
ഉച്ചയൂണുകഴിഞ്ഞ് മുറിയിലെത്തി കട്ടിലിൽ തലയിണ ഉയർത്തി വച്ച് അതിൽ ചാരിയിരുന്ന് ഡോ.കുഞ്ഞമ്മ ജോർജിൻ്റെ ''അത് എൻ്റേയും ജീവനായിരുന്നു "എന്ന പുസ്തകം വായിക്കുകയായിരുന്നു ഞാൻ.ജനാലയിൽ ആരോ തുടരെ തട്ടുന്ന ശബ്ദം .
നോക്കിയപ്പോൾ അടച്ചിട്ട ജനാലച്ചില്ലിൽ കൊക്കു കൊണ്ട് തട്ടുകയും ചിറകടിക്കുകയും ചെയ്യുന്നു ഒരു കാക്ക.
ഞാൻ ജനാല തുറന്നു.
എന്താ വിശക്കുന്നുണ്ടോ ചോറു വേണോ?
" വേണ്ട"
"പിന്നെന്തിനാ ശല്യം ചെയ്യുന്നെ?"
"പെൺമക്കളുടെ ഫോട്ടോയൊക്കെ എഫ്.ബി യിൽ പോസ്റ്റിയും സ്റ്റാറ്റസിട്ടും മക്കൾക്കയച്ചും ഡോട്ടേഴ്സ് ഡേ ആഘോഷിക്കയാണല്ലേ?"
"ഉം .അതിനെന്താ?രണ്ടു പെൺകുട്ടികളുടെ അമ്മയായ എനിക്കങ്ങനെ ചെയ്തു കൂടെ?
" ചെയ്യാം ചെയ്യാം."
"അതിന് നീയിത്ര രോഷം കൊള്ളുന്നതെന്തിനാ?"
" ഇന്നൊരു ദിവസമല്ലല്ലോ ഓരോ ദിനവും പെൺകുഞ്ഞുങ്ങളുടെ ദിനമല്ലേ ?.. ദിവസം മാത്രമല്ല ഓരോ മണിക്കൂറും ഓരോ മിനിറ്റും പെൺകുഞ്ഞുങ്ങളുടേതല്ലേ?വാർത്തകളിൽ അവർ നിറയാത്ത ദിവസമുണ്ടോ?"
ഈ കാക്ക വാക്കുകൾക്കു് ഞാനെന്തു മറുപടി കൊടുക്കും.
" കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നല്ലേ.. "
"അതേ ഞങ്ങൾക്ക് ആണായാലും പെണ്ണായാലും ഞങ്ങളുടെ കുഞ്ഞുങ്ങൾ പൊൻകുഞ്ഞുങ്ങൾ തന്നെയാ. ഞങ്ങളിലാരും നിങ്ങൾ മനുഷ്യരേ പോലെ അവരെ തട്ടിയെടുത്ത് പിച്ചിച്ചീന്തി വലിച്ചെറിയാറില്ല.ജീവനെടുക്കാറില്ല മനുഷ്യർക്ക്ദിനാഘോഷങ്ങൾക്ക് ഒരു പഞ്ഞവുമില്ല."
"നീ എന്നോട് കയർക്കുന്നതെന്തിനാ?
എൻ്റെ മക്കൾ എൻ്റെ ജീവനാണ്''
" അത് എൻ്റേയും ജീവനായിരുന്നു."
"ഓ നിനക്ക് വായിക്കാനറിയാമല്ലേ. ഞാനാ പുസ്തകമാവായിക്കുന്നത് "
" ആ പുസ്തകത്തിൻ്റെ പേര് പോലെ അത് എൻ്റേയും ജീവനായിരുന്നു. പക്ഷേ ആ ജീവനെ നിൻ്റെ പൂച്ച തട്ടിയെടുത്തു. എനിക്കോ കൂട്ടുകാർക്കോ രക്ഷിക്കാൻ കഴിഞ്ഞില്ല "
എനിക്കാ സംഭവം ഓർമ്മയുണ്ട് -
ടെറസിലേക്ക് ചാഞ്ഞ് കിടന്ന മാവിൻ കൊമ്പിൻ്റെ മറവിൽ പതിയിരുന്ന് സിംബ ഒരു കാക്കയെ പിടിച്ചു.
കാക്കയുടെ കരച്ചിലും ബഹളവും കേട്ട് ഓടി ടെറസിൽ ചെന്നപ്പോൾ കണ്ടു ചോരയിൽ കുളിച്ച് ഒരു കുഞ്ഞിക്കാക്ക.
ഞാനതിനെ എടുത്തു കൊണ്ടുവന്ന് രക്ഷിക്കാൻ ശ്രമിച്ചതാണ്. പക്ഷേ കഴിഞ്ഞില്ല.
" അത് നിൻ്റെ കുഞ്ഞായിരുന്നോ?"
"ഉം .എൻ്റെ ഒരേ ഒരു കുഞ്ഞായിരുന്നു. ചിറക് മുളയ്ക്കും മുമ്പ് അമ്മയില്ലാതായതാണ്.പിന്നെ അവളുടെ അച്ഛനും അമ്മയും ഞാനായിരുന്നു.
അന്ന് അവളുടെ ആദ്യ പറക്കലായിരുന്നു."
കാക്കക്കണ്ണുകൾ നിറഞ്ഞു വന്നു.
" ഞാൻ രക്ഷിക്കാൻ ശ്രമിച്ചതാണ് കഴിഞ്ഞില്ല. അവസാനമായി കൊക്കു പിളർന്നപ്പോൾ ചോര ചുവപ്പുള്ള ആ കുഞ്ഞി വായിലേക്ക് ഞാൻ വെള്ളമിറ്റിച്ചു കൊടുത്തു.
അത് നിറയെ വെള്ളം കുടിച്ചു. ശേഷം ആ കുഞ്ഞിക്കണ്ണുകൾ എന്നോടു യാത്ര പറയുമ്പോലെ തോന്നി. ജീവൻ പോയിട്ടും തുറന്നിരുന്ന ആ കണ്ണുകളെ
മെല്ലെ തഴുകിയടക്കുമ്പോൾ സത്യമായും എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാനതിനെ വെള്ളത്തുണിയിൽ പൊതിഞ്ഞു.
കുഴികുത്തി അതിൽ വച്ചു മൂടി.മുകളിൽ പൂക്കൾ വിതറി.
ഞാനിതു പറഞ്ഞപ്പോൾ ആ കാക്ക ജനാലയിൽ പിടിച്ചിരുന്ന എൻ്റെ വിരലുകളിൽ കൊക്കുരുമ്മി .
"എൻ്റെ കുഞ്ഞ് വെള്ളം കുടിച്ച് ദാഹമകററിയാണ് പോയതല്ലേ? മതി. അത് മതി .അവളെ ഓർക്കുമ്പോഴൊക്കെ പൊരിഞ്ഞ വയറോടെ പോയല്ലോ അന്നവൾക്ക് തീറ്റയൊന്നും തേടി കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്താൽ മനസ്സ് നീറിപ്പിടയുമായിരുന്നു.
എനിക്ക് സമാധാനമായി. "
ആ കാക്ക എൻ്റെ മുഖത്തേയ്ക്ക് നോക്കി. അതിൻ്റെ കണ്ണുകളിൽ നന്ദിയുടെ തിളക്കം ആശ്വാസത്തിൻ്റേയും ."
പെട്ടെന്ന് അത് പറന്ന് ദൂരേയ്ക്ക് പോയി.
ഞാനാ പുസ്തകത്തിൻ്റെ പുറംചട്ടയിലേക്ക് വീണ്ടും കണ്ണോടിച്ചു. " അത് എൻ്റേയും
ജീവനായിരുന്നു .അതെ അതെൻ്റേയും ജീവനായിരുന്നു.