
മലയാള സിനിമയിൽ ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച ഹിറ്റ് കോമ്പോ ആണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്. പൂച്ചക്കൊരു മൂക്കൂത്തി എന്ന ചിത്രം മുതൽ തുടങ്ങിയ ആ കൂട്ടുകെട്ടിൽ പിറന്നത് ഒട്ടനവധി ഹിറ്റുകൾ. ഇന്നും പ്രേക്ഷകർ ആവർത്തിച്ചു കാണുന്ന സിനിമകളാണ് അവ. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഗായകൻ എംജി ശ്രീകുമാർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു. ഹരം എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് എംജി നല്‍കുന്ന സൂചന. പ്രിയദർശനും മോഹൻലാലിനും ഒപ്പമുള്ള കാരിക്കേച്ചറുമായാണ് പുതിയ സിനിമ വിശേഷം അദ്ദേഹം പങ്കുവച്ചത്.
ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഒരുപോലെ കാത്തിരുന്ന ചിത്രം ആയിരുന്നു മരക്കാർ : അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ട് തന്നെ ആയിരുന്നു അതിന് കാരണം. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് വളരാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അതേസമയം, നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍, ബറോസ്, വൃഷഭ, റാം തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിനും മറ്റുമായി കാത്തിരിക്കുന്ന സിനിമകള്‍. വാലിബന്‍ 2024 ജനുവരി 25നും ബറോസ് ഈ വര്‍ഷം ക്രിസ്മസ് റിലീസ് ആയും തിയറ്ററില്‍ എത്തും.