Image

വിഴിഞ്ഞം മലയാഴത്തിനു വാഴ്‌സിറ്റിയുടെ മൈക്രോസ്‌കോപ് (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 07 October, 2023
വിഴിഞ്ഞം മലയാഴത്തിനു വാഴ്‌സിറ്റിയുടെ മൈക്രോസ്‌കോപ് (കുര്യന്‍ പാമ്പാടി)

ഇന്റര്‍നാഷനല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലായി പ്രഖ്യാപിക്കപെട്ട വിഴിഞ്ഞത്തെ  പരമ്പരാഗത മുക്കുവപെണ്ണുങ്ങള്‍ക്കു മറ്റാര്‍ക്കുമില്ലാത്ത തനതായ ഭാഷയുണ്ടെന്നു  കേരള സര്‍വകലാശാലയിലെ ഭാഷാ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ആ കണ്ടെത്തലുകളില്‍  രസകരമായ പല നീട്ടലും കുറുക്കലും കേള്‍ക്കാം. പല വാക്കുകളും അവസാനിക്കും മുമ്പേ നിലയ്ക്കും.  സംസാരത്തിന്റെ വേഗം കാരണം പലതും പെട്ടെന്ന് മനസിലാവില്ല.

വിഴിഞ്ഞത്തെ മുക്കുവസ്ത്രീകള്‍: സര്‍വേ

തമിഴും മലയാളവും കലര്‍ന്ന ഈ ഭാഷയെ മലയാളമായോ തമിഴായോ മുദ്രകുത്താനാവില്ലെന്നും അതിന്  സ്വന്തമായ വ്യക്തിത്വം ഉണ്ടെന്നും   ലിംഗ്വിസ്റ്റിക്‌സ്  പ്രൊഫസര്‍ ഡോ. എസ്. കുഞ്ഞമ്മയുടെ നേതൃത്വത്തില്‍  മുസ്ലിം മുക്കുവ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

 കുഞ്ഞമ്മയും കൂട്ടുകാരും-എല്ലാം പിഎച്ച്ഡി നേടിയവര്‍  

പുതിയ തുറമുഖം തങ്ങളുടെ കഞ്ഞികുടിമുട്ടിക്കുന്നുവെന്നു ആരോപിച്ച് സമരം നടത്തി വീര്യം തെളിയിച്ച മുക്കുവസ്ത്രീകള്‍ നല്ലമലയാളത്തിലാണ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. എന്നാല്‍  സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അവര്‍ ഇംഗ്ലീഷ് ബാനറുകള്‍ പിടിച്ചു. അത്യാവശ്യം വിദ്യാഭ്യാസമുള്ളവര്‍ ഇംഗ്ലീഷില്‍ വിദേശീയ മാധ്യമ പ്രവര്‍ത്തകരോട്  കയര്‍ത്തു. പക്ഷെ ദൈനംദിന ജീവിതത്തില്‍ പരസ്പരം സംസാരിക്കാന്‍ അവര്‍ സ്വന്തം ഗ്രാമ്യ ഭാഷയേ ഉപയോഗിക്കൂ.

വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖം

തിരുവനന്തപുരത്തു നിന്ന് പതിനെട്ടു കിമീ തെക്കു പ്രാദേശികമായ പൂഞ്ഞാറിനും  കോവളത്തിനും ഇടയ്ക്കു താമസിക്കുന്ന അയ്യായിരം പേര്‍ക്കിടയിലാണ് പഠനം നടത്തിയത്. വിഴിഞ്ഞം തുറമുഖ മേഖല ഇതില്‍ വരും. അവരുടെ  സംഭാഷണങ്ങളില്‍ നിന്ന് ലളിതം, സങ്കീര്‍ണം, സംയുക്തം എന്നിങ്ങനെ ശാസ്ത്രീയമായി വേര്‍തിരിക്കാവുന്ന കൗതുകകരമായ ചില നുറുങ്ങുകള്‍ ഇതാ:  

ഓസ്. ലിംഗ്വിസ്റ്റിക്‌സ്  പ്രൊഫ. നിക്കോളാസ് ഇവാന്‍സു മൊത്ത്   

വന്നു-വന്താ, മീനിന് രുചിയുണ്ട്-മീനുക്കു റുശി ഒണ്ടു, മീന്‍ പതുക്കെ പോകുന്നു-മീനു പായെ ഓട്ടു, ഞാന്‍ ഇന്നലെ വന്നു-അവങ്ക നീറ്റു വന്നാങ്ക, അവള്‍ ചന്തക്കു പോയി-അവ ചന്തക്കു പൂന,  അവള്‍ കുളിച്ചു-അവ കുളിക്ക, അവള്‍ അവനെ ഓടിച്ചു-അവരിക്ക അവനെ ഊട്ടിക്ക,  നിങ്ങള്‍  ഇവിടെ ഇരിക്കൂ-നിരിക്കെ ഇരിക്കെ ഇര്രിരിങ്കെ,  അവന്‍ നല്ല പയ്യന്‍-അവന്‍ നല്ല  പിള്ള ആക്കും, അവന്‍ വരും-അവന്‍ വരുവാന്‍, അവന്‍ വരില്ല-അവന്‍ വരുമാട്ടെ.  

അദാനി തുറമുഖത്തിനെതിരെ ആഞ്ഞടിച്ച സ്ത്രീകള്‍

പയ്യന്‍ വള്ളം തുഴയാന്‍ പോയി-പിള്ള വള്ളം തൊഴയാനെ പൂനാ, എനിക്കവിടെ പോകാന്‍ വയ്യ-എക്കു അങ്കെ പൂവുക്കു വയ്യ, അവള്‍ ഉറങ്ങുന്നു-അവ ഒരാരിക്കു, ആ പോയത് ആര്-അന്ത പുയാട്ടു ആരു, ഇന്നലെ വന്ന കുട്ടി പോയി-നീറ്റു വന്ത പിള്ള പൂയാക്കൂ, നീ പറഞ്ഞാല്‍ അവള്‍ വരും-നീ ചൊന്നാ  അവ വരുവേ, അവര്‍ മീന്‍ പിടിച്ചു വിറ്റു കഴിയുന്നു-അവരിക്കോ മീനു പാട്ടുടം വിറ്റും ജീവിക്കാ

മുക്കുവരില്‍ ചെറുപ്പക്കാര്‍ സാധാരണ മലയാളമാണ് പറയുന്നതെന്ന് പഠനം വ്യക്തമാകുന്നു.  വിശ്രുതരായ നോം ചോംസ്‌കി, റോബര്‍ട്ട് കാല്‍ഡ്വെല്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്,  പിആര്‍ജി മാത്തൂര്‍, ജികെ പണിക്കര്‍, എഡ് ഗാര്‍  തേഴ്സ്റ്റന്‍,  എആര്‍ രാജരാജ വര്‍മ്മ തുടങ്ങിയ ഭാഷാ  ശാസ്ത്രജ്ഞരുടെ നിലപാടുകള്‍  ആധാരമാക്കിയാണ് പഠനം നടത്തിയതിന്നു റിപ്പോര്‍ട്ടിലുണ്ട്.   

ഭാഷാശാസ്ത്ര ഗവേഷകരുടെ സ്‌നേഹോപഹാരം

മൂന്ന് പതിറ്റാണ്ടിലേറെ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം  ക്യാമ്പസില്‍ ഗവേഷണ പഠനം നടത്തിയ ആളാണ് കൊട്ടാരക്കരക്കടുത്ത് പൂയപ്പള്ളി ഗ്രാമത്തില്‍ ജനിച്ച കുഞ്ഞമ്മ. കൊല്ലം എസ്എന്‍ വിമന്‍സ് കോളേജില്‍ ബിഎസ് സി  ബോട്ടണിയായിരുന്നു വിഷയം.  അതില്‍ നിന്ന് പൊടുന്നനവേ വന്ന മാറ്റം ജീവിതത്തിലുടനീളം പ്രതിഫലിച്ചു.  

ഭാഷാശാസ്ത്രം ജീവിതത്തെ മാറ്റി മറിക്കുന്ന രസകരമായ ഒരു മേഖലയാണെന്നുള്ള തിരിച്ചറിവാണ് അതിനു കാരണം. എംഎ, എംഫില്‍,  പിഎച്ച്ഡി എല്ലാം കാര്യവട്ടത്ത്. ലിംഗ്വിസ്റ്റിക്‌സ് വകുപ്പില്‍.  അസിസ്റ്റന്റ് പ്രൊഫസറായി തുടങ്ങി, അസോഷിയേറ്റ് പ്രൊഫസറും  പ്രൊഫസറും വകുപ്പ് മേധാവിയുമായി. 2023 മധ്യത്തില്‍ റിട്ടയര്‍ ചെയ്തു.

 

ഗവേഷകരായ ശിഷ്യരുമൊത്ത്

യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ അഭിമുഖ്യത്തിലും അല്ലാതെയും നിരവധി വിഷയങ്ങളില്‍ ഗവേ ഷണ പഠനങ്ങള്‍ക്കു  നേതൃത്വം നല്‍കി.  ഒരുപാടു പേരുടെ ഡോക്ടറല്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചു. അവരില്‍ ഒരാള്‍ 2018ല്‍  കേരളത്തിലെ ബംഗാളി പ്രവാസികളുടെ സാമുഹ്യവും ഭാഷാപരവുമായ സ്ഥിതിയെപ്പറ്റി പഠനം നടത്തി  പിഎച്ച്ഡി നേടിയ  പരോമിതാ നന്ദിയാണ്. 

ഡോ.  കുഞ്ഞമ്മ 2009ല്‍  ഡല്‍ഹി മലയാളികളുടെ സാമൂഹ്യ ഭാഷാ പ്രശനങ്ങളെപ്പറ്റി ആഴത്തില്‍ നടത്തിയ പഠനം ശ്രദ്ധേയമായി. കേരളത്തിലെ ബംഗാളി തൊഴിലാളികളുടെ മലയാളത്തെപ്പറ്റിയുള്ള പഠനവും അങ്ങിനെ തന്നെ. കാട്ടുനായ്ക്കരുടെ ഭാഷയും സംസ്‌കാരവുമായിരുന്നു മറ്റൊരു വിഷയം. മലയാളം ഒരു ആഗോള ഭാഷ, മലയാളം മരിക്കാതിരിക്കാന്‍, ചോംസ്‌ക്കിയന്‍  മാതൃകകള്‍ എന്നിങ്ങനെ പോകുന്നു ഇഷ്ട്ടപെട്ട പഠന മേഖലകള്‍. 

 ഇന്‍ഡ്യന്‍ സ്‌കൂള്‍ ഓഫ് ദ്രവിഡിയന്‍ ലിംഗിസ്റ്റിക്‌സ് വൈസ് പ്രസിഡന്റും, കേരള സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് മുന്‍ ഡയറക്ടറുമാണ് ഡോ. കുഞ്ഞമ്മ.


 കാട്ടുനായ്ക്കര്‍-ഗവേഷണ വിഷയം; ബംഗാളി തൊഴിലാളികള്‍ 

'കേരളത്തില്‍  മൂന്നര കോടിയിലധികം ആളുകളും കേരളത്തിനു  പുറത്തു ഒരു കോടിയോളം ആളുകളും സംസാരിക്കുന്ന ഭാഷയാണ് മലയാളം . ആധുനിക മലയാളം പതിനാറാം  നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് രൂപപ്പെട്ടത് എങ്കിലും ഇവിടെ നിവസിച്ചിരുന്ന ആദിജനതയുടെ വിനിമയ ഭാഷയായി ആദി മലയാളം അനാദികാലം മുതല്‍ ഉണ്ടായിരുന്നു,' ഡോ പറയുന്നു.   

മലയാളത്തിലെ പല പ്രാചിന ക്ലാസിക് കൃതികളും എഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതായി കണക്കാക്കുന്നതിനാല്‍ മലയാള ഭാഷ യുടെ ഉത്ഭവം ആ കാലത്താണെന്നു ചില മലയാള പണ്ഡിതര്‍  പറയുന്നുണ്ട്. ചരി  ത്രാതീത കാലത്തു  വേരുകളൂന്നി,  മറ്റു ഭാഷകളില്‍  നിന്നും വാക്കുകളും പ്രയോഗങ്ങളും ഉള്‍ക്കൊണ്ട്  വികസിച്ച  ഭാഷയാണ് ആധുനിക മലയാളം.   ശാസ്ത്രം, നിയമം, സാങ്കേതിക വിദ്യ എന്നീ  എത് വിജ്ഞാന  വിഷയങ്ങളും പഠിക്കാനും പഠിപ്പിക്കാനുമുള്ള കഴിവ് മലയാള ഭാഷ  ആര്‍ജ്ജിച്ചിട്ടുണ്ട്. മലയാളം ഓരേ സമയം ക്ലാസ്സിക്കും  മോഡേണുമാണ്.

പൊന്‍മുടിയില്‍ കുടുംബം

രാഷ്ട്ര ഭാഷ എന്ന നിലയിലും മറ്റൊരു ഭാഷ എന്ന നിലയിലും ഹിന്ദിപഠിക്കുന്നത് കൊണ്ട് യാതൊരു തെറ്റുമില്ല. എന്നാല്‍  ഒരു ഭാഷക്ക് പകരം മറ്റൊരു ഭാഷ പഠിപ്പിക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. എല്ലാ ഭാഷകളെയുംഅംഗീകരിക്കുന്നദേശീയ ഭാഷാ നയം നമ്മുക്കുണ്ട്. ആ ഭാഷാ നയം തുടരണം. ഇന്ത്യയില്‍ 2 ദേശീയ ഭാഷകളും . 600 റില്‍ പരം പ്രാദേശീയ ഭാഷകളും ഉണ്ട്.     

ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന  ഭാഷയാണ് ചൈനീസ്.ഇതിന്റെ ഉത്ഭവം ബിസി 1250-ല്‍. തമിഴിനൊപ്പം, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നാണത്.  

ഭാഷകളെ  വിശകലനംചെയ്തു പഠിക്കുകയുംപഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഭാഷാശാസ്ത്രജ്ഞര്‍. കമ്പ്യൂട്ടര്‍ വിവര്‍ത്തനം, സ്പീച്ച് പാത്തോളജി എന്നിവ  ഭാഷാ ശാസ്ത്രത്തില്‍ വലിയ സാധ്യതള്‍ തുറന്നിരിക്കുകയാണ്   മലയാളത്തിലും  ഭാഷാ സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കുന്നതിനും  മനുഷ്യ ഭാഷ മനസ്സിലാക്കാന്‍ യന്ത്രങ്ങളെ സഹായിക്കുന്ന അല്‍ഗോരിതങ്ങള്‍ സൃഷ്ടിക്കുന്നതിനും  ഭാഷാ ശാസ്ത്രജ്ഞര്‍  കമ്പ്യൂട്ടര്‍ ഭാഷയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 

കാര്യവട്ടത്തെ വയലോര വീടിനു മുമ്പില്‍

ഭാഷാശാസ്ത്രജ്ഞര്‍ സംഭാഷണം പകര്‍ത്താന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ്  അക്ഷരമാലയാണ് ഇന്റര്‍നാഷണല്‍ ഫൊണറ്റിക് ആല്‍ഫബെറ്റ് (IPA) .ഇതില്‍  സ്വരങ്ങളെയും വ്യഞ്ജങ്ങളെയും പ്രതിനിധാനം ചെയ്യുന്ന 107  ചിഹ്നങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇംഗ്ലീഷില്‍ നിന്ന്  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍  IPA ഉപയോഗിക്കാറുണ്ട്.

 നിഘണ്ടുക്കള്‍, ലെക്‌സിക്കണുകള്‍ എന്നിവ സൃഷ്ടിക്കാന്‍  ഭാഷാശാസ്ത്രജ്ഞര്‍  കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഭാഷകള്‍ ഉപയോഗിക്കുന്നു, എന്റെ കരിയറില്‍  വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഭാഷകളില്‍ പ്രവര്‍ത്തിക്കാനായിട്ടുണ്ട്. ഞാന്‍ കുറേക്കാലം ജാവ പഠിക്കാന്‍ തുടങ്ങി, അത് മനസ്സിലാക്കാന്‍ എളുപ്പമുള്ള ഒരു ജനപ്രിയ ഭാഷയാണ്. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍, ഭാഷാശാസ്ത്രത്തില്‍ ധാരാളം പ്രയോഗങ്ങളുള്ളതും പരക്കെ ഉപയോഗിക്കുന്ന ഭാഷയുമായ  പൈത്തണ്‍ പഠിച്ച് തുടങ്ങി.  

ഇരുപതാം  നൂറ്റാണ്ടില്‍ ഭാഷാശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍ നോം ചോംസ്‌കിയുടെ സാര്‍വത്രിക വ്യാകരണ സിദ്ധാന്തമാണ് . എല്ലാ മനുഷ്യരും ഭാഷ പഠിക്കാനുള്ള സഹജമായ കഴിവോടെയാണ് ജനിക്കുന്നതെന്നാണ് ഈ സിദ്ധാന്തം . ഈ ആശയം വളരെ കൗതുകകരമാണെന്ന് തോന്നുന്നു. കാരണം നാം മാനവരാശിയുടെ വിജ്ഞാന വിഹായസില്‍  നിന്ന് നമുക്കാവശ്യമായതു എത്ര  പെട്ടെന്നാണ് കണ്ടെത്തി സ്വാംശീകരിച്ചെടുക്കുന്നത്. 

വലിയ ഭാഷാ വിജ്ഞാനമൊന്നും നേടാത്ത തെരുവോരക്കച്ചവടക്കാര്‍  എത്ര അനായാസമായാണ് ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി, ഹിന്ദി, സ്പാനിഷ്  ഭാഷകള്‍ പഠിച്ചു സംസാരിക്കുന്നത്. തങ്ങളുടെ സഹജമായ ഭാഷാ പഠന സിദ്ധി ഉപയോഗിച്ചാണ് അവര്‍ അത് സാധ്യമാക്കുന്നത്. ശബ്ദ ചലന ചിത്ര  ഭാഷകളുടെ  റെക്കോര്‍ഡിങ്ങും സംയോജനവും  കഴിഞ്ഞ നൂറ്റാണ്ടിന്റെ വലിയ കണ്ടെത്തലുകളാണ് . ടെക്സ്റ്റ്  ടു  സ്പീച് , ഓട്ടോ ട്രാന്‍സ്ലേഷന്‍ ഓഫ് സ്പീച് ആന്‍ഡ് ടെക്സ്റ്റ്  ഇവയൊക്കെ വലിയ ഭാഷാശാസ്ത്ര  കണ്ടുപിടുത്തങ്ങളാണ് 

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയാറില്ലേ? ഭാഷാപഠനത്തെ സംബന്ധിച്ചു ഇത് നൂറു ശതമാനവും ശരിയാണ്. ദാഹിക്കുന്നു എന്ന് പറയാന്‍  നമുക്ക് അന്യഭാഷകരോട്  'കൃപാരസം ആചമിക്കാന്‍ തരുമോ' എന്ന്  ചോദിക്കേണ്ടതുണ്ടോ. വിശക്കുന്നു എന്ന്  എത്രയോ  കുഞ്ഞുങ്ങള്‍ വിശപ്പിന്റെ വിശ്വ ഭാഷയില്‍   ആവശ്യപ്പെടുന്നതു തെരുവുകളില്‍ നാം നിത്യേന കാണാറുണ്ട് . കരഞ്ഞും  ചിരിച്ചും ആംഗ്യത്തിലൂടെയും, ഭാവത്തിലൂടെയും വരച്ചും അഭിനയച്ചുമൊക്കെ സംവദിക്കുക എന്നത് ജീവികളുടെ സഹജ ഭാവമാണ്. ഭാഷയിലൂടെ കഥകള്‍ ഉണ്ടാക്കുന്ന ജീവിയാണ് മനുഷ്യന്‍. ഈ കഥകളിലൂടെയായാണ് മനുഷ്യവംശം നിലനില്‍ക്കുന്നതു തന്നെ. 

ഞാന്‍ ജനിച്ചത് ഒരു ദരിദ്ര കര്‍ഷക കുടുംബത്തിലാണ്. എങ്കിലും ചുറ്റുവട്ടത്തുള്ള ദാരിദ്ര്യമൊന്നും കാര്യമായി ബാധിപ്പിക്കാതെ എന്നെ ഡിഗ്രി വരെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞു.ഭാഷകളോടും സംസ്‌കാരങ്ങളോടും  എനിക്ക്  നേരത്തെ തന്നെ അതിയായ താല്‍പ്പര്യമുണ്ടായിരുന്നു എന്നു തോന്നുന്നു. 

ഭാഷകള്‍ക്കും ചരിത്രത്തിനുമൊക്കെ നല്ല മാര്‍ക്ക് കിട്ടിയിരുന്നു. ഹൈസ്‌കൂള്‍ മുതല്‍ ഞാന്‍ ഭാഷകള്‍ ശ്രദ്ധിച്ചു പഠിക്കുന്നുണ്ടായിരുന്നു, ഇംഗ്ലീഷും, മലയാളവും, ഹിന്ദിയും സംസാരിക്കാന്‍  ശ്രമിച്ചിരുന്നു. .എന്റെ ഡിഗ്രി പഠനം ബോട്ടണിയും സൂവോളജി യും ആയിരുന്നെങ്കിലും ഞങ്ങള്‍ക്ക് ഇംഗ്ലീഷും മലയാളവും പഠിക്കണമായിരുന്നു.  

ഡിഗ്രി കഴിഞ്ഞു മെഡിസിനും നഴ്‌സിങ്ങിനും അഡ്മിസ്സിന് കിട്ടിയില്ല.അങ്ങനെ കേരള യൂണിവേഴ്‌സിറ്റിയില്‍ ഭാഷാശാസ്ത്രം എം എ യ്കു പഠിക്കാന്‍ ചേര്‍ന്നു.ഞാന്‍ ജനിച്ച 1963 ലാണ് കേരള യൂണിവേഴ്‌സിറ്റിയില്‍ ഭാഷാശാസ്ത്ര വകുപ്പ് ആരംഭിക്കുന്നത്. എന്നെ അവിടെ കുരുക്കിയിടാന്‍ ഒരു പ്രപഞ്ച ഗൂഢാലോചന ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  

ലോകത്തിലെ എല്ലാവക്കും ഉപയോഗിക്കാന്‍  കഴിയുന്ന ഒരു പൊതു  ഭാഷയുണ്ട്. എസ്‌പെരന്തു Esperanto (/??sp?'r??nto?/  എന്നത്  ലോകത്തില്‍  ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന അന്താരാഷ്ട്ര സഹായ ഭാഷയാണ്.  വാഴ്സയിലെ ഒരു   ഒഫ്താല്‍മോളജിസ്റ്റ് ആയ  എല്‍.എല്‍.സമെന്‍ഹോഫ് ആണ് ഇത് രൂപപ്പെടുത്തിയത്. എസ്‌പെരന്തു ഭാഷ പുറത്തിറക്കിയത് 1887-ലാണ്.   Esperanto എന്ന വാക്കിന്റെ അര്‍ത്ഥം 'ആശിക്കുന്നവന്‍' എന്നാണ്.

എസ്പറാന്റോ സംസാരിക്കുന്ന ആളുകളുടെ എണ്ണം ഏകദേശം ഒരുലക്ഷം.  Duolingo, Wikipedia,  Google Translate തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ എസ്‌പെറാന്റോ ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ട്

പുതിയായി കേള്‍ക്കുന്ന  ഭാഷയില്‍ എന്ത് ശബ്ദമാണ് കൂടുതലായി ഉണ്ടാകുന്നത് എന്ന് ശ്രദ്ധിക്കണം. തുടര്‍ന്ന്  സമാനമായ ഭാഷ ഏതാണെന്നു തെരയണം . പുതിയ  ഭാഷയുടെ ലിപികളും  റെക്കോര്‍ഡിങ്ങുകളും  മനസ്സിലാക്കണം.  പിന്നെ അതിന്റെ   വ്യാകരണം പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കണമെന്നും കുഞ്ഞമ്മ ഉപദേശിക്കുന്നു. 

കാര്യവട്ടത്ത്  ജേര്‍ണലിസത്തില്‍ മാസ്റ്റേഴ്‌സ് ചെയ്തു {നടന്‍ രഞ്ജി പണിക്കര്‍ സഹപാഠി) കാല്‍ നൂറ്റാണ്ടായി എഡ്യൂപ്രെസ്സ് കമ്മ്യൂണിക്കേഷന്‍സ്  എന്ന എന്‍ജിഒയുടെ സാരഥിയാണ് ഭര്‍ത്താവ് എസ്. ജോര്‍ജുകുട്ടി. ഒരേ നാട്ടുകാര്‍, പ്രശസ്ത സെഫോളജിസ്റ്റും (പോള്‍ സര്‍വ്വേ ഉള്‍പ്പെടുന്ന രാഷ്ട്രീയ വിശകലനം)  എന്‍ഡിടിവിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രണോയ് റോയിയുടെ കൂടെ പല സര്‍വേകളും നടത്തി.  

പുതുപ്പള്ളി ഇടക്കാലതെരഞ്ഞെടുപ്പാണ് ഏറ്റവും ഒടുവില്‍ കവര്‍ ചെയ്തത്. സമീപ കോളജുകളിലെ എക്കണോമിക്‌സ് പിജി പഠിതാക്കളെ വിന്യസിപ്പിച്ച് സര്‍വേ നടത്തി. ദി ഫോര്ത് എന്ന ചാനല്‍ സ്‌പോണ്‍സര്‍ ചെയ്തു. പങ്കെടുത്തവര്‍ക്കു സിഎംഎസ് കോളജില്‍ നടത്തിയ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും പ്രതിഫലവും സമ്മാനിച്ചു.  ജോര്‍ജുകുട്ടി  പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. എം എ  ഉമ്മനോടൊത്തു ഐഎംജിയി യിലും  പ്രവര്‍ത്തിച്ചു. വയനാട്ടിലും പാലക്കാടുമുള്ള ആദിവാസികളുടെ ഇടയിലും. 

കാര്യവട്ടം വെസ്റ്റില്‍ വയലോരത്ത് വീടുവച്ചു താമസിക്കുന്ന ദമ്പതിമാര്‍ക്ക് രണ്ടു പുത്രന്‍മാര്‍. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാസ്റ്റേഴ്‌സ് ചെയ്ത അമ്പു ഹൈദ്രബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഹെല്‍ത് കമ്മ്യുണിക്കേഷനില്‍ പിഎച്ച്ഡി ചെയ്യുന്നു. റോബോട്ടിക്‌സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ബോംബെ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി ചെയ്ത ആരോണ്‍ ബ്രിട്ടനില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിങ്കണ്‍ഷെയറില്‍. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക