Image

വിൻജു സിറിയക്ക്: നൃത്തകലക്കായി സമർപ്പണം  

Published on 28 September, 2023
വിൻജു സിറിയക്ക്: നൃത്തകലക്കായി സമർപ്പണം  

കലയ്ക്ക് പ്രാധാന്യം നൽകുന്ന മണ്ണിൽ വേരുകൾ നിലനിൽക്കെ, കാതങ്ങൾ അകലെ ജീവിതം പറിച്ചുനട്ടാലും ഉള്ളിലെ വാസനയും അഭിരുചിയും മുളപൊട്ടുകയും വളർന്നു പന്തലിക്കുകയും ചെയ്യും. ഭരതനാട്യം, കഥക്, കഥകളി, കുച്ചിപ്പുടി, ഒഡീസ്സി, മണിപ്പൂരി, മോഹിനിയാട്ടം എന്നിങ്ങനെ ഇന്ത്യയിലെ ശാസ്ത്രീയ നൃത്ത ശൈലികൾ വഴങ്ങണമെങ്കിൽ അതൊരു തപസ്യയായി ഏറ്റെടുക്കണം.  എണ്ണമറ്റ മണിക്കൂറുകളുടെ കഠിനമായ പരിശീലനമാണ് ഒരു നർത്തകിയെ വാർത്തെടുക്കുന്നത്. കേരളത്തിലെ തൊടുപുഴയിലെ പ്രശസ്തമായ ചാഴിക്കാട്ട് കുടുംബത്തിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ വിൻജു സിറിയക്കിന്റെ  കലാസപര്യയും അർപ്പണബോധത്തിന്റെ മഹത്തായ ഏടാണ്.

രാജു- എൽസി ചാഴിക്കാട് ദമ്പതികളുടെ നാല് പെൺകുട്ടികളിൽ ഒരാളാണ്  വിൻജു . ഏക സഹോദരൻ വിനു, ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമായി ബിസിനസ് ചെയ്യുന്നു. ഡോ. സ്റ്റീഫൻ ചാഴിക്കാടിന്റെയും ഏലിയാമ്മയുടെയും കൊച്ചുമകൾ എന്നോ ലൂക്കോസിന്റെയും ജോസഫിൻ ഇലക്കാട്ടിന്റെയും പേരക്കിടാവെന്നോ പരിചയപ്പെടുത്തിയാൽ, മുൻ തലമുറയിലെ അമേരിക്കൻ മലയാളികൾക്ക് ആളെ വേഗം മനസ്സിലാകും. ചാഴിക്കാട്ട് കുടുംബം വൈദ്യശാസ്ത്ര വേരുകൾക്ക് അത്രമാത്രം പേരുകേട്ടതാണ്.

തൊടുപുഴയിലെ ജയ് റാണി, ഡി പോൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് പ്രീഡിഗ്രിക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ ചേർന്ന വിൻജുവിന് നൃത്തത്തോട് അടങ്ങാത്ത അഭിനിവേശമാണ്. ചിക്കാഗോ ട്രൈറ്റൺ കോളജിൽ റേഡിയോളജിയിൽ മെഡിക്കൽ ജീവിതം തുടർന്നപ്പോഴും അതിൽ മാറ്റം വന്നില്ല.  ബിരുദപഠനത്തിന് ശേഷം ഇപ്പോൾ  എംആർഐ ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്നതിനിടയിലും  അഞ്ച് വയസ്സുള്ളപ്പോൾ ആരംഭിച്ച നൃത്താഭ്യാസം കൂടെത്തന്നെയുണ്ട്.

നാല് പെൺകുട്ടികളെയും വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിക്കാൻ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത  മാതാപിതാക്കൾക്കാണ് ഇതിന്റെ ക്രെഡിറ്റ്. പിതാവ് രാജു ഇന്ന് ജീവിച്ചിരിപ്പില്ല.  
ആറാമത്തെ വയസ്സിൽ, ചാഴിക്കാട്ടെ  ബന്ധുക്കൾക്കൊപ്പം നടത്തിയ അരങ്ങേറ്റം ഇപ്പോഴും അമ്മയുടെ ഓർമ്മകളിൽ നിറപ്പകിട്ടോടെയുണ്ട്.  സെലിൻ, ദാസ് (ഇരുവരും ആർഎൽവി) എന്നിവർക്ക് കീഴിലാണ് ഭരതനാട്യം അഭ്യസിച്ചത്.   കലാമണ്ഡലം ശ്രീദേവിയുടെ മേൽനോട്ടത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ഭരതനാട്യത്തിൽ വിൻജു ഒന്നാമതെത്തിയിരുന്നു. കലാമണ്ഡലം ഗോപി ആശാന്റെ മേൽനോട്ടത്തിൽ നാടോടിനൃത്തപഠനവും തുടർന്നു. കലാക്ഷേത്രം ചന്ദ്രിക കുറുപ്പിന്റെ കീഴിലായിരുന്നു മോഹിനിയാട്ടത്തിലെ അരങ്ങേറ്റം. കലാമണ്ഡലം ബിന്ധ്യ പ്രസാദിനൊപ്പം നൃത്തം ചെയ്തുകൊണ്ട് ഇപ്പോഴും നൃത്ത സപര്യ തുടരുന്നു.

2000-ത്തിന്റെ തുടക്കത്തിലാണ്  വിൻജുവും  രണ്ട് സഹോദരിമാരും യുഎസിലേക്ക് കുടിയേറിയത്. ഒരു മുഴുവൻ സമയ മെഡിക്കൽ പ്രൊഫഷണലായിരിക്കെ തന്നെ, ന്യൂജേഴ്‌സിയിൽ ക്ലാസിക്കൽ നൃത്തത്തിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും അവർ സമയം കണ്ടെത്തുന്നു. 5 വയസ്സ് മുതൽ 60 പിന്നിട്ടവർ വരെ  ശിഷ്യഗണങ്ങളായുണ്ട്. വിശ്വാസം മുറുകെ പിടിക്കു ന്ന   വ്യക്തികൂടിയാണ് വിൻജു. അമ്മയുടെയും അച്ഛന്റെയും ബന്ധുക്കൾക്ക് വിഞ്ജു തങ്ങളുടെ സ്വന്തമാണെന്ന് പറയാൻ അഭിമാനമാണ്. കലയിലും പ്രൊഫഷനിലും ഒരുപോലെ സമർപ്പിതമായി മുന്നേറാൻ ആഗ്രഹിക്കുന്നവർക്കൊരു മാതൃക കൂടിയാണ് വിൻജു .

നൃത്തലോകത്ത് അമേരിക്കൻ മലയാളികൾക്ക് അഭിമാനകരമായ നേട്ടങ്ങൾ കൊയ്യാൻ വിഞ്ജുവിന് സാധിക്കട്ടെ എന്ന് ഇ-മലയാളി ആശംസിക്കുന്നു.

 

വിൻജു സിറിയക്ക്: നൃത്തകലക്കായി സമർപ്പണം  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക