ഒക്ടോബർ 16-ന് ചേർന്ന ഫോമാ നാഷണൽ കമ്മിറ്റി യോഗത്തിൽ ഈ ശനിയാഴ്ച നടക്കുന്ന ജനറൽ ബോഡിയുടെ വിശദാംശങ്ങളും ബൈലോ ക്ലോസുകളുടെ സാങ്കേതികതയെക്കുറിച്ചും വളരെ വിശദമായി ചർച്ച ചെയ്തു.
ഫോമാ പ്രസിഡന്റും, മുഴുവൻ ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ഫോമാ ഉപദേശക സമിതി അധ്യക്ഷൻ, മിഡ്‌ടേം തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരുൾപ്പെടെ 61 അംഗ ഫോമാ നാഷണൽ കമ്മിറ്റിയാണ് യോഗം ചേർന്നത്. ചർച്ചകൾക്ക് വഴി തെളിച്ച ജുഡീഷ്യൽ കൗൺസിൽ സ്ഥാനാത്ഥിത്വത്തിൽ പ്രസ്തുത വ്യക്തി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനാണെന്ന് യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ബൈലോയുടെ ഒരു രീതിയിലുമുള്ള വ്യാഖ്യാനങ്ങളും അംഗസംഘടനകൾക്കോ , പ്രവർത്തകർക്കോ ദോഷം വരുത്തുവാൻ പാടില്ല എന്ന അഭിപ്രായത്തിലൂന്നിയാണ് ഫോമാ നാഷണൽ കമ്മിറ്റി ഏകകണ്ഠമായി ഈ തീരുമാനം എടുത്തത്. ഫോമാ ദേശീയ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മിഡ്‌ടേം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഫോമാ ദേശീയ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, മിഡ്‌ടേം തിരഞ്ഞെടുപ്പ് കമ്മീഷൻ ജുഡീഷ്യൽ കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുള്ള ആറ് സ്ഥാനാർത്ഥികൾക്കും ഔദ്യോഗിക സ്ഥിരീകരണവും നൽകിക്കഴിഞ്ഞു.
ഈയൊരു ആശയക്കുഴപ്പം ഒരു സ്‌ഥാനാർഥിക്കും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുവാനായി ഒക്ടോബർ 21-ന് നടക്കുന്ന ജനറൽ ബോഡിയിൽ താഴെപ്പറയുന്ന പ്രമേയം അവതരിപ്പിക്കാൻ ഫോമാ ദേശീയ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. "ഈ വരുന്ന ടേമിലേക്ക് മാത്രം കംപ്ലയൻസ് കൗൺസിലിന്റെയും ജുഡീഷ്യൽ കൗൺസിലിന്റെയും എണ്ണം 6 ആയി വർദ്ധിപ്പിക്കുക, കുറഞ്ഞത് ഒരു വനിതയെയെങ്കിലും അതിൽ ഉൾപ്പെടുത്തുക".
ആറ് പേരെ എടുക്കാം എന്ന നിർദേശം മുന്നോട്ടു വച്ച നാഷണൽ കമ്മറ്റിയംഗം ജോൺസൻ ജോസഫിനെയും ഈ ആറു പേരിൽ ഒരാൾ എങ്കിലും ഒരു വനിതയായിരിക്കണം എന്ന നിർദേശം മുന്നോട്ടു വച്ച ഫോമാ ട്രെഷറർ ബിജു തോണിക്കടവിലിനെയും ഈ നിർദേശങ്ങളെ സർവത്മനാ പിന്തുണച്ച നാഷണൽ കമ്മിറ്റി അംഗങ്ങളെയും ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി ശ്ലാഘിച്ചു.
ജനറൽ ബോഡിയുടെ സുഗമമായ നടത്തിപ്പിന് എമ്പയർ റീജിയൻ RVP ഷോളി കുമ്പിളുവേലി, നാഷണൽ കമ്മിറ്റിയംഗങ്ങൾ ഷിനു ജോസഫ്, ബെറ്റി ഉമ്മൻ എന്നിവരുടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം മികച്ച രീതിയിൽ നടത്തുന്നതായി ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് ഫോമ പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
വാർത്ത : ജോസഫ് ഇടിക്കുള ( പി ആർ ഓ, ഫോമാ)