Image

സൗദി തൊഴില്‍ വകുപ്പിന്റെ പുരസ്‌ക്കാരം നേടിയ മഞ്ജുവിനെയും മണിക്കുട്ടനെയും നവയുഗം അഭിനന്ദിച്ചു.

Published on 09 October, 2023
സൗദി തൊഴില്‍ വകുപ്പിന്റെ പുരസ്‌ക്കാരം നേടിയ മഞ്ജുവിനെയും മണിക്കുട്ടനെയും നവയുഗം അഭിനന്ദിച്ചു.

ദമ്മാം: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയുടെ തൊഴില്‍ മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം നേടിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനെയും, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടനെയും നവയുഗം കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.

ദമ്മാം ലേബര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ വെച്ച് കിഴക്കന്‍ പ്രവിശ്യ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുള്‍ റഹ്‌മാന്‍ മുഖ്ബില്‍ ആണ് മഞ്ജുവിനും, മണിക്കുട്ടനും തൊഴില്‍വകുപ്പിന്റെ ആദരവ് കൈമാറിയത്. ദമ്മാം ലേബര്‍ ഓഫിസ് ഡയറക്ടര്‍ ഉമൈര്‍ അല്‍ സഹ്റാനി ഉള്‍പ്പെടെ ഒട്ടേറെ സൗദി അധികാരികള്‍ ചടങ്ങില്‍ പങ്കെടുത്തു.

 സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി തൊഴിലാളി സമൂഹത്തിന് വേണ്ടി, സൗദി അധികാരികളുമായി ഒത്തൊരുമിച്ചു കൊണ്ട് നടത്തിയ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് തൊഴില്‍ മന്ത്രാലയം ആദരവ് നല്‍കിയത്. തൊഴില്‍, വിസ തര്‍ക്കങ്ങളില്‍പെട്ട് നിയമകുരുക്കില്‍പ്പെട്ട ഒട്ടേറെ പ്രവാസികള്‍ക്ക്  നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സഹായം ചെയ്തു കൊടുക്കുകയും, ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട പ്രവാസി വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും മഞ്ജുവും, മണിക്കുട്ടനും നടത്തിയ പരിശ്രമങ്ങള്‍ക്ക്  സൗദി അധികൃതര്‍ എന്നും പിന്തുണ നല്‍കിയിരുന്നു.

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഭാഗമായും, ഇന്ത്യന്‍ എംബസ്സിയുമായും, സൗദി അധികാരികളുമായും, മറ്റു പ്രവാസി സംഘടനകളുമായും സഹകരിച്ചു കൊണ്ട്, ദുരിതത്തിലായ ഒട്ടേറെ പ്രവാസികള്‍ക്ക് സഹായം നല്‍കാനും, നാട്ടിലേയ്ക്ക് അയയ്ക്കാനും, മഞ്ജുവും മണിക്കുട്ടനും  നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ ആദരവ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക