Image

വഴി മധ്യത്തിൽ കിണറ് കുഴിപ്പിച്ച അശോകൻ-2  (ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 14 October, 2023
വഴി മധ്യത്തിൽ കിണറ് കുഴിപ്പിച്ച അശോകൻ-2   (ജോൺ കുറിഞ്ഞിരപ്പള്ളി)

ഞങ്ങളുടെ  സാമൂഹ്യപാഠം പഠിപ്പിക്കുന്ന അധ്യാപകൻ സുന്ദരനും സുമുഖനും ഫലിത പ്രിയനും ആയിരുന്നു.വല്ലപ്പോഴുമേ ക്ലാസ്സിൽ വരൂ.വന്നാൽ എന്തെങ്കിലും ഫലിതം പറഞ്ഞുകുട്ടികളെ ചിരിപ്പിക്കും.എന്നിട്ട് പറയും നിങ്ങൾ വെറുതെ പുസ്തകം ഒന്നു വായിച്ചാൽ  മതി.എല്ലാ ഭരണപരിഷ്‌കാരങ്ങളും ഒന്നു  തന്നെയാണ്.അത് ഒരു പ്രധാന പോയിൻറ്  ആണ് എന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു.അപ്പോൾ ചരിത്രം  എന്നുപറഞ്ഞാൽ ഇത്രയുമേയുള്ളൂ?

ഒരു കള്ളം അനേകം തവണ ആവർത്തിക്കുമ്പോൾ  സത്യമായി തീരും എന്ന ഗീബൽസിൻ്റെ   കണ്ടുപിടുത്തത്തിൻ്റെ  ഉദാഹരണങ്ങളാണ് പല വിവരണങ്ങളും .സംശയാസ്പദമായി , യുക്തിക്ക് നിരക്കാത്ത പല കൂട്ടിച്ചേർക്കലുകളും  ചരിത്രത്തിൽ കാണാം.ഇത്തരം കൂട്ടിച്ചേർക്കലുകൾക്ക് ലോക ചരിത്രത്തിൽ ഇഷ്ടംപോലെ ഉദാഹരണങ്ങലുമുണ്ട്.

ചേർത്തലയിൽ   ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും അവരോടൊപ്പം  കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.

1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന  സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിക്കുകയായിരുന്നു.

1947 ഓഗസ്റ്റ് 15 ന്  ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും  സ്വാതന്ത്ര്യം നേടി എന്ന് നമുക്ക് അറിയാം.എന്നാൽ 1946 സെപ്തംബർ 2 നു തന്നെ നെഹ്രുവിൻ്റെ നേതൃത്വത്തിൽ ഒരു ഇടക്കാല ദേശീയ ഗവണ്മെണ്ട്  കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരുന്നു. തത്വത്തിൽ യഥാർത്ഥ സ്വാതന്ത്ര്യലബ്ധി അതോടെ നടന്നുകഴിഞ്ഞിരുന്നു.അതുകൊണ്ട് , പിന്നീടു് 1946 ഒക്ടോബറിൽ നടന്ന പുന്നപ്ര-വയലാർ സമരം സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായിരുന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും? 

ആയിരത്തിൽ അധികം ജാതികൾ,അക്ഷരമാലകൾ ഉള്ളതും ഇല്ലാത്തതുമായ നൂറിലധികം  ഭാഷകൾ,ആചാരങ്ങൾ,ഇവയുടെയെക്കെ പേരിൽ  തമ്മിൽ അടിച്ചുകൊണ്ടിരുന്നു ഇൻഡ്യക്കാരെ  ഭരിക്കുക എളുപ്പമായിരുന്നു. ഇന്ത്യയിലെ  സ്വത്തുക്കൾ കൊള്ളയടിച്ചു തീരുകയും ബ്രിട്ടീഷ് കാരായ  ഉദ്യോഗസ്ഥർക്കും അവരുടെ കീഴിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും ശമ്പളം കൊടുക്കണമെങ്കിൽ ബ്രിട്ടനിൽ രാഞ്ജി കനിയണം എന്ന അവസ്ഥയിൽ ഇന്ത്യ  എത്തുകയും ചെയ്തിരുന്നു.അതേ സമയത്താണ് ഗാന്ധി  വിദേശവസ്തുക്കൾ ബഹിഷ്‌ക്കരിക്കുവാൻ ആഹ്വനം നൽകിയതും.അപകടം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കാർ അധികാരം ഒഴിയാൻ തീരുമാനിച്ചു.അങ്ങനെ 1946 sept 2 ന് അധികാരകൈമാറ്റത്തിൻ്റെപ്രാഥമിക  നടപടികകൾ പൂർത്തിയായി.

അപ്പോൾ ഒക്ടോബറിൽ നടന്ന പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യസമരം തന്നെയാണോ?: 

സ്വാതന്ത്ര്യ സമരമായി കണക്കാക്കണം എന്ന ആവശ്യം ഉയർത്തുന്നവർ കഴിഞ്ഞ എഴുപത്തഞ്ചു വർഷവും  സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഒരിക്കൽ പോലും പങ്കെടുക്കാൻ  തയ്യാറായിട്ടുമില്ല.  ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ സമരസേനാനികൾ എന്നുപറയുന്നവർ ഓർമ്മിക്കാറില്ല എന്നുപറയുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമാണ്.

പുന്നപ്ര-വയലാർ സമരങ്ങളിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും പോരാളികൾക്കും സ്വാതന്ത്ര്യസമര പെൻഷൻ നൽകുവാനുള്ള അഭ്യർത്ഥന കോൺഗ്രസ് സർക്കാർ 1989-ൽ നിരസിച്ചു. എന്നാൽ ഐ.കെ. ഗുജ്റാൾ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത 1998 ൽ  പുന്നപ്ര-വയലാർ സമരത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി അംഗീകരിച്ചു.അവർക്ക്  സ്വാതന്ത്ര്യസമര പെൻഷൻ അനുവദിക്കുകയും ചെയ്തു.

യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്?

നൂറ്റാണ്ടുകളായി  ജാതി വ്യവസ്ഥകളിലും ഭൂപ്രഭുക്കന്മാരുടെ പീഡനങ്ങളിലും കുരുങ്ങി  സാധാരണക്കാരായ ആളുകളുടെ ജീവിതം ദുസ്സഹമായിരുന്നു തിരുവിതാംകൂറിൽ.  ഭൂമിയുടെ ഉടമസ്ഥാവകാശം  ഉന്നത-ജാതി ഹിന്ദുക്കളുടെയും, സിറിയൻ ക്രിസ്ത്യാനികളുടെയും കൈവശമായിരുന്നു.കർഷക തൊഴിലാളികളടക്കം എല്ലാ തൊഴിലാളികളുടേയും ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി  തൊഴിലാളികളെ സംഘടിപ്പിച്ച്  യൂണിയനുകൾ രൂപീകരിച്ചു. 

അതേ സമയം തന്നെ തൊഴിലാളികൾക്കു്  അർദ്ധസൈനികപരിശീലനം നൽകുന്നതിനുവേണ്ടി കമ്യൂണിസ്റ്റ് പാർട്ടി വിവിധകേന്ദ്രങ്ങളിൽ വോളണ്ടിയർ ക്യാമ്പുകളും ആരംഭിച്ചു. 

1946 ഒക്ടോബർ 24 ന്   പുന്നപ്ര-വയലാറിലെ  തൊഴിലാളികൾ  കലാപം ആരംഭിച്ചു.. 

 ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ   ആവശ്യങ്ങൾ ഉന്നയിച്ച് അവർ സർക്കാരിന് നിവേദനം സമർപ്പിച്ചു.   പൊട്ടിപുറപ്പെട്ട കലാപങ്ങൾ അടിച്ചമർത്തുന്നതിനായി  ഒക്ടോബർ 25 ന്   പട്ടാളഭരണം പ്രഖ്യാപിച്ചു,  നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ  നേരിട്ടേറ്റെടുത്തു.യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലും കൊണ്ട്  തൊഴിലാളികൾ ഏറ്റുമുട്ടി.

എത്രപേർ മരിച്ചു?500 മുതൽ 5000 വരെ എന്ന് പറയുന്നു.

ഉയർന്നുവരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിനു് ആലപ്പുഴ, ചേർത്തല മേഖലകളിലേക്കു് ഗവണ്മെന്റ് കൂടുതൽ പോലീസുകാരെ നിയോഗിച്ചു. 

ആലപ്പുഴയിലെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടി സംഘടനകളും നിരോധിക്കപ്പെട്ടു. 

1946 ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾക്കുനേരെ  സൈന്യം വെടിവെച്ചു. ഒരാൾ മരണമടഞ്ഞു. അതിൽ പ്രകോപിതരായ ജനക്കൂട്ടം ആയുധധാരികളായി പുന്നപ്രക്കു സമീപം ഉണ്ടായിരുന്ന പോലീസ് ഔട്ട്പോസ്റ്റ് ആക്രമിക്കുകയും ,ആക്രമണത്തിൽ ഒരു സബ് ഇൻസ്പെക്ടറും, മൂന്നുപോലീസുകാരും കൊല്ലപ്പെടുകയും ചെയ്തു .പോലീസിൻ്റെ  വെടിവെപ്പിൽ നിരവധി  പേർ കൊല്ലപ്പെട്ടു.

പോലീസിൻ്റെയും പട്ടാളത്തിൻ്റെയും തോക്കുകളിലും പീരങ്കികളിലും വെടിയുണ്ടകൾ  കാണുകയില്ലെന്നു് നേതാക്കന്മാർ അണികളെ വിശ്വസിപ്പിച്ചിരുന്നതായി, പിൽക്കാലത്തു് സ്ഥലം സന്ദർശിച്ചു തെളിവെടുപ്പു നടത്തിയ എ.പി. ഉദയഭാനു കമ്മീഷൻ അന്വേഷണറിപ്പോർട്ടിൽപറയുന്നു.

പുന്നപ്ര വയലാർ  സമരം സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമാണോ അല്ലയോ എന്നത് ഇന്നും വിവാദവിഷയമാണ്. കമ്യൂണിസ്റ്റ് പ്രവർത്തകർ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി കാണുമ്പോൾ മറ്റുപലരും ഇതിനെ ജന്മി-കുടിയാൻ സമരമായി കാണുന്നു.

  ഇന്ത്യൻ സ്വാതന്ത്ര്യസമരം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല; സാമൂഹിക സാമ്പത്തിക  ചൂഷണത്തിൽ നിന്നും  ജനങ്ങളെ സ്വതന്ത്രരാക്കുവാൻ കൂടി നടന്ന  സമരങ്ങളാണ് എന്നും അതുകൊണ്ട് സ്വാതന്ത്ര്യ  സമരത്തിൻ്റെ ഭാഗമായി കാണണം എന്നും ചിലർ അഭിപ്രായപ്പെടുന്നു. . കമ്യൂണിസ്റ്റ് നേതൃത്വം ഒരിക്കലും പുന്നപ്ര വയലാറിലെ രക്തസാക്ഷികളുടെ പട്ടികയോ ഔദ്യോഗിക കണക്കുകളോ പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് എന്തുകൊണ്ടാണ് എന്നറിയില്ല 

സത്യം എവിടെയാണ്?ആരെഴുതിയ ചരിത്രം വിശ്വസിക്കും?

 

അശോകൻ വഴി മധ്യത്തിൽ  കിണറുകുഴിപ്പിച്ച സംഭവം പറഞ്ഞില്ലല്ലോ.

 

(തുടരും )

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക