Image

രാജ്യത്തിന്റെ ധീരപുത്രൻ ഭഗത് സിങിന്റെ 116-ാം ജന്മദിനം (ജോയ്ഷ് ജോസ്)

Published on 28 September, 2023
രാജ്യത്തിന്റെ ധീരപുത്രൻ ഭഗത് സിങിന്റെ 116-ാം ജന്മദിനം (ജോയ്ഷ് ജോസ്)

”വിവാഹത്തിന് യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എന്റെ സേവനം ആവശ്യമുണ്ട്. എന്റെ രാജ്യത്തെ രക്ഷിക്കാനായി ഹൃദയവും ആത്മാവും കൊണ്ട് എനിക്ക് പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. എന്റെ രാജ്യം അസ്വാതന്ത്ര്യമായിരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും”
(ഭഗത് സിംഗ്)

മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രട്ടീഷ് സാമ്രാജ്യത്തിലേക്ക് പടര്‍ന്നുകയറിയ രാജ്യത്തിന്റെ ധീരപുത്രന്‍ ഭഗത് സിംഗിന്റെ നൂറ്റിപതിനാറാം ജന്മദിനമാണിന്ന്.ഇന്ന് പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ സർദാർ കിഷൻ സിംഗിന്‍റെയും വിദ്യാവതിയുടെയും മകനായി 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്.ഭഗത് സിംഗിന്റെ ജനനദിവസം തന്നെയാണ് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടിരുന്ന പിതാവും രണ്ട് പിതൃസഹോദരന്മാരും ജയിൽമോചിതരാവുന്നത്. ഭാഗ്യമുള്ള കുട്ടി എന്നർത്ഥം വരുന്ന ഭഗോൺവാല എന്ന പേരിട്ടത് മുത്തശ്ശിയായിരുന്നു. ഈ പേരിൽ നിന്നുമാണ് പിന്നീട് ഭഗത് സിംഗ് എന്ന പേരുണ്ടായത്.

തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ദര്‍ശിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. ജാലിയന്‍വാലാബാഗിലെ ഒരുപിടി മണ്ണ് ഒരു കുപ്പിയിലാക്കി തന്റെ തന്റെ മുറിയില്‍ സൂക്ഷിച്ചുകൊണ്ട് സ്വതന്ത്ര്യം ആവശ്യമെന്ന് പ്രഖ്യാപിച്ചു .1920 – ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു. പഠനവിഷയങ്ങളിലും പാഠ്യേതര കാര്യങ്ങളിലും ഭഗത് ഒരേ പോലെ പ്രാമുഖ്യം നൽകിയിരുന്നു. 

ഗാന്ധിജിയുടെ അക്രമരഹിത സമരരീതിയോട് പൊരുത്തപ്പെടാൻ  ഭഗത് സിംഗിന് കഴിഞ്ഞിരുന്നില്ല.കാരണം ബ്രിട്ടൻ നിരായുധരായ സമരപോരാളികളേപ്പോലും സായുധമായാണ് നേരിട്ടിരുന്നത്. ചൗരിചൗരാ സംഭവത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ നിരപരാധികളായ ഗ്രാമീണരെ 
ബ്രിട്ടീഷ് പട്ടാളം വധിച്ചു.ഇത്തരം സംഭവങ്ങൾ വിപ്ലവത്തിന്റെ പാത സ്വീകരിക്കുവാനുള്ള ഭഗതിന്റെ തീരുമാനത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.
ലാലാ ലജ്‌പത് റായിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിംഗ് ഇതിന് കാരണക്കാരനായ സ്കോട്ടിനോട് ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ചോരക്കു ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നൽകേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ടു വെച്ചത്. മരണമടയുന്ന ഓരോ ഇന്ത്യക്കാരനും പകരമായി പത്ത് ബ്രിട്ടീഷുകാരെങ്കിലും കൊല്ലപ്പെടണം എന്ന് ഭഗത് സുഹൃത്തുക്കളോടായി പറഞ്ഞു. ഭഗവതീ ചരൺ വോഹ്രയുടെ ഭാര്യയും വിപ്ലവകാരിയും കൂടിയായ ദുർഗ്ഗാദേവിയുൾപ്പടെ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും തന്നെ സ്കോട്ടിനെ വധിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. അവസാനം ഈ കൃത്യത്തിനായി ഭഗത് സിംഗും, രാജ് ഗുരുവും, ചന്ദ്രശേഖർ ആസാദും നിയോഗിക്കപ്പെട്ടു. എന്നാൽ സ്കോട്ടിനു പകരം ജോൺ സൗണ്ടേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നിർഭാഗ്യവശാൽ വധിക്കപ്പെട്ടത്. 

1930 മെയ് അഞ്ചു മുതല്‍ 1930 സെപ്തംബര്‍ 10 വരെ നടന്ന വിചാരണയ്‌ക്കൊടുവില്‍ പ്രത്യേക കോടതി സുഖ്‌ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ വിധിച്ചു.1931 മാര്‍ച്ച് 23 വൈകീട്ട് 7.30 ന് ഇവരെ എന്നിവരെ തൂക്കിലേറ്റി.”ഇങ്ക്വിലാബ്‌ സിന്ദാബാദ്‌” വിപ്ലവം നീണാൾ വാഴട്ടെ…! “മരിച്ചാലും ഞങ്ങളുടെ മാതൃ സ്നേഹം നശിക്കുകയില്ല.മൃത് ശരീരങ്ങളില്‍ നിന്നും മാതൃഭൂമിയുടെ ഗന്ധം വമിക്കും.” ഇതായിരുന്നു ഭഗത് സിംഗിന്റെ അവസാന വാക്കുകള്‍…!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക