
വാഷിംഗ്ടണ്‍: യു.എസ്. പ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി വാക്ക് പാലിച്ചു. ജനുവരിയില്‍ 15 തവണ വോട്ടെടുപ്പ് നടത്തിയാണ് മക്കാര്‍ത്തി ഭൂരിപക്ഷ വോട്ടുനേടി സ്പീക്കറായത്. തനിക്കെതിരെ ഒരംഗം ഒരു അവിശ്വാസ പ്രമേയം കൊണ്ടു വന്നാലും അവതരിപ്പിക്കുവാന്‍ താന്‍ അനുമതി നല്‍കുമെന്ന് മക്കാര്‍ത്തി വാക്ക് നല്‍കിയിരുന്നു.
ഫ്‌ളോറിഡയില്‍ നിന്നുള്ള പ്രതിനിധി മാറ്റ് ഗെയ്റ്റ്‌സിന്റെ പ്രമേയം ഒക്കലഹോമയില്‍ നിന്നുള്ള പ്രതിനിധി ടോം കോള്‍ സഭയുടെ മേശപ്പുറത്ത് വച്ചു. വോട്ടിംഗില്‍ പ്രമേയത്തെ അനുകൂലിച്ച് 216 പേരും എതിര്‍ത്ത് 210 പേരും വോട്ടു ചെയ്തു. അവിശ്വാസപ്രമേയം പാസ്സായ ഉടനെ തന്നെ താന്‍ രാജി വയ്ക്കുകയാണെന്ന് മക്കാര്‍ത്തി പറഞ്ഞു. സ്പീക്കറുടെ കസേര ഒഴിഞ്ഞു കിടക്കുകയാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
സ്പീക്കറെ തിരഞ്ഞെടുക്കാന്‍ സമയപരിധി ഭരണഘടന അനുശാസിക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും സഭ കൂടി ഒഴിവ് നികത്താവുന്നതാണ്. പല പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തിയിട്ടുള്ള മക്കാര്‍ത്തി റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് അംഗങ്ങള്‍ക്കിടയില്‍ ഒത്ത് തീര്‍പ്പ് ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
അമേരിക്കയില്‍ ആദ്യമായാണ് ഒരു സ്പീക്കറെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്നത്. 1910 ല്‍ സ്പീക്കറായിരുന്ന (റിപ്പബ്ലിക്കന്‍) ജോസഫ് കാനണ്‍ (ഇല്ലിനോയിയില്‍ നിന്നുള്ള അംഗം) തനിക്കെതിരെ സ്വയം ഒരു അവിശ്വാസപ്രമേയവുമായി എത്തി. പക്ഷെ സഭാംഗങ്ങള്‍ അദ്ദേഹത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് രേഖപ്പെടുത്തി പ്രമേയം തള്ളിക്കളഞ്ഞു.
താന്‍ രാജി വച്ചാല്‍ സ്പീക്കര്‍ പ്രോ ടേം (പ്രോ ടെമ്പോര്‍) ആകാൻ പത്ത് പേരുടെ ലിസ്റ്റ് സ്പീക്കറുടെ ഓഫീസിലെ ക്ലാര്‍ക്കിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മക്കാര്‍ത്തി. ലിസ്റ്റിലെ ആദ്യ പേര് പാട്രിക് മക്‌ഹെന്റിയാണ്. റിപ്പബ്ലിക്കനായ ഹെന്റി മക്കാര്‍ത്തി അനുകൂലിയും സ്റ്റോപ് ഗ്യാപ് അഗ്രിമെന്റിന് വേണ്ടി പ്രവര്‍ത്തിച്ച അംഗവുമാണ്.
ഫെഡറല്‍ കടം 33 ട്രില്യന്‍ ഡോളറായതിനെക്കാള്‍ വലുതാണ് സ്പീക്കര്‍ ഒഴിയേണ്ടി വന്നതില്‍ ഉണ്ടായ നാണക്കേടെന്ന് ചില അംഗങ്ങള്‍ പറഞ്ഞു. ഒരു ഫെഡറല്‍ ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി നവംബര്‍ 17 വരെ ഫെഡറല്‍ ഫണ്ടിംഗ് തുടരുവാന്‍ സഭ നിയമം പാസ്സാക്കിയത് വഴിയാണ് ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ഷട്ട് ഡൗണ്‍ ഒഴിവായത്.
സ്‌റ്റോപ് ഗ്യാപ് ആയി ഫണ്ടിംഗ് തുടരുന്നത് ഫെഡറല്‍ ഡിസാസ്റ്റര്‍ റിലീഫിന് 16 ബില്യണ്‍ ഡോളര്‍ കൂടി അധികമായി നല്‍കണമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്തിരുന്നു. ഉക്രെയിന് കൂടുതല്‍ ധനസഹായം ബജറ്റില്‍ ഉള്‍പ്പെടുത്തണം എന്ന പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന നിരസിച്ചത് ഡെമോക്രാറ്റുകളെ രോഷാകുലരാക്കി. രണ്ട് പ്രശ്‌നങ്ങളില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നിലപാട് ഉറപ്പിച്ച റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് അംഗങ്ങള്‍ സ്പീക്കര്‍ നടത്തിയ അനുരഞ്ജനശ്രമങ്ങള്‍ പരാജയപ്പെട്ടു. രണ്ട് പാര്‍ട്ടികളിലെയും അംഗങ്ങള്‍ ക്ഷുഭിതരായി.
ബൈഡന്റെ ഒരു അഭ്യര്‍ത്ഥനയ്ക്ക് വഴങ്ങിയ സ്പീക്കര്‍ക്കെതിരെ താന്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കും എന്ന് ഗെയ്റ്റ്‌സ് പറഞ്ഞു. അതനുസരിച്ചാണ് പ്രമേയം സഭയില്‍ എത്തിയത്.