Image

ബൈഡന്റെ പുതിയ വിദേശനയം വെനീസുവേലന്‍ കുടിയേറ്റക്കാരെ മാത്രം സഹായിക്കാനാണെന്ന് പരാതി (എബ്രാഹം തോമസ്)

എബ്രാഹം തോമസ് Published on 25 September, 2023
ബൈഡന്റെ പുതിയ വിദേശനയം വെനീസുവേലന്‍ കുടിയേറ്റക്കാരെ മാത്രം സഹായിക്കാനാണെന്ന് പരാതി (എബ്രാഹം തോമസ്)

വാഷിംഗ്ടണ്‍: കഴിഞ്ഞ കുറെ ദിവസങ്ങളില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയ വിദേശനയ സമീപനം രണ്ടാമൂഴം ലക്ഷ്യം വച്ചാണെന്ന് നിരീക്ഷകര്‍ പറയുന്നു. ദേശീയസുരക്ഷ, ഉക്രെയിന്‍ ധനസഹായം, ഇന്ത്യ- കാനഡ തര്‍ക്കം എന്നിവയിലെ നിലപാടുകളെക്കുറിച്ചാണ് ഏറെയും പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.
ദേശീയ സുരക്ഷ നിയമവിരുദ്ധകുടിയേറ്റക്കാരുടെ മുന്‍പെങ്ങും ദര്‍ശിച്ചിട്ടാത്ത തള്ളിക്കയറ്റത്തില്‍ അതീവ ഗുരുതര പ്രശ്‌നമാണെന്ന് ഒരു വിഭാഗം ജനങ്ങള്‍ കരുതുന്നു. ഇതിനിടയില്‍ യു.എസ്. ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലജാണ്ട്രോ മയോര്‍ക്കാസ് 2023 ജൂലൈ 31 വരെ യു.എസില്‍  എത്തിയ 4,72,000 വെനീസുവേലക്കാര്‍ക്ക് ടെമ്പററി ലീഗല്‍ സ്റ്റാറ്റസ് നല്‍കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ മെയ്മാസത്തില്‍ നിയമവിരുദ്ധമായി കുടിയേറിയ വെനീസ്വേലക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് മയോര്‍ക്കാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് വിരുദ്ധമായാണ് സെക്രട്ടറിയുടെ പുതിയ പ്രഖ്യാപനം.

ഈ പ്രഖ്യാപനം വെനീസ്വേലക്കാര്‍ക്കിടയില്‍ യു.എസിലേയ്ക്കുള്ള നിയമവിരുദ്ധ കുടിയേറ്റം വലിയതോതില്‍  പ്രോത്സാഹിപ്പിക്കും എന്ന് വിമര്‍ശനമുണ്ട്. വടക്കേ അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ബൈഡന്‍ ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത് എന്ന് ആരോപണമുണ്ട്. തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ നിയമവിരുദ്ധ  കുടിയേറ്റങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണം എന്നാവശ്യപ്പെട്ടിട്ടും ബൈഡന്‍ ഇതിന് അനുകൂലമായി പ്രവര്‍ത്തിച്ചിട്ടില്ല എന്നും പരാതിയുണ്ട്.

ടെമ്പററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് ലഭിക്കുന്ന കുടിയേറ്റക്കാര്‍ക്ക് 1990 ലെ നിയമപ്രകാരം ഉടനെ തന്നെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. തങ്ങളുടെ മാതൃരാജ്യങ്ങളില്‍  സുരക്ഷ ഇല്ലെന്നോ പ്രകൃതി ദുരന്തം ഉണ്ടായെന്നോ കാരണത്താലാണ് ഇവര്‍ക്ക് ടിപിഎസ് ലഭിക്കുന്നത്. 18 മാസത്തേയ്ക്ക് ലഭിക്കുന്ന ടിപിഎസ് വീണ്ടും 18 മാസത്തിന് വീതമായി പുതുക്കാവുന്നതാണ്.

മനുഷ്യക്കടത്ത് ഏജന്റുമാര്‍ മയോര്‍ക്കാസിന്റെ പ്രഖ്യാപനം മുതലെടുത്ത് കൂടതല്‍ വെനീസ്വേലക്കാരെ യു.എസിലേയ്ക്ക് കടത്തും എന്നും ആരോപണമുണ്ട്. ഒരു രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മില്യന്‍ കണക്കിന് വെനീസ്വേലക്കാരെ ദാരിദ്ര്യത്തിലേയ്ക്കാഴ്ത്തി. ടീച്ചര്‍മാരും, പ്രൊഫസര്‍മാരും, ഗവണ്‍മെന്റ് ജീവനക്കാരുമെല്ലാം കടത്തിന് അടിമകളായി. 73 ലക്ഷം ജനങ്ങളെങ്കിലും രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും യു.എസിലാണ് എത്തിയത്. ഇപ്പോള്‍ ടിപിഎസ് നല്‍കുന്ന 4,72,000ന് ഉപരി 2,42,000 ല്‍ അധികം വെനീസ്വേലക്കാര്‍ക്ക് 2021 ലും 2022ലും ടിപിഎസ് നല്‍കിയിരുന്നു.

'ഇവര്‍ മടങ്ങി വെനീസ്വേലയ്ക്ക് പോകുന്നത് മാനുഷിക, സുരക്ഷ, രാഷ്ട്രീയ, പാരിസ്ഥിതിക കാരണങ്ങളാല്‍ അപകടകരമാണ്. എന്നാല്‍ ജൂലൈ 31, 2023ന് ശേഷം ഇവിടെ എത്തിയവര്‍ക്ക് ഈ സുരക്ഷ ലഭിക്കുകയില്ല എന്ന് ഇവര്‍ മനസ്സിലാക്കണം. ഇവര്‍ക്ക് ഇവിടെ താങ്ങാന്‍ നിയമപരമായ അവകാശം ഇല്ലെങ്കില്‍ തിരിച്ചയയ്ക്കും', മയോര്‍ക്കാസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക