അല്‍ഹസ്സ: ജീവന്‍ രക്ഷിയ്ക്കാന്‍ കൈകോര്‍ത്ത സന്മനസ്സുകളുടെ പ്രാര്‍ത്ഥന വിഫലമാക്കി ക്യാന്‍സര്‍ രോഗിയായ യുവാവ് മരണത്തിനു കീഴടങ്ങി.
തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷരുണ്‍ (27 വയസ്സ്) അല്‍ഹസ്സ ഷുഖൈഖില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബാധിച്ച കടുത്ത പനിയെ തുടര്‍ന്ന് ഡോക്‌റെ കാണിച്ച് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടര്‍ന്ന്, തുടര്‍ചികിത്സയ്ക്കായി നാട്ടില്‍ പോവുകയും, അവിടെ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ രോഗമാണ് ബാധിച്ചത് എന്ന് സ്ഥിതീകരിയ്ക്കുകയും ചെയ്തു.
ഏറെ സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്ന ഷറൂണിന്റെ കുടുംബത്തിന് തുടര്‍ചികിത്സ നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍, നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ഷുഖൈഖ് യൂണിറ്റ് രക്ഷാധികാരിയായ ജലീല്‍ കല്ലമ്പലത്തിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഷറൂണിന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ ജലീലിന്റെയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ സിയാദ് പള്ളിമുക്കിന്റെയും നേതൃത്വത്തില്‍ നവയുഗം ഷുകൈഖ് യൂണിറ്റിന്റെ കീഴില്‍ ചികിത്സസഹായം സ്വരൂപിച്ചു ഷറൂണിന്റെ കുടുംബത്തിന് കൈമാറി.
എന്നാല്‍ ചികിത്സ തുടരുന്നതിനിടയില്‍ അസുഖം മൂര്‍ച്ഛിച്ചു ഷരൂണ്‍ മരണമടയുകയായിരുന്നു.
ഷറൂണിന്റെ മരണത്തില്‍ നവയുഗം അനുശോചനം അറിയിച്ചു.