
കൊല്ലപ്പെട്ട ഖാലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കനേഡിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒരിക്കലെങ്കിലും പതിവായി കണ്ടിരുന്നുവെന്നു അദ്ദേഹത്തിന്റെ പുത്രൻ ബൽരാജ് സിംഗ് നിജ്ജാർ വെളിപ്പെടുത്തി. ഹർദീപ് സിംഗ് നേരിട്ട ഭീഷണികളെ കുറിച്ചായിരുന്നു ചർച്ചകൾ.
ജൂൺ 18നു വധിക്കപ്പെടുന്നതിനു ഒന്നോ രണ്ടോ ദിവസം മുൻപും അവർ അദ്ദേഹത്തെ കണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കാണാമെന്നു പറഞ്ഞിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ ആണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ഈ കൂടിക്കാഴ്ചകൾ തുടങ്ങിയത്. ഒരു യോഗത്തിൽ താനും പങ്കെടുത്തുവെന്നു ബൽരാജ് വെളിപ്പെടുത്തി. "അച്ഛന്റെ ജീവന് ഭീഷണി ഉണ്ടെന്നു അവർ പറഞ്ഞു. ഖാലിസ്ഥാനു സജീവ പിന്തുണ നൽകുന്നു എന്നതായിരുന്നു ഭീഷണിക്കു കാരണം."
നൂറു കണക്കിനു ഭീഷണിക്കത്തുകളും ലഭിച്ചിരുന്നു. "സിഖ് വിഘടന വാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചില്ലെങ്കിൽ നിന്നെ കൊല്ലും" എന്നായിരുന്നു അതിൽ ഒരു കത്തിൽ പറഞ്ഞത്. "ഞങ്ങൾ എവിടെയും എത്തുമെന്നു നിനക്കറിയാമല്ലോ. നീ ഏതു ഗുരുദ്വാരയിലാണ് പോകാറുള്ളതെന്നും ഞങ്ങൾക്കറിയാം."
ഭീഷണികൾ പോലീസിനെ അറിയിച്ചിരുന്നു. "കാനഡയിൽ സുരക്ഷിതത്വം ഉണ്ടെന്നു പ്രതീക്ഷിച്ചിരുന്നു. അതു കൊണ്ട് ഒളിക്കണമെന്നു തോന്നിയില്ല. ഞങ്ങൾ തെറ്റൊന്നും ചെയ്തിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അതു കൊണ്ട് ഒളിച്ചിരിക്കേണ്ട ആവശ്യം തോന്നിയില്ല."
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയെ കുറ്റപ്പെടുത്തിയതിൽ ആശ്വാസം തോന്നുന്നുവെന്ന് ബൽരാജ് പറഞ്ഞു. "അച്ഛനെ കൊലപ്പെടുത്തിയതിൽ ഇന്ത്യാ ഗവൺമെന്റിനു പങ്കുണ്ടെന്നു ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു."
അന്വേഷണത്തെ കുറിച്ച് കനേഡിയൻ ഏജൻസികൾ തന്നോട് പതിവായി സംസാരിക്കുന്നുണ്ടെന്നു ബൽരാജ് പറഞ്ഞു.
ഹർദീപ് സിംഗിനോട് പൊതുസ്ഥലങ്ങൾ ഒഴിവാക്കാൻ കാനഡ പോലീസ് നിർദേശിച്ചിരുന്നുവെന്നു സിഖ്‌സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നുണ് പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് ചട്ട ധരിക്കാൻ ഹർദീപ് തയാറായിരുന്നു. എന്നാൽ അങ്ങിനെ ഒരെണ്ണം നൽകാൻ പോലീസിനു കഴിഞ്ഞില്ല.
Canada agencies discussed threats with Nijjar