Image

ബിലാലിന്റെ ബാങ്കൊലിയിലൂടെ പ്രവാചകൻ അടയാളപ്പെടുത്തിയ മാനവികത! (ഷുക്കൂർ ഉഗ്രപുരം)

Published on 28 September, 2023
ബിലാലിന്റെ ബാങ്കൊലിയിലൂടെ പ്രവാചകൻ അടയാളപ്പെടുത്തിയ മാനവികത! (ഷുക്കൂർ ഉഗ്രപുരം)

മക്കാവിജയത്തിനു ശേഷം അവിടെ കൂടിയിരുന്ന വലിയ ജന സമൂഹത്തെ സാക്ഷി നിർത്തിക്കൊണ്ട് പ്രവാചകൻ കറുത്ത നീഗ്രോ അടിമ വംശജനായ ബിലാലിനെ അടുത്തേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു, ബിലാൽ അങ്ങന്റെ ചുമലിലൂടെ ഈ ഗേഹത്തിന് മുകളിൽ ചവിട്ടിക്കയറി  ബാങ്കൊലി മുഴക്കൂ! മക്ക ഭരണാധികാരിയും അറേബ്യയിലെ ഏറ്റവും ഉയർന്ന ഗോത്രക്കാരനും ഖുറൈശി വിഭാഗത്തിൽപെട്ട വെളുത്ത സവർണ്ണ അതുല്ല്യ സുമുഖനായ  പ്രവാചകൻ തന്റെചുമലിൽ ചവിട്ടിക്കയറാൻ ഒരു കറുത്ത  ആഫ്രിക്കൻ നീഗ്രോ അടിമയായ ബിലാലിനെ കൊണ്ടാജ്ഞാപിച്ചത് വെറുതെയായിരുന്നില്ല. കുടുംബ ഗോത്ര കുല മഹിമയാൽ രൂഢമൂലമായ സാമൂഹിക വ്യവസ്ഥ വിശ്വാസങ്ങളെ അന്നത്തോടെ ചവിട്ടിയരച്ച് ഉൻമൂലനം ചെയ്യാൻ വേണ്ടി കൂടിയായിരുന്നു!

നൂറ്റാണ്ടുകൾക്ക് മുമ്പേ അറേബ്യൻ ആത്മീയ പ്രോജ്ജ്വല പ്രൗഢിയുടെ  ഗേഹമായ കഅ്ബക്ക് മുകളിൽ തന്നെ ഒരു കറുത്ത  അനറബി അടിമ വിഭാഗത്തിൽ പെട്ടവനെ കയറ്റി നിർത്തി വിശുദ്ധ ബാങ്കൊലി മുഴക്കാൻ ആജ്ഞാപിച്ചത് അത് വരേയുള്ള വർഗ്ഗ വർണ്ണ ഗോത്ര കുല മഹിമകളിൽ അധിഷ്ടിതമായ സാമൂഹിക വ്യവസ്ഥിതികളുടെ അട്ടിമറിച്ചിടലായിരുന്നു. മാനവികത എന്ന മഹാകവിതക്ക് മനോഹര വരികൾ രചിക്കുന്ന ചെയ്തിയായിരുന്നു അത്. ഏത് കറുത്തവനും അനറബിക്കും എത്ര താഴ്ന്നവനാണെങ്കിലും അള്ളാഹുവിന്റെ ഗേഹത്തിൽ എവിടെയും കയറാമെന്ന ഒരു വിളംബരം കൂടിയായിരുന്നു അത്! യഥാർത്ഥത്തിൽ ഗോത്ര മഹിമക്കും, വർണ്ണ വിവേചനത്തിനുമെതിരെയുള്ള ദൃശ്യമായ പ്രവാചകന്റെ താക്കീത്  കൂടിയായിരുന്നു അത്.  1450 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഇരുളടഞ്ഞ സമൂഹത്തിന് മുൻപിലായിരുന്നു ഇതെന്നത് ഏറെ ചിന്തനീയമാണ്!!

ഇന്ന് ആഗോള സമൂഹം അഭിമുകീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മാനവ  വൈവിദ്യത്തിന്റെ  പേരിലുള്ള വിഭാഗീയതകളാണ്. കറുത്തവനും വെളുത്തവനും, ഉയർന്ന ഗോത്രവും താഴ്ന്ന ഗോത്രവും, ഉയർന്ന ജാതിയെന്നും താഴ്ന്നജാതിയെന്നുമുള്ള വിഭജനങ്ങളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പ്രവാചകാധ്യാപനം നോക്കൂ; മനുഷ്യനെ സർവ്വേശ്വരൻ വ്യത്യസ്ഥ വർണ്ണളിലും, രൂപങ്ങളിലും ഭാഷകളിലുമായി സൃഷ്ടിച്ചത് പരസ്പരം തിരിച്ചറിയപ്പെടാൻ വേണ്ടി മാത്രമാണ്! ഈ ചിന്ത ഉൾക്കൊണ്ട ഒരു വ്യക്തിക്കും വർണ്ണവിവേചനവും, വർഗ്ഗ, ഭാഷ, ദേശ വിവേജനവുമൊന്നും നടത്താൻ സാധ്യമല്ല. പീഢനം സഹിക്കവയ്യാതെ മക്കയിൽ നിന്നും മദീനയിലേക്ക് പ്രവാചകനും അനുയായികളും പലായനം ചെയ്തു, പിന്നീട് വർഷങ്ങൾ കഴിഞ്ഞ് സർവ്വസന്നാഹങ്ങളോടെ  പിറന്ന മണ്ണിൽ ജീവിക്കാനുള്ള സ്വാതന്ത്ര സമരമാരംഭിച്ചു. ആയുധ ബലത്തിനപ്പുറം കൈയിലുണ്ടായിരുന്ന ആശയ / പ്രത്യയശാസ്ത്ര പിൻബലം മക്ക ജയിച്ചടക്കാൻ പ്രവാചക സൈന്യത്തെ സഹായിച്ചു എന്ന് ചരിത്ര അവലോകനങ്ങളിലൂടെ ഗ്രഹിക്കാൻ സാധിക്കും.  

  ഇന്നത്തെ ഉത്തരാധുനികതയുടെ കപട വേഷം ധരിച്ച് മനസ്സിൽ മുഴുവൻ ഇരുണ്ട യുഗത്തിൻ  വിഭാഗീയത കൊണ്ടുനടക്കുന്നവർക്ക് പ്രവാചകന്റെ ചരിത്രത്തിൽ നിന്നും ഉൾക്കൊള്ളാൻ ഒത്തിരി പാഠങ്ങളുണ്ട്. ഇന്നും കറുത്ത വർഗക്കാർ അല്ലങ്കിൽ അവർണ്ണർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിടുന്ന അവഗണന കടുത്തതാണ്. പ്രവാചകൻ പറഞ്ഞു വെളുത്തവന് കറുത്തവനേക്കാളോ നേരെമറിച്ചോ,അറബിക് അനറബിയെക്കാളോ നേരെ മറിച്ചോ യാതൊരു പ്രാധാന്യവുമില്ല! കൂടുതൽ ദൈവഭക്തി ആർക്കാണോ ഉള്ളത് അവർക്കാണ് സർവ്വേശ്വരന്റെ  മുൻപിൽ കൂടുതൽ സ്ഥാനമുള്ളത്!! മദ്യപിക്കരുത്, ലഹരി ഉപയോഗിക്കരുത്, ചൂതാട്ട മരുത്, അന്യന്റെ സ്വത്തപഹരിക്കരുത്, സമയ ബോധം സൂക്ഷിച്ച് കൊണ്ട് അഞ്ച് നേരം പ്രാർത്ഥിക്കണം, തന്റെ മാതാപിതാക്കളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണം, ദാനധർമ്മങ്ങൾ നൽകണം, മുതിർന്നവരെ ബഹുമാനിക്കണം, ചെറിയവരോട് കരുണ കാണിക്കണം തുടങ്ങീ ദൈവഭക്തിയുടെ മാർഗ്ഗങ്ങളായി പ്രവാചകൻ അവതരിപ്പിച്ച അധ്യാപനങ്ങളെല്ലാം ഒരുറച്ച സാമൂഹിക ക്രമം (Bold Social Order) സൃഷ്ടിച്ചെടുക്കാൻ കൂടി വേണ്ടിയായിരുന്നെന്ന് സാമൂഹിക ശാസ്ത്ര വിശകലനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.
            
 അന്യ ഗോത്രക്കാരന്റെ ഒട്ടകം മറ്റൊരു ഗോത്രക്കാരന്റെ പറമ്പിലെ ഒരില ഭക്ഷിച്ചാൽ അതിന്റെ  പേരിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന യുദ്ധം നടന്നു കൊണ്ടിരുന്ന ഒരു സമൂഹത്തെയാണ് പ്രവാചകൻ തന്റെ സാമൂഹികശാത്ര ചിന്ത ( Sociological Thought) യിലൂടെ മാറ്റിയെടുക്കാൻ പരിശ്രമിച്ചത്. തനിച്ചിരുന്ന് നിങ്ങൾ ഭക്ഷണം കഴിക്കരുത്, മറിച്ച് ഒന്നിലേറെ പേർ ഒരേ തളികയിൽ നിന്നും ഭുജിക്കണമെന്നും അതാണ് ഉന്നത സംസ്ക്കാരമെന്നും പഠിപ്പിച്ചു. അതിനാൽ തന്നെ കീഴാളനായ ഒരുത്തന്റെ കൂടെ ഒരേ പാത്രത്തിൽ നിന്നും ഒരു ഉന്നത കുലജാതനായ രാജാവ്  ഭക്ഷണം കഴിക്കുന്നതിൽ പ്രവാചക ചിന്ത ഉൾക്കൊണ്ട ഒരാൾക്ക് അത്ഭുതമൊന്നും തോന്നില്ല! ( അത് കൊണ്ടാണ് തന്റെ മധ്യേഷ്യൻ യാത്രക്ക് ശേഷം ആനന്ദമഠത്തിൽ സ്വാമി വിവേകാനന്ദൻ ഇങ്ങനെ എഴുതിയത് - തുർക്കിയിലെ രാജാവിന്റെ കൂടെ എത്ര താഴ്ന്ന വിഭാഗത്തിൽ പെട്ട ആൾക്കും ഒരേ തളികയിൽ നിന്നും ഭക്ഷണം കഴിക്കാം. യാതൊരു വിധ തീണ്ടിക്കൂടായ്മയുമില്ല!)
അടിമ വ്യവസ്ഥ നിലനിന്ന് വരുന്ന ഒരു സമൂഹത്തോടാണ് പ്രവാചകൻ ഇങ്ങനെ കൽപിച്ചത് എന്നത് ഏറെ ആശ്ചര്യകരമാണ്. അഞ്ചു നേരവും പ്രാർത്ഥനക്കായുള്ള  ബാങ്കൊലിയുടെ പൊരുളും അടിമത്ത്വത്തിനും വംശീയ വിവേചനത്തിനുമെതിരായുള്ള ഓർമ്മപ്പെടുത്തലാണ്!

 മദീനയിലൊരു ഭ്രാന്ത് ബാധിച്ച സ്വൽപ്പം പ്രായം ചെന്ന ഒരു സ്ത്രീയുണ്ടായിരുന്നു, അവർക്ക് ഭ്രാന്താണെന്ന കാരണത്താൽ തെരുവിൽ വെച്ച് ആളുകൾ ആ സഹോദരിയെ പരിഹസിക്കാറും കളിയാക്കാറുമുണ്ടായിരുന്നു! ഒരിക്കൽ പ്രവാചകന്റെയടുത്ത് അവർ വന്നപ്പോൾ പ്രവാചകൻ അവരെ വളരെയേറെ ബഹുമാനിച്ചുകൊണ്ട് പറഞ്ഞു , പ്രിയപ്പെട്ട മാതാവേ നിങ്ങൾക്ക് എന്ത് സഹായം വേണമെങ്കിലും ഈ വിനീതനെ ഏത് സമയവും നിങ്ങൾക്ക് വിളിക്കാം, ഈ മുഹമ്മദ് മദീനയുടെ ഏത് തെരുവിലുണ്ടെങ്കിലും നിങ്ങളുടെ അടുത്തേക്ക് ഓടിയെത്തും.  ഒരു വലിയ നേതാവായ പ്രവാചകൻ ഇങ്ങനെ പരസ്യമായി ഇക്കാര്യം പ്രഖ്യാപിക്കുന്നതിലൂടെ സമൂഹത്തിന് നൽകിയ പാഠം നാം ഗ്രഹിക്കേണ്ടതുണ്ട്.
            
മനുഷ്യന്റെ ഒരേയൊരു യജമാനൻ സർവ്വേശ്വരനാണ്; മനുഷ്യൻ സർവ്വേശ്വരന്റെ മാത്രമടിമയും എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. ബാങ്കൊലിയിലെവാചകം തന്നെ നോക്കൂ; സർവ്വേശ്വരനാണ്സമുന്നതൻ, അവൻമാത്രമാണ്സമുന്നതൻ. ആരാധ്യനായവൻ  മാത്രമേയുള്ളൂ... മസ്ജിദിന്റെ മിനാരങ്ങളിലൂടെ ബാങ്കൊലി  ഒഴുകിയെത്തുമ്പോൾ അടിമത്വ ബോധത്തിനെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായ് അത് പരിണമിക്കും. പ്രവാചക തത്ത്വചിന്ത ഉൾക്കൊള്ളുന്ന ആഗോള വിശ്വാസി സമൂഹം അഞ്ച് നേരവും പ്രാർത്ഥനക്കായ് തിരിഞ്ഞു നിൽക്കുന്ന  വിശുദ്ധ ഖഅ്ബയുടെ മുകളിൽ കയറി ആദ്യമായ് അടിമത്ത്വത്തിനെതിരെയുള്ള മുദ്രാവാക്യമായ ബാങ്കൊലി ആദ്യം  മുഴക്കിയത് പ്രവാച ചിന്ത ഉൾക്കൊണ്ട  ബിലാലെന്ന കറുത്ത നീഗ്രോ അടിമയാണെന്നത് അത്യത്ഭുതമാണ്. വർണ്ണ വ്യവസ്ഥക്കും വംശീയതക്കെതിരെയുമുള്ള എക്കാലത്തെയും വലിയ അടയാളമാണത്.
                
അടിമത്ത്വത്തിന് നേരെ ഉയർന്ന ഒരടിമയുടെ ആദ്യ ആത്മീയ വചനങ്ങൾ ബിലാലിന്റെ ബാങ്കൊലിയായിരിക്കാം! ലോകത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നും പ്രവാചകന്റെ അനുയായികൾ എല്ലാ ദിവസങ്ങളിലും  എല്ലാ അഞ്ചു നേരങ്ങളിലും അടിമത്ത്വത്തിനും, വംശീയതക്കും, വർണ്ണവിവേചനത്തിനുമെതിരായ അവന്റെ മുദ്രാവാക്യം ഉയർത്തിക്കൊണ്ടിരിക്കുന്നു. ആ നബി ചിന്തയുടെ ആനുകാലിക  മൂല്ല്യത്തിന്റെ ആഴത്തെ കുറിച്ച് ആയിരം ഗ്രന്ധങ്ങളെഴുതിയാലും പൂർത്തീകരിക്കാനാവുന്നതല്ല അതിന്റെ വിശാലത!!
 
ഈജിപ്തിലെ സാമൂഹിക വ്യവസ്ഥിതി വളരെ ക്രൂരമായിരുന്നു. അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ മുഴുവൻ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടതായിരുന്നു. ഒരിക്കൽ ഖലീഫ ഉമറിന്റെ സൈന്യം ഈജിപ്തുമായി യുദ്ധത്തിലേർപ്പെട്ടു. തദ്ധേശീയരായ പല ഗോത്രക്കാരും സൈന്യത്തോടൊപ്പം ചേർന്നു. പോരാട്ടത്തിനു ശേഷം ഈജിപ്ത് കീഴടക്കിയപ്പോൾ രാജാവിന്റെ ഈന്തപ്പനത്തോട്ടത്തിൽ കയറി പഴുത്ത് പാകമായ ഈത്തപ്പഴങ്ങൾ പറിച്ചെടുത്ത് അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിൽ പെട്ടവർക്കും, കർഷകർക്കും കഴിക്കാൻ നൽകി; എന്നിട്ട് അവരോട് ഭക്ഷിക്കാൻ ആവശ്യപ്പെട്ടു അപ്പോൾ അവർ പറഞ്ഞ മറുപടി ഏറെ അതിശയിപ്പിക്കുന്നതായിരുന്നു, പ്രഭോ ഈ ഈന്തപ്പഴം രാജാക്കന്മാർ മാത്രം ഭക്ഷിക്കുന്നതാണ്, ഇത് ഞങ്ങൾക്ക്  ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടതല്ല!! എന്നാൽ പ്രവാചക ചിന്തയുടെ മൂല്ല്യമുൾക്കൊണ്ട സൈനികർ അവരോടായി പറഞ്ഞു; നിങ്ങളത് കഴിച്ചു കൊള്ളുക. സർവ്വേശ്വരൻ മാത്രമാണ് നിങ്ങളുടെ യജമാനൻ. അവന്റെ മുമ്പിൽ എല്ലാവരും സമൻമാരാണ്. അടിമത്ത്വ ബോധം രൂഢമൂലമായിരുന്ന ഒരു സമൂഹത്തിൽ നിന്നും അതിനെ തുടച്ചു നീക്കുന്ന രീതി ശാസ്ത്രം എത്ര പ്രോജ്ജ്വലമാണ്. പ്രായോഗിക സമത്വവാദത്തിന്റെ  വക്താക്കളാണ് പ്രവാചക ചിന്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരെന്ന് മനസ്സിലാക്കാൻ സാധിക്കും.

   1450 വർഷങ്ങൾക്ക് മുൻപേ ഇന്ന് സമൂഹം ചർച്ച ചെയ്യുന്ന സോഷ്യലിസവും തുല്ല്യനീതിയും പ്രവാചകനും പ്രവാചകന്റെ പ്രത്യയശാസ്ത്രം മുറുകെ പിടിച്ചവരും ചെയ്തുകാണിച്ചതാണ്. ഐക്യരാഷ്ട്ര പൊതു സഭ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് 1948 ലാണ്. അതിന്റെ എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയിട്ടുണ്ട് പ്രവാചക തിരുമേനി. 

(ലേഖകൻ ഭാരതിദാസൻ യൂനിവാഴ്സിറ്റിയിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥിയാണ്) 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക