
ഏഴു സ്ഥാനാർഥികൾ പങ്കെടുത്ത ബുധനാഴ്ചത്തെ റിപ്പബ്ലിക്കൻ ഡിബേറ്റിൽ പങ്കെടുക്കാതിരുന്ന എട്ടാമൻ തന്നെയാണ് വിജയിച്ചതെന്നു വിലയിരുത്തൽ. പോളിംഗ് ഫലങ്ങൾ വരാനിരിക്കെ, രണ്ടു മണിക്കൂർ നീണ്ട 'അരാജകത്വത്തിൽ' നിന്ന് ഒഴിഞ്ഞു നിന്ന ഡൊണാൾഡ് ട്രംപിനു പാർട്ടിയിലുള്ള വമ്പിച്ച ലീഡ് മാറി കടക്കാനുളള മികവൊന്നും ആരും കാട്ടിയില്ല എന്നാണ് മാധ്യമങ്ങളുടെ ഏകാഭിപ്രായം.
ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളിൽ നിക്കി ഹെയ്‌ലി കൈയ്യടി വാങ്ങുമ്പോൾ ആദ്യ ഡിബേറ്റിൽ ശ്രദ്ധ നേടിയ വിവേക് രാമസ്വാമി ഇക്കുറി മുങ്ങിപ്പോയെന്നാണ് പൊതു അഭിപ്രായം. സൗത്ത് കരളിന സെനറ്റർ ടിം സ്കോട്ട് ശോഭിച്ചെന്നു കരുതുന്നവർ ഏറെ.
ട്രംപിനു പിന്നിൽ ഓടുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും മുന്നോട്ടു കയറാൻ ഈ അവസരം മുതലാക്കി കണ്ടില്ല.
യുഎന്നിലെ മുൻ അംബാസഡറും സൗത്ത് കരളിന മുൻ ഗവർണറുമായ ഹെയ്‌ലി ശക്തമായ വാഗ്‌വാദങ്ങളിൽ ഏർപ്പെട്ടു മതിപ്പുണ്ടാക്കി. ആദ്യ ഡിബേറ്റിൽ രാമസ്വാമിയെ ആക്രമിച്ച അവർ ഇക്കുറി കലിഫോർണിയയിലും അത് ആവർത്തിച്ചു. രാമസ്വാമി വായ് തുറന്നാൽ മണ്ടത്തരം മാത്രമേ പറയൂ എന്നു പറയാൻ അവർ മടിച്ചില്ല. ചൈനീസ് സാമൂഹ്യ മാധ്യമം ടിക് ടോക്കിനെ രാമസ്വാമി ന്യായീകരിച്ചപ്പോഴാണ് ആ അഭിപ്രായം ഉണ്ടായത്.
ഡിസാന്റിസിനെയും ഹെയ്‌ലി വിമർശിച്ചു. സ്കോട്ടുമായും ഏറ്റുമുട്ടി. അത് വ്യക്തിപരമായ തലത്തിൽ വരെ പോയി.
തീപ്പൊരിയൊക്കെ പാറിയെങ്കിലും ട്രംപിനെ പിന്തള്ളാൻ ആർക്കും കഴിഞ്ഞതായി തോന്നുന്നില്ല. ഡിസാന്റിസിനു മേൽ 42% മുൻതൂക്കമാണ് ട്രംപിനുള്ളത്. മറ്റുള്ളവരൊക്കെ അതിലും ഏറെ പിന്നിലും.
എന്നാൽ ഡിബേറ്റിനിടെ ഡിസാന്റിസ് പറഞ്ഞു: "പോളിംഗിലല്ല പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. വോട്ടർമാരാണ് അക്കാര്യം തീരുമാനിക്കുക."
രാമസ്വാമിയുടെ ചൈനയുമായി ഉണ്ടായിരുന്ന ബിസിനസ് ഏർപ്പാടുകളാണ് എതിരാളികൾ ഇക്കുറി ആയുധമാക്കിയത്.
No clear winner seen in second GOP debate