വർഷങ്ങളെത്രയായി നിന്നെ കണ്ടിട്ട്
ഒന്നു കാണാൻ തോന്നുന്നുണ്ട്
ആ കുമാരേട്ടന്റെ ചായപ്പീടികയിൽ
ചായയും പഫ്സും കഴിച്ച് നമ്മൾ
നെയ്ത സ്വപ്നങ്ങളെപ്പറ്റി
ഇന്നലെ ഞാൻ ഓർത്തു.
വെള്ളിയാഴ്‌ചകളിൽ നീ
തൊഴാൻ വരാറുള്ള
ആ ക്ഷേത്രനടയിലെ
കൽ വിളക്കിനരികിൽ നിന്ന്
ഒളികണ്ണിട്ട് നോക്കുന്ന ആ
പഴയ കാമുകനായി മാറാൻ
മോഹം തോന്നി
ഒന്നും രണ്ടും പറഞ്ഞ് പിണങ്ങുമ്പോൾ
മഴ പോലെ പെയ്തിറങ്ങുന്ന നിൻ കണ്ണീർ
"ആരെങ്കിലും കണ്ടാലോ
പെട്ടെന്ന് തുടയ്ക്കു പെണ്ണേ"
എന്ന്
അരിശസ്നേഹത്തിൽ പറയുന്നത്
കണ്ണാടിക്ക് മുന്നിൽ നിന്ന്
ഒന്ന് പറഞ്ഞ് നോക്കി
ഞാനും നീയും ഹ്യദയക്കൈമാറ്റം നടത്തുന്ന
ലൈബ്രറി വരാന്തയിൽ നിന്നെ നോക്കി
നിനക്കുള്ള കത്തുമായി
കാത്തുനിൽക്കാൻ കൊതിയായി
ഒന്നിച്ച് മുട്ടിയുരുമ്മി പോയ
യാത്രകളിലേക്ക്
മടങ്ങാൻ
നിന്റെ പരിഭവങ്ങൾക്ക് മറുപടി പറയാൻ
കുടുകുടെ ചിരിക്കുന്ന നിന്റെ ചിരി കാണാൻ
ഒപ്പമിരിക്കാൻ, നടക്കാൻ
വീണ്ടുമാ കാമുകകാലത്തിലേക്ക് മടങ്ങാൻ
നിന്നെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്
വർഷമെത്രയായി പെണ്ണേ,
എന്നാ ഇനി ഒന്ന് കാണുക??