Image

കട(മ)ക്കുടി (കവിത: രമാ പിഷാരടി)

Published on 06 October, 2023
കട(മ)ക്കുടി (കവിത: രമാ പിഷാരടി)

(കൊച്ചിയിൽ കടമക്കുടിയിലെ ദുരന്തകഥ വായിച്ചുണ്ടായ ആത്മവ്യഥയാണ് ഈ  കവിതയുടെ  പ്രമേയം).


ചിത്രമൊന്ന്  നിലാവിൻ്റെ-
      ഭിത്തിയിൽ
 കൊത്തി  വയ്ക്കുന്നു
     വീതുളിക്കയ്യുകൾ!

പൊട്ടിയെങ്ങോ തകർന്ന
     കല്ലിൽ നിന്ന്-
രക്തമിറ്റുന്നു പ്രാണൻ
    പിടഞ്ഞുവോ?

പക്ഷികൾ കൂടു-
   പേക്ഷിച്ച് പോകുന്നു
നിസ്സഹം നോക്കി
   നിൽക്കുന്നു യാത്രികർ!

തീയിലീയലിൻ പാറ്റ-
    കളെന്ന പോൽ
പാതി വെന്തുടൽ
    നീറുന്ന നേരത്ത്;

കൂടൊഴിഞ്ഞ
  വേഴാമ്പലേ
       നിന്നാത്മ  ധ്യാന-
  ഭാവം നടുക്കുന്നു-
        വെങ്കിലും;

 ഈറനാർന്ന് പുൽ-
   നാമ്പുകൾ കണ്ണുനീർപ്പൂ-
വിടർത്തിക്കരഞ്ഞു
      നിന്നീടവേ;

നാളുതോറും പടർന്ന്
    കേറും കട-
പ്പാലയൂറ്റിക്കുടി-
  ക്കുന്ന പ്രാണനിൽ

രണ്ട് പിഞ്ചിളം
     പുഞ്ചിരിപ്പൂവുകൾ
മങ്ങി വീഴുന്നു-
    മണ്ണിലേക്കാഴുന്നു

ആശകൾക്കും,
  നിരാശകൾക്കും
തണൽക്കോപ്പ് *പോലാപ്പ് 
 വീഴുന്നിടങ്ങളിൽ

സ്വാഭിമാനം   
  ശിരസ്സിൻ്റെ ചില്ലകൾ-
താഴ്ത്തുവാനായ്  
   മടിക്കുന്ന നേരത്ത്

രാവ് പൂഴ്ത്തി-
  വയ്ക്കുന്ന ഭയങ്ങളെ
കോരിയെല്ലാം -
  കുടിക്കുന്ന നേരത്ത്

വാതിൽ പൂട്ടി  
  തഴുതിട്ടതിൽ മഞ്ഞു
പൂ പടർത്തി പിരിഞ്ഞ്
   പോകുന്ന നാൾ

മിന്നിമിന്നാ-
മിനുങ്ങുകൾ കണ്ണിലെ
കുഞ്ഞുനക്ഷത്ര
 മൊന്നിൽ ലയിക്കവേ

വാതിലിൽ വന്ന് 
  നിൽക്കുന്ന
 മോഹാന്ധവ്യാളികൾ
 തീയിലൂറ്റും പ്രതീക്ഷകൾ

എത്രയെത്രെ ചിലന്തി-
    വലകളിൽ പെട്ടു-
 പോകുന്നു പ്രാണൻ്റെ
     പക്ഷികൾ!

എത്രയേറെ  
  ശ്രമിക്കിലുമാ വല-
ച്ചുറ്റിലേറി ചിറക്
    കൊഴിയുന്നു.

വന്ന് വീഴുന്നമാവാസി
    മേഘങ്ങൾ
കണ്ണുനീർക്കടൽ-
 നീന്തുന്നു സ്വപ്നങ്ങൾ

പിന്നെയും
 വലക്കണ്ണികൾ ചുറ്റുന്ന
സ്വർണ്ണനൂലിൽ തൊടുന്നു കിനാവുകൾ

===============
*
കൊച്ചിയിൽ കടമക്കുടിയിൽ 9000 രൂപ ഓൺലൈൻ ആപ്പ് വഴി ലോണെടുത്ത്
തിരികെ കൊടുക്കാനാവാതെ വന്നപ്പോൾ ചിത്രങ്ങൾ  മോർഫ്  ചെയ്ത്  പലർക്കും  അയക്കുമെന്നുള്ള ഭീക്ഷണിയിൽ  രണ്ട് കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്ത ഒരുകുടുംബത്തൻ്റെ ദുരന്തം. 

ജീവിത നിലവാരം ഉയർത്താനെന്നോണം
നാമോരുരുത്തരും കയ്യിലേറ്റുന്ന
ഋണബാദ്ധ്യതകൾക്കപ്പുറം ജീവിതത്തിൽ സന്തോഷവും
 സമാധാനവും തരുന്ന "മിനിമലിസം" എന്ന പുതിയ ആശയമാകാം ഇനി  നാം  പഠിക്കേണ്ടത് എന്ന് ഇപ്പോൾ തോന്നുന്നു. അതേ  പോലെ തന്നെ  ആത്മഹത്യയിലൂടെ  അനീതിയുടെ  ശബ്ദങ്ങൾക്ക് കൂടുതൽ  ശക്തി നല്കരുതെന്ന  പാഠവും നമ്മൾ  ഉൾക്കൊള്ളേണ്ടതുണ്ട് 

 

Join WhatsApp News
Sudhir Panikkaveetil 2023-10-07 13:43:28
സാധാരണക്കാരൻ വായിക്കുന്നത് ഒരു വാർത്തയാണ്. പക്ഷെ കവികൾ അതിൽ ജീവിതം കാണുന്നു. മനുഷ്യരുടെ വേദന കാണുന്നു. ആര്ഭാടപൂര്ണമായ ഭോഗപരതയിൽ നിന്നും ലളിതമായ ജീവിതവും അത് ആവശ്യപ്പെടുന്ന സമാധാനവും (മിനിമലിസം) പുലർത്തി മനുഷ്യർ ജീവിക്കേണ്ടത് അനിവാര്യമാണെന്ന് കവി ഊന്നിപ്പറയുന്നു. ഈ വരികൾ വായനക്കാരേ ചിന്തിപ്പിക്കുകയും വേദനിപ്പിക്കയും ചെയ്യാതിരിക്കില്ല. "രണ്ട് പിഞ്ചിളം     പുഞ്ചിരിപ്പൂവുകൾ മങ്ങി വീഴുന്നു-    മണ്ണിലേക്കാഴുന്നു" ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക