Image

ഫോമാ ജോ. ട്രഷററായി അമ്പിളി  സജിമോൻ മത്സരിക്കുന്നു

Published on 02 October, 2023
ഫോമാ ജോ. ട്രഷററായി അമ്പിളി  സജിമോൻ മത്സരിക്കുന്നു

അറ്റലാന്റ: ഫോമായുടെ 2024-26 വർഷത്തേക്കുള്ള  കമ്മിറ്റിയിൽ ജോ. ട്രഷററായി അമ്പിളി  സജിമോൻ മത്സരിക്കുന്നു.

ഫോമായിലെ ഒട്ടേറെ നേതാക്കളും പ്രവർത്തകരും അഭ്യർത്ഥിച്ചതിനെത്തുടർന്നാണ്  മത്സരരംഗത്തേക്കു വരാൻ താൻ തീരുമാനിച്ചതെന്ന്  ഇപ്പോൾ ഫോമാ  വനിതാ പ്രതിനിധിയായ അമ്പിളി സജിമോൻ പറഞ്ഞു. സംഘടനയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകാനും പുതിയ രംഗങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഫോമാ എക്സിക്യുടിവിലെ അംഗത്വം ഉപകരിക്കുമെന്ന് താൻ കരുതുന്നു.

വിവിധ സംഘടനകൾ ഇതിനകം അമ്പിളി സജിമോന്റെ സ്ഥാനാർത്ഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

'ലീഡർഷിപ്പ് ത്രൂ  പാർട്ടിസിപ്പേഷൻ' എന്നതാണ് തന്റെ ലക്‌ഷ്യം. നേത്രുത്വം  എന്നാൽ സേവനം എന്നാണ് താൻ അർത്ഥമാക്കുന്നത്. ഒരു ഹോസ്പിറ്റലിൽ നേത്രുരംഗത്തിരിക്കുന്ന വ്യക്തി എന്ന നിലയിൽ തന്റെ പ്രവർത്തനനത്തിലുടനീളം ഈ മാതൃകയാണ് താൻ പിന്തുടരുന്നതെന്ന് പി.എ. മെഡിക്കൽ സെന്ററിൽ അസി. നഴ്സ് മാനേജരായ അമ്പിളി ചൂണ്ടിക്കാട്ടുന്നു.

എല്ലാവർക്കുമൊപ്പം പ്രവർത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ വരുമ്പോഴും   പ്രവർത്തനങ്ങളിൽ ഒരുമിച്ചു നിൽക്കാനുള്ള  മനസാണ്  ഏറ്റവും പ്രധാനം.  ഭിന്നതക്കപ്പുറം എല്ലാവരെയും ഒപ്പം കൂട്ടിയാൽ മാത്രമേ മികച്ച ഒരു സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാനാവു.

'സക്സസ് ഈസ് നോട്ട്  എബൌട്ട് ദി വേർഡ്,' എന്ന്  മിഷെൽ ഒബാമ പറഞ്ഞത് അർത്ഥവത്താണ്. വിജയം എന്നത് ഒരു വാക്കു മാത്രമല്ല. ഒരു ട്രഷറർ എത്ര പണം സമാഹരിച്ചു എന്നത് മാത്രമല്ല പ്രധാനം. അത്  എങ്ങനെ നമ്മുടെ സമൂഹത്തിനു ഉപകാരപ്രദമായ രീതിയിൽ വിനിയോഗിച്ചു എന്നതിലാണ് കാര്യം.  ചെറിയ തുക പോലും ചിലരുടെ ജീവിതത്തിൽ വലിയ  മാറ്റങ്ങൾ ഉണ്ടാക്കും എന്നത് മറക്കരുത്.

കഴിഞ്ഞ ഫോമാ കേരള കണ്വൻഷനിൽ അര  ഡസനോളം ചാരിറ്റി  പ്രോജക്ടുകളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞു. അത് കൂടുതൽ വിപുലമാക്കി ഫോമായേ ലോകത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനും അതുവഴി നമ്മുടെ സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനുമാണ് താൻ ആഗ്രഹിക്കുന്നത്.

പാനലൊന്നും  ഇല്ലാതെയാണ് താൻ മത്സരിക്കുന്നത്. എന്നാൽ സമാനമനസ്കരുമായി ഒരുമിച്ചു പ്രവർത്തിക്കും.

കോവിഡ്  കാലത്ത് അറ്റ്‌ലാന്റയിലെ എമറി ഹോസ്പിറ്റലില്‍ ഐ.സി.യു നഴ്‌സായിരുന്ന  അമ്പിളി സജിമോന്‍ അക്ഷരാർത്ഥത്തിൽ കോവിഡ് പോരാളി ആയിരുന്നു.  പ്രായമുള്ളവരും ചെറുപ്പക്കാരും ചുറ്റിലും മരിക്കുന്നു. അവരുടെ അടുത്ത്  ബന്ധുമിത്രാദികള്‍ ആരുമില്ല. എങ്കിലും ഒരാളും തനിയെ മരിക്കാതിരിക്കാന്‍ തന്നാൽ ആവുന്നതൊക്കെ ചെയ്തു- അവർ  പറയുന്നു.

ഇടുക്കി ജില്ലക്കാരിയായ അമ്പിളിയുടെ ഭര്‍ത്താവ് സജിമോന്‍ സി. ജോണ്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.  ഇംഗ്ലണ്ടിലെത്തിയ കുടുംബം 11 വര്‍ഷം അവിടെ ജോലി ചെയ്തശേഷം 2011-ലാണ് അമേരിക്കയിലെത്തുന്നത്. ബ്രിട്ടണില്‍ വെസ്റ്റൻ  സൂപ്പര്‍മയർ  എന്ന സ്ഥലത്തായിരുന്നു താമസം. അവിടെ അക്കാലത്ത് മലയാളി  സംഘടനകളൊന്നുമില്ലായിരുന്നു. പുതുതായി സംഘടന സ്ഥാപിക്കാന്‍ ഇരുവരും മുന്നോട്ടുവന്നു. അതിനാൽ തന്നെ സംഘടനാ പ്രവർത്തനം പുതിയ കാര്യമല്ല.

അറ്റ്‌ലാന്റയിലെത്തിയതുമുതല്‍  അമ്മയിൽ വിവിധ സ്ഥാനങ്ങളിൽ   പ്രവര്‍ത്തിക്കുന്നു. വൈസ് പ്രസിഡന്റായിരുന്നു.  ഇപ്പോൾ സെക്രട്ടറി.

വിദ്യാര്‍ത്ഥികളായ സാന്ദ്ര, സ്നേഹ, സാം എന്നിവരാണ് മക്കള്‍.

അമ്പിളി സജിമോന്റെ സ്ഥാനാര്ഥിത്വത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തോമസ് ടി. ഉമ്മൻ സ്വാഗതം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക