
കുറേ കാലമായി ഇല്ലാതിരുന്ന സൂക്കേടായിരുന്നു. വീണ്ടും തുടങ്ങിയെന്നു തോന്നുന്നു. ഈ ഫിലോസോഫിയുടെ അസുഖം. ഒറ്റവാക്കിൽ ജീവിതം എന്താണ്. ഇനി തൃപ്തികരമായ ഒരുത്തരം കിട്ടുന്നതുവരെ എനിക്ക് സ്വസ്ഥത ഇല്ല.
**
മുംബൈ നഗരാതിർത്തിക്ക് പുറത്തു ഭയന്തറിൽ ഞാൻ സ്ഥിരതാമസമാകുന്നത് 2001-ലാണ്. നഗരം അത്രയൊന്നും ഭയന്തർ വരെ വികസിച്ചിരുന്നില്ല അന്ന്. എന്നും രാവിലെ എഴേമുക്കാലിനു പുറപ്പെടുന്ന ലോക്കൽ ട്രെയിനിൽ ഞാൻ നഗരത്തിലിക്കേക്ക് പോകും. നാലു മിനിറ്റ് കഴിഞ്ഞു എത്തുന്ന മീരാ റോഡ് എന്ന സ്റ്റേഷനിൽ നിന്നായിരുന്നു ശശിധരൻ സാർ കയറിയിരുന്നത്. പതിവായി കാണുന്ന ഞങ്ങൾ പരിചയപെട്ടപ്പോളാണ് ഒരേ നാട്ടുകാരാണ് ഞങ്ങൾ എന്ന് അറിഞ്ഞത്. മധ്യവയസ്സ് പിന്നിട്ട ശശിധരൻ സാറിൻ്റെ ഡൈ ചെയ്തു കറുപ്പിച്ച മീശ മേൽചുണ്ട് മറച്ചു വശങ്ങളിൽ താഴോട്ട് നീണ്ടിരുന്നു.
ചർച്ചുഗേറ്റിനടുത്തു ഡി എൻ റോഡിലെ ബ്രിട്ടീഷ്‌കാർ പണിത പുരാതനമായ കെട്ടിടങ്ങളിൽ ഒന്നിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്‌തിരുന്നത്.
മനുഷ്യരെ അടുത്തറിയുമ്പോഴാണല്ലോ അവരുടെ ദുഖങ്ങളും നമ്മൾ അറിയുന്നത്. പരിചയപ്പെട്ട് കുറേകാലം കഴിഞ്ഞാണ് ശശിധരൻ സാർ കുടുംബത്തെ കുറിച് പറയുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ ഞാൻ താമസിക്കുന്ന ഭയന്തറിലെ ടെലിഫോൺ എക്സ്ചേഞ്ചിലായിരുന്നു ജോലി ചെയ്തിരുന്നത്. പതിനഞ്ചു വയസുകാരനായ ഒരു മകനുണ്ട്. പേര് ശിവ. ശിവയായിരുന്നു അവരുടെ ദുഃഖം. ജന്മനാ വൈകല്യമുള്ള കുട്ടിയായിരുന്നു ശിവ. ശിവയുടെ കാലുകൾക്ക് ചലനശേഷി ഇല്ലായിരുന്നു. ജനിച്ചപ്പോൾ തന്നെ. പിന്നെയും രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ശിവയ്ക്ക് ഓട്ടിസം ഉണ്ടെന്നു അറിഞ്ഞത്. ശിവയെ ചുറ്റിപറ്റി മാത്രമായിരുന്നു ശശിധരൻ സാറിൻ്റെയും ഭാര്യയുടെയും ജീവിതം.
ശിവ ജനിച്ചു കുറെ വർഷങ്ങൾ ശശിധരൻ സാറിൻ്റെ സഹധർമ്മിണി ജോലിയിൽ നിന്നും നീണ്ട അവധി എടുത്തിരുന്നു. പിന്നീട് ജോലിയിലിൽ പ്രവേശിച്ചപ്പോൾ നല്ലവരായ മേലുദ്യോഗസ്ഥർ അവർക്ക് പല സഹായങ്ങളും ചെയ്തുകൊടുത്തു. ഉച്ചയ്ക്ക് രണ്ടു മണിക്കൂർ വീട്ടിൽ പോയി മകൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ മേലുദ്യോഗസ്ഥർ അവർക്ക് അനുമതി നൽകിയിരുന്നു.
ശശിധരൻ സാർ പറഞ്ഞത് ഞാൻ ഓർത്തു. അദ്ദേഹവും ഭാര്യയും ജോലിക്ക് പോയി കഴിഞ്ഞാൽ ശിവ വീട്ടിൽ തനിച്ചായിരുന്നു. അവരോടല്ലാതെ മറ്റാരോടും ശിവ പൊരുത്തപ്പെട്ടു പോകില്ലായിരുന്നു. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ശിവ അസ്വസ്ഥനാകുമായിരുന്നു. ചിലപ്പോൾ അക്രമാസക്തനാകും. ആരെയും അവർ അവരുടെ വീട്ടിലേക്ക് ക്ഷണിക്കിലായിരുന്നു.
ശിവയ്ക്കുള്ള ഭക്ഷണം മേശപ്പുറത്ത് ഒരുക്കി വച്ചിട്ടായിരുന്നും അവൻ്റെ അമ്മ ഓഫിസിൽ പോയിരുന്നത്. മലമൂത്ര വിസർജ്ജനത്തിനും സൗകര്യമുള്ള തരം വീൽചെയറിൽ അവനെ ബെൽറ്റ് ഇട്ട് കെട്ടിവച്ചിട്ടാണ് അവർ വീട് പൂട്ടി ജോലിക്ക് പോയിരുന്നത്. മുഴുവൻ സമയവും ടി വി കണ്ടും കമ്പ്യൂട്ടറിൽ ഗെയിംസ് കളിച്ചും ശിവ ഒറ്റയ്ക്കാവും വീട്ടിൽ കഴിയുന്നത്. ഉച്ചയ്ക്ക് അവൻ്റെ അമ്മ എത്തുമ്പോൾ വീട് മുഴുവൻ അവൻ അലംകോലമാക്കി കഴിഞ്ഞിരിക്കും. വീട് വൃത്തിയാക്കി , ശിവയേയും കഴുകി തുടച്ചു ഭക്ഷണവും കൊടുത്തിട്ട് അവർ വീണ്ടും ജോലിക്ക് പോകും.
ശിവയെ പരിചരിച്ചിരുന്ന ഡോക്ടറന്മാർ ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന ഓട്ടിസത്തിൻ്റെ അപൂർവ വകഭേദമാണ് ശിവയ്ക്ക് എന്ന് തിരിച്ചറിഞ്ഞു. അതിനു പ്രതെയ്കിച്ചു ചികിത്സ ഒന്നും ഉണ്ടായിരുന്നില്ല. ഡൽഹിയിലെ AIIMS ലെ റിസേർച് വിഭാഗം ശിവയുടെ എല്ലാ ചികിത്സ ചിലവുകളും വഹിക്കാൻ തയാറായി. അവർക്ക് ശിവ ഒരു പരീക്ഷണ വസ്‌തുവായിരുന്നു. വിദേശത്തു നിന്നുപോലും ഡോക്ടറന്മാർ ശിവയെ കാണാൻ വന്നുപോയിരുന്നു. ശിവയുടെ ആരോഗ്യം സംരക്ഷിച്ചു നിലനിറുത്തുക എന്നതല്ലാതെ ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.
ഒരിക്കൽ ശശിധരൻ സാർ പറഞ്ഞത് ഞാനോർക്കുന്നു. "ഇത്തരം കുട്ടികൾ ഇരുപത് വയസ്സിനപ്പുറം കടക്കില്ല. അങ്ങനെയാണ് കണ്ടുവരുന്നത്". അത് പറയുമ്പോൾ അദ്ദേഹത്തിന് ദുഖമില്ലായിരുന്നു. ജീവത്തിൻ്റെ ഭാഗമായി കഴിയുമ്പോൾ ദുഃഖങ്ങൾ പിന്നെ ദുഃഖമല്ലാതാവും.
ശശിധരൻ സാർ പിന്നെ മുംബൈ വിട്ടുപോയി. പ്രതെയ്കിച്ചു ഒരു യാത്രപറച്ചിൽ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ഞങ്ങൾ സ്ഥിരമായി കാണുന്നത് നിന്നുപോയിരുന്നു. അതിനു കാരണം ഞാൻ ജോലികൾ മാറിയതും എൻ്റെ സഞ്ചാരപഥങ്ങൾ വേറെ ആവുകയും ചെയ്തതുകൊണ്ടായിരുന്നു.
ഇപ്പോൾ പത്തുപതിനഞ്ചു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ജീവിതം പല വഴികൾ പിന്നിട്ടു കഴിഞ്ഞിരുന്നു.
**
അന്ന് ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. രാവിലെ ഉണർന്നതുതന്നെ ശശിധരൻ സാറിനെ ഓർത്തുകൊണ്ടായിരുന്നു. എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. പത്തുപതിനഞ്ചു വർഷങ്ങളായി ശശിധരൻ സാറിനെ കണ്ടിട്ട്. അദ്ദേഹത്തെ ഓർത്തിട്ടു തന്നെ വർഷങ്ങൾ ഒരുപാടായി. ഓർമയിൽ പോലും അദ്ദേഹത്തെ സൂക്ഷിക്കാൻ കഴിയാഞ്ഞതിൽ എനിക്ക് കുറ്റബോധം തോന്നി. ജീവിതം അത്രയേറെ തിരക്കേറിയതായിരുന്നോ. ഒന്നോർക്കാൻപോലും സാധിക്കാത്തവിധം.
രാവിലെ എറണാകുളം വരെ പോകാനുണ്ടായിരുന്നു. വളരെക്കാലം മുംബയിൽ ഉണ്ടായിരുന്ന സുഹൃത്തിൻ്റെ കടവന്ത്രയിലെ പുതിയ ഫ്ലാറ്റിൻ്റെ പാലുകാച്ചലാണ്. ഞാൻ നാട്ടിലുണ്ടെന്നു അവനും ഭാര്യയും അറിഞ്ഞു. ഇനി പോകാതിരിക്കാൻ ആവില്ല. രാവിലെയാണെങ്കിൽ ചന്നം പിന്നം മഴയും. അളിയൻ കരുണാമയനായി. എൻ്റെ കൂടെ വരാമെന്നും കാർ ഡ്രൈവ് ചെയ്യാമെന്നും ഏറ്റു. അളിയൻ്റെ ഒരു ഞാറാഴ്ച്ച അപഹരിക്കുന്നതിൽ എനിക്ക് വിഷമം തോന്നി.
കാറെടുത്തു വഴിയിൽ എത്തിയപ്പോൾ അളിയൻ പറഞ്ഞു. ഒരു പരിചയക്കാരൻ മരിച്ചു. ആ വീട്ടിൽ ഒന്ന് കയറിയിട്ട് പോകാമെന്നു. ഞങ്ങൾ ആ വീട്ടിൽ എത്തുമ്പോൾ ബന്ധു മിത്രാദികൾ അവിടവിടെ മൗനം പുൽകി നിൽപ്പുണ്ടായിരുന്നു. ഹാളിൽ തറയിൽ വിരിച്ചു കിടത്തിയിരുന്ന വൃദ്ധൻ്റെ തലക്കുപിന്നിൽ മുറിച്ച തേങ്ങാപകുതിയിൽ എണ്ണ നിറച്ചത്തിൽ ഒരു തിരി കത്തിനിന്നിരുന്നു.
മൃതശരീരത്തിൽ നോക്കി നിന്നപ്പോൾ എനിക്ക് ആ മനുഷ്യനെ അറിയാമല്ലോ എന്ന് മനസ്സ് മന്ത്രിച്ചു. എത്ര ശ്രമിച്ചിട്ടും എനിക്ക് ഓർത്തെടുക്കാൻ സാധിച്ചില്ല. അവിടെ കസേരയിൽ ഇരുന്ന മുടി നരച്ച സ്ത്രീ ആ വൃദ്ധൻ്റെ ഭാര്യയായിരിക്കും എന്ന് ഞാൻ ഊഹിച്ചു. എൻ്റെ ദൃഷ്ടി അറിയാതെ ഷെൽഫിൽ വച്ചിരുന്ന ഫോട്ടോയിൽ പതിച്ചു. ആ ഫോട്ടോയിലെ മനുഷ്യനെ കണ്ടു ഞാൻ ഞെട്ടി. അത് ശശിധരൻ സാറായിരുന്നു.
യാദൃശ്ചികതകൾ ചിലപ്പോഴെങ്കിലും നിരാശാജനകമാംവിധം ഒഴിവാക്കാൻ ആവാത്തതാകുന്നു. ഞാൻ ആ നിമിഷം അവിടെ വരണമെന്ന് തീരുമാനിച്ചത് വിധി ആയിരിക്കും. അന്ന് രാവിലെ ഉണർന്നത് ശശിധരൻ സാറിനെ ഓർത്തുകൊണ്ടയായിരുന്നല്ലോ എന്ന് ഞാൻ ഓർത്തു.
ആ മനുഷ്യൻ ജീവിച്ചത് മകനുവേണ്ടി മാത്രമായിരുന്നു. ഞാൻ ശിവയെ ഓർത്തു. ശശിധരൻ സാർ പറഞ്ഞു മാത്രം എനിക്കറിയാവുന്ന ശിവയ്ക്ക് എൻ്റെ മനസ്സിൽ ഒരു രൂപം ഉണ്ടായിരുന്നില്ല.
ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ തിരിഞ്ഞപ്പോൾ മാത്രമാണ് മുറിയുടെ മൂലയിൽ ഇരുട്ടിൽ മൗനം പൂണ്ടു വീൽചെയറിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചത്. അയാളുടെ കാലുകൾ പെൻസിലുപോലെ ശോഷിച്ചു തുങ്ങി കിടന്നിരുന്നു. അയാളുടെ മുഖം ഞാൻ ആദ്യം കണ്ട ശശിധരൻ സാറിൻ്റെ മുഖം പോലെത്തന്നെ ഉണ്ടായിരുന്നു. മേൽചുണ്ട് മൂടികിടന്ന കറുത്ത മീശ വശങ്ങളിൽ നീണ്ടുകിടന്നിരുന്നു. ശിവ.
**
എൻ്റെ ദീർഘമായ മൗനം ശ്രദ്ധിച്ചത് കൊണ്ടായിരിക്കണം കഴിഞ്ഞ രണ്ടു മണിക്കൂറായി ഡ്രൈവ് ചെയുകയും മൊബൈലിൽ ആരോടോ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു അളിയൻ ഫോൺ ഓഫ് ചെയ്തു ഇയർ ഫോൺ ഊരികൊണ്ടു ചോദിച്ചു, "എന്തുപറ്റി അളിയാ?". ഞങ്ങൾ അരൂർ പാലം കടന്നു എറണാകുളം എത്തിയിരുന്നു.
കഴിഞ്ഞ കുറെ ദിവസമായി എന്നെ അലട്ടിക്കൊണ്ടിരുന്നു ചോദ്യത്തിന് എനിക്ക് ഉത്തരം ലഭിച്ചു കഴിഞ്ഞിരുന്നു.
മരണത്തിനുമപ്പുറം... ജീവിതം ഒരു ജ്വലനം ആണ്.