
ഹോളിവുഡ് : ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പ്രധാനമായും ശ്രദ്ധേയങ്ങളും വന്‍ ബജറ്റ് ചിത്രങ്ങളും ഹോളിവുഡില്‍ നിന്ന് പുറത്തു വരിക. തുടര്‍ന്നു വരുന്ന വിശേഷ, ഒഴിവു ദിനങ്ങളും അവാര്‍ഡു പരിഗണനകളുമാണ് ലക്ഷ്യം. എണ്‍പതിലെത്തിയ പ്രസിദ്ധ ചലച്ചിത്രകാരന്‍ മാര്‍ട്ടിന്‍ സോര്‍സീസ് (സ്‌കോര്‍സീസ്) ഒരു വര്‍ഘത്തെ തുടച്ചുമാറ്റാന്‍ നടത്തിയശ്രമം 2017 ലെ ഡേവിഡ്ഗ്രാന്‍ പുസ്തകത്തില്‍ വിവരിച്ചത്, 'കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍' അതേ പേരില്‍ ചലച്ചിത്രമാക്കിയത് റിലീസായി.
അമേരിക്കയിലെ ഒക്കലഹോമ സംസ്ഥാനത്തിലെ അമേരിക്കന്‍ ഇന്ത്യന്‍ വര്‍ഗമായ ഒസേജ് ജനങ്ങളില്‍ 1920-30 കാലഘട്ടങ്ങളില്‍ സംഭവിച്ച കൂട്ട മരണം ബ്ലാക്ക് ഗോള്‍ഡി(പെട്രോള്‍)ന്റെ കണ്ടെത്തലിന് ശേഷമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഒരു മതചടങ്ങിന്റെ ഭാഗമായി ഒരു സമാധാന കുഴല്‍ കുഴിച്ചിടാന്‍ കുഴി തുറക്കുന്നതിനിടയില്‍ ഭൂമിക്കുള്ളില്‍ നിന്ന് കുതിച്ച പാഞ്ഞെത്തുന്ന എണ്ണ(പെട്രോള്‍)യുടെ കണ്ടെത്തല്‍ ഒസേജ് വര്‍ഗക്കാരെ പെട്ടെന്ന് ധനികരാക്കി.
നാല് സഹോദരികളുള്ള ധനികയായ മോളിയാണ് വര്‍ഗത്തിലെ പ്രമുഖ സ്വയം കിംഗ് ഓഫ് ഒസേജ് ഹില്‍സ് എന്ന് വിശേഷിപ്പിക്കുന്ന വില്യം ഹേല്‍ വെളുത്ത വര്‍ഗക്കാരനായ റാഞ്ച് ഉടമയാണ്. യുദ്ധത്തില്‍ നിന്ന് തിരിച്ചെത്തിയ തന്റെ അനന്തിരവന്‍ ഏണസ്റ്റ് മോളിയുമായി അടുക്കുവാനും ഇരുവരും വിവാഹിതരാകുവാനും വില്യം കളമൊരുക്കുന്നു. പടര്‍ന്നു പിടിക്കുന്ന രോഗം മൂലം മോളിയുടെ സഹോദരിമാര്‍ ഉള്‍പ്പെടെ വര്‍ഗത്തിലെ ധാരാളം പേര്‍ മരിക്കുന്നു. ഒസേജ് വര്‍ഗക്കാര്‍ ഇത് റെയ്ന്‍ ഓഫ് ടെറര്‍ ആണെന്ന് വിശേഷിപ്പിക്കുന്നു. ഡയബെറ്റിസ് ബാധിച്ച മോളിയുടെ ആരോഗ്യനില വഷളായി തുടരുന്നു. ഇവര്‍ക്ക് നല്‍കുന്ന ഇന്‍സുലിനില്‍ ഏണസ്റ്റ് മായം ചേര്‍ത്തിരുന്നു എന്ന് മോളി പിന്നീട് തിരിച്ചറിയുന്നു.
വര്‍ഗത്തിന്റെ ഉന്മൂലനം തന്നെ ലക്ഷ്യം വച്ച് എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന വില്യമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂകസാക്ഷിയും ഒരളുവരെ പങ്കാളിയുമാണ് ഏണസ്റ്റ്. മരണങ്ങള്‍ വര്‍ധിക്കുമ്പോള്‍ എഫ്ബിഐ അന്വേഷിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അന്വേഷണത്തിന്റെ അവസാനത്തില്‍ കുറ്റാരോപിതരില്‍ ചിലര്‍ ശിക്ഷിക്കപ്പെടുന്നു. മറ്റു ചിലര്‍ രക്ഷപ്പെടുന്നു.
ഇപ്പോള്‍ പല ഭാഷചിത്രങ്ങളിലും കാണുന്നത് പോലെ സുദീര്‍ഘമായ ഒരു സന്ദേശം ഒരു നിഴല്‍ രൂപത്തില്‍(ജനാലക്കപ്പുറത്ത്) സോര്‍സീസ് നല്‍കുന്നു. പഴയ ചിത്രങ്ങളുടെ ഭാഗങ്ങളും എല്ലാമായി മൂന്ന് മണിക്കൂര്‍ 26 മിനിറ്റ് ദൈര്‍ഘ്യം സൃഷ്ടിച്ചത് വിവേകപൂര്‍വ്വമല്ലാത്ത എഡിറ്റിംഗും(തെല്‍മ ഷൂണ്‍മേക്കര്‍) സംവിധാനത്തിലെ പ്രത്യേക ഇടത്പക്ഷ താല്‍പര്യവുമാണ്.
റോബര്‍ട്ട് ഡീനിറോയുടെ വില്യം ഒരു സാധാരണ നടന് ചെയ്യാവുന്ന ചെറിയ കഥാപാത്രമാണ്. തന്റെ കയ്യില്‍ വില്യം ഭദ്രമാണെന്ന് ഡിനീറോ തെളിയിച്ചു. ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ കഥാപാത്രമാണ് ഏണസ്റ്റിന്റേത്. അമിതാഭിനയത്തിലേയ്ക്ക് വഴുതി വീഴാതെ ഡികാപ്രിയോ നടത്തിയ പ്രകടനം ശ്രദ്ധേയമാണ്. മോളി ആയി ലിലി ഗ്ലാഡ്‌സ്‌റ്റോണും പക്വതയാര്‍ന്ന അഭിനയത്താല്‍ ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. ജെസ്സിബി ലെമണ്‍സ്, ടാന്റു കാര്‍ഡിനല്‍, ജോണ്‍ലിത്‌ഗോ, ബ്രെന്‍ഡന്‍ഫ്രേസര്‍, പീറ്റര്‍ ലീവാര്‍ഡ്, കാരജേഡ്, ജീന്‍ കോളിന്‍സ്, ജെയ്‌സണ്‍ ഫ്രേസര്‍, പീറ്റര്‍ ലീവാര്‍ഡ്, കാരജേഡ്, ജീന്‍കോളിന്‍സ്, ജെയ്‌സണ്‍ ഇസബെല്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഗ്രാനിന്റെ പുസ്തകത്തില്‍നിന്ന് ഒട്ടേറെ സ്വാതന്ത്ര്യം ഉള്‍ക്കൊണ്ടാണ് സ്‌കോര്‍സിസ് തന്റെ ചലച്ചിത്രം രൂപപ്പെടുത്തിയത്. വര്‍ഗീയ ധ്രുവീകരണവും ഉന്മൂലനശ്രമങ്ങളും രൂക്ഷമാണ് ഇന്നും. ഗ്രാനിന്റെ കഥ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ സ്‌കോര്‍സിസിന്റെ ചിത്രം ഒരു കുടുംബത്തെയും ഒരു ഗ്രാമത്തെയും ഒരു വര്‍ഗത്തെയും പിടിച്ചുലയ്ക്കുന്ന ഐതിഹാസിക വിവരണമായി. മോളി എന്ന കഥാപാത്രത്തെ ശ്രേഷ്ഠവത്കരിക്കുവാനും ശ്രമം നടത്തിയിട്ടുണ്ട്. ലിലി കഥാപാത്രത്തെ മനസ്സിലാക്കി മാനസികവും ആത്മീയവുമായ പ്രായസങ്ങളിലൂടെ കടന്ന് പോകുന്ന സ്ത്രീയായും ഒടുവില്‍ ഭര്‍ത്താവിന്റെ തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്ന ഭാര്യയായും തിളങ്ങിയിട്ടുണ്ട്.
ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന റോഡ്രിഗോപ്രിയോറിറ്റോയുടെ കരവിരുത് പ്രശംസാര്‍ഹമാണ്. അന്തരിച്ച റോബി റോബര്‍ട്ട്‌സണും റാന്‍ഡല്‍ പോസ്റ്ററും സംഗീത വിഭാഗം തന്മയത്വമായി കൈകാര്യം ചെയ്തു. ചിത്രത്തിന്റെ ദൈര്‍ഘ്യം പരസ്യസ്വഭാവവും വിസ്മരിക്കാമെങ്കില്‍ സംവിധായകന്‍ നിരാശപ്പെടുത്തുന്നില്ല എന്നാശ്വസിക്കാം.