
ടെക്‌സസ്: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്‌ക്കൂള്‍ ലൈബ്രറികളിലും ക്ലാസ് റൂമുകളിലും ലഭ്യമാക്കുന്ന പുസ്തകങ്ങളെ ചൊല്ലി വലിയ വിവാദങ്ങള്‍ യു.എസില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പല പുസ്തകങ്ങളും ഇന്‍ഡിപെന്റന്റ് സ്‌ക്കൂള്‍ ഡിസ്ട്രികള്‍ നിരോധിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ 26 സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ നിരോധിച്ചത് ടെക്‌സസിലാണ്. സംസ്ഥാനത്തിലെ ഒരു ഐഎസ്ഡിയില്‍ ബൈബിളും നിരോധിത പുസ്തകങ്ങളില്‍ പെടുന്നു. മറ്റൊരു ഐഎസ്ഡി ബൈബിള്‍ നിരോധിച്ചു. പിന്നീട് നിരോധനം പിന്‍വലിച്ചു. ഇപ്പോള്‍ പുസ്തകം പുനഃപരിശോധനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ടെക്‌സസിലെ ഹാംഷയര്‍- ഫെന്നറ്റ് ഐഎസ്ഡിയിലെ ഒരു മിഡില്‍ സ്‌ക്കൂള്‍ അധ്യാപികയ്ക്ക് ജോലി നഷ്ടമായി. കാരണം ആന്‍ഫ്രാങ്കിന്റെ ഡയറി പൂര്‍ണ്ണരൂപത്തില്‍ അധിക വായനയ്ക്ക് തന്റെ കുട്ടികള്‍ക്ക് ശുപാര്‍ശ ചെയ്തതാണ്. ചുരുക്കിയ രൂപത്തില്‍ പരിഷ്‌കരിച്ച പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകം ശരാശരി 13 വയസു പ്രായമുള്ള കുട്ടികള്‍ക്ക് ഔദ്യോഗികമായി നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതലായി 13 വയസുകാരി ആന്‍ഫ്രാങ്കിനെയും അവര്‍ കടന്നുപോയ പ്രതിസന്ധി പൂര്‍ണ്ണമായ മാനസികവും ശാരീരികവുമായ ദിനങ്ങളെയും അക്കാലത്ത് നാസി ഭരണത്തിന്‍ കീഴില്‍ ജൂതന്മാര്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടിവന്ന ദുരിതത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കാന്‍ വേണ്ടി ആയിരിക്കണം എഡിറ്റിംഗിന് വിധേയമായിട്ടില്ലാത്ത പുസ്തകം പൂര്‍ണ്ണമായി വായിക്കുവാന്‍ ടീച്ചര്‍ ശുപാര്‍ശ ചെയ്തത്.
1945ന് മുമ്പുള്ള രണ്ടു വര്‍ഷങ്ങള്‍ ആനും മാതാവും സഹോദരിയും തങ്ങളുടെ വീടിന്റെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞു. കാരണം സ്ത്രീകളെയോ കുട്ടികളെയോ പുറത്ത് കണ്ടാല്‍ പട്ടാളക്കാര്‍ പിടികൂടി കോണ്‍സെന്റേറേഷന്‍ ക്യാമ്പുകളിലേയ്ക്ക് അയയ്ക്കുകയോ കൊല്ലുകയോ ചെയ്യുമായിരുന്നു. ആനിന്റെ പിതാവിനെ മാത്രമാണ് വീടിന് വെളിയില്‍ കണ്ടിരുന്നത്. മച്ചിന് മുകളില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ആന്‍ ഡയറി എഴുതിത്തുടങ്ങിയത്.
കൗമാരത്തില്‍ നിന്ന് യൗവ്വനാരംഭത്തിന്റെ നാളുകളില്‍ തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായ വലിയ മാറ്റവും സാഹചര്യങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകുന്ന അമ്മയും ഒരേ ഒരു ആണ്‍കുട്ടിയുമായുള്ള ബന്ധവും മറയില്ലാതെ, വിശദമായി ആന്‍ എഴുതി. ലൈംഗികത എന്താണെന്ന് മനസ്സിലാക്കുകയും അതിനോട് ഒരു കൗമാരക്കാരിയുടെ ജിജ്ഞാസയും അങ്കലാപ്പും ലജ്ജയുമെല്ലാം ആന്‍ വിവരിക്കുന്നത് അവളുടെ അതേ പ്രായക്കാരായ കുട്ടികള്‍ വായിക്കുകയോ അറിയുകയോ ചെയ്യുന്നത് ഉചിതമല്ലെന്ന് ഐഎസ്ഡി അധികൃതര്‍ തീരുമാനിച്ചു. ആന്‍ഫ്രാങ്ക്‌സ് ഡയറി: ദ ഗ്രാഫിക് അഡാപ്‌റ്റേഷന്‍ കുട്ടികള്‍ക്ക് അധിക വായനയ്ക്ക് ശുപാര്‍ശ ചെയ്ത ടീച്ചറെ പിരിച്ചുവിടാന്‍ ഉത്തരവിട്ടു.
രണ്ട് വര്‍ഷത്തെ ഒളിവിലെ താമസം അവസാനിപ്പിച്ച് പട്ടാളക്കാര്‍ ആനിന്റെ കുടുംബത്തെ കണ്ടെത്തി തടവിലാക്കി. കോണ്‍സെന്ററേഷന്‍ ക്യാമ്പിലേയ്ക്കയച്ച ആനും അമ്മയും സഹോദരിയും 1945ല്‍ ക്യാമ്പില്‍ തന്നെ മരിച്ചു. വിധി വൈപരീത്യം എന്ന് പറയട്ടെ, ഏറെ താമസിയാതെ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് മോചനം ലഭിക്കുകയും ചെയ്തു. ആനിന്റെ അമ്മ പിന്നെയും കുറെക്കാലം ജീവിച്ചു. മകളുടെ ഡയറി പ്രസിദ്ധീകരിക്കുകയും ലോകം മുഴുവന്‍ ആന്‍ഫ്രാങ്കിന്റെ ഡയറി ഏറ്റെടുക്കുകയും ചെയ്തു.
കൗമാരക്കാര്‍ പ്രായപൂര്‍ത്തിയായ വ്യക്തികളായി മാറുമ്പോള്‍ അവര്‍ക്ക് ആവശ്യമായ അറിവുകള്‍ പകര്‍ന്ന് നല്‍കാന്‍ പിഴവുകളില്ലാത്ത സംവിധാനം ഇല്ല. കൂട്ടുകാരില്‍ നിന്നോ ഇന്റര്‍നെറ്റില്‍ നിന്നോ ലഭിക്കുന്ന അപൂര്‍ണ്ണവും അബദ്ധജടിലവുമായ വിവരങ്ങളാണ് ഇവരില്‍ പലരും സ്വീകരിക്കുക. ആന്‍ഫ്രാങ്കിന്റെ ഡയറിയെ ഒഴിച്ചു നിര്‍ത്തുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു പെണ്‍കുട്ടി നല്‍കുന്ന വിവരങ്ങള്‍ നിഷ്‌ക്കരുണം തള്ളക്കളയുകയാണ്.