
വിക്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. 2016- ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
ശേഷം 2017 ല്‍ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രം വൈകുകയായിരുന്നു. ഇതിനിടെ ചിത്രത്തിലെ ഒരു ഗാനം പുറത്തും വന്നു. സിനിമ ഉടൻ പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെങ്കിലും, റിലീസ് പിന്നെയും നീണ്ടു പോയി.
ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ധ്രുവനച്ചത്തിരത്തിന്റെ സംവിധായകൻ ഗൗതം വസുദേവ് മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2023 നവംബര്‍ 24ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഏകദേശം ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
നേരത്തെ റിലീസ് തീയതിയില്‍ ചില അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെ ആണ് ഔദ്യോഗികമായി റിലീസ് തീയതി സംവിധായകൻ തന്നെ അറിയിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് ട്രെയിലറിന് സമാനമായൊരു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പക്ക ആക്ഷൻ സ്‌പൈ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന് വീഡിയോ ഉറപ്പു നല്‍കുന്നു. ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വിനായകനാണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. റിതു വര്‍മ്മയാണ് ചിത്രത്തില്‍ വിക്രമിന്റെ നായിക.