അന്തരിച്ച ശ്രി. കെ.ജി.ജോര്‍ജിന്റെ ഭാര്യ സെല്‍മയെയും മക്കളെയും സോഷ്യല്‍ മീഡിയ കുത്തി ചികയുന്ന കാഴ്ചയാണിപ്പോള്‍ .അപ്പനെ കൊണ്ടുചെന്ന് വൃദ്ധസദനത്തിലാക്കിയ ഭാര്യയും മക്കളും.ഭാര്യ സുഖവാസത്തിന് ഗോവയില്‍ മകനൊപ്പം പോയിനില്‍ക്കയാണ്.അവസാനകാലത്ത് മക്കളെയും കൊച്ചുമക്കളെയും കണ്ട് ഭാര്യയുടെ ശുശ്രൂഷ ഏറ്റുവാങ്ങി സ്വസ്ഥമായി മരിക്കാന്‍ അനുവദിക്കാത്ത കുരുത്തമില്ലാത്തവര്‍ !.അങ്ങേരുണ്ടാക്കിയ സ്വത്തെല്ലാം സ്വന്തമാക്കിയിട്ട് അനാഥശാലയില്‍ നടയ്ക്കു തള്ളിയില്ലേ...അന്ത്യനിമിഷത്തില്‍ തുള്ളി വെള്ളം നാവിലിറ്റിക്കാന്‍ ഉറ്റവര്‍ സമീപത്തില്ലായിരുന്നു തുടങ്ങിയ ആരോപണങ്ങളേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട സെല്‍മയും മകളും പൊട്ടിത്തെറിയുടെ വക്കിലെത്തി നല്ല ചുട്ട മറുപടി നല്‍കി.
വല്ലവന്റേം അപ്പന്റെയും അമ്മയുടെയും കാര്യങ്ങള്‍ക്കെന്നാ ശുഷ്‌കാന്തിയാ നമ്മള്‍ മലയാളികള്‍ക്ക്.ഈ കുറ്റം പറയുന്ന നമ്മുടെ വയസ്സാംകാലത്ത് നമ്മളൊക്കെ എവിടാരിക്കും എന്നോര്‍ത്തുനോക്കിയാല്‍ ആരേം സോഷ്യല്‍മീഡിയയുടെ കണ്ടം വഴി മേലാല്‍ ഓടിക്കില്ല.ഒന്നുകില്‍ അനാഥര്‍ക്കുവേണ്ടിയുള്ള വൃദ്ധ സദനങ്ങള്‍,അല്ലെങ്കില്‍ കാശുകൊടുത്ത് താമസിക്കുന്ന കെയര്‍ഹോമുകള്‍,അല്ലെങ്കില്‍ മരുമക്കളുടെ ആട്ടും ചവിട്ടുംകൊണ്ട് സ്വന്തം വീടിന്റെ മൂലയില്‍ ..ഇതില്‍ ഏറ്റവും നല്ലത് ഏതാണെന്നു ചോദിച്ചാല്‍ ഞാന്‍ പറയും കാശുകൊടുത്ത് അന്തസ്സായി താമസിക്കുന്ന വൃദ്ധസദനം തന്നെ എന്ന്.
വയസ്സാംകാലത്ത് നമ്മുടെ ഒപ്പം നില്‍ക്കാന്‍ വേണ്ടി മക്കളെ നാട്ടില്‍പിടിച്ചുനിര്‍ത്തിയാല്‍ അവര്‍ക്ക് ജോലീം കൂലീം ആര് കൊടുക്കാനാ.ഭരിക്കുന്ന പാര്‍ട്ടിയില്‍ പിടി ഉണ്ടായാല്‍ ജോലി .അല്ലേല്‍ ഗോപി എന്ന സ്ഥിതിയാണിപ്പോള്‍.വീടു പണയംവച്ചും ഓരോരുത്തര് മക്കളെ പഠിക്കാന്‍വേണ്ടി വിദേശത്തേക്ക് അയയ്ക്കുന്നത് മക്കള് പട്ടിണി കിടക്കാതിരിക്കാനാണ്.നമ്മുടെ വയസ്സാംകാലത്ത് അവര് ജോലീംകളഞ്ഞ് നാട്ടില്‍വന്നു നിന്നാല്‍ അവരുടെ ജീവിതം എങ്ങനെയെന്ന് ചിന്തിക്കാറുണ്ടോ ?.
ഒരിക്കല്‍ വിദേശത്ത് പോയപ്പോള്‍ ഞങ്ങളുടെ വാസസ്ഥലത്തിനടുത്തുള്ള ഒരു കെയര്‍ഹോമിന്റെ അന്തരീക്ഷം കണ്ട് അത്ഭുതപ്പെട്ടുപോയി.വിശാലമായ കോമ്പൗണ്ടിലെ ബഹുനില കെട്ടിടത്തില്‍ വൈകുന്നേരമായാല്‍ എന്നാ ബഹളമാന്നോ.പൊട്ടിച്ചിരീം തകര്‍പ്പും കൈയ്യടീം..വൈകീട്ട് നടക്കാന്‍ പോകുമ്പോള്‍ ഞാന്‍ ആ വാസസ്ഥലത്തിനു മുന്നിലുള്ള ചാരുബഞ്ചില്‍ കുറേനേരം ഇരുന്ന് വിശ്രമിക്കും.അവിടെനിന്നുയരുന്ന തകര്‍പ്പിന്റെ മേളം ആസ്വദിക്കും.വയസ്സന്‍മാരുടെ മാമാങ്കമാണ്.സുന്ദരികളായ പടുവൃദ്ധകള്‍ കിന്നരിവച്ച ഫ്രോക്കൊക്കെ അണിഞ്ഞ് നന്നായി ഒരുങ്ങി നിരനിരയായി ഇരിക്കയാണ്.വൃദ്ധരാണെങ്കിലും കരുത്തരായ പുരുഷന്‍മാര്‍ നമ്മുടെ പഴയ വള്ളി നിക്കറിന്റെ ചേട്ടന്‍ വള്ളിപാന്റൊക്കെ ധരിച്ച് ഒരേ മേശയുടെ ചുറ്റിലും ..കളിചിരി മേളം , ആരവം..കാരംസും ചെസ്സും ചീട്ടും കളിക്കുന്നവര്‍,കളി നോക്കിയിരിക്കുന്നവര്‍..ചിലര്‍ കൈകോര്‍ത്ത് നടക്കാനിറങ്ങുന്നു.പിന്നെ മനസ്സിലായി,പണം നല്‍കി താമസിക്കാവുന്ന ഒന്നാന്തരം ഓള്‍ഡ് ഏജ് ഹോമാണെന്ന്.ദമ്പദികളും സിങ്കിളുമുണ്ട്.പിറന്നാളിനോ,ക്രിസ്സ്മസ്സിനോ ,ഈസ്റ്ററിനോ ഒരു റോസാപ്പൂവും പൊക്കിപ്പിടിച്ചോണ്ടുവന്ന് ഹഗ്ഗും കിസ്സും ബൈബൈയ്യും കഴിഞ്ഞ് സ്ഥലം വിടും.മക്കളയോര്‍ത്ത് മോങ്ങാതെ സമാനമനസ്‌ക്കരായ അന്തേവാസികള്‍ക്കൊപ്പം അടിച്ചുപൊളിച്ച് വാര്‍ധക്യം ആഘോഷമാക്കുകയാണവര്‍..അതിനിടെ കുഞ്ഞികുഞ്ഞി പ്രണയങ്ങളും സൗഹൃദങ്ങളും യൗവ്വനത്തെ തിരിച്ചുകൊണ്ടുക്കൊടുക്കുന്നു.മരണത്തിന്റെ കാലൊച്ചനാദത്തിലും സന്തോഷത്തെ മാറോടമര്‍ത്തി ജീവിതത്തെ ആഘോഷമാക്കുന്നവര്‍.മനുഷ്യരാണേല്‍ അങ്ങനെ വേണം.മലയാളി ഈ ഒരവസ്ഥയിലേക്ക് എന്നു കടന്നുവരും.നമ്മളാണേല്‍ നാട്ടിലെ വലിയൊരു വീട്ടില്‍ ഏകാന്തതടവിനു വിധിക്കപ്പെട്ടവരായി ,കഴിഞ്ഞ കാലങ്ങളോര്‍ത്ത് കരഞ്ഞും പിഴിഞ്ഞും സ്വയം ശപിച്ചും മരണത്തെ പേടിച്ച്...അല്ലേല്‍ കൊച്ചുമക്കളെ വളര്‍ത്താനുള്ള ബേബിസിറ്റര്‍.പിന്നെ കൂലി കൊടുക്കേണ്ടത്ത അടുക്കളപ്പണിക്കാരികള്‍ ,വീട്ടു കാവല്‍ക്കാര്‍..എന്തൊരു ദുരിതമാണത്.ആയ കാലം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ചു.ശേഷിക്കുന്ന കാലം കൊച്ചുമക്കളെ വളര്‍ത്തിനല്‍കാനുള്ള പണിക്കാര്‍.സ്വന്തം ഗ്രാമത്തിനു പുറത്തു മരുന്നിനു പോലും പോകാത്തവര്‍. ഞെങ്ങിഞെരുങ്ങി മിച്ചംവച്ചുണ്ടാക്കിയ കാശു മുഴുവന്‍ മക്കളെ കെട്ടിച്ചും വീടുപണിതും തീര്‍ത്തു.അവസാനകാലത്ത് മക്കള്‍ കൊടുത്താല്‍ കഞ്ഞികുടിക്കാമെന്ന ഗതി.എന്നെങ്കിലും ജീവിച്ചോ നമ്മള്‍ ?.
ഒരിക്കല്‍ എന്റെയൊരു പരിചയക്കാരി വളരെ സങ്കടത്തോടെ പറയുന്നതു കേട്ടു.വിശുദ്ധനാട്ടില്‍ ഒന്നു പോണമെന്നുണ്ടായിരുന്നു.അതുപോലും പറ്റിയില്ല.ഇനി സ്വര്‍ഗ്ഗത്തില്‍ ചെന്നിട്ട് വിശുദ്ധനാട് കാണാമെന്ന്.അവര്‍ മാന്യമായ ശമ്പളം വാങ്ങിയ ഒരു അദ്ധ്യാപികയായിരുന്നു.പെന്‍ഷന്‍ പറ്റിയിട്ടു പോകാനിരുന്നതാണ്..അതു കഴിഞ്ഞപ്പോള്‍ തിരക്കായി ,രോഗങ്ങളായി,.കൊച്ചുമക്കളെ വീട്ടില്‍ കൊണ്ടുവന്നു നിര്‍ത്തി നോക്കാനുള്ള നിയോഗമായി.ഒടുവില്‍ നിരാശയായി.എല്ലാം ഒത്തിട്ട് ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.പോകാന്‍ തോന്നിയാല്‍ പോവുക തന്നെ.നമ്മുടെ മനസ്സിന്റെ സന്തോഷത്തിനായി നമ്മള്‍ എന്നാണ് ജീവിക്കുന്നത്.ജീവിതത്തിന്റെ തിരക്കുകള്‍ തിരമാല പോലെയാണ്.ഒന്നു കഴിയുമ്പോള്‍ അടുത്തത് ..അതിനിടെ വീണുകിട്ടുന്ന ഇത്തിരി സമയം ചാടിപ്പിടിക്കുക.
പറഞ്ഞുവന്നത് ശ്രി കെ.ജി.ജോര്‍ജ്ജിന്റെ കാര്യമാണല്ലോ.നിപുണനായ സംവിധായകന്‍.പഴയൊരു അഭിമുഖം കണ്ടതോര്‍ക്കുന്നു.അതില്‍ സെല്‍മ ജോര്‍ജ്ജ് തന്റെ ആത്മദുഖങ്ങള്‍ തുറന്നു പറയുന്നുണ്ട്.വല്ലവരും പറഞ്ഞ് ഭാര്യ അറിയാതിരിക്കാന്‍ ജോര്‍ജ്ജുതന്നെ തനിക്കു ബന്ധമുള്ള സ്ത്രീകളെപ്പറ്റി സെല്‍യോട് തുറന്നു പറഞ്ഞിരുന്നു.എല്ലാം തുറന്നു പറയുന്ന മനുഷ്യന്‍.പക്ഷേ ഭാര്യയുടെ മനസ്സിനെ അതു തകര്‍ത്തു തരിപ്പണമാക്കുന്നത് ഗൗനിച്ചില്ല.സിനിമയിലെ രംഗങ്ങള്‍ കണ്ട് സെന്റിയടിച്ച് കരയുകയും മൂക്കുചീറ്റുകയും ചെയ്യുന്ന ജോര്‍ജ്ജ് ജീവിതത്തില്‍ ഉറ്റവരോട് ആ അലിവൊന്നും കാണിച്ചില്ലത്രേ.വിവാഹജീവിതത്തില്‍നിന്നും രക്ഷപ്പെടാന്‍ ചിന്തിച്ചിട്ടും കുഞ്ഞുങ്ങളെയൊര്‍ത്ത് പിന്തിരിഞ്ഞ് എല്ലാം സഹിച്ചു ജോര്‍ജ്ജിനൊപ്പം ജീവിച്ചു എന്ന്. ജോര്‍ജ്ജിനെ അരികിലിരുത്തിയാണ് സെല്‍മ അതു തുറന്നു പറഞ്ഞത്. ഉള്‍ക്കടലിലെ ' ശരദിന്ദു മലര്‍ദീപ നാളം നീട്ടി,സുരഭില യാമങ്ങള്‍ ശ്രുതിമീട്ടി ..'എന്ന ഒറ്റ പാട്ടുമതി സെല്‍മയുടെ ഉജ്വലമായ ശബ്ദമാധുരി തിരിച്ചറിയാന്‍.
വയസ്സായപ്പോള്‍ ശ്രി.ജോര്‍ജ്ജിന് രോഗങ്ങളായി,പക്ഷാഘാതം വന്നു,സിനിമ ചെയ്യാന്‍ കഴിയാതെയായി.മക്കളെയും ഭാര്യയേയും ബുദ്ധിമുട്ടിക്കാതെ അവസാനകാലം സ്വതന്ത്രമായി ജീവിക്കണമെന്ന പിടിവാശിയായി.അത് സ്വാഭാവികം.വയോധികയായ ഭാര്യയ്ക്ക് അദ്ദേഹത്തെ പൊക്കിയെടുക്കാനും ശുശ്രൂഷിക്കാനുമുള്ള ആരോഗ്യമില്ല.ജോലിക്കുപോകാതെ അപ്പനെ നോക്കിയിരുന്നാല്‍ മക്കള്‍ എങ്ങനെ ജീവിക്കും.അദ്ദേഹത്തെ പരിചരിക്കേണ്ടതുമാണല്ലോ.സിനിമയില്‍നിന്നും അദ്ദേഹം ഒന്നും കാര്യമായി ഉണ്ടാക്കിയുമില്ല.ഹോം നഴ്‌സിനെ നിര്‍ത്താനാണെങ്കില്‍ രണ്ടുപേരെയെങ്കിലും നിര്‍ത്തേണ്ടതായി വരും.പിന്നെ മരുന്ന് ,ഫിസിയോ തെറാപ്പി,എല്ലാ ചെലവുകളും കൂടി നോക്കുമ്പോള്‍ കെയര്‍ഹോം തന്നെ ഉചിതം.ശ്രി.ജോര്‍ജ്ജു കൂടി സെലക്ട് ചെയ്ത ശാന്തസുന്ദരമായ ഇടമായിരുന്നേ്രത ആ ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളുള്ള കെയര്‍ഹോം.ഡോക്ടര്‍,ഫിസിയോതെറാപ്പി,സൗഹൃദങ്ങള്‍,..ഒറ്റപ്പെടലോ ഏകാന്തതയോ അനുഭവപ്പെടാത്ത ഇടമായിരുന്നേ്രത അത്.വീട്ടിലായിരുന്നെങ്കില്‍ ഇത്ര നല്ല കരുതലും സൗകര്യങ്ങളും കിട്ടുമായിരുന്നോ.വല്ലപ്പോഴും ഒരു സന്ദര്‍ശന്‍ എത്തിയാലായി.കനത്ത ഏകാന്തത അദ്ദേഹത്തെ വീര്‍പ്പുമുട്ടിച്ചേനെ.ഇതൊക്കെ പറയുന്നത് അനുഭവത്തില്‍നിന്നാണ്.സ്‌ട്രോക്കു വന്ന് ആറുവര്‍ഷം കിടപ്പിലായ ഭര്‍ത്തൃമാതാവിനെ ശുശ്രൂഷിച്ച് ഒപ്പം കഴിഞ്ഞ വര്‍ഷങ്ങളുടെ ഓര്‍മകള്‍ എനിക്കുമുണ്ട്.
ജോര്‍ജ്ജിന് ഇഷ്ടപ്പെട്ട സ്ഥലത്തുതന്നെ അപ്പനെ താമസിപ്പിച്ച് ആ മക്കള്‍ നോക്കി.അവരുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും അതിനായി മാറ്റി വച്ചു.അല്ലാതെ അനാഥ മന്ദിരത്തിലേക്കു നടതള്ളുകയായിരുന്നില്ല.വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഹോംനഴ്‌സിന്റെ കരുണയില്‍ ജീവിച്ച് മനസ്സു മടുത്ത് മരണംകാത്തു കിടക്കാന്‍ അപ്പനെ വിട്ടുകൊടുക്കാതെ മികച്ച പരിചരണം നല്‍കി യാത്രയാക്കിയതിനെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇകഴത്തി കാട്ടുന്നത്.
ഇതിപ്പം മറ്റുള്ളവര്‍ക്കാണ് സൂക്കേട്.വല്ലവരുടേം അപ്പനെപ്പറ്റി എന്തൊരു കരുതല്‍.പറേന്നവരുടെ അച്ഛനമ്മമാര്‍ക്ക് ഒരുനേരം മരുന്നും കഞ്ഞീം സമയത്തിനു കൊടുത്തിട്ട് നാട്ടിലുള്ള തന്തമാരെപ്പറ്റി കരയ്.2036 ആകുമ്പോഴേക്കും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൃദ്ധസദനങ്ങളാകുമെന്നാണ് ഐക്യരാഷ്ട്രസംഘടന പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ 60 വയസ്സ് കഴിഞ്ഞവരായിരിക്കുമെന്ന് കണക്കുകള്‍.മക്കളെയെല്ലാം വിദേശത്തേക്ക് പറഞ്ഞയച്ചിട്ട് കുറെ വൃദ്ധര്‍ ജീവിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ ഇനി 13 വര്‍ഷം മാത്രം.കുമ്പനാടിനെയും നീണ്ടൂരിനെയുമൊക്കെ കുറ്റംപറയാന്‍ വരട്ടെ.പൗരന്റെ ഭാവിയെപ്പറ്റി ചിന്തിക്കാത്ത സര്‍ക്കാരുകള്‍ .പണം നല്‍കി വയോജനങ്ങള്‍ക്കു മാന്യമായി പാര്‍ക്കാവുന്ന ഇടങ്ങള്‍ അവരവരുടെ മതസംഘടനകളോ സാമൂഹ്യസംഘടനകളോ എങ്കിലും തുടങ്ങുന്നതിനെപ്പറ്റി ഇനി കേരളം ആലോചിക്കണം.പണം നല്‍കാന്‍ ഇല്ലാത്തവര്‍ക്കും അന്തസ്സായി പാര്‍ക്കാന്‍ സര്‍ക്കാര്‍വക ഇടങ്ങള്‍ ഉണ്ടാക്കണം.കാരണം ഒറ്റപ്പെട്ട ജീവിതസായാഹ്നങ്ങളിലേക്ക് കേരളം കുതിക്കയാണല്ലോ..
പിന്നെ , വശം തളര്‍ന്ന് ഭര്‍ത്താവ് അവശനായി കിടക്കുമ്പോഴും വയസ്സായ ഭാര്യതന്നെ ശുശ്രൂഷിച്ചു നരകിക്കണമെന്ന് എന്തിനാണ് വാശി ?. ഒരു സ്ത്രീ അങ്ങനെ കിടപ്പിലായാല്‍ എത്ര ഭര്‍ത്താക്കന്‍മാര്‍ പ്രാകാതെ കരുണയോടെ ശുശ്രൂഷിക്കുമെന്നുകൂടി ചിന്തിക്കണം..