
വാഷിംഗ്ടണ്‍: മുന്‍ യു.എന്‍. അംബാസിഡറും മുന്‍ സൗത്ത് കാരലിന ഗവര്‍ണ്ണറുമായ നിക്കിഹേലി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ നടത്തുന്ന ശ്രമങ്ങള്‍ വലിയ മുന്നേറ്റത്തിന്റെ കഥകളാണ് പറയുന്നത്. റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സിന്റെ സര്‍വേകളില്‍ തുടര്‍ച്ചയായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനും ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ഡിസാന്റിസിനും പിന്നാലെയാണ് പ്രവചിക്കുന്നതെങ്കിലും ഹെയ്‌ലി ശക്തമായി മുന്നേറി രണ്ടാം സ്ഥാനത്തെത്തും എന്ന സൂചനയാണ് നല്‍കുന്നത്. ആദ്യം റിപ്പബ്ലിക്കന്‍ പ്രൈമറികള്‍ നടക്കുന്ന ന്യൂഹാംഷെയറില്‍ തുടര്‍ച്ചയായി അഭിപ്രായ സര്‍വ്വേകളില്‍ ട്രമ്പിന് തൊട്ടുപിന്നിലായി ഹേലി രണ്ടാം സ്ഥാനത്തുണ്ട്. ഈയാഴ്ച ഇവര്‍ മറ്റൊരു റിപ്പബ്ലിക്കന്‍ പ്രത്യാശി മുന്‍ ജനപ്രതിനിധി വില്യം ഹര്‍ഡിന്റെ പിന്തുണ നേടി. താന്‍ മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്നും തന്റെ പിന്തുണ ഹേലിക്ക് നല്‍കുകയാണെന്നും വ്യക്തമാക്കി ഹര്‍ഡ് പ്രചരണം നിറുത്തി വച്ചു.
ഹേലി ഈ മാസം രണ്ട് ഫണ്ട് റെയിസിംഗ് പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. 2012ലെയും 2016ലെയും അവരുടെ ജിഓപി പ്രൈമറി ശ്രമങ്ങള്‍ കുമിളകള്‍ പോലെ തകര്‍ന്നത് ഇപ്രാവശ്യം കരുതലോടെ അവര്‍ പ്രചരണംനടത്തുന്നു എന്ന് നിരീക്ഷകര്‍ പറയുന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണം ആരംഭിക്കുമ്പോള്‍ ഡിസാന്റിസിനെക്കുറിച്ച് ഉണ്ടായിരുന്ന പ്രതീക്ഷകള്‍ ഈ നാളുകളില്‍ മറനീക്കി എത്തിയ 'യഥാര്‍ത്ഥ' ഡിസാന്റിസ് തകര്‍ത്തിരിക്കുകയാണെന്ന് അനുയായികളായിരുന്ന യാഥാസ്ഥിതികര്‍ പറയുന്നു. വളരെയധികം വ്യക്തിപ്രഭാവമുള്ള ട്രമ്പിന്റെ വാക്‌ധോരണിയില്‍ മടുത്തവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു നേതാവായാണ് ഡിസാന്റിസിനെ പലരും സങ്കല്പിച്ചത്. വളരെ കുറച്ച് നാടകീയതയുള്ള വിജയങ്ങള്‍നേടിയ(ഫ്‌ളോറിഡ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലൂടെ അടുത്തറിഞ്ഞപ്പോള്‍ പലരും ബാന്ധവം ഉപേക്ഷിക്കുവാന്‍ തയ്യാറായി.
നാഷ്ണല്‍ റിവ്യൂ ഡിസാന്റിസിന്റെ ആരാധകവലയത്തില്‍ ചേര്‍ന്നിരുന്നു. റുപേര്‍ട്ട് മര്‍ഡോക്കിന്റെ സാമ്രാജ്യവും ഗവര്‍ണ്ണറെ പിന്തുണച്ചിരുന്നു. ഡിസാന്റിസിന്റെ പ്രസംഗങ്ങളും നയങ്ങളുടെ പ്രഖ്യാപനവും തിരഞ്ഞെടുപ്പുകളിലെ തിരിമറി ആരോപണങ്ങളും ഡിസ്‌നിയുമായുള്ള യുദ്ധവും ആരാധകരില്‍ പലരെയും പിണക്കി. പിന്തുണച്ചിരുന്ന ഒരു സൂപ്പര്‍ പിഎസി പിന്തുണ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു.
ഏറ്റവും പ്രധാനമായ വസ്തുത ട്രമ്പിന് ഒരു പകരക്കാരനാവും എന്ന പ്രതീക്ഷയ്‌ക്കൊപ്പം ഡിസാന്റിസിന് ഉയരാന്‍ കഴിഞ്ഞില്ല എന്നതാണ്. ഈ പരാജയം രക്ഷിക്കുന്നത് ഹേലിയെയാണ്. ട്രമ്പിന് പകരം മറ്റൊരാളെ സ്വീകരിക്കുവാന്‍ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ തയ്യാറാവും. അയാളോ അവളോ തങ്ങളുടെ സ്വീകാര്യതയില്‍ മായം ചേര്‍ക്കുന്നില്ലെങ്കില്‍. ട്രമ്പ് തുടര്‍ച്ചയായി അഭിപ്രായ സര്‍വേകളില്‍ 50%ന് മേല്‍ നേടി വരികയാണ്- കുറെയധികം കേസുകളും ക്രിമിനല്‍ കുറ്റവാളിയാണ് എന്ന കണ്ടെത്തലുകളും ഉണ്ടായിട്ടുകൂടി. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പ്രിയം ആദ്യം ട്രമ്പായിരിക്കാനാണ് സാധ്യത എന്നാണ് സൂചനകള്‍. അവര്‍ രണ്ടാം സ്ഥാനത്ത് പ്രതിഷ്ഠിക്കുവാന്‍ താല്‍പര്യപ്പെടുന്നത് ഹേലിയെയാണോ ഡിസാന്റിസിനെയാണോ എന്ന ചോദ്യത്തിന് വരും ദിവസങ്ങള്‍ മറുപടി നല്‍കും.
നെവാഡയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോക്കസില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ട്രമ്പ് സമ്മിതി പത്രം നല്‍കി. കോക്കസുകള്‍ നടത്തിയാലും നെവാഡയില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയും നടത്തിയേ മതിയാകൂ എന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് നിര്‍ദ്ദേശം ലഭിച്ചു. ഏതാനും ദിവസങ്ങളുടെ ഇടവേളകളിലായി പ്രൈമറിയും കോക്കസും സംസ്ഥാനത്ത് നടക്കും. ഒരേ തീരുമാനം അറിയിക്കുന്നതിന് പോളിംഗ് സ്‌റ്റേഷനിലും കോക്കസ് കേന്ദ്രങ്ങളിലും പോകാന്‍ എത്രപേര്‍ തയ്യാറാവും എന്ന് ഫലം അറിയുമ്പോള്‍ വ്യക്തമാവും.
യു.എസ്. സുപ്രീം കോടതി ഒരു ചരിത്രവിധിയിലൂടെ ഭരണഘടനയുടെ 14-ാം വകുപ്പ് കല്പിക്കുന്ന അയോഗ്യത 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ ട്രമ്പിന് ബാധകമാവില്ല എന്ന് വ്യക്തമാക്കി. ട്രമ്പിന് 14-ാം വകുപ്പു പ്രകാരം മത്സരിക്കുന്നതിന് അയോഗ്യത നല്‍കണം എന്ന് കാണിച്ചു ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോണ്‍ ആന്തണി കാസ്‌ട്രോ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും ഒരു വ്യക്തിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും എന്ന് നേരത്തെ തന്നെ നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.