(നാല് ആൺമക്കളുള്ള തൊണ്ണൂറിലേറെ പ്രായമായ ഒരു വൃദ്ധ അനാഥാലയത്തിൽ വിശപ്പിനു ഒന്നും കിട്ടാതെ വലഞ്ഞപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു " ദൈവമേ കഴിയുമെങ്കിൽ എന്റെ ജീവൻ എടുക്കു അല്ലെങ്കിൽ എനിക്ക് വിശപ്പു തരാതിരിക്കു)
സർവ്വേശ്വരാ അവിടന്നറിയുന്നില്ലെയീ
സാധുവാമമ്മതൻ നൊമ്പരം
സർവം സഹിയാമൊരമ്മതൻ രോദനം
“സഹിക്കാവതല്ല എനിക്കീ വിശപ്പിനെ”
അന്തരം ദ്രവിപ്പിക്കുമാമാർത്തനാദം
അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നീടവേ
ആർദ്രമാമെൻ മനം ആശിച്ചുപോയി
അമ്മയ്ക്ക് ഒരു നേരം അന്നം കൊടുക്കുവാൻ
നവതി പിന്നിട്ടൊരു മുത്തശ്ശിയാണവർ
നാമറിയുന്നു പൊതുമാധ്യമം വഴി
ജന്മം കൊടുത്തതോ നാലു പേർ പുത്രരെ
ജന്മസാഫല്യമാകേണ്ടൊരു ജീവിതം
ഇന്നിതാ കരയുന്നു പശിയാൽ വലഞ്ഞവർ
ഇല്ലില്ല ഒരാളുമവർക്കന്നം നൽകുവാൻ
ഇല്ലവർക്കെവിടെയും സ്വന്തമായാരുമേ
വർഷങ്ങളായിയേകാന്ത ജീവിതം.
പാശ്ചാത്യനാട്ടിലെവിടെയോ തൻമക്കൾ
പുത്രകളത്ര സമേതരായ് വാഴവേ
ഇല്ലവർക്കൊട്ടും നേരമീ അമ്മയ്ക്കായ്
ഇല്ലാത്ത ജോലിത്തിരക്കി ലാണെപ്പോഴും
കേരളമെന്നു കേട്ടാലെൻ ആത്മം തുടിക്കുന്നു
കേരളമാണെന്റെ ജന്മഭൂമിയെന്നഭിമാനമായ്
കേൾക്കാമെൻ ജന്മഭൂമിതൻ നേട്ടങ്ങളെല്ലാം
കേൾവിമാത്രമോ, കാണാം തിക്കും തിരക്കും
ചെറ്റക്കുടിലുകൾ കാളവണ്ടികൾ എല്ലാം
ചെത്തിവെടിപ്പാക്കി സൗധങ്ങൾ തീർത്തിതാ
ചാലുകൾ വയലുകൾ എല്ലാം നിരപ്പായി
ചന്തമായ് വാണിജ്യപുരകൾ തൻ നിരകൾ
വീണ്ടുമാ രോദനം കാതിൽ പതിക്കുന്നു
“വിശക്കുന്നെനിക്കു താ ഇത്തിരി ഭക്ഷണം”
വിശാലമീ ലോകത്തിലില്ലൊരു ജീവിതം
വിശപ്പിനാൽ വലയുന്നു ഏഴകൾ നിത്യവും
ആയിരം പൂർണ്ണചന്ദ്രോദയം കണ്ടവർ
യോഗമുള്ളോരെന്ന വിശ്വാസം തെറ്റിയോ ?
ഈ 'അമ്മ ദീനയായ് വിലപിച്ചിടുന്നിതാ
ഒരു നേരമെങ്കിലും അന്നം ലഭിക്കുവാൻ
നൊന്തു പ്രാർത്ഥിക്കുന്നു വൃദ്ധമാതാവിപ്പോൾ
ദൈവമേ നീ എന്റെ ജീവനെടുക്കണേ
അല്ലെങ്കിൽ എന്റെ വിശപ്പിനെ മാറ്റണേ
മരണം വരേയ്ക്കും വിശക്കാതിരിക്കണേ
ധനവും ചെറുപ്പവും വിടപറഞ്ഞീടുമ്പോൾ
അശരണരാകുന്നോർക്കാരുമില്ലാശ്രയം
ഉത്കൃഷ്ടമീ മർത്യജന്മമെന്നാകിലും
അംഗുലീപരിമിതർ ആ ഭാഗ്യശാലികൾ