
വാഷിംഗ്ടണ്‍ : മുന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരെഡ് കുഷ്നര്‍ ട്രംപിനെ പിന്തുണച്ച് വീണ്ടും രംഗത്തെത്തി. ട്രംപ് ഭരണകൂടത്തില്‍ സീനിയര്‍ ഉപദേശകന്‍ എന്ന നിലയില്‍ യു.എസിന്റെ മിഡില്‍ ഈസ്റ്റേണ്‍ നയങ്ങളാണ് കുഷ്നര്‍ കൈകാര്യം ചെയ്തിരുന്നത്.
ഒരു സ്വകാര്യ പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ട കുഷ്നര്‍ പ്രസിഡണ്ട് എന്ന നിലയില്‍ ട്രംപ് വിദേശനയത്തില്‍ കാഴ്ചവച്ചത് അതിബൃഹത്തായ പ്രകടനമായിരുന്നു എന്ന് പറഞ്ഞു. ഇപ്പോള്‍ പ്രസിഡന്റ് ബൈഡന്റെ ഭരണകാലത്ത് രണ്ടാമത്തെ യുദ്ധമാണ് ലോകത്തില്‍ പൊട്ടി പുറപ്പെട്ടിരിക്കുന്നത്. ഒരു ദുര്‍ബലമായ നേതൃത്വം ഉണ്ടാകുമ്പോള്‍ ലോകം സുരക്ഷ കുറഞ്ഞതായി തീരുന്നു. (ഇസ്രായേല്‍ - ഹമാസ് യുദ്ധം ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞത്) എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും ഡൊണള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടണമെന്നും ട്രമ്പിലൂടെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്നും ആണ്. മുന്‍ (യു.എസ്) ഭരണകൂടത്തിന് മിഡില്‍ ഈസ്റ്റ് യുഎസിന് സാമ്പത്തികമായി നയതന്ത്രപരമായും പിന്തുണ നല്‍കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. എനിക്ക് തോന്നുന്നത് മിഡില്‍ ഈസ്റ്റിനു വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നാണ്. തെറ്റായ നയങ്ങളും, തെറ്റായ നേതൃത്വവും, തെറ്റായ ഉദ്ദേശങ്ങളും മേഖലയെ പിന്നോട്ട് വലിക്കുന്നു. കുഷ്നര്‍ വിശദീകരിച്ചു
ഇസ്രായേല്‍ - ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം യുഎസില്‍ ട്രംപ് ഭരിച്ചിരുന്നപ്പോള്‍ കുഷ്നറുടെ നേതൃത്വത്തില്‍ അബ്രഹാം അക്കോഡ്സ് എന്ന പേരില്‍ ഇസ്രായേലും, ബഹ്‌റൈനും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ചേര്‍ന്നു സെപ്റ്റംബര്‍ 2020 ല്‍ ഉണ്ടാക്കിയ സമാധാനക്കരാര്‍ വിമര്‍ശന വിധേയമായിരുന്നു. കുഷ്നര്‍ ട്രമ്പിനോട് അടുക്കുമ്പോഴും ഈ കൂട്ടുകെട്ടില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ഇവാങ്കയുടെ തീരുമാനം. ഇത്തവണ എന്റെ കൊച്ചുകുട്ടികള്‍ക്കും ഞങ്ങളുടെ സ്വകാര്യ കുടുംബ ജീവിതത്തിനും പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് ഇവാങ്ക മുന്‍പ് പറഞ്ഞിരുന്നു.
യു.എസ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ആവശ്യമായ 217 സീറ്റുകള്‍ (രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍) കിട്ടാക്കനിയാണെന്ന് തിരിച്ചറിഞ്ഞു ഇന്നലെ മുന്‍പന്തിയില്‍ എത്തിയ സ്റ്റീവ് സ്‌കാലിസ് പിന്മാറി. ഭൂരിപക്ഷ നേതാവായി തുടരുകയാണ് അഭികാമ്യം എന്ന് സ്‌കാലിസിന് മനസ്സിലായിട്ടുണ്ടാവും. സ്‌കാലിസിനൊപ്പം പരിഗണനയിലുണ്ടായിരുന്ന ജിം ജോര്‍ഡന്റെ സാധ്യതകള്‍ വര്‍ധിച്ചതായി പലരും കരുതി. അതിനിടയിലാണ് ഫുള്‍ ടണ്‍ കൗണ്ടി ഡിഎ ഫാനി വില്ലിസ് 2021ലെ കലാപ ആഹ്വാന ആരോപണത്തില്‍ ട്രംപിന് ഒപ്പം ജോര്‍ഡനും ഉള്‍പ്പെടുമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ജോര്‍ഡനെതിരെ വളരെ ശക്തമായ ഭാഷയിലാണ് വില്ലിസ് പ്രതികരിച്ചത്. നീതിന്യായം നടപ്പാക്കുന്നതിന് തന്റെ പരസ്യ പ്രസ്താവനകളിലൂടെ ജോര്‍ഡന്‍ പ്രതിബന്ധം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് വില്ലിസിന്റെ ആരോപണം. ഭരണഘടനയുടെ ഒന്നാം ഭേദഗതി നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമാണ് ജോര്‍ഡന്‍ രക്ഷാകവചമായി ഉയര്‍ത്തുന്നത്. ഇത് വിലപ്പോകുമോ എന്ന് കണ്ടറിയണം. ഉള്‍പ്പോര് ശക്തമായി തുടരുന്ന റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഒരു വലിയ പ്രതിസന്ധിയാണ്. അവരെ യോജിപ്പിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ഏബ്രഹാം തോമസ്