മകൻ രാവിലെ ക്രിക്കറ്റ് ബാറ്റുമായി പോകുന്നത് കണ്ടിട്ടും കാണാത്തതു പോലെ ഞാനിരുന്നു.സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡി ക്ളാസ് കഴിഞ്ഞേ അവനെ വിടാറുള്ളു.ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം,ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.അല്ലെങ്കിൽ നമ്മളായിട്ട് ഒന്നും പറയുന്നില്ല,പഠനത്തിലൂടെയാണോ അതോ കളിയിലൂടെയാണോ രക്ഷപെടാൻ പോകുന്നതെന്നറിയില്ലല്ലോ?
എന്റെ ആലോചനകൾക്ക് വിരാമം കുറിച്ചു കൊണ്ട് അതിനിടയിലാണ് പത്തു പേരോളം വരുന്ന സംഘം കടന്നു വന്നത്.ആളുമാറി തല്ലാൻ വരുന്നവരോ മറ്റോ ആണോയെന്നറിയാതെ ഞാൻ മുങ്ങാമെന്നൊർത്തു.പക്ഷേ,അതിനു മുമ്പേ ആഗതർ അകത്തെത്തിക്കഴിഞ്ഞു. ‘’ഈ പ്രശ്നം സാറൊന്ന് രമ്യതയിലെത്തിച്ചു തരണം..’’
വന്നവരിലൊരാൾ തുടങ്ങി വെച്ചു.ദൈവമേ,വല്ല അതിർത്തി തർക്കമോ മറ്റോ ആണെങ്കിൽ കുഴഞ്ഞു.ഒരു പൊതു കാര്യപ്രസക്തൻ എന്ന് ആൾക്കാർ കരുതുന്നതു കൊണ്ടാണോ എന്തോ ചില പ്രശ്നങ്ങളൊക്കെ മധ്യസ്ഥതയ്ക്ക് വരാറുണ്ട്.
ചിലതൊക്കെ ഒഴിഞ്ഞു മാറാൻ നോക്കുമെങ്കിലും ചിലത് അതിന് കഴിയാറില്ല.തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ പോകുന്നവരാണ് ഇപ്പോൾ കൂടുതലും തട്ടിപ്പോകുന്നതെന്തിനാലാണ് കൂടുതൽ പേടി.
‘’അതിരു പ്രശ്നം വല്ലതുമാണെങ്കിൽ നമ്മുടെ ദാമോദരൻ സാറിന്റെ അടുത്തു പോകുന്നതായിരിക്കും നല്ലത്..’’ അങ്ങോട്ട് പോയാൽ ഞാൻ രക്ഷപെടുമല്ലോ എന്നോർത്ത് ഞാൻ പറഞ്ഞു.
‘’അതിരു വഴക്കൊന്നുമല്ല,ചെറിയൊരു തർക്കം..അടുത്ത പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഊഴമനുസരിച്ച് ഞങ്ങൾക്കാണ്.പ്രശ്നം അതല്ല,പ്രസിഡന്റാകാൻ യോഗ്യതയുള്ള രണ്ടു പേർ ഒരു പോലെ രംഗത്ത് വന്നിരിക്കുന്നു.ആരെ തള്ളും ആരെ കൊള്ളും എന്ന് തീരുമാനിക്കാൻ കഴിയാതെ ആകെ ആശയക്കുഴപ്പത്തിലാണ്.ഇത് പരിഹരിക്കാൻ ഒരു വഴി ഒടുവിൽ കണ്ടു പിടിച്ചു സാറേ..’’
ഒരു നേതാവ് വിശദീകരിച്ചു.എന്തു വഴിയാണ് കണ്ടു പിടിച്ചത്,ഇനി എന്നെ പ്രസിഡന്റാക്കാനെങ്ങാനും തീരുമാനിച്ചോ?
‘’നറുക്കെടുത്ത് തീരുമാനിക്കാൻ എല്ലാവർക്കും സമ്മതമാണ്.പൊതു സമ്മതനെന്ന നിലയിൽ സാർ തന്നെ നറുക്കെടുക്കണം.ഇനി അതിന്റെ പേരിൽ ഒരു തർക്കം വേണ്ടല്ലോ?’’
കൂടുതൽ ആലോചിക്കും മുമ്പ് നേതാവ് പറഞ്ഞു.പണ്ട് ഭാഗ്യക്കുറിയ്ക്ക് മാത്രമായിരുന്നു നറുക്കെടുപ്പ്.ഇപ്പോൾ മന്ത്രിയാകാനും.എൽ.എൽ.എ.ആകാനും നറുക്കെടുപ്പ് വേണമെന്നായി.
ഏതായാലും നറുക്കെടുത്തു,ഒരാൾ പ്രസിഡന്റായി,നറുക്കെടുപ്പ് വിജയിയെയും ആനയിച്ച് പ്രവർത്തകർ പോയി.ജയിക്കാത്ത ആൾ പുറകെയും പോയി.
അവർ പൊയ്ക്കഴിഞ്ഞപ്പോൾ പ്രിയതമ പറഞ്ഞു.’’അല്ല,നറുക്കെടുപ്പൊക്കെ കഴിഞ്ഞെങ്കിൽ ഇനി നമുക്ക് ഇറങ്ങാം.’’
.ഇതിനിടയിൽ അത് മറന്നു,ഇന്ന് അവളുടെ കൂട്ടുകാരിയുടെ വിവാഹമാണ്.അതിനു ഒറ്റ്യ്ക്ക് പോണോ ഞാനും കൂടെ പോണോ എന്ന തർക്കം ഇതു വരെ തീർന്നിട്ടില്ല.തർക്കം തീർക്കാൻ നറുക്കിട്ടാലൊ എന്നാലോചിച്ചു കൊണ്ടിരിക്കെ മകനെത്തി.’’ഡാഡി,നറുക്കിടാൻ പോകുകയാണെങ്കിൽ ഒരു കാര്യം കൂടി നറുക്കിട്ട് തീരുമാനിക്കാനുണ്ട്..’’
‘’അതെന്താ,ഇനി നിനക്കൊരു നറുക്കെടുപ്പ്?’’
‘’ഞാൻ ക്രിക്കറ്റ് കളിയിൽ തുടരണോ,അതോ ഫുട്ബോളിലേക്കോ മാറണോ എന്നറിയാനാണ്..’’
അതു ശരി,ഇനി കോളേജിൽ പോകണോ വേണ്ടേ എന്ന് നറുക്കെടുത്ത് തീരുമാനിക്കാം എന്നെങ്ങാനും മകൻ പറയുമോ എന്നായിരുന്നു എന്റെ പേടി!