Image

ഇന്‍ഡ്യക്ക് അഭിമാനമായി ഒരു വിദേശകാര്യമന്ത്രി (ലേഖനം സാം നിലമ്പള്ളില്‍)

Published on 03 October, 2023
ഇന്‍ഡ്യക്ക് അഭിമാനമായി ഒരു വിദേശകാര്യമന്ത്രി (ലേഖനം സാം നിലമ്പള്ളില്‍)

ന്യൂ ഡല്‍ഹിയില്‍ ജനിച്ച തമിഴന്‍., സാധാരണക്കാരനായ മനുഷ്യന്‍., വെറും സൗമ്യന്‍., മിതഭാഷി. തലക്കകത്ത് ആള്‍താമസം ഉണ്ടന്ന് സംസാരംകേട്ടാല്‍ അറിയാം. ഇംഗ്‌ളീഷും ഹിന്ദിയും തമിഴും ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ പരിചയം. ജപ്പാന്‍കാരിയായ ഭാര്യയുമായി ആശയവിനിമയം ചെയ്യാന്‍ ജാപ്പനീസും പഠിച്ചു. ആരും ബഹമാനിച്ചുപോകുന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ പേരാണ് എസ്സ് . ജയശങ്കര്‍. ജവഹര്‍ലാല്‍ യൂണിവേര്‍സിറ്റിയില്‍നിന്ന് എം എയും പിഎച്ച്ഡിയും എടുത്ത് ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന് പലരാജ്യങ്ങളിലും അംബാസിഡറായി ജോലിചെയ്തു. 2019 ല്‍ നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി. എസ്. ജയശങ്കര്‍ എന്ന മനുഷ്യന്റെ ലഘുജീവചരിത്രം ഇതാണ്. 

ഇന്ന് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിജയത്തിനുപിന്നിലെ നയതന്ത്രശക്തി ജയശങ്കറിന്റേതാണ്. അടുത്തിടെ നടന്ന ജി 20 ഉച്ചകോടി വന്‍വിജയമാക്കാന്‍ ഇന്‍ഡ്യക്ക് കഴിഞ്ഞതും ജയശങ്കറിന്റെ ബുദ്ധിവൈഭവംകൊണ്ടാണ്. ഒരു രാഷ്ട്രീയക്കാരനെ വിദേശകാര്യം ഏല്‍പിക്കാതെ അന്താരാഷ്ട്ര വിഷയങ്ങളില്‍ പരിചയമുള്ള ഉദ്യോഗസ്ഥനെ തെരഞ്ഞെടുത്ത നരേന്ദ്ര മോദിയുടെ പരീക്ഷണം വിജയമായിരുന്നെന്ന് ജയശങ്കര്‍ തെളിയിച്ചു.  കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ ഇപ്പോള്‍ ലോകത്തിനുമുന്‍പില്‍ മാനം നഷ്ടപ്പെട്ട് തലകുനിച്ച് നില്‍കുന്നതിന്റെ കാരണവും മറ്റൊന്നുംകൊണ്ടല്ല. ഇത്രനാളും ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ചെറുവിരല്‍ അനക്കാതിരുന്ന ട്രൂഡോ ഇപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയിരിക്കുന്നു. രണ്ട് ഭീകരസംഘടനകളെ നരോധിച്ചിരിക്കുന്നു കനേഡിയന്‍ ഗവണണ്മെന്റ്. സന്തോഷകരമായ വാര്‍ത്ത. കാനഡയുമായുള്ള ബന്ധത്തെ ഇന്‍ഡ്യ മാനിക്കുന്നെന്നും ഒന്നിച്ചിരുന്ന് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുമാണ് ജയശങ്കര്‍ പറഞ്ഞത്. പക്ഷേ, ആവിഷ്‌കാര സ്വാതന്ത്യമെന്നും അഭിപ്രായ സ്വാതന്ത്യമെന്നും ഒഴികഴിവുപറഞ്ഞ് ഇന്‍ഡ്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കരുത് എന്നുമാത്രം.

വിദേശകാര്യ മന്ത്രിയാണങ്കിലും രാഷ്ട്രത്തലവന്മാര്‍ ബഹുമാനിക്കുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് ജയശങ്കര്‍. മോദിയുടെ വിദേശപര്യടനങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേശകനായി ജയശങ്കര്‍ കൂടെയുണ്ടാകാറുണ്ട്. മോദിയും ജയശങ്കറും അജിത് ഡോവലും കൂടിനിന്ന് സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നത് പതിവാണ്. ഇവരുടെ അഭിപ്രായങ്ങള്‍ മോദി ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ചിത്രം പത്രങ്ങളില്‍ കാണാനിടയായി. എത്ര ശ്രദ്ധാപൂര്‍വ്വമാണ് പ്രധാനമന്ത്രി ഇവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നതെന്ന് അതില്‍നിന്നും മനസിലാകും. ലോക രാഷ്ട്രത്തലവന്മാര്‍ മോദിയുടെ വാക്കുകള്‍ക്ക് വിലകൊടുക്കുന്നത് അത് യുക്തിപൂര്‍വ്വം ആയതിനാലാണ്. 

റഷ്യാ-ഉക്രേന്‍ വിഷയത്തില്‍ ഇന്‍ഡ്യയുടെ നിലപാട് ശരിയായിട്ടുള്ളതാണന്ന് അമേരിക്കയുള്‍പ്പെടെ ലോകരാജ്യങ്ങള്‍ അംഗീകരിച്ചു. സ്വാതന്ത്ര്യംപ്രാപിച്ച കാലംതൊട്ട് ഇന്‍ഡ്യയുടെ ഉത്തമസുഹൃത്തായിരുന്നി റഷ്യയെ പിണക്കാന്‍ രാജായത്തിനാകില്ല എന്ന നിലപാട് പാശ്ചാത്യരാജ്യങ്ങള്‍ക്ക് അംഗീകരിക്കേണ്ടിവന്നത് മോദിയുടെയും അദ്ദേഹത്തെ ഉപദേശിച്ച ജയശങ്കറിന്റെയും വിജയമാണ്. അവര്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഇന്‍ഡ്യ ക്രൂഡോയില്‍ റഷ്യയില്‍നിന്ന് വാങ്ങുന്നതിനെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വിമര്‍ശ്ശിച്ചപ്പോള്‍ ജയശങ്കര്‍ കൊടുത്ത ചുട്ടമറുപടി അവരുടെ വായടപ്പിക്കാന്‍ സഹായകമായി. നിങ്ങള്‍ ഇത്രനാളും വാങ്ങിയിരുന്ന, ഇപ്പോഴും വാങ്ങുന്ന, റഷ്യന്‍ ഓയില്‍ ഇന്‍ഡ്യ വാങ്ങുന്നതില്‍ എന്താണ് അപാകതയെന്നാണ് ജയശങ്കര്‍ ചോദിച്ചത്.

അമേരിക്കയില്‍ അംബാസിഡറായിരുന്ന ജയശങ്കറിന് ഈരാജ്യവമായി അടുത്തബന്ധമാണുള്ളത്. ഇന്‍ഡ്യ- അമേരിക്ക സൗഹൃദത്തിന്റെ ശില്‍പിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ സന്ദര്‍ശ്ശനത്തിനെത്തിയ അദ്ദേഹത്തെ ആന്റണി ബ്‌ളിങ്കണ്‍ അടുത്ത സുഹൃത്തിനെ എന്നപോലെയാണ് സ്വീകരിച്ചത്. ജയശങ്കറിന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ബ്‌ളിങ്കണ്‍ അദ്ദേഹത്തെ എത്രത്തോളം ആദരിക്കുന്നു എന്നതിന്റെ തെളിവാണ്. അമേരിക്കന്‍ പത്രക്കാര്‍ വിദേശത്തുനിന്നെത്തുന്ന പ്രതിനിധികളെ കുടുക്കാന്‍ പല കുണഷ്ട്ടു ചോദ്യങ്ങളും ചോദിക്കുന്നത് പതിവാണ്. ചിലരൊക്കെ അവര്‍ ഒരുക്കുന്ന കഴിയില്‍ വീണുപോകാറുമുണ്ട്. എന്നാല്‍ ജയശങ്കര്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ബുദ്ധിപൂര്‍വ്വമായ മറുപടി നല്‍കുന്നതും അവരുടെ വായടപ്പിക്കുന്നതും കാണാനിടയായി. ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രി ചില്ലറക്കാരനല്ലെന്ന് മനസിലായതോടുകൂടി അവര്‍ അദ്ദേഹത്തിന്റെ മറുപടികളും എഴുതിക്കൊണ്ട് സ്ഥലംകാലിയാക്കി.

അല്‍പബുദ്ധിയായ ഒരു രാഷ്ട്രീയക്കാരനെ വിദേശകാര്യമന്ത്രിയാക്കുന്നതിന് പകരം ജയശങ്കറെ  ദൗത്യം ഏല്‍പിച്ച  നരേന്ദ്രമോദിയുടെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

samnilampallil@gmail.com

Join WhatsApp News
Abdulpunnayurkulam 2023-10-06 16:02:11
Good to hear India got great foreign minister, S. Jayashankar.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക