Image

ഒരു സിപ്പർ കഥ (ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 05 October, 2023
ഒരു സിപ്പർ കഥ (ജോൺ കുറിഞ്ഞിരപ്പള്ളി)

ജോ ലോഫ്റ്റസ് ഗോവിയസ്സ് നിര്യാതനായി.
രാവിലെ പത്രം നോക്കികൊണ്ടിരുന്നപ്പോൾ ആ വാർത്ത വായിച്ചു് പലരേയുംപോലെ ഞെട്ടേണ്ടതാണ്.പക്ഷെ,പ്രതീക്ഷിച്ചിരിക്കുന്ന ഒരു വാർത്ത വായിക്കുമ്പോൾ ആരും ഞെട്ടില്ലല്ലോ.
ജോ ലോഫ്റ്റസ്സ് ഗോവിയസ്സ് എന്ന സാമൂഹ്യപ്രവർത്തകനെക്കുറിച്ചും അദ്ദേഹം പ്രവർത്തിക്കുന്ന N .G .O യെ കുറിച്ചും ധാരാളം കേട്ടിരുന്നു.എന്നാൽ അദ്ദേഹത്തെ നേരിട്ട് പരിചയപ്പെട്ടിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ.
പരിചയമുള്ള ഒരു പത്രപ്രവർത്തകനിൽ നിന്നും ആ മനുഷ്യനെക്കുറിച്ചു് കൂടുതൽ അറിഞ്ഞപ്പോൾ നേരിട്ട് പരിചയപ്പെടണമെന്ന് തോന്നി.സുഹൃത്ത് അതിനുള്ള സാഹചര്യം ഒരുക്കി തരാം എന്ന് പറയുകയും ചെയ്തു.അതേ സമയത്തുതന്നെ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഒരു ഫീച്ചർ എഴുതുവാൻ ജോലിചെയ്തുകൊണ്ടിരുന്ന വാരിക ആവശ്യപ്പെട്ടത്.
കിട്ടിയ സന്ദർഭം ശരിക്കും ഉപയോഗിക്കാൻ തീരുമാനിച്ചു.
എന്നാൽ തമ്മിൽ സംസാരിച്ചപ്പോൾ അദ്ദേഹം തന്നെക്കുറിച്ചു എഴുതുന്നതിനെ പ്രോത്സാഹിപ്പിച്ചില്ല.അതിന് അദ്ദേഹം പറഞ്ഞ കാരണങ്ങൾ "യു ആർ ഗെറ്റിങ് ഇൻ ടു ട്രബിൾ",എന്നായിരുന്നു. ഫീച്ചർ എഴുതാൻ ഏല്പിച്ചിരുന്ന വരിക എന്തുകൊണ്ടോ തീരുമാനം മാറ്റി ഉടൻ തിരിച്ചുവരാൻ ആവശ്യപ്പെട്ടപ്പോഴും കാര്യത്തിൻ്റെ ഗൗരവം പിടികിട്ടിയിരുന്നില്ല.
രണ്ടുമാസം അദ്ദേഹത്തോട് ഒന്നിച്ചു താമസ്സിച്ചു വിശദമായി ഒരു ഫീച്ചർ തയാറാക്കുവാൻ മനസ്സിൽ പ്ലാൻ ചെയ്തിരുന്നത് അവസാനം ഉപേക്ഷിക്കേണ്ടിവന്നു.
വിപ്ലവകാരി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ പച്ചവെള്ളത്തിന് തീപിടിക്കുമോ എന്നാണ് തോന്നിയത്.എൺപത് വയസ്സുള്ള ഒരു വൃദ്ധൻ,സ്വന്തംകാര്യങ്ങൾ തന്നെ നോക്കുവാൻ അദ്ദേഹത്തിന് വിഷമം ആയിരുന്നു.
ദീർഘകാലം ആദിവാസികൾക്കിടയിൽ വിശ്രമം ഇല്ലാതെ ജോലിചെയ്ത് ശാരീരികമായി തളർന്ന ഈ വൃദ്ധൻ എന്ത് വിപ്ലവകാരി എന്നാണ് തോന്നിയത്.
അധികം താമസ്സിയാതെ ദേശവിരുദ്ധ പ്രവർത്തനത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി എന്ന് കേട്ടപ്പോളാണ് അടിയൊഴുക്കുകൾ പലതും മനസ്സിലായത്.അത് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു എന്നുവേണം കരുതാൻ.
കോടതിയിൽ എഴുന്നേറ്റുനിൽക്കുവാൻപോലും പരസഹായം ആവശ്യമായി വന്നു ജോ ലോഫ്റ്റസ് ഗോവിയസ്സ് എന്ന ആ വൃദ്ധന്.വളരെ കഷ്ടപ്പെട്ട് അദ്ദേഹം പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ കിതയ്ക്കുന്നുണ്ടായിരുന്നു.താൻ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നും ആദിവാസികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി , തനിക്ക് എതിരായി ചുമത്തപ്പെട്ടാചാർജുകൾ അദ്ദേഹം നിഷേധിച്ചു.
കോടതി തെളിവെടുപ്പിനായി പതിനഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
"പോലീസ്‌കാർ നിങ്ങളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉപദ്രവിക്കുകയുണ്ടായോ? ",എന്ന ചോദ്യത്തിന് അദ്ദേഹം,‘ ഇല്ല‘ എന്ന് മറുപടി പറഞ്ഞു.
"എനിക്ക് കുടിക്കുവാൻ അല്പം വെള്ളം വേണം"എന്ന് അദ്ദേഹം ആവശ്യപ്പെട്ടത് കോടതിക്ക് ഇഷ്ടപ്പെട്ടില്ല..
" ഇത് ചായക്കടയല്ല,കോടതിയാണ്."
എന്നുപറഞ്ഞെങ്കിലും, കോടതി അദ്ദേഹത്തിന് വെള്ളം കൊടുക്കുവാൻ നിർദ്ദേശിച്ചു.കയ്യിൽ കിട്ടിയ ഗ്ലാസിൽ നിന്ന് വെള്ളം വിറയലിൽ തുളുമ്പിപ്പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു, ചേർത്തുപിടിച്ചു.
"സാർ വെള്ളം കുടിക്കാൻ ഒരു സ്ട്രോ കിട്ടിയാൽ കൊള്ളാമായിരുന്നു."
"നിങ്ങളുടെ വെൽഫെയർ നോക്കാനും സോഷ്യൽ സർവീസ് നടത്താനും അല്ല ഇവിടെ കോടതികൂടിയിരിക്കുന്നത്."
"ഞാൻ വിറയൽ രോഗിയാണ്."
"പ്രതിയെ ഹോസ്പിറ്റലിൽ പരിശോധനക്ക് അയച്ചു രണ്ടാഴ്ചക്കകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.കേസിൻ്റെ സ്വഭാവം പരിഗണിച്ച രണ്ടാഴ്ചത്തേക്ക് റിമാൻഡുചെയ്യുന്നു."
അദ്ദേഹത്തിൻറെ കയ്യിലിരുന്ന വെള്ളവും ഗ്ലാസും താഴേക്ക് വീണു.
"സാർ എനിക്ക് എൺപതു വയസ്സുണ്ട്.എൻ്റെ രോഗം മൂലം എനിക്ക് ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ സാധ്യമല്ല.എന്നെ സഹായിക്കണം."
"അതിനാണല്ലോ നിങ്ങളെ വൈദ്യ പരിശോധനക്ക് അയക്കുവാൻ ഞാൻ ആവശ്യപ്പെട്ടത്.പിന്നെ ദേശവിരുദ്ധ പ്രവർത്തികൾ ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു."
കോടതിയിൽ നിന്നും അങ്ങനെ ഒരു പരാമർശം വന്നപ്പോൾ തൻ്റെ വിധി എന്താണ് എന്ന് ലോഫ്റ്റസിന് മനസ്സിലായി.
പ്രതി ഭാഗം വക്കിൽനിസ്സഹായനെപ്പോലെ കാണപ്പെട്ടു.സർക്കാർ ഏർപ്പെടുത്തിക്കൊടുത്ത വക്കീലാണ്.അതിൽ കൂടുതൽ താല്പര്യമൊന്നും അയാൾ കാണിക്കാൻ വഴിയില്ല.
ആദിവാസികകളെ സംഘടിപ്പിച്ചു നിലവിലുള്ള സർക്കാരിനെതിരായി വിപ്ലവം നടത്താൻ ആഹ്വാനം ചെയ്യുകയും അവരെ പ്രേരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു,ലോഫ്റ്റസ്സിൻ്റെ പേരിലുള്ള കുറ്റം.
തൻ്റെ ലക്‌ഷ്യം രാഷ്ട്രീയപ്രവർത്തനം അല്ലെന്നും,ആദിവാസി സമൂഹത്തിൻ്റെ ഉയർച്ചയും വിദ്യാഭ്യാസവും ആണെന്നും താൻ ഒരു രാഷ്ട്രീയക്കാരൻ അല്ലെന്നും അദ്ദേഹം വിശദീകരിക്കാതിരുന്നില്ല.
ആദിവാസികളായ തൊഴിലാളികൾ ഉയർന്ന കൂലി ആവശ്യപ്പെടുന്നത് രാഷ്ട്ര വിഭജനത്തിനായി പ്രവർത്തിക്കുന്ന പ്രതിലോമ ശക്തികളുടെ പ്രേരണ മൂലം ആണ് എന്ന് ജന്മികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു .
അരനൂറ്റാണ്ടോളം തങ്ങൾക്കുവേണ്ടി പണിയെടുത്ത അദ്ദേഹത്തെ ആദിവാസി സമൂഹത്തിൽപെട്ട ചിലർ തന്നെ ഒറ്റിക്കൊടുത്തു.അവരുടെ അറിവില്ലായ്‍മയെ, അധികാരികൾ ചൂഷണം ചെയ്യുകയാണ്എന്നറിയാമായിരുന്നു .അരനൂറ്റാണ്ടുകാലത്തെ വിശ്രമമില്ലാത്ത പ്രവർത്തനവും വാർദ്ധക്യത്തിൻ്റെ ക്ഷീണവും മൂലം , ശരീരികമായി വല്ലാതെ തളർന്ന നിലയിലായിരുന്നു അദ്ദേഹം. ആദിവാസിമേഖലകളിലെ കഠിനാധ്വാനം നിർത്തി ജന്മദേശമായ ഗോവയിലേക്ക് മടങ്ങുവാനും വിശ്രമിക്കുവാനും സഹപ്രവർത്തകർ ഉപദേശിച്ചെങ്കിലും അത് വിലക്കെടുത്തില്ല.
കോടതി, ‘ നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?‘ എന്ന് ചോദിച്ചപ്പോൾ ‘ഞാൻ ഒരു പാർക്കിൻസൺ രോഗിയാണ് എനിക്ക് വെള്ളം കുടിക്കുവാൻ ഒരു സിപ്പർ അനുവദിച്ചു തരണം, എന്നെ പോലീസ് കസ്റ്റഡിയിലെടുത്ത സമയത്ത് ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് നഷ്ടപ്പെട്ടുപോയി,അതിന് പകരമായി ഒന്ന് എനിക്ക് അനുവദിച്ചു തരണം‘ എന്ന് പറഞ്ഞു.
"പ്രോസിക്യൂഷൻ എന്തുപറയുന്നു?" കോടതി.
"പോലീസ് കസ്റ്റഡിയിലെടുത്ത ദിവസം ഇയാൾ പറയുന്നത് പോലെയുള്ള യാതൊരു സാധനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. പ്രതിഭാഗം മനപ്പൂർവ്വം കോടതിയേയും പൊലീസിനേയും തെറ്റിദ്ധരിപ്പിക്ക്കയാണ് ."
"ഈ കേസ് അടുത്തമാസം 18ന് വീണ്ടും കേൾക്കുന്നത് ആയിരിക്കും-അതുവരെ ഇപ്പോഴുള്ള നില തുടരുവാൻ കോടതിആവശ്യപ്പെടുന്നു."
അല്പം വെള്ളം കുടിക്കുവാൻ ഒരു സിപ്പർ അല്ലെങ്കിൽ ഒരു സ്ട്രോ കിട്ടുവാൻ പതിനഞ്ചുദിവസം കാത്തിരിക്കണം എന്ന കോടതി വിധി ജോ ലോഫ്റ്റസ് ഗോവിയസ്സ് എന്ന വിപ്ലവകാരി അനുസരിച്ചില്ല.
രണ്ടു ദിവസം കഴിഞ്ഞുകോടതി വിധി അനുസരിക്കാതെ അദ്ദേഹം പോയി,കോടതികളുടെ നിയന്ത്രണം ഇല്ലാത്ത സ്ഥലത്തേക്ക്.
പോലീസ്അദ്ദേഹത്തിന്റെ കയ്യിൽനിന്നും പിടിച്ചെടുത്ത തൊണ്ടിമുതലുകൾ ഓരോന്നായി പരിശോധിച്ചു.ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മാരകായുധം ബോംബ് സ്‌ക്വാഡ് തുറന്നു. അതിൽ ഉണ്ടായിരുന്നത് കുട്ടികളും പ്രായമായവരും വെള്ളം കുടിക്കുവാൻ ഉപയോഗിക്കുന്ന ഒരു സിപ്പർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക