Image

അമ്മയാവുക എന്നത് നിന്റെ അവകാശമല്ലേ? ( മകൾക്ക് : ശാന്തിനി ടോം )

Published on 24 September, 2023
 അമ്മയാവുക എന്നത് നിന്റെ അവകാശമല്ലേ? ( മകൾക്ക് : ശാന്തിനി ടോം )

എന്റെ വാവ കുഞ്ഞായിരിക്കുമ്പോൾ അവളുടെ കളിയും ചിരിയും കണ്ടു അമ്മയാവാൻ ആഗ്രഹിച്ച ഒരു സഹപ്രവർത്തക ഉണ്ടായിരുന്നു എനിക്ക്. പത്തുവയസുള്ള മിടുക്കനായ ഒരു മകനുണ്ട്. ഒരു കുഞ്ഞിനെക്കൂടി ഗർഭം ധരിക്കാൻ ഭർത്താവിന്റെ അനുവാദമില്ലാത്തതിനാൽ മാതൃഭാവത്തെ മനസ്സിൽ ഒതുക്കാൻ ശ്രമിച്ചവൾ. 

"എന്തിനാ അനുവാദം ചോദിക്കുന്നത് - അമ്മയാവുക എന്നത് നിന്റെ അവകാശമല്ലേ? വലിയൊരു റിസർച്ചർ വന്നിരിക്കുന്നു, സ്വന്തം കാര്യം വരുമ്പോൾ തനിനാടൻ ഭാര്യ "- എന്നിലെ സ്ത്രീ രോഷം കൊണ്ടു.

അപ്പോഴാണ് അവൾ പറയുന്നത്.... "ഭർത്താവിന് മോളുണ്ടാവുന്നത്‌  ഇഷ്ടമല്ല. രണ്ടു തവണ ഗർഭിണി ആയതാണ്. ഡോക്ടർമാരെ സ്വാധീനിച്ച് സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റ് ചെയ്‌ത്‌ രണ്ടു തവണയും പെൺകുഞ്ഞാണെന്നു അറിഞ്ഞപ്പോൾ നിർബന്ധിച്ച് അബോർഷൻ ചെയ്യിച്ചതാണ്".

"ഓഹ്.... പെൺകുഞ്ഞ് ഒരു ബാധ്യതയാണല്ലോ, അല്ലേ? ഞാനത് മറന്നു. ഇങ്ങനെയുള്ളവർ ഒന്നും കല്യാണം കഴിക്കാൻ പാടില്ല. പെൺകുഞ്ഞായാൽ പത്തിരുപത് കൊല്ലം കഴിഞ്ഞു കെട്ടിച്ചുവിടണം, പിന്നെ ഒരുപാടു ചിലവുകൾ. കഷ്ടം"! ദേഷ്യം പ്രകടിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്ക്.

"അല്ലെടോ...... അതൊന്നുമല്ല കാര്യം. പെൺകുഞ്ഞുങ്ങളെ ജീവനാണ് ഭർത്താവിന്. പക്ഷേ, സ്ത്രീകളോടുള്ള അതിക്രമങ്ങൾ കണ്ടും കേട്ടും ഭർത്താവിന് പേടിയാണ്. ഒരു പെൺകുഞ്ഞുണ്ടായാൽ അവൾ നെഞ്ചിൽ ഒരു തീയാവും. അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കണ്ണും കാതും അവൾക്കൊപ്പം ഉണ്ടാവണം. വർക്കിംഗ് പേരെന്റ്സിനു അതിനൊന്നുമുള്ള സാഹചര്യമില്ല. ഒരു മോനുണ്ടല്ലോ, അവനെ നന്നായി വളർത്തിയാൽ മതി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം".

സംഗതി സത്യമാണല്ലോ എന്ന് കേട്ടപ്പോൾ തോന്നി. പക്ഷെ, അങ്ങനെയങ്ങു പേടിച്ചാൽ പിന്നെ ജീവിച്ചിട്ടെന്ത് ഗുണം. "എന്തായാലും നീ ആശ കൈവിടണ്ട...... അങ്ങേരുടെ മനസ്സ് മാറ്റാൻ നോക്ക്".

അപ്പോൾ സത്യത്തിൽ ഞങ്ങളുടെ കൊച്ചു രാജകുമാരിമാരെ ജീവനായി സ്നേഹിക്കുന്ന ഭർത്താവിനെ എനിക്ക് തന്നതിൽ ദൈവത്തിനു നന്ദി പറഞ്ഞു. ഇങ്ങനെയെങ്ങാനുമുള്ള ചിന്താഗതിയാണ് ഭർത്താവിനുണ്ടായിരുന്നതെങ്കിൽ ഞാനെന്തു ചെയ്തേനെ!

എന്തായാലും എന്റെ നിരന്തരമായ പിന്തുണ കൊണ്ടാണോ എന്തോ അവൾ ചിലതൊക്കെ തീരുമാനിച്ചുറച്ചു. മാസങ്ങൾക്ക് ശേഷം "ഗുഡ് ന്യൂസുണ്ട് മോളെ" എന്ന് വളരെ സന്തോഷത്തോടെ അവൾ പറഞ്ഞപ്പോൾ ഭർത്താവിന്റെ മനസ് മാറ്റാൻ കഴിഞ്ഞല്ലോ എന്ന് അവളെ അഭിനന്ദിച്ചു ഞാൻ. പക്ഷെ, അവളുടെ മറുപടി കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് സംശയമായി..... 

"ഭർത്താവിന് അമേരിക്കയിൽ ജോലി കിട്ടി, കുറച്ചു കാലം കഴിഞ്ഞു കുടുംബമായി അവിടേക്കു താമസം മാറ്റണം. അതുകൊണ്ടു പെൺകുഞ്ഞായാലും ഇനി കുഴപ്പമില്ല, ഇന്ത്യയിലല്ലല്ലോ അവൾ വളരുന്നത്!"

ഏഴുമാസങ്ങൾക്കു ശേഷം അവൾ ലീഡ് ചെയ്യുന്ന പ്രോജക്ടിന്റെ വർക്കിന്‌ വേണ്ടിയാണു ഞങ്ങൾ പഞ്ചാബിലെ ആ ഗ്രാമത്തിൽ പോയത്. പൂർണഗർഭിണിയാണെങ്കിലും ഉന്മേഷവതിയായിരുന്നു അവൾ. തന്നെയുമല്ല, പഞ്ചാബിലെ റോഡുകൾ യാത്രക്ക് അനുയോജ്യവും. പക്ഷേ, അന്ന് രാത്രി അവൾക്ക് അസഹനീയമായ വേദന തുടങ്ങി, പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ചപ്പോൾ പട്ടണത്തിലെ മറ്റേർണിറ്റി സെന്ററിലേക്ക് ചെല്ലാൻ പറഞ്ഞു. 

വൃത്തിഹീനമായ ഒരിടം. ലേബർ റൂമിനോട് ചേർന്നുള്ള ഇടനാഴിയിലെ ബെഡിൽ മാസങ്ങളോളം പഴകിയ ബെഡ്‌ഷീറ്റാവാം വിരിച്ചിട്ടിരുന്നത്. അതിലൊന്നിരിക്കാൻ പോലും അറപ്പ് തോന്നും വണ്ണം പഴകി ചോരക്കറ പിടിച്ച ഒന്ന്. ഇടയ്ക്കിടക്ക് ദീനരോദനങ്ങളും ആക്രോശങ്ങളും ഉയർന്നു കേൾക്കാം. ഡോക്ടർ വരാൻ കാത്തിരിക്കെ ഞാൻ ആ ആശുപത്രിയാകമാനം നടന്നു നോക്കി. 

സ്ക്രീനിംഗ് റൂമിൽ ശരീരം മറയ്ക്കാൻ ഒരു ഷീറ്റ് പോലും ഉപയോഗിക്കാതെ പരസ്യമായി ഗർഭിണിയുടെ പരിശോധന നടത്തുന്ന ആരോഗ്യപ്രവർത്തകൻ. 
"കിടന്നു തൊള്ള കീറുന്നതെന്തിനാ, നിങ്ങൾക്ക് പേറ്റുനോവ് ആവാറായില്ലെന്നു ഞങ്ങൾക്കറിയാം" എന്ന് ആക്രാശിക്കുന്ന നഴ്സ്. "ഇപ്പൊ മോങ്ങിയിട്ടെന്താ കാര്യം, നേരത്തെ ആലോചിക്കണമായിരുന്നു" എന്നൊക്കെയുള്ള അവഹേളനാപരമായ സംസാരം അങ്ങുമിങ്ങും മുഴങ്ങുന്നുണ്ടായിരുന്നു. അടുത്ത ബെഡിൽ കിടന്ന സ്ത്രീയോട് എന്തുകൊണ്ടാണ് ഇതെല്ലം സഹിക്കുന്നതെന്ന ചോദ്യത്തിന് മറ്റെന്താണ് മാർഗമെന്ന് അവർ തിരിച്ചു ചോദിച്ചു.

"എന്തെങ്കിലും പറയാൻ പോയാൽ തല്ലാനും അടിക്കാനും നോവിപ്പിക്കുന്ന രീതിയിൽ വാജിനൽ എക്‌സാമിനേഷൻ ചെയ്ത് പകരം വീട്ടാനും പ്രസവ സമയത്ത് സ്ത്രീകളുടെ കാലുകൾ ബെഡിന്റെ കാലുകളിൽ കെട്ടിയിടാൻ പോലും അവർ മടിക്കില്ലെന്ന് ആ സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി".

പ്രസവസമയത്തുള്ള ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം സ്ത്രീകളെ മാനസികമായി ബാധിക്കാറുണ്ട് - അനുകൂലമായും പ്രതികൂലമായും. ചില വിമര്‍ശനങ്ങളും കൊള്ളിവാക്കുകളും ആജീവനാന്തം അവരെ പിന്തുടരുകയും വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യും, ചില പെരുമാറ്റം അവർക്ക് ആശ്വാസവും പകരും. ഒരു സ്ത്രീയുടെ നല്ലതും  മോശവുമായ പ്രസവപരിചയത്തിന്റെ അനുഭവങ്ങൾ ജീവിതകാലത്തുടനീളം അവളോടൊപ്പം ഉണ്ടാവുകയും ചെയ്യും.

ശകാരവും ഭീഷണിയും മാത്രമല്ല ചില സന്ദർഭങ്ങളിൽ ജനനനിയന്ത്രണമാർഗങ്ങൾ തിരഞ്ഞെടുത്തതിലെ അപാകതകളെപ്പറ്റി പോലും പരസ്യമായി അധിക്ഷേപിക്കുവാൻ മടി കാണിക്കാത്ത ആരോഗ്യപ്രവർത്തകർ ഉള്ള നമ്മുടെ ഈ രാജ്യത്തു "Respectful Maternity Care (RMC) അഥവാ "ബഹുമാന്യമായ ഗർഭ പരിചരണം" എന്ന അവകാശത്തിനു ഗർഭിണികളായ സ്ത്രീകൾ എന്നാണ് അർഹരാവുക? അപമാനവും അധിക്ഷേപവുമാണോ മാതൃത്വമെന്ന മഹനീയമായ പദവിക്കു പകരമായി നാം നൽകേണ്ടത്? 

പെൺകുഞ്ഞുങ്ങൾക്ക് വളരാൻ മാത്രമല്ല സ്ത്രീകൾക്ക് പ്രസവിക്കാൻ പോലും അനുയോജ്യമായ രാജ്യമല്ല ഇന്ത്യ എന്ന തിരിച്ചറിവ് കുറച്ചൊന്നുമല്ല നോവിച്ചത്. എന്തായാലൂം, കൂട്ടുകാരിയുടെ ആഗ്രഹം പോലെ മിടുക്കിയായൊരു പെൺകുഞ്ഞുണ്ടായി,ഇപ്പോൾ 14 വയസ്സ്. US-ൽ താമസിക്കുന്ന അവൾ കഴിഞ്ഞ വർഷം കാണാൻ വന്നപ്പോൾ കൂടെ ആ സുന്ദരിക്കുട്ടിയും ഉണ്ടായിരുന്നു. A very bright beautiful girl!

"She is our life"- കൂട്ടുകാരി പറഞ്ഞത് കേട്ടപ്പോൾ പെൺകുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞ അവളുടെ ഭർത്താവിനെ ഞാൻ ഓർത്തു!

“Happy daughter’s day” wishes to all the daughters .. !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക