Image

വഴി മധ്യത്തിൽ കിണറുകുഴിച്ച അശോകൻ-3 (ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 20 October, 2023
വഴി മധ്യത്തിൽ കിണറുകുഴിച്ച അശോകൻ-3 (ജോൺ കുറിഞ്ഞിരപ്പള്ളി)
(മാപ്പിള ലഹള )
ഓണം അവധി കഴിഞ്ഞു ക്ലാസ്സിൽ വരുമ്പോൾ ഓണ പരീക്ഷയുടെ ഉത്തരക്കടലാസും മാർക്കും കിട്ടും.അങ്ങനെ ഞങ്ങളുടെ സോഷ്യൽ സ്റ്റഡീസ് പരീക്ഷയുടെ മാർക്കും ഉത്തരക്കടലാസും കിട്ടി.ചോദ്യങ്ങൾ സാർ വായിക്കും.ഉത്തരങ്ങൾ ഉത്തരക്കടലാസ്സിൽ നോക്കി ഞങ്ങൾ വായിക്കണം.
മുഹമ്മദ് ബിൻ തുഗ്ലക്കിൻ്റെ ഭരണ പരിഷ്‌ക്കാരങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യം വായിച്ചിട്ട് എന്നെനോക്കി."അയാളും കിണറുകുഴിച്ചോ ?"എന്നൊരു ചോദ്യം.
ഞാൻ എത്ര ആലോചിച്ചിട്ടും കിണറു കുഴിച്ചതും വഴിയരികിൽ വൃക്ഷങ്ങൾ നട്ടുവളർത്തിയതും കവലകളിൽ വിളക്ക് കാലുകൾ നാട്ടിയതും ,ചുമട്ടുകാർക്കായി അത്താണികൾ പണിതതും എൻ്റെ ഉത്തരക്കടലാസ്സിൽ ഈ ചോദ്യത്തിന് ഉത്തരമായി എഴുതിയിട്ടില്ല.ആരുടെ ഭരണപരിഷ്‌ക്കാരങ്ങൾ ചോദിച്ചാലും എഴുതാൻപറ്റിയ പോയിൻറുകളാണ് ഇതെല്ലം.ഞാൻ അത് സൗകര്യം പോലെ പ്രയോഗിക്കാറുമുണ്ട്.പക്ഷെ തുഗ്ലക്കുമായി കിണറുകുഴിച്ചതിന് ഒരു ബന്ധവുമില്ല.
സാർ കുട്ടികളെ ഇരട്ട പേരു വിളിക്കും, അതാണ് എൻ്റെ പേടി.ഉദാഹരണത്തിന് ജോസഫിനെ നോക്കി വടിവേലു ഈ ചോദ്യത്തിനുത്തരം പറയുക എന്ന് പറയും.പിന്നെ കുട്ടികൾ ജോസഫിനെ വടിവേലു എന്നുവിളിക്കും.ഇത്തരം പേര് കിട്ടിയാൽ അത് സ്ഥിരമായിപ്പോകും.സാറിൻറെ ക്രൂരമായ ഈ തമാശകൾ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.
.എന്തുകൊണ്ടോ സാർ കൂടുതൽ ഒന്നും പറഞ്ഞില്ല.എങ്കിലും വലിയത് വരാനിരിക്കുന്നു എന്ന് എനിക്കറിയാമായിരുന്നു.അപ്പുറത്തു അശോകൻ കിണറുകുത്തി വെള്ളം കണ്ട് പ്രജാക്ഷേമം നടപ്പിലാക്കാൻ തയ്യാറായി ഇരിപ്പുണ്ട്..
മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ചു സംസാരിച്ചുതുടങ്ങിയ സാർ എങ്ങനെയൊ മലബാറിൽ ഉണ്ടായ മാപ്പിള ലഹളയിൽ വന്നെത്തി.
ഒരാളുടെ വർത്തമാനകാലത്തെ സമാധാനം നശിപ്പിക്കണമെങ്കിൽ ഭൂതകാലം തപ്പിയെടുത്താൽ മതി എന്ന് നമുക്കറിയാം.
പറഞ്ഞുവരുമ്പോൾ വളരെ വിവാദ വിഷയമാണ് മാപ്പിള ലഹളകൾ.
അന്ന് സാർ എന്തൊക്കെയോ പറഞ്ഞു, എങ്കിലും ഞാൻ അത് ശ്രദ്ധിക്കുകയുണ്ടായില്ല.
വളരെകാലങ്ങൾക്ക് ശേഷം മാപ്പിള ലഹളകൾ സ്വാതന്ത്ര്യ സ മരത്തിൻ്റെ ഭാഗമാണ് എന്നും അല്ല എന്നും വാദപ്രതിവാദങ്ങൾ കേട്ട് തുടങ്ങിയപ്പോൾ അതിലേക്ക് ശ്രദ്ധ തിരിയുകയായിരുന്നു.
സാമൂതിരിനെടിയിരുപ്പ് രാജ്യത്തിൽ പെട്ട ഏറനാട്, വള്ളുവനാട് പൊന്നാനി പ്രദേശങ്ങളിൽ ഒന്നര നൂറ്റാണ്ടിലധികം കാലം മാപ്പിളമാർ നടത്തിയ ലഹളകളാണ് മാപ്പിള ലഹളകൾ എന്ന പേരിൽ അറിയപ്പെടുന്നത്.ഇപ്പോൾ ഈ സ്ഥലങ്ങൾ കേരള സംസ്ഥാനത്തിൻ്റെ ഭാഗമായ മലപ്പുറം ഡിസ്ട്രിക്ടിൽ പെടുന്നു. 1792 മുതൽ 1921വരെ ഏകദേശം 800 ഓളം ലഹളകൾ ഉണ്ടായിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
ജന്മികൾക്കെതിരെ കുടിയാന്മാർ നടത്തിയ കലാപം, ജാതി ലഹള, വർഗ്ഗീയ ലഹള , സ്വാതന്ത്ര്യ സമരം എന്നിങ്ങനെ വ്യത്യസ്തമായ നിറങ്ങൾ മാപ്പിള ലഹളക്ക് നൽകപ്പെട്ടു.
ഇതും സ്വാതന്ത്ര്യസമരത്തിൻറെ ഭാഗമായിരുന്നോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.നിങ്ങളും ഞാനുമടങ്ങുന്ന നമ്മളും ചരിത്രത്തിൻ്റെ ഭാഗമാണല്ലോ.1921 നുശേഷം മാപ്പിളലഹള കെട്ടടങ്ങി.വീണ്ടും കാൽ നൂറ്റാണ്ടിനുശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന യാഥാർത്യം കൂടി കണക്കിൽ എടുക്കുക.
ജന്മിമാരുടെ ആധ്യപത്യത്തിൽ കുടിയാന്മാർ സഹികെട്ട് അവർക്കെതിരെ സംഘടിച്ചതാണ് മാപ്പിള ലഹളയുടെ കാരണങ്ങളായി പറയപ്പെടുന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശം നമ്പൂതിരി - നായർ വിഭാഗങ്ങളിൽ പെടുന്ന ജന്മികളുടെയോ ദേവസ്വത്തിൻ്റെയോ പേരിൽ നിക്ഷിപ്തമായിരുന്നു. ജാതിയിൽ താഴ്ന്ന കുടിയന്മാർക്ക് ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. ജന്മി നിശ്ചയിക്കുന്നതാണ് കൂലി. അതിൽ നിന്ന് നികുതിയും ഒടുക്കണമായിരുന്നു.
അയിത്തം ലംഘിച്ചാൽ അവയവങ്ങൾ ഛേദിക്കുകയോ കൊല്ലുകയോ ചെയ്യും. ജന്മിക്കെതിരെ സംസാരിച്ചാൽ നാവറുത്തു കളയും.ഈ തരത്തിലുള്ള ജാതീയമായ പീഡനങ്ങളാൽ കീഴ്‌ജാതിക്കാർ കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോളാണ് ഇസ്‌ലാമിക മത പ്രചാരണവുമായി സൂഫി സിദ്ധന്മാർ ഏറനാട് വള്ളുവനാട് പൊന്നാനി ഭാഗങ്ങളിൽ വരുന്നത്. ജാതിയതയിൽനിന്നും രക്ഷനേടാൻ ഇസ്‌ലാം മതം സ്വീകരിക്കാൻ കീഴ്‌ജാതിക്കാർ തയ്യാറായി.
മാർഗ്ഗം കൂടിയവരോട് ജന്മികളുടെ ഉച്ചിഷ്ടം കഴിക്കരുത്, കുഴിയിൽ ഭക്ഷണമിട്ടു കൊടുക്കുന്നത് കഴിക്കരുത്, പൊതു വഴി ഉപയോഗിക്കണം, മാറ് മറക്കണം, അയിത്തമോ, തീണ്ടാപാടോ പാലിക്കരുത് എന്ന് അവർ നിർദ്ദേശിച്ചു. ഈ ഉപദേശങ്ങൾ മാർഗ്ഗം കൂടി മാപ്പിളമാരായവർ നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് ലഹളകളുടെ ആരംഭം. അവരുടെ ധിക്കാരം ജന്മികൾക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല.. മാർഗ്ഗം കൂടിയ അടിയാളന്മാർ മേലാളന്മാരെ ബഹുമാനിക്കാത്തത് വലിയ ലഹളക്ക് കാരണമായി.
ബ്രിട്ടീഷ് സർക്കാരാവട്ടെ ജന്മിമാർക്കും രാജാക്കന്മാർക്കും ഒപ്പമായിരുന്നു.. ബ്രിട്ടീഷ് ആധിപത്യത്തിന് ഏറ്റവും വലിയ തടസ്സം മാപ്പിളമാരാണെന്നു ബ്രിട്ടീഷ് ഗവർണ്ണർ വിലയിരുത്തി
ജന്മികൾ ഹിന്ദുക്കളും കുടിയൻമാർ ഭൂരിഭാഗം മാപ്പിളമാരും ആയത് കൊണ്ട് ലഹളകൾക്ക് മതപരമായ നിറം കലരാനും ഇടയായി.
1921 ലെ മലബാർ കലാപത്തോടെയാണ് ഒന്നര നൂറ്റാണ്ട് നീണ്ടു നിന്ന പോരാട്ടങ്ങൾക്ക് അറുതി വന്നത്. .ഈ ലഹളകാലിൽ എല്ലാമായി ഏതാണ്ട് ഒരുലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകും എന്നാണ് ഒരു ഏകദേശ കണക്ക്. നാടുകടത്തപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തവർ അതിലും കൂടാൻ ആണ് സാധ്യത. ബ്രിട്ടീഷ് സർക്കാർ രേഖകളിൽ വ്യക്തമായ കണക്കുകളില്ല..
മലബാർ കളക്ടറായിരുന്ന വില്യം ലോഗൻ മാപ്പിളമാർ ജന്മികളാലും നിയമങ്ങളാലും കഷ്ടത അനുഭവിക്കുന്നുണ്ടെന്നും ജന്മി നിയമങ്ങൾ പൊളിച്ചെഴുതണമെന്നും നികുതികൾ കുറച്ചു മാപ്പിളമാർക്ക് മാനുഷികപരിഗണന നൽകി കലാപ സാധ്യത കുറക്കണമെന്നും റിപ്പോർട് ചെയ്തു.
സയ്യിദന്മാരും യാഥാസ്ഥിതിക പുരോഹിതന്മാരും ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി അവരെ അറസ്റ്റു ചെയ്തും , നാടുകടത്തിയും കലാപമുണ്ടാകുന്നത് തടയാൻ ശ്രമിച്ചെങ്കിലും അവ ഫലം കണ്ടിരുന്നില്ല.. സിദ്ധമാർക്കും പുരോഹിതന്മാർക്കും മാപ്പിളമാരിലുള്ള മേധാവിത്വം ഇല്ലാതാക്കുന്നത് അവരെ നിയന്ത്രിക്കുന്നതിന് ആവശ്യമായിരുന്നു..അതിനായി മാപ്പിളമാർ ഉപയോഗിക്കുന്ന അറബി ഭാഷക്ക് പകരം മലയാളത്തെ പ്രോത്സാഹിപ്പിക്കുക , വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ഓത്തു പള്ളികൾ അടച്ചു പൂട്ടുക ഇംഗ്ലീഷ് സ്കൂളുകൾ അനുവദിക്കുക,മുതലായ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കി.
മലബാർ കലാപത്തിനു ശേഷം കർശനമായി അവരുടെ ദർസുകളും ഓത്തു പള്ളികളും പൂർണമായും സർക്കാർ അടച്ചു പൂട്ടി .
ബ്രിട്ടീഷ് ഇന്ത്യ നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു മാപ്പിള ലഹളകൾ.അതിനാൽ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതേക ശ്രദ്ധ മലബാറിൽ പതിയുകയും വില്യം ലോഗൻ സമർപ്പിച്ച റിപ്പോർട്ട് പ്രാവർത്തികമാക്കി കുടിയാൻ നിയമങ്ങൾ പൊളിച്ചെഴുതാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറാവുകയും ചെയ്തു.
അതോടുകൂടി ബ്രിട്ടീഷ് രാജിന് തലവേദന സൃഷ്ടിച്ച മലബാറിലെ ലഹളകൾക്കു പൂർണ്ണ വിരാമമായി.
മാപ്പിള ലഹള ഒരു ജനവിഭാഗത്തിൻ്റെ ജീവിതചര്യയിൽ വളരെ ആഴത്തിൽ മാറ്റങ്ങൾ വരുത്തി.
1921 ലെ മലബാർ കലാപത്തിനുശേഷം കാൽ നൂറ്റാണ്ടിന് ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ മാപ്പിളലഹളകൾ സ്വാതന്ത്ര്യ സമരമായിരുന്നോ എന്ന് നിങ്ങൾതന്നെ വിലയിരുത്തുക.
എല്ലാവരെയും എപ്പോഴും കബളിപ്പിക്കുവാൻ കഴിയില്ലല്ലോ.
നമ്മൾക്ക് അറിയാനുള്ളത് അശോകൻ എത്ര കിണർ കുഴിപ്പിച്ചിട്ടുണ്ടാകും?അത് എങ്ങനെ വഴിമദ്യത്തിലായി,എന്നതാണ്.നമ്മൾക്ക് വിഷയത്തിലേക്ക് വരാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക