
കാനഡയിൽ വധിക്കപ്പെട്ട ഖാലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാറും കുറ്റവാളി സംഘ നേതാവും ഭീകരനുമായ അർഷദീപ് സിംഗ് എന്ന അർഷ് ദല്ലയും ചേർന്നു കൊലയാളികളെ വാടകയ്‌ക്കെടുക്കാൻ ശ്രമം നടത്തിയിരുന്നു എന്നു ഇന്ത്യയുടെ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ) കുറ്റപത്രത്തിൽ പറയുന്നു. വെടിവയ്പ്പിൽ വിദഗ്ദരായ കുറ്റവാളികൾക്ക് അവർ കാനഡയിൽ 'വിസയും മികച്ച ജോലിയും സുന്ദരമായ സമ്പാദ്യവും' വാഗ്ദാനം ചെയ്തിരുന്നു.
ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജാറിനെ പോലെ ദല്ലയുടെയും താവളം കാനഡയിൽ തന്നെ ആയിരുന്നു.
എൻ ഐ എ പറയുന്നു: "ആഗോള ഭീകരരായ ഹർദീപ് സിംഗ് നിജ്ജാറും അർഷദീപ് സിംഗ് എന്ന അർഷും ചേർന്ന് ഭീകര സംഘം ഉണ്ടാക്കി. മറ്റു മതങ്ങളിൽ പെട്ടവരെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ അവർ പരിപാടി ഒരുക്കി. പഞ്ചാബിലെ വിവിധ മത വിഭാഗങ്ങളിൽ പെട്ടവർക്കിടയിൽ ഭീതിയും വെറുപ്പും ഉണ്ടാക്കുക ആയിരുന്നു അവരുടെ ലക്‌ഷ്യം.
"നിജ്ജാറും അർഷും ഭീകര സംഘത്തിലേക്ക് ആളുകളെ ആകർഷിച്ചത് വിസയും മികച്ച ജോലിയും സുന്ദരമായ സമ്പാദ്യവും' വാഗ്ദാനം ചെയ്താണ്. തുടക്കത്തിൽ പഞ്ചാബിലെ ബിസിനസുകാരിൽ നിന്നു ഭീഷണിപ്പെടുത്തി പണം പിടുങ്ങാൻ അവരെ പഠിപ്പിച്ചു. പിന്നീട് അവരെ തീവ്രവാദികളാവാൻ പരിശീലിപ്പിച്ചു. അന്യമതങ്ങളിൽ പെട്ടവരെ കൊള്ളാൻ അവരെ സജജമാക്കി."
ഒട്ടേറെ ചെറുപ്പക്കാരെ കാനഡയിൽ പ്ലമ്മിങ്, ട്രക്ക് ഡ്രൈവിംഗ് എന്നിവയ്ക്കു പുറമെ മതപരമായ ജോലികൾ ചെയ്യാനും കൊണ്ടു വന്നുവെന്നു എൻ ഐ എ പറയുന്നു. സറെ, ബ്രാംപ്ടൻ, എഡ്‌മണ്ടൻ, എന്നിവിടങ്ങളിൽ തീവ്രവാദി നിയന്ത്രണത്തിലുള്ള മുപ്പതോളം ഗുരുദ്വാരകളിൽ അവരിൽ പലരും ജോലി ചെയ്തു. അവിടെയെല്ലാം ഭീകരവാദം ആയിരുന്നു പഠന വിഷയം.
പഠനം കഴിഞ്ഞാൽ ജോലി കിട്ടാത്ത ചെറുപ്പക്കാരെ ദുരുപയോഗം ചെയ്യാൻ അവർക്കു എളുപ്പമായിരുന്നു. ഇന്ത്യാ വിരുദ്ധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
ഹർദീപിനെ ട്രാക്ക് ചെയ്തു
ഹർദീപ് സിംഗിനെ കൊലയ്ക്കു മുൻപ് ട്രാക്ക് ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് മൊനീന്ദർ സിംഗ് അതിനിടെ സി ടി വി യോട് പറഞ്ഞു. വാഹനത്തിന്റെ വീലിൽ ഉപകരണം ഘടിപ്പിച്ചിരുന്നുവെന്നു മെക്കാനിക് കണ്ടെത്തിയതായി കൊല നടക്കുന്നതിനു രണ്ടാഴ്ച മുൻപ് നിജ്ജാർ തന്നോട് പറഞ്ഞുവെന്നാണ് മൊനീന്ദർ പറയുന്നത്. ബ്രിട്ടീഷ് കൊളംബിയ ഗുരുദ്വാര കൗൺസിൽ വക്താവാണ് അദ്ദേഹം.
നിജ്ജാർ വെടിയേറ്റു കാറിൽ വീണ ശേഷം ഡോർ തുറന്ന ആദ്യത്തെയാൾ തന്നെ വിളിച്ചെന്നു അദ്ദേഹം പറയുന്നു. ഉടൻ അവിടെ എത്താൻ പറഞ്ഞു.
കൊലപാതകം വളരെ സസൂക്ഷം ആസൂത്രണം ചെയ്തതാണെന്ന് വീഡിയോ കണ്ട മൊനീന്ദർ പറഞ്ഞു.
Nijjar and gangster-terrorist hired young killers