Image

വഴി മധ്യത്തിൽ കിണറു കുഴിപ്പിച്ച അശോകൻ (ഭാഗം -1: ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 07 October, 2023
വഴി മധ്യത്തിൽ കിണറു കുഴിപ്പിച്ച അശോകൻ (ഭാഗം -1: ജോൺ കുറിഞ്ഞിരപ്പള്ളി)

സ്‌കൂൾ വിദ്യാഭ്യാസകാലത്തു് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ടു വിഷയങ്ങൾ ആയിരുന്നു സാമൂഹ്യപാഠവും (ഇന്നത്തെ സോഷ്യൽ സയൻസ്)മലയാളവും.

ഇതിൽ സാമൂഹ്യപാഠം ഇഷ്ടപ്പെടാൻ കാരണം ഒന്നും പഠിക്കാതെ പരീക്ഷയെഴുതി ജയിക്കാം എന്ന എൻ്റെ കണ്ടുപിടിത്തമായിരുന്നു.എൻ്റെ കണ്ടുപിടുത്തമായതുകൊണ്ട് അതിൻ്റെ പേറ്റൻറ് മറ്റാരും അവകാശപ്പെടില്ല എന്ന് വിചാരിക്കുന്നു.

ചരിത്രം എന്നുപറയുന്നതിൽ പകുതിയിൽ അധികവും നുണകളാണ് എന്ന് ഞാൻ പറയുന്നില്ല .വെറും ഭാവനകളാണ് എന്നാണ് എൻ്റെ നിലപാട്.വ്യക്തമായ നിരീക്ഷണങ്ങൾ,ഗവേഷണങ്ങൾ  സാഹിത്യസൃഷ്ടികൾ,ശിലാലിഖിതങ്ങൾ,താളിയോലകൾ excavations ,കാർബൺ ടെസ്റ്റ് ഇങ്ങനെ ഒരുപാട് ശാസ്ത്ര സാങ്കേതിക മാർഗ്ഗങ്ങൾ അവലംബിച്ചാണ് ഏതൊരു രാജ്യത്തിൻറെയും ചരിത്രം,ഭൂമിശാസ്ത്രം,തുടങ്ങിയവ  തയ്യാറാക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ശാസ്ത്രകാരന്മാരും ചരിത്രകാരന്മാരും ഗവേഷകരും ആന്ത്രോപോളജിസ്റ്റുകളും എല്ലാം അതിൽ ഭാഗഭാക്കാകുന്നു.ഇങ്ങനെ ശാസ്ത്രീയമായി തയ്യാറാക്കുന്ന  ചരിത്രം അവിശ്വസനീയം എന്നുപറയാൻ പാടുണ്ടോ?

ഉണ്ട് എന്നുതന്നെയാണ് ഉത്തരം.

അതിനുള്ള കാരണം ചരിത്രകാരൻറെ ഭാവനയും, ബോധപൂർവ്വമോ  അല്ലാതെയോ ചരിത്രരചനയിൽ  സ്ഥാനം പിടിക്കുന്നു എന്നതാണ്.നളന്ദയും തക്ഷശിലയും മോഹൻജദാരോ ഹാരപ്പ തുടങ്ങി പല സസ്കാരങ്ങളുടേയും   ചരിത്രം വായിക്കുമ്പോൾ  വികാരംകൊണ്ട് വിജൃംഭിതരാകും ഇന്ത്യക്കാർ.ആർഷഭാരതസംസ്കാരം എന്നെല്ലാം പറഞ്ഞു  നമ്മൾ അഭിമാനിക്കുമ്പോൾ വിദേശികൾ അവിശ്വാസത്തോടെ കേട്ടിരിക്കും.അശോക ചക്രവർത്തിയുടെ  ജനസേവനവും ചന്ദ്ര ഗുപ്ത മൗര്യ സാമ്രജ്യവും താജ്‌മഹലും മുംതാസ്സിൻ്റെ   സൗന്ദര്യവും എല്ലാം  നമ്മൾ അഭിമാനപുരസ്സരം വിവരിക്കുന്നു.വീരപരാക്രമികളായ തെക്കേ ഇന്ത്യക്കാർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു എന്നെല്ലാം വായിച്ചു അഭിമാനംകൊള്ളുന്നവർ ഉണ്ട്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തെക്കേ ഇന്ത്യക്കാരുടെ പങ്ക് വളരെയൊന്നും ഇല്ല എന്നതാണ് വാസ്തവം.ബ്രിട്ടിഷ് പ്രതിനിധിയായി റെസിഡണ്ട്  നിയന്ത്രണത്തിൽ രാജഭരണം ആയിരുന്നു മിക്കവാറും നാട്ടുരാജ്യങ്ങളിൽ.അതുകൊണ്ടുതന്നെ വടക്കേ ഇന്ത്യയെ അപേക്ഷിച്ചു്  നമ്മൾ തെക്കുഭാഗത്തുള്ളവരുടെ പങ്ക് പരിമിതമായിരുന്നു എന്ന് ചുരുക്കം.

എപ്പോഴോ  കൃഷിക്കാരും ജന്മിമാരും തമ്മിൽ  പാടത്തുണ്ടായ തർക്കം സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ചു നമ്മൾ പഠിക്കുന്നു,A + വാങ്ങി ജയിക്കുന്നു.കാട്ടുതീയിൽ സായിപ്പിൻ്റെ  തേയിലത്തോട്ടത്തിന് തീ പിടിച്ചത് പരാക്രമികളായ സ്വാതന്ത്ര്യസമര യോദ്ധാക്കൾ വിദേശികളെ ഭയപ്പെടുത്താൻ തീയ്യ് കൊളുത്തിയതാണ് എന്നെല്ലാം വായിച്ചു നമ്മൾക്ക് ത്രില്ലടിക്കാം.

അധികം പഴക്കമില്ലാത്ത ഒരു ചരിത്ര പഠനത്തിലേക്ക്. 

എഴുപതുകളുടെ ആരംഭത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇപ്പോൾ വിചിത്രമെന്ന്തോന്നാവുന്ന ഒരു പദ്ധതി തയ്യാറാക്കുന്നു.സ്വാതന്ത്ര്യം കിട്ടി25 വർഷങ്ങൾകൊണ്ട്  ഇന്ത്യക്കുണ്ടായ നേട്ടങ്ങൾ വരും തലമുറക്ക് പഠിക്കുന്നതിനായി  ഒരു ടൈം ക്യാപ്സ്യൂൾ തയ്യാറാക്കി ചെങ്കോട്ടയിൽ അടക്കം ചെയുവാൻ ഇന്ദിരാഗാന്ധി നിർദ്ദേശം കൊടുത്തു.വരും തലമുറക്ക് ആയിരം വർഷങ്ങൾക്ക്  ശേഷം കുഴിച്ചെടുത്തു ഇന്ത്യാചരിത്രം  പഠിക്കുവാനുള്ള ഒരു പദ്ധതിയാണ് അതുകൊണ്ട് അവർ ലക്ഷ്യമാക്കിയത് .

സ്വാതന്ത്ര്യലബ്‌ധിക്കുശേഷം  25 വർഷത്തെ ഭരണനേട്ടങ്ങൾ പ്രധാന സംഭവങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തി  ചെമ്പു ചുരുളുകളിൽ ആലേഖനം ചെയ്തു,കാലപത്ര എന്ന് പേരും നൽകി. ചരിത്രം ആലേഖനം ചെയ്‌ത ഈ ചെമ്പ് ചുരുളുകൾ  ഒരു പേടകത്തിൽ അടക്കം ചെയ്തത്  ചെങ്കോട്ടയിൽ ആഴത്തിൽ കുഴിച്ചിട്ടു.. 

ചരിത്രം  തയ്യാറാക്കുന്നതിനായി  ICHR നെയാണ്  ചുമതലപ്പെടുത്തിയിരുന്നത്.  മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ചരിത്ര പ്രൊഫസറായ എസ് കൃഷ്ണസ്വാമിയാണ് , കയ്യെഴുത്തുപ്രതി തയ്യാറാക്കിയത് . പക്ഷെ,ആരംഭത്തിൽത്തന്നെ  പദ്ധതി വിവാദങ്ങളിൽ കുടുങ്ങി,ജനശ്രദ്ധ നേടി.

കൃഷ്ണസ്വാമി താൻ എഴുതി തയ്യാറാക്കിയ രേഖയുടെ ഒരു പകർപ്പ് ആർക്കൈവ്സ് കമ്മീഷണർക്ക് അയച്ചുകൊടുത്തു. ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയും വളച്ചൊടിക്കുകയുമാണ് കാലപത്രത്തിൽ ചെയ്തിരിക്കുന്നത് എന്ന സത്യം രേഖകൾ പരിശോധിച്ച പ്രമുഖ ചരിത്രകാരനായ, ടി. ബദരിനാഥ്‌   തുറന്നു പറഞ്ഞു, .

ടൈം കാപ്സ്യൂളിൽ നെഹ്‌റു കുടുംബത്തിൻറെ സംഭാവനകളെ ഉയർത്തിക്കാട്ടാനുള്ള ശ്രമം ആണ് നടത്തിയിരിക്കുന്നത് എന്ന വിമർശനം ഉയർന്നു.ഇന്ദിരാഗാന്ധി വിമർശനങ്ങൾ പാടെ നിരാകരിച്ചു.1973 ഓഗസ്റ്റ് 15 ന്, കാലപത്ര  ചെങ്കോട്ടയ്ക്കുള്ളിൽ അടക്കം ചെയ്തു.

ടൈം  കാപ്സ്യൂൾ കുഴിച്ചു് പുറത്തെടുക്കാൻ  ഇന്ദിരാഗാന്ധി സർക്കാർ 1,000 വർത്തെ  സമയപരിധിയും  നിശ്ചയിച്ചിരുന്നു. 

1977 ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ  ജനതാ പാർട്ടി അധികാരത്തിൽ വന്നു. ജനതാപാർട്ടി അവരുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നപ്രകാരം സർക്കാർ രൂപീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ , ടൈം കാപ്സ്യൂൾ കുഴിച്ചെടുത്തു.

കാപ്സ്യൂളിൻ്റെ  ഉള്ളടക്കം ഇന്ദിരാഗാന്ധിയേയും  അവരുടെ  പിതാവ് ജവഹർലാൽ നെഹ്രുവിനേയും മഹത്‌വൽക്കരിച്ചുകൊണ്ട്  എഴുതിയുണ്ടാക്കിയതാണ് എന്ന് പറയപ്പെടുന്നു.

 ക്യാപ്സ്യൂൾ മാന്തിപുറത്തു എടുത്തത് വലിയതോതിൽ ജനശ്രദ്ധ നേടി..എന്നാൽ പിന്നീട്  കാപ്സ്യൂളിന് എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല.അതുപോലെ തന്നെ  ഇന്നുവരെ, ആർക്കും അതിലെ  ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ പൂർണ്ണമായ അറിവുമില്ല,അറിയാവുന്നവർ വെളിപ്പെടുത്താൻ തയ്യാറായിട്ടുമില്ല. 

എന്തുകൊണ്ടോ ജനതാ പാർട്ടിയും പല വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല. 2012 ൽ  മധു കിഷോർ എന്ന പത്രപ്രവർത്തകൻ  പ്രധാനമന്ത്രിയുടെ ഓഫീസിൽ (PMO )  ടൈം ക്യാപ്സ്യൂളിനെക്കുറിച്ചു് വിവരങ്ങൾ തേടിയപ്പോൾ വിവാദമായ കാപ്സ്യൂൾ വീണ്ടും വാർത്തയായി. അദ്ദേഹത്തിന് ,വിശദാംശങ്ങളൊന്നും ലഭ്യമല്ല, എന്ന മറുപടിയാണ് ലഭിച്ചത്.മധു കിഷോർ  ദേശീയ വിവരന്വേഷണ കമ്മീഷനെയും  സമീപിച്ചുനോക്കിയെങ്കിലും ഇപ്പോഴും വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ടൈം  കാപ്സ്യൂൾ കുഴിച്ചെടുക്കാൻ  ഇന്ദിരാഗാന്ധി സർക്കാർ നിശ്ചയിച്ച 1,000 വർഷ സമയപരിധി പാലിക്കാതെപോയതുകൊണ്ട് ,വരാനിരിക്കുന്ന തലമുറകൾക്ക്   ഇന്ത്യയുടെ മഹത്തായ ചരിത്ര പഠനത്തിനുള്ള അവസരം നഷ്ടമായി.

അപ്പോൾ വഴി മധ്യത്തിൽ  കിണർ കുഴിപ്പിച്ച അശോകൻ എവിടെ?

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക