Image

പേരിൽ 'ശ്രീ', വിരൽതുമ്പിൽ പ്രണയം! (വിജയ് സി. എച്ച്)

Published on 24 September, 2023
പേരിൽ 'ശ്രീ', വിരൽതുമ്പിൽ പ്രണയം! (വിജയ് സി. എച്ച്)

തോൽപാവക്കൂത്തുകാരൻ മുതൽ കൃഷിപ്പണിക്കാരൻ വരെയുള്ളവരെ രാഷ്ട്രം പത്മശ്രീ നൽകി ആദരിക്കുന്ന ഒരു കാലഘട്ടത്തിൽ, കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനും, നിർമ്മാതാവുമൊക്കെയായ ശ്രീകുമാരൻ തമ്പിയെ അധികൃതർ തുടർച്ചയായി അവഗണിക്കുന്നതിനെ സഹൃദയർ വളരെ ഖേദപൂർവമാണ് വീക്ഷിക്കുന്നത്.
എന്നാൽ, കഴിഞ്ഞ അറുപതു വർഷങ്ങളിൽ മലയാളിയുടെ പ്രണയ ചിന്തകൾക്ക് ചായം ചാലിച്ചയാൾ അതിനെക്കുറിച്ചു പറയുന്നത് തൻ്റെ പേരിൻ്റെ തുടക്കത്തിൽത്തന്നെ 'ശ്രീ' ഉണ്ടല്ലൊ, പിന്നെ തനിയ്ക്കെന്തിനാണ് മറ്റൊരു പത്മശ്രീയെന്നാണ്!
പത്മശ്രീ ലഭിച്ചില്ലെങ്കിലും, കേരള സംസ്കൃതിയുടെ 'ശ്രീ'യാണ് ശ്രീകുമാരൻ തമ്പിയെന്നതിൽ സംശയമില്ല! അദ്ദേഹം ആദ്യമെഴുതിയ ഗാനത്തിനും ഒടുവിൽ എഴുതിയതിനുമിടയ്ക്ക് മൂന്നോ നാലോ തലമുറകളുടെ യൗവനമെങ്കിലും കടന്നു പോയിട്ടുണ്ട്. സ്വാഭാവികമായും അദ്ദേഹത്തിന് അന്നും ഇന്നും സൃഷ്ടിപരമായി യൗവനമാണ്.
സർഗഭാവനകളെ പ്രണയ ചിന്തകൾ തൊട്ടുണർത്തുമ്പോൾ ലഭിയ്ക്കുന്ന ശ്രീത്വമെന്തെന്നറിയാൻ അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെത്തന്നെ കടന്നു പോകണം...


🟥 പ്രപഞ്ചം പ്രണയനിർഭരം
എൻ്റെ ഹൃദയത്തിൽ പ്രണയം ഉള്ളതുകൊണ്ടു ഞാൻ പ്രണയ ഗാനങ്ങളെഴുതുന്നു. ഈ പ്രപഞ്ചം നിലനിൽക്കുന്നത് കോസ്മിക് എനർജി മൂലമാണ്. ആ കോസ്മിക് എനർജി മനുഷ്യരിൽ ചെലുത്തുന്ന ആകർഷണത്തിൻ്റെ പരിണിതഫലമാണ് വ്യക്തികൾ തമ്മിലുള്ള പ്രണയം. പ്രണയനിർഭരമാണ് ഈ പ്രപഞ്ചം തന്നെ എന്നതാണ് വാസ്തവം. ഭൂമി സൂര്യനെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു, ചന്ദ്രൻ ഭൂമിയെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു. പരസ്പര ആകർഷണം കൊണ്ടാണിത് സംഭവിക്കുന്നത്. ഒരു ഗാലക്സി മറ്റൊരു ഗാലക്സിയുമായി ആകർഷണത്തിലാണ്. കോടാനുകോടി നക്ഷത്ര സമൂഹങ്ങളും ഇങ്ങനെ നിലനിൽക്കുന്നു. അങ്ങനെയുള്ള കോടാനുകോടി ഗാലക്സികൾ ചേർന്നതാണ് ഈ പ്രപഞ്ചം. അതിൻ്റെ നിലനില്പ് ആകർഷണം മൂലമാണ്. ആ ആകർഷണമാണ് പ്രണയം! മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. എൻ്റെ പ്രണയം കോസ്മിക് ആണ്. അമ്മയ്ക്ക് മകനോടുള്ളതുപോലും പ്രണയമാണ്. അതിനെ നമ്മൾ വാത്സല്യമെന്നു വിളിക്കുന്നു. ദൈവത്തോടുപോലും നമുക്കു പ്രണയം തോന്നും. ഈശ്വരനോടുള്ള പ്രണയമാണ് ഭക്തി!

🟥 പ്രണയം പ്രകൃതി നിയമം
പ്രണയമെന്നത് പ്രകൃതി നിയമമാണ്. ഏതെങ്കിലും ഒരാളുടെ മുഖം മനസ്സിലൂടെ കടന്നു പോകാത്തവരുണ്ടോ? അത് തീവ്രമായൊരു പ്രണയമായി വളരണമെന്നില്ല, ഇഷ്ടം തോന്നിയ ആളോട് അത് പറയണമെന്നുമില്ല. എന്നാൽ, വളർന്നില്ലെങ്കിലും, ഒരിഷ്ടം നാമ്പിട്ടിരുന്നുവെന്നത് നേരാണ്. പ്രണയ ലേഖനം ഒരിക്കലും എഴുതിയിട്ടില്ലെങ്കിലും, എഴുതണമെന്നു തോന്നിയിട്ടുണ്ടാകാം. എഴുതിയില്ലെങ്കിലും, ആ കഥയിലൊരു നായികയുണ്ടല്ലൊ. ഒരു പുരുഷ സങ്കല്പം മനസ്സിലൂടെ കടന്നു പോകാത്ത ഒരു സ്ത്രീയുമില്ല. എൻ്റെ ഗാനങ്ങളുടെ സാർവ്വലൗകികതക്കു കാരണമിതാണ്. എന്നാൽ, മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന പെണ്ണിനെ വിവാഹം ചെയ്യാൻ കഴിയാറില്ല. സാധാരണ നടക്കുന്നത് ഇതാണ്. വിവാഹത്തിനു മുമ്പ് ഒരു പുരുഷൻ പോലും തൻ്റെ മനസ്സിലുണ്ടായിരുന്നില്ലെന്നു പറയുന്ന പെണ്ണ് കള്ളിയാണ്! വിവാഹത്തിനു മുമ്പ് ഒരു സ്ത്രീയെക്കുറിച്ചും താൻ ചിന്തിച്ചിട്ടില്ലെന്നു പറയുന്ന പുരുഷൻ കള്ളനുമാണ്! കാരണം, ഏതു പുരുഷനും, ഏതു സ്ത്രീക്കും, വിവാഹത്തിനു മുന്നെ ഒരു പ്രണയസങ്കല്പം ഉണ്ടായിരിക്കുമെന്നത് തീർച്ചയാണ്.

🟥 ചുംബനം നിഷ്കളങ്കമായ പ്രണയം
രണ്ടു വ്യക്തികൾ ചേരുന്ന ആകർഷണത്തിൻ്റെ ഏറ്റവും ഉദാത്തമായ ഭാവമാണ് ചുംബനം. അമ്മ മകനെ ചുംബിക്കും, അച്ഛൻ മകളെ ചുംബിക്കും, കാമുകി കാമുകനെ ചുംബിക്കും... ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സത്ത പ്രണയത്തിൻ്റെ വിവിധ ഭാവങ്ങളാണ്. എൻ്റെ പ്രണയ ഗാനങ്ങളിൽ ഞാൻ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ചുംബനത്തെയാണ്. അത് ഏറ്റവും നിഷ്കളങ്കമായ ഒരു പ്രണയ പ്രകടനമാണ്. ചുംബനവും കടന്ന് ഞാൻ പോയിട്ടേയില്ല. മൈഥുനത്തിനു പ്രാധാന്യമുള്ള ഒരു പാട്ടു പോലും ഞാൻ എഴുതിയിട്ടില്ല.

🟥 സൃഷ്ടിപരമായ നിത്യയൗവനം
ഇതെനിയ്ക്ക് ജന്മനാ ലഭിച്ച സിദ്ധിയാണ്. തത്വചിന്തയാണ് ഇതിൻ്റെ കാരണം. തത്വചിന്ത എനിക്കു പ്രായമായപ്പോൾ വന്നതല്ല, ജനിച്ചപ്പോൾ തന്നെ അത് എന്നിലുണ്ട്. ഞാൻ ആദ്യമായി എഴുതിയ കവിത 'കുന്നും കുഴിയും' ആണ്. സ്ഥിതിസമത്വവാദമാണത്. എന്തുകൊണ്ട് ഈ കുന്നു തട്ടി ആ കുഴി മൂടിക്കൂടാ എന്നാണ് ഈ കവിതയിലൂടെ പതിനൊന്നാം വയസ്സിൽ ഞാൻ ചോദിക്കുന്നത്. ഈ പ്രായത്തിലുള്ള മറ്റു കുട്ടികൾ പൂവിനെക്കുറിച്ചും, പൂമ്പാറ്റയെക്കുറിച്ചും, കിളിയെക്കുറിച്ചും എഴുതിയ സമയത്ത് എൻ്റെ ചിന്തകൾ ഏറെ ആഴമുള്ളതായിരുന്നു.

🟥 ചിന്താപരമായ ഔന്നത്യം
എൻ്റെ ഗാനങ്ങൾ ശ്രോതാക്കൾ ഇന്നും നെഞ്ചിലേറ്റാനുള്ള കാരണം അവയുടെ ചിന്താപരമായ ഔന്നത്യമാണ്. നിരൂപകർ എൻ്റെ രചനകളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ആദ്യം പ്രതിപാദിക്കുന്നത്, 'ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയൂ...' എന്ന ഗാനമാണ്. ഇതെഴുതുമ്പോൾ എനിക്കു 27 വയസ്സാണ്. 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...' രചിക്കുമ്പോൾ എനിക്ക് 28 വയസ്സ് ആയിട്ടില്ല. 1966-ൽ 'കാട്ടുമല്ലിക'ക്കു ഞാനെഴുതിയ പാട്ടുകളും 2019-ൽ 'ഓട്ടം' എന്ന ന്യൂജെൻ സിനിമക്ക് ഞാനെഴുതിയ പാട്ടും ഏകദേശം ഒരേ നിലവാരത്തിൽ നിൽക്കുന്നുണ്ട്. കേരള ചലച്ചിത്ര അക്കാദമി എൻ്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ, പുതിയ തലമുറയിൽപ്പെട്ടവർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാർ എടുത്തു പറഞ്ഞിരിക്കുന്നൊരു കാര്യം, കാലമെത്ര കടന്നു പോയാലും ശ്രീകുമാരൻ തമ്പിയുടെ രചനകൾ നിത്യനൂതനമായി നിലകൊള്ളുമെന്നാണ്. ക്ലാസ്സിസത്തിനു പ്രായമില്ല.

🟥 'ആ നിമിഷത്തിൻ്റെ' മാന്ത്രികശക്തി
'ആ നിമിഷത്തിൻ്റെ നിർവൃതിയിൽ...' എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ 48 വർഷമായി ജനം കേട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ പോലും, ഓരോ ശ്രവണത്തിലും അവർ അനുഭൂതിയുടെ ഏതോ അജ്ഞാത തീരത്തെത്തുന്നുവെന്നും ഫീഡ്ബേക്കുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈയിടക്കാണ് പത്തുപതിനാലു വയസ്സുള്ള ഒരു പെൺകുട്ടി ഈ ഗാനം മനോഹരമായി പാടുന്നതു കേട്ടത്. ഞാൻ സംവിധാനം ചെയ്ത പ്രഥമ പടത്തിലെ പാട്ടാണിത് (ചന്ദ്രകാന്തം -- 1974). നിർമ്മാതാവും സംവിധായകനും ഞാൻ തന്നെ ആയതിനാൽ ഗാനരചനക്ക് എനിക്കു പൂർണ്ണ സ്വാതന്ത്യ്രം ലഭിച്ചു. വിശ്വേട്ടനോടു (എം. എസ്. വിശ്വനാഥൻ, ഈ പടത്തിൻ്റെ സംഗീത സംവിധായകൻ) ചർച്ച ചെയ്തു ഗസൽ ഛായയുള്ള സംഗീതവും ചിട്ടപ്പെടുത്തി. എൻ്റെ വരികളിൽ തന്നെ സംഗീതമുണ്ട്, അതു കണ്ടുപിടിക്കുകയേ വേണ്ടുവെന്നാണ്, എന്തുകൊണ്ട് ഞാനും എം. എസ്. വിശ്വനാഥനും ചേരുമ്പോൾ സൂപ്പർഹിറ്റു പാട്ടുകളുണ്ടാകുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ വിശ്വേട്ടൻ മറുപടി പറഞ്ഞത്. മറ്റു പല പടങ്ങളിലും സംവിധായകരുടെ താൽപര്യങ്ങൾക്കു വഴങ്ങി വരികൾ മാത്രമല്ല, നല്ല പദങ്ങൾ പോലും മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്. എന്നാൽ, എനിക്കു ലഭിച്ച full creative freedom 'ആ നിമിഷത്തിൻ്റെ' മാന്ത്രികശക്തിയും മാസ്മരികതയും ഏറെ വർദ്ധിപ്പിച്ചു.

🟥 വ്യക്തിപരമായ പ്രണയാനുഭവങ്ങൾ
പ്രണയ നൈരാശ്യവും, പ്രണയ സാഫല്യവും നേരിട്ടറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. ഞാനൊരു യുവ ഗാനരചയിതാവായി ഉയർന്നുവരുന്ന സമയത്ത് അനവധി പെൺകുട്ടികൾ എന്നെ പ്രണയിച്ചിട്ടുണ്ട്. പക്ഷെ, അവരെ തിരിച്ചു പ്രണയിക്കാൻ എനിക്കു സാധിച്ചിട്ടില്ല -- കഴിയില്ലല്ലൊ! എഴുതാൻ വൈകിയ കുറെ പ്രണയകഥകൾ. എൻ്റെ ആദ്യ പ്രണയം, അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്ന ദീർഘകാല പ്രണയമായിരുന്നു. സാമൂഹികമായും മറ്റെല്ലാ രീതിയിലും യോജിപ്പുണ്ടായിട്ടുകൂടി, പരസ്പരം യാത്ര പറഞ്ഞു പിരിയേണ്ട ഒരു ഘട്ടം വന്നു. അവൾ വേറെ വിവാഹം ചെയ്തു. അവൾക്കൊരു കുഞ്ഞു പിറന്നതിനു ശേഷമാണ്, എന്നെ പ്രണയിച്ചുകൊണ്ടിരുന്ന മറ്റൊരു പെണ്ണിനെ ഞാൻ വിവാഹം ചെയ്തത്. രണ്ടു പേരും എൻ്റെ ആരാധികമാരായിരുന്നു. എൻ്റെ ഭാര്യ എന്നെയാണ് പ്രണയിച്ചത്.

🟥 ഒരു സ്പേസ് ഉണ്ടാക്കിയെടുത്തു
മലയാള ചലച്ചിത്ര സംഗീത ലോകത്ത് വയലാറും, പി. ഭാസ്കരനും രണ്ടു പർവ്വതങ്ങളായി നിൽക്കുന്ന കാലത്തായിരുന്നു എൻ്റെ വരവ്. അന്ന് ഒഎ൯വി ഇല്ല. എനിയ്ക്ക് ഒരു സ്പേസ് ഇല്ലായിരുന്നു; ഉണ്ടാക്കി എടുക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തിൽ എന്നെ ഞാനാക്കിയതും, അഞ്ചു വർഷത്തിനകം, വയലാറിനും, പി. ഭാസ്കരനും കിട്ടുന്നത്ര ഗാനങ്ങൾ എനിയ്ക്കും തുല്യമായി കിട്ടിത്തുടങ്ങുവാൻ ഹേതുവായതും 'സ്വർണ്ണ ഗോപുര നർത്തകീശില്പം കണ്ണിനു സായൂജ്യം നിൻ രൂപം...' (1973), അല്ലെങ്കിൽ, 'ആ നിമിഷത്തിൻറെ നിർവൃതിയിൽ...', (1974) പോലുള്ള ഗാനങ്ങൾ ശ്രോതാക്കളിൽ സൃഷ്ടിച്ച ആവേശമായിരുന്നു. എൻ്റേത് വയലാറിൽ നിന്നും, പി. ഭാസ്കരനിൽ നിന്നും വിഭിന്നമായൊരു ശൈലിയാണെന്ന് അവർ തിരിച്ചറിഞ്ഞു. വിശ്വേട്ടനും, ദക്ഷിണാമൂർത്തി സ്വാമിയും, അർജുനൻ മാഷും, ദേവരാജൻ മാഷും, രാഘവൻ മാഷും ഉൾപ്പെടെയുള്ള 38 സംഗീത സംവിധായകർക്ക് എൻ്റെ വരികൾ ബോധ്യപ്പടാനുള്ള കാരണവും ആ അക്ഷരങ്ങളിൽ തന്നെ അന്തർലീലമായിയിരിക്കുന്ന ഈണമാണ്. 'ഏതു പന്തൽ കണ്ടാലും അതു കല്ല്യാണപ്പന്തൽ, ഏതു മേളം കേട്ടാലും അതു നാദസ്വരമേളം...' എന്ന എൻ്റെ വരികൾ കേൾക്കുമ്പോൾ തന്നെ പ്രതിഭാധനനായ സംവിധായകനറിയാം ഇതിനു വേണ്ട രാഗം 'സിന്ധു ഭൈരവി'യാണെന്ന്!

🟥 മുന്നെ നടന്നവർ
ജീവിത ഗന്ധികളായ സൃഷ്ടികളാൽ മലയാളി മനസ്സുകളിൽ ഇന്നും ജീവിയ്ക്കുന്ന പ്രതിഭകളാണ് വയലാറും, പി. ഭാസ്കരനും, ഒഎൻവിയും. എന്നാൽ, ഞാൻ എന്നെ അവരുമായി താരതമ്യം ചെയ്യാറില്ല. എൻ്റെ മുന്നിൽ നടന്നവരാണ് ഈ മൂന്നു കവികളും. ഇതിൽ ഭാസ്കരൻ മാഷോടാണ് എനിക്കു കടപ്പാടുള്ളത്. ഞാൻ അദ്ദേഹത്തെ അനുകരിച്ചിട്ടില്ല, ഞങ്ങളുടെ രീതികൾ തമ്മിൽ ഒരു ബന്ധവുമില്ലതാനും. എന്നാൽ, 1951-52 കാലഘട്ടത്തിൽ ഭാസ്കരൻ മാഷ് എഴുതിയ ചില പാട്ടുകളാണ് എനിയ്ക്കു ഗാനരചയിതാവാനുള്ള പ്രചോദനം നൽകിയത്. തുടക്കക്കാരനായ എന്നെ പ്രോത്സാഹിപ്പിക്കുകയും, എൻ്റെ തിരക്കഥ 'കാക്കത്തമ്പുരാട്ടി' സംവിധാനം ചെയ്യുകയും (1970), അതിൽ പാട്ടെഴുതുവാനുള്ള അവസരം തരുകയും ചെയ്തു, ഭാസ്കരൻ മാഷ് എന്നെ അത്ഭുതപ്പെടുത്തി. ഗുരു സ്ഥാനത്താണ് ഞാൻ ഭാസ്കരൻ മാഷെ സങ്കല്പിച്ചിരുന്നത്. എന്നാൽ, ഗുരുവാകാൻ താൻ തമ്പിയെ ഒന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും, തൻ്റെ ജീവിതത്തിലെ അനേകം ധന്യതകളിൽ ഒന്നായി ഈ ഗുരുസ്ഥാനം താൻ സ്വീകരിക്കുന്നുവെന്നുമാണ് മാഷ് പറഞ്ഞത്! ആ ഒരു ബന്ധം അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷവും നിലനിൽക്കുന്നു.

പേരിൽ 'ശ്രീ', വിരൽതുമ്പിൽ പ്രണയം! (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക