Image

രാജ്യപുരോഗതി സ്‌പോര്‍ട്ട്‌സിലും പ്രതിഫലിക്കുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

Published on 13 October, 2023
രാജ്യപുരോഗതി സ്‌പോര്‍ട്ട്‌സിലും പ്രതിഫലിക്കുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

ചരിത്രത്തില്‍ ആദ്യമായി 107 മെഡലുകള്‍ നേടി ഇന്‍ഡ്യ ഏഷ്യന്‍ ഗെയിംസില്‍ നാലാംസ്ഥാനത്തെത്തി. ആദ്യ മൂന്നുസ്ഥാനക്കാര്‍ ചൈന, ജപ്പാന്‍ സൗത്ത് കൊറിയ. ചൈനയെ വിട്ടുകളയാം. അവരുടേത് പ്രത്യേകരീതിയാണ്., കായികപ്രതിഭയുള്ള കുട്ടികളെ ചെറുപ്പത്തിലേ പിടിച്ചുകൊണ്ടുപോയി സ്‌പോര്‍ട്ട്‌സ് ക്യാമ്പുകളില്‍ പാര്‍പ്പിച്ച് കഠിനമായ പ്രാക്ട്ടീസിലൂടെ താരങ്ങളായി വാര്‍ത്തെടുക്കയാണ് അവര്‍ ചെയ്യുന്നത്. അതുപോലെ ചെയ്യാന്‍ ജനാധിപത്യ രാജ്യങ്ങള്‍ക്ക് സാധ്യമല്ല. അതുകൊണ്ട് ഇന്‍ഡ്യക്കുമുന്‍പില്‍ ജപ്പാനും കൊറിയയും മാത്രമാണ് ഉള്ളതെന്ന് അനുമാനിക്കാം.

ചരിത്രത്തില്‍ ആദ്യമായി എന്നുപറയാന്‍ കാരണം ഇത്രനാളും ഏഷ്യയിലെ ചെറിയ രാജ്യങ്ങള്‍പോലും ഇന്‍ഡ്യയേക്കാള്‍ വളരെ മുന്നിലായിരുന്നു. ചില വ്യക്തികളുടെ സ്വയപ്രയത്‌നംകൊണ്ട് ഒന്നോരണ്ടോ സ്വര്‍ണ മെഡലുകളും വെള്ളിമെഡലും നേടിയെങ്കിലായി. ഒരു മില്‍ഖാ സിങ്ങോ, പി.ടി. ഉഷയോ നാലാംസ്ഥാനത്തെത്തിയാല്‍പോലും നമ്മള്‍ അഭിമാനിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇവരുടെയൊക്കെ ചെറിയ വിജയങ്ങളില്‍പോലും സര്‍ക്കാരിന്റെയോ സ്‌പോര്‍ട്ട്‌സ് അധോറിറ്റിയുടെയോ പങ്ക്  പറയത്തക്കതായിട്ട് ഒന്നുമില്ലായിരുന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്‍ഡ്യ വട്ടപൂജ്യമായിരുന്നു. 

കായകരംഗം പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ കോടികള്‍ അനുവദിക്കാറുണ്ടെങ്കിലും അതെല്ലാം ചില താപ്പാനകളുടെ പോക്കറ്റ് വീര്‍പ്പിക്കാനെ സഹായകമായിട്ടുള്ളു. കായകതാരങ്ങളുടെ ഭക്ഷണത്തില്‍പോലും കയ്യിട്ടുവാരുന്ന ഒഫീഷ്യല്‍സാണ് ഉണ്ടായിരുന്നത്. കഴിവുകേടും അഴിമതിയും നിറഞ്ഞ സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് എന്തുപേടിക്കണം. തമ്രാനല്‍പം കട്ടുഭുജിച്ചാല്‍ എമ്രാന്‍ മൊത്തം കട്ടുതിന്നും. (ക്ഷമിക്കണം, പുതിയ ഉപമയാണ്)

സര്‍ക്കരും സ്‌പോര്‍ട്ട്‌സ് അഥോറിറ്റിയും കാട്ടിക്കൂട്ടിയ കെടുകാര്യസ്ഥതയുടെ ഫലമായിട്ടാണ് കായകരംഗം ശോഷിച്ചുപോയത്., ഒളിംബിക്‌സിലും ഏഷ്യന്‍ ഗെയിംസിലും മെഡലുകള്‍ നേടാന്‍ ഇന്‍ഡ്യക്ക് സാധിക്കാതെ പോയത്. മോദി ഗവണ്മെന്റ് എല്ലാരംഗങ്ങളിലുമുള്ള അഴിമതി തുടച്ചുനീക്കിയപ്പോള്‍ സ്‌പോര്‍ട്ട്‌സിലും അതിന്റെ ഗുണഫലം കണ്ടുതുടങ്ങി. അതാണ് 107 മെഡല്‍നേടി നാലാം സ്ഥാനത്തെത്താന്‍ ഇന്‍ഡ്യയെ സഹായിച്ചത്. ഇതൊരു തുടക്കം മാത്രമായി കണക്കാക്കാം.  ഇതുപോലെ കാര്യക്ഷമതയുള്ള സര്‍ക്കാരുകള്‍ ഭരിച്ചാല്‍ ഭാവിയില്‍ വന്‍വിജയങ്ങള്‍ നേടാന്‍ രാജ്യത്തിന് സാധ്യമാകും.

കായിക പ്രതിഭയുള്ള യുവതീയുവാക്കള്‍ ഇല്ലാത്തതുകൊണ്ടല്ല ഇന്‍ഡ്യ ഏഷ്യയിലെ ചെറിയ രാജ്യങ്ങളുടെപോലും പിന്നിലായിപ്പോയത്. കഴിവുള്ളവരെ കണ്ടെത്തി പരിശീലിപ്പിച്ച് ഗെയിംസിന് അയച്ചാല്‍ അവര്‍ രാജ്യത്തിനായി മെഡലുകള്‍ കൊണ്ടുവരും. ബ്രസീലില്‍ നടന്ന ഒളിംബിക്‌സില്‍ താരങ്ങളെക്കാള്‍ കൂടുതല്‍ ഒഫീഷ്യല്‍സ് പോയതായിട്ടാണ് കേട്ടത്. അവര്‍ അവിടെ ഉല്ലാസയാത്രക്ക് പോയതായിരുന്നു. മാരത്തണ്‍ ഓട്ടത്തില്‍ ഇന്‍ഡ്യയുടെ താരം (കേരളത്തിന്റെയും) ഇടക്കുവച്ച് കുഴഞ്ഞുവീണപ്പോള്‍ ഒറ്റ ഒഫീഷ്യലുപോലും സഹായത്തിന് ഉണ്ടായിരുന്നില്ല. അവരൊക്കെ ബ്രസീലിലെ ബീച്ചുകളില്‍ ഇന്‍ഡ്യയില്‍ കാണാന്‍സാധിക്കാത്ത കാഴ്ച്ചകാണാന്‍ പോയതായിരുന്നു. അവസാനം ബ്രസീലിയന്‍ ഒഫീഷ്യല്‍സായിരുന്നു റോസക്കുട്ടിയുടെ സഹായത്തിനെത്തിയത്. ഇങ്ങനെയുള്ള ഒഫീഷ്യല്‍സായിരുന്നു ഇന്‍ഡ്യന്‍ സ്‌പോര്‍ട്ടിന്റെ ശാപം. 

 മെഡലുകള്‍നേടി രാജ്യത്തിന്റെ അഭിമാനം കാക്കുന്ന താരങ്ങള്‍ക്ക് ശിഷ്ടകാലം സുഹമായി ജീവിക്കാനുള്ള ജോലിയും സാമ്പത്തികവും നല്‍കുക എന്നുള്ളത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേടിയവര്‍ക്ക് ഇന്‍ഡ്യാ ഗവണ്മെന്റും, സംസ്ഥാന സര്‍ക്കാരുകളും വന്‍ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പഞ്ചാബും ഹരിയാനയും അവരുടെ താരങ്ങള്‍ക്ക്  സര്‍ക്കാരിന്റെവക  കോടികളാണ് വാഗ്ദാനം. പിണറായി പണംപോയിട്ട് വാഗ്ദാനംപോലും നല്‍കിയിട്ടില്ല. മോദി സര്‍ക്കാര്‍ സ്‌പോര്‍ട്ട്‌സ് വികസനത്തിന് 3000 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക ശരിയായി വിനിയോഗിച്ചാല്‍ ഭാവിയില്‍ സ്‌പോര്‍ട്ട്‌സില്‍ ഇന്‍ഡ്യക്ക് വന്‍നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. രാജ്യത്തിന്റ അഭിമാനംകാത്ത കായികതാരങ്ങള്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക