(Based on a true story)
എയർ പോർട്ടിലെ ലൗഞ്ചിൽ നാട്ടിലേക്കുള്ള ബോർഡിങ് പാസ്സുമായി ഇരിക്കുമ്പോളാണ് ആനന്ദ് ഓർമ്മിച്ചതു്, ഇന്ന് വരുമെന്ന് അമ്മയെ വിളിച്ചു അറിയിച്ചിരുന്നില്ലല്ലോ എന്ന്. നാട്ടിൽ പോകണമെന്നും അമ്മയെ കാണണമെന്നും എടുത്തതീരുമാനം വളരെ പെട്ടന്നായിരുന്നു.
തിരക്കുകൾക്കിടയിൽ കഴിഞ്ഞ രണ്ടുമാസമായി അമ്മയെ വിളിക്കാറുമുണ്ടായിരുന്നില്ല എന്ന കാര്യം ഒരു ഞെട്ടലോടെ ഓർമ്മിച്ചു.വാരാന്ത്യങ്ങളിലെ ടെലിഫോൺ വിളിയും കാത്തു് ഇരിക്കുന്ന അമ്മയെക്കുറിച്ചു ഓർമ്മിക്കുമ്പോൾ വല്ലാത്ത കുറ്റ ബോധം തോന്നുന്നു.തിരക്കുകൾക്കിടയിൽ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾക്ക് വലിയ പ്രാധാന്യം കൊടുത്തില്ല.
ഇന്നലെ കണ്ണാടിക്കുമുൻപിൽ നിൽക്കുമ്പോൾ അവിടവിടെയായി നരച്ചു തുടങ്ങുന്ന മുടിയിഴകൾ മനസ്സിലേക്ക് ഒരു തരം ഭയത്തിൻ്റെ വിത്തുകൾ വിതക്കുകയായിരുന്നു.പ്രായമാകുന്നു എന്ന തോന്നൽ മനസ്സിനെ മഥിച്ചുതുടങ്ങിയപ്പോൾ നാട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.
പതിവില്ലാതെ ഒരു ആഗ്രഹം പൊട്ടിമുളച്ചു.
അമ്മയെ കാണണം.ഭാര്യ പറഞ്ഞു, "കാണണമെന്ന് തോന്നുന്നുണ്ടെങ്കിൽ പിന്നെ എന്തിന് കാത്തുനിൽക്കണം,പോകാം ."
അവൾ അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല. പെട്ടന്ന് ലീവ് അഡ്ജസ്റ്റ് ചെയ്തു. കിട്ടിയ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു.മോർണിംഗ് ഫ്ലൈറ്റിന് പുറപ്പെടുകയായിരുന്നു.
ഒരു കാലത്തു് വിദേശത്തു് ഒരു ജോലികിട്ടുക എന്നത് ഒരു സ്വപ്നമായിരുന്നു. സ്വപ്‌നങ്ങൾ യാഥാർഥ്യമായപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.
എല്ലാവരും പറയാറുള്ള ഗൃഹാതുരത്വം ഒന്നും തനിക്ക് അനുഭവപ്പെട്ടില്ല.
ഇരുപതു വർഷങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല. അതൊരു നീണ്ട കാലഘട്ടമാണ്. നാട്ടിലേക്ക് വരവ് കുറവായിരുന്നതുകൊണ്ട് മറവിയുടെ മാറാലകൾക്കുപിന്നിൽ പലബന്ധങ്ങളും മറഞ്ഞുപോയി.
ഒപ്പം വന്ന് നിൽക്കുവാൻ അമ്മയോട് പലതവണ ആവശ്യപ്പെട്ടതാണ്. ഒരിക്കൽ വന്നു രണ്ടുമാസം താമസ്സിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചുപോകുമ്പോൾ അമ്മ പറഞ്ഞു തനിക്ക് പറ്റിയതല്ല ഈ മണ്ണ് , അടച്ചിട്ട വീടിനുള്ളിൽ ശ്വാസം മുട്ടുന്നു , എന്നെല്ലാം.
മുൻപൊക്കെ എല്ലാ വാരാന്ത്യത്തിലും മറക്കാതെ അമ്മയെ വിളിക്കുമായിരുന്നു. 'അമ്മ ആ വിളി കാത്തിരിക്കുകയായിരിക്കും. അമ്മ പറയുന്നതെല്ലാം കേട്ടിരിക്കും, ഒന്നും ചോദിക്കാറില്ല. ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും എപ്പോഴും ഇടമുറിയും. ഒരുതരം നിശ്ചലതയും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.
മനുഷ്യ ജീവിതം ഒരുതരം തനിയാവർത്തനമാണ് എന്ന് മനസ്സിലായത് ഇരുപതു വയസ്സുള്ള ഏക മകൻ സ്വാതന്ത്ര്യത്തിനുവേണ്ടി താമസ്സം മാറിയപ്പോളാണ്.
നേടിയാതൊന്നും നേട്ടങ്ങളായിരുന്നില്ല. കൂട്ടി വച്ചതെല്ലാം നഷ്ടങ്ങൾ മാത്രമാണെന്നു തിരിച്ചറിയുമ്പോൾ നിസ്സഹായത പൊട്ടി മുളച്ചു വലുതായി , ഒരു വൻ വൃക്ഷമായി നിൽക്കുന്നു. പൂക്കളില്ലാത്ത ഫലങ്ങൾ പുറപ്പെടുവിക്കാത്ത പടു വൃക്ഷം.
ഇന്ന് തിരിച്ചറിയുന്നു, അമ്മയുടെ വിഷമം എന്താണ് എന്ന്. രണ്ടുപേർക്കും ഇടയിൽ വളർന്നുവന്ന നിശ്ചലതക്ക് കാരണം എന്താണ് എന്ന് ആലോചിക്കുമ്പോൾ കുറ്റബോധത്തിന്റെ അനുരണങ്ങൾ മനസ്സിലേക്ക് കടന്നുകയറുന്നു.
എന്തായാലും അമ്മയെ പോയി കാണണം. കുറച്ചു ദിവസം ഒന്നിച്ചു താമസിക്കണം.
കാലം എന്തായിരിക്കും തനിക്കുവേണ്ടി കരുതി വച്ചിരിക്കുക എന്നറിയില്ലല്ലോ. പുതുമകൾ അവകാശപ്പെടുന്ന ഈ ജീവിതം ഇന്നലെകളിൽ മറ്റുള്ളവർ ജീവിച്ചതുതന്നെയാണ്. വേഷവും നിറങ്ങളും ആളുകളും മാറുന്നു, അത്ര മാത്രം.
രണ്ടാഴ്ചത്തെ അവധി എടുത്തു. പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല. ഭാര്യയോട് പറഞ്ഞപ്പോൾ അവളും തയ്യാർ. ഇത് വളരെ മുമ്പേ ചെയ്യേണ്ടതായിരുന്നു എന്ന കമൻറും .
ആനന്ദ് മൊബൈലിൽ അമ്മയെ വിളിക്കുവാൻ ശ്രമിക്കുന്നത് കണ്ടു ഭാര്യ പറഞ്ഞു , "ഇനി വിളിക്കണ്ട ഒരു സർപ്രൈസ് ആവട്ടെ. പെട്ടന്ന് നമ്മളെ കാണുമ്പൊൾ അമ്മക്ക് സന്തോഷമാകും."
അയാൾ വിചാരിച്ചു, ശരിയാണ്, പരിഭവം മാറ്റിയെടുക്കാം.
അച്ഛൻ മരിച്ചതിനുശേഷം കഴിഞ്ഞ നാലുവർഷമായി തങ്ങളുടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം. ഏറ്റവും മുകളിലത്തെ, പത്താമത്തെ നിലയിലുള്ള രണ്ടു ലക്ഷ്വറി ഫ്ലാറ്റുകൾ രണ്ടും വാങ്ങിയത് അബദ്ധമായി എന്ന് പിന്നീട് തോന്നാതിരുന്നില്ല. അതുകൊണ്ട് അയൽക്കാർ ആരുമില്ലാത്ത അവസ്ഥയാണ്. ഒരാവേശത്തിനു ചെയ്തതാണ്. അബദ്ധമായിപ്പോയി. ഏറ്റവും മുകളിലത്തെ നില ആയതുകൊണ്ട് കെയർ ടേക്കർ അല്ലാതെ ആരും തന്നെ അവിടേക്ക് വരാറില്ല.
അമ്മയെക്കൊണ്ട് അത് രണ്ടും നോക്കി നടത്തുവാൻ പ്രയാസമാണ്. വല്ലപ്പോഴും ക്ലീൻ ചെയ്യാൻ ഒരു സ്ത്രീ വരും. വിസ്തൃതമായ ഫ്ലാറ്റിൽ പാവം അമ്മക്ക് എന്ത് ചെയ്യാൻ കഴിയും?
വലിയ ഒരു നഗരത്തിലെ ആൾകൂട്ടത്തിൽ ഏകാന്തവാസം വിധിക്കപ്പെട്ടിരിക്കുന്നു. .
അവസാനം വിളിച്ചപ്പോള്‍ ഒറ്റയ്ക്കാകുന്നതിൻ്റെ പ്രശ്‌നങ്ങളെപ്പറ്റിയാണ് അമ്മ സംസാരിച്ചതെന്ന് അയാൾ ഓർമ്മിച്ചു.
"ഈ ഏകാന്തത എനിക്ക് സഹിക്കാൻ കഴിയുന്നില്ല, വല്ല വൃദ്ധ സദനത്തിലോ മറ്റോ ആണെങ്കിൽ ആരെങ്കിലുമായി സംസാരിക്കുകയെങ്കിലും ചെയ്യാമല്ലോ", എന്ന് പറയുകയും ചെയ്തു. തങ്ങൾ പറയുന്നത് കേൾക്കാൻ ഒരാളുണ്ടായിരിക്കുക എന്നത് നിസ്സാരകാര്യമല്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. വാർദ്ധക്യത്തിൻ്റെ ഏറ്റവും വലിയ പരാധീനത, തങ്ങൾ പറയുന്നത് ആരും കേൾക്കാൻ ഇല്ല എന്നതാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ ചുറ്റുപാടുകൾ വച്ചു അമ്മയെ വൃദ്ധസദനത്തിലാക്കിയാൽ ഉണ്ടാകുന്ന മാനഹാനി മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ എല്ലാം ഓർക്കുമ്പോൾ അതിന് മനസ്സനുവദിക്കുന്നില്ല. ബന്ധുക്കൾ എന്തും പറയും. അതിന് ഉത്തരം കൊടുക്കാൻ കഴിയില്ല.
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അമ്മയെ കാണാൻ പോകുകയാണ്. എന്തുകൊണ്ടെന്നറിയില്ല പതിവിന് വിപരീതമായി മനസ്സിൽ ഒരു അങ്കലാപ്പ് ഒരു വിറയൽ അനുഭവപ്പെടുന്നു. ഇതിന് മുൻപ് ഒരിക്കലും ഉണ്ടാകാത്ത ഒരനുഭവം.
നേരം ഇരുട്ടി തുടങ്ങിയിരുന്നു. ടാക്സിയിൽനിന്നും ലഗേജ് എടുത്ത് ലിഫ്റ്റിൽ കയറി മുകളിൽ എത്തിയപ്പോൾ ഫ്ലാറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.
താക്കോൽ ദ്വാരത്തിലൂടെ വെളിച്ചം പുറത്തേക്കു വരുന്നുണ്ട്..കോളിങ് ബെൽ അമർത്തിയപ്പോൾ അകത്തു മണിയടിക്കുന്നതു കേൾക്കാം. എങ്കിലും കുറച്ചു സമയം കാത്തു് നിന്നിട്ടും വാതിൽ തുറന്നില്ല. താക്കോൽ ദ്വാരത്തിലൂടെ നോക്കുമ്പോൾ അകത്തു് വെളിച്ചമുണ്ട് .
വീണ്ടും വീണ്ടുംവാതിലിൽ മുട്ടി നോക്കി. അകത്തുനിന്നും ഏതോ ടെലിവിഷൻ പ്രോഗ്രാമുകളുടെ നേരിയ ശബ്ദംപുറത്തു കേൾക്കുന്നുണ്ട്..
.ചിലപ്പോൾ ഉറങ്ങിപോയിരിക്കും.
എതിർവശത്തെ ഫ്ലാറ്റ് തുറന്ന് ലഗേജ് എടുത്തുവച്ചു. ഒന്ന് ഫ്രഷ് ആയതിനു ശേഷം വിളിക്കാം . ചിലപ്പോൾ ടോയ്‌ലറ്റിലോ മറ്റോ ആയിരിക്കും.
ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് വീണ്ടും വാതിലിൽ തട്ടി വിളിച്ചു. പ്രതികരണമൊന്നും കാണാത്തതുകൊണ്ട് ഒരു സംശയം. ഉറങ്ങിപോയതാണോ? അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ? തോന്നൽ ശക്തമാകുന്നു . ആനന്ദ് താഴെപ്പോയി കെയർ ടേക്കറെ കൂട്ടിക്കൊണ്ടുവന്നു. അയാൾ പൂട്ടു പൊളിച്ചു. ബലമായി വാതിൽ തുറന്നു.
ആശ്വാസമായി, തുറന്ന വാതിലിന് തിരിഞ്ഞു ടെലിവിഷന് അഭിമുഖമായി കസേരയിൽ അമ്മ ഇരിക്കുന്നത് കാണാം.അയാൾ പുറകിൽ നിന്നും തോളിൽ തട്ടി വിളിച്ചു,"അമ്മേ .............."
അമ്മ തിരിഞ്ഞു നോക്കുമെന്നും എഴുന്നേറ്റ് പിണക്കം മറന്ന് തന്നെ കെട്ടിപിടിക്കുമെന്നും ആനന്ദ് ഒരു നിമിഷം മോഹിച്ചുപോയി.
അയാളുടെ വിഷമം മനസിലാക്കിയ ഭാര്യ വിളിച്ചു,"അമ്മേ ....ഞങ്ങൾ വന്നിരിക്കുന്നു........"
പക്ഷെ അമ്മയുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും കാണാത്തതുകൊണ്ട് ആനന്ദ് കുനിഞ്ഞു ആ മുഖത്തേക്ക് നോക്കി.
കസേരയിൽ നിശ്ചലമായി അമ്മയുടെ അസ്ഥികൂടം ഇരിക്കുന്നു..
ശരീരം അഴുകിത്തീർന്ന് എല്ലുമാത്രം അവശേഷിച്ചതുകൊണ്ട് മരിച്ചിട്ട് ആഴ്ചകളായിട്ടുണ്ടാകണം.
ആ അസ്ഥികൂടം തന്റെ അമ്മയാണ്.
പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും കുടുംബത്തിൻറെതായതിനാല്‍ മൃതദേഹം അഴുകിയ ദുര്‍ഗന്ധം പോലും അയല്‍വാസികളാരും അറിഞ്ഞിട്ടുണ്ടാവില്ല.
നിശബ്ദമായ ഇരുട്ടിൻറെ കറുത്ത കരങ്ങൾ അയാളെ ചേർത്ത് നിർത്തി .