോണ്‍ഗ്രസിന് ഇത് നെയ്യപ്പം തിന്നതു പോലെ, രണ്ടുണ്ട് കാര്യം. (ഒന്ന്) ഉറപ്പായും ജയിക്കും (രണ്ടു) ജോസഫ് ഗ്രൂപ്പിന്റെ സീറ്റിന് വേണ്ടിയുള്ള അവകാശവാദം പൊളിയും. എന്നാലും മൂത്തമകള്‍ മറിയത്തിന്  ഒന്നും കൊടുത്തില്ല എന്ന പരാതി തീര്‍ക്കാന്‍ മറിയത്തെ ചിലപ്പോള്‍ രാജ്യസഭയിലേക്കും വിടേണ്ടിവരും. ഇതൊന്നും സംഭവിക്കാതിരിക്കാന്‍ ചാഴിക്കാടന്‍ കൃപാസനത്തില്‍ പോയി ജോസച്ചനില്‍ നിന്ന് ഉടമ്പടി വേണമെങ്കില്‍ എടുത്തോട്ടെ. 

ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ അച്ചു ഉമ്മന്‍ പാര്‍ലമെന്റില്‍ വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പുതുപ്പള്ളി നിയമസഭാ സീറ്റില്‍ തന്നെ അച്ചുവിന്റെ പേര്‍ ചില കോണ്‍ഗ്രസുകാര്‍ നിര്‍ദേശിച്ചെങ്കിലും ചാണ്ടി ഉമ്മനാണ് സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞ് അച്ചു പിന്‍മാറുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മൂന്നു മക്കളില്‍ ഏറ്റവും മിടുക്കിയായി  അറിയപ്പെട്ടിരുന്നത് അച്ചുവായിരുന്നുവല്ലോ. മാത്രമല്ല, അച്ചു ഉമ്മനെ ഒരു താരമാക്കി മാറ്റുന്നതില്‍ സി.പി.എം സൈബര്‍ സഖാക്കള്‍ക്കും വലിയ പങ്കുണ്ട്. 

കേരളത്തിലെ 'പ്രിയങ്ക' എന്ന ഒരു ഇമേജ് അച്ചുവിനുണ്ട്.  ചൊടിയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ചിട്ടയായ പ്രവര്‍ത്തനത്തിലും അച്ചു ഉമ്മന്‍  ആരുടെയും പിന്നിലാവില്ല. 'ഒന്നാമന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബോര്‍ഡ് മണ്ഡലമാകെ, അടുത്ത ഇലക്ഷനില്‍ താന്‍ തന്നെയാകുമെന്ന് പ്രഖ്യാപിച്ച ചാഴിക്കാടന്‍ ജോസ് കെ മാണിയുടെ അതിവിശ്വസ്തനാണ്. അച്ചു എതിരാളിയായാല്‍ ചാഴിക്കാടന്‍ 'ഡിമ്മാ'കുമെന്ന  കാര്യത്തില്‍ ആര്‍ക്കാണ്  സംശയം ? മാത്രമല്ല, പി.സി തോമസ് പോലുള്ള പലരും കണ്ണുവച്ച ഈ ലോകസഭാമണ്ഡലം ചോദിക്കാനുള്ള ചാന്‍സ് പോലും ഇല്ലാതാവും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാകും അച്ചു ഉമ്മന്റെ പേര് നിര്‍ദ്ദേശിക്കുക. ഉമ്മന്‍ചാണ്ടിക്കെതിരെ വേലവച്ചു എന്ന പ്രചാരണം പാര്‍ട്ടിയിലെ ചിലര്‍ കരുതിക്കൂട്ടി നടത്തുമ്പോള്‍ ഇങ്ങനെ ഒരു ശ്രമം നടത്തി വിജയിപ്പിക്കുന്നത് തിരുവഞ്ചൂരിനും രാഷ്ട്രീയമായി  നല്ലതു തന്നെ. 

ചാനല്‍ വക :  

ഇന്‍കെല്‍ സോളാര്‍ അഴിമതി എ ക്യാമറ, കെ-ഫോണ്‍ അഴിമതികളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ ഏഷ്യാനെറ്റ് ചാനല്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ വലിയ പിന്തുണ എന്തുകൊണ്ടോ കിട്ടുന്നില്ല. പതിവുപോലെ ലേലത്തില്‍ പങ്കെടുക്കുന്ന കക്ഷികള്‍ ഈ കരാറില്‍ ഒത്തുകളി നടത്തി എന്നാണ് ആരോപണം. കരാറില്‍ നിന്ന് പിന്മാറി കൊടുത്ത ടോപ് സോസ് കമ്പനിക്കാരില്‍ നിന്നാണ് ഇന്‍കല്‍ സോളാര്‍ പാനലിന്റെ പാനലുകള്‍ വാങ്ങിയത് പോലും! ഈയ്യിടെ നടന്ന ഇത്തരം കരാറുകളെല്ലാം തേവരുടെ ആന, തേവരുടെ മരം വലിയെടാ വലി എന്ന മട്ടിലാണല്ലോ. വൈദ്യുത മന്ത്രി ഇതേപ്പറ്റി ഇന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. പവര്‍ സെക്രട്ടറിയാകും അന്വേഷിക്കുക. ഇതിനിടെ അധികൃതരുടെ അറിവോടെയായിരുന്നു ഈ കൊള്ളയെന്ന പ്രചാരണവും ഇല്ലാതില്ല. 11 കോടി രൂപ കെഎസ്ഇബിക്ക് ഇതുവഴി നഷ്ടമുണ്ട് പോലും! 

സി.പി.ഐക്കാരുടെ പുതിയ ഓരോ വാദവും, സി.പി.എം ആ വാദം മുളയിലെ നുള്ളിക്കളയുകയും ചെയ്യുന്നത്  പതിവാണല്ലോ. ഇത്തവണ വയനാട്ടില്‍ രാഹുല്‍ സി.പി.ഐയ്‌ക്കെതിരേയല്ല ബി.ജെ.പി പ്രബല സ്ഥാനാര്‍ഥിയാകുന്ന  ഒരു മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന വാദം സി.പി.എമ്മിന്റെ പി.ബാലന്‍ തള്ളിക്കളഞ്ഞു. വീണാ ജോര്‍ജ് മന്ത്രിയെ സ്ത്രീത്വത്തിന് നിരക്കാത്ത വിധം അധിക്ഷേപിച്ചതിന് ലീഗിന്റെ കെ.എം ഷാജിയുടെ പേരില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കരുവന്നൂര്‍ കേസില്‍ വടക്കാഞ്ചേരിയിലെ അരവിന്ദാക്ഷനെ ഇ.ഡിമാര്‍ മര്‍ദ്ദിച്ചതിനെതിരെ പോലീസില്‍ പരാതിപ്പെട്ടു. ഇ.ഡി അത് നിഷേധിച്ചു. സി.പി.എം അതേറ്റു പിടിക്കും.. 

അടിക്കുറിപ്പ് 

കൃപാസനം പള്ളിയിലെ ജോസഫച്ചന്‍ ഒരു പ്രതിഭാസം തന്നെ! പരിശുദ്ധ ദേവമാതാവിനെ പ്രാര്‍ത്ഥിച്ചു മുന്നില്‍ വരുത്തിയ പാതിരി ! ഒടുവിലിതാ അവിടെ 'ഉടമ്പടി' വച്ച എലിസബത്ത് എന്ന സ്ത്രീക്ക് ഇരട്ട ഭാഗ്യം വാങ്ങിക്കൊടുത്തു. മൂത്ത മകനെ  ഭരണകക്ഷിയുടെ താക്കോല്‍ സ്ഥാനത്തും ഭര്‍ത്താവിനെ പ്രതിപക്ഷ പാര്‍ട്ടിയുടെ മുഖ്യ സ്ഥാനത്തും എത്തിച്ചു. എല്ലാം ഉടമ്പടിപ്രകാരം തന്നെ. ഈ സാക്ഷ്യം പറയല്‍ പ്രത്യേക വീഡിയോ എടുത്ത് ദൈവഹിതമെന്നോണം  എല്ലാ ചാനലുകളിലും വരുത്തി. യേശുവിന്റെ മാതാവിനും എലിസബത്ത് എന്ന പേരുള്ള ഒരു അമ്മായി അക്കാലത്തുണ്ടായിരുന്ന കാര്യം ജോസഫച്ചന്‍ ഇപ്പോള്‍ ഓര്‍ക്കാതിരിന്നത്  ഭാഗ്യം. ഇങ്ങനെയുമുണ്ടോ അച്ചാ പബ്ലിസിറ്റി!

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
TK Gangadharan 2023-09-23 16:31:18
രസം, രസകരം
Mary mathew 2023-09-23 18:27:06
Don’t blame Kreupasanam for anything So many miracles are happening there Kreupasanam mathave is real .Elizabeth is Mother Mary’s chitta ,mother’s sister not Ammay . If you want to mock ,go somewhere.
Kottayam Rappayi 2023-09-23 22:00:54
ഉമ്മൻചാണ്ടി ഒരു നല്ല രാഷ്ട്രീയ നേതാവായിരുന്നു. . സംശയമില്ല. എന്ന് കരുതി ചാണ്ടി ഉമ്മന് കോൺഗ്രസ് ആ മണ്ഡലം കൊടുക്കാൻ പാടില്ലായിരുന്നു. ഇതെന്താ രാജഭരണമോ ? അപ്പൻ മരിച്ചപ്പോൾ മകന്. ജനങ്ങൾ തെരഞ്ഞെടുത്തത് ആണെന്ന് പറയുന്നതിൽ വലിയ കഴമ്പില്ല. പൊതുജനം പലപ്പോഴും കഴുതകൾ ആണല്ലോ. ഇപ്പോഴിതാ കേൾക്കുന്നു കോട്ടയം ലോകസഭാ മണ്ഡലം അച്ചു ഉമ്മനെ കൊടുക്കുന്നു എന്ന്. ഇതൊക്കെ എവിടെത്തെ ജനാധിപത്യം.? ഇവിടെ വേറെയും കുടുംബങ്ങളിലെ വേറെയും മനുഷ്യരിലെ? അവർക്കും വല്ലതും കൊടുക്കു.
Anilkumar 2023-09-25 01:44:50
Umman chaandi marichathu kudumbathinu chaakara kaalathu chaala vaaraanulla avasaramaayi veettukaar kaanaruthu.Pothujanathine viddiyaakkikko.Pakshe oru vedikku moonu pakshiye chakkarakkudathil kayyittu nakkaan kondupono.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക