യേശു ജീവിതത്തിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടിട്ടുള്ള അവസരമായി എനിക്ക് തോന്നിയത് ക്രൂശിൽ കിടന്നപ്പോഴാണ്. നിസ്സഹായനായി. പരിഹാസ പാത്രമായി. കാഴ്ച വസ്തുവായി. കഠിന വേദനയ്ക്കും ദുഃഖത്തിനും ഒപ്പം അപമാനം കൂടി ഏറ്റു വാങ്ങാൻ ശരീരം കൊണ്ടോ മനസ്സുകൊണ്ടോ കഴിവില്ലാത്ത അവസ്ഥയായിരുന്നു അത്. നിസ്സഹായകയി വേദന കൊണ്ട് കരയുന്നത് നോക്കി ഒരു കൂട്ടം ആൾക്കാർ അതിൽ ഭൂരിപക്ഷവും പരിഹസിച്ചു കൊണ്ട് നോക്കി നിൽക്കുക.
വെള്ളം പോലെ മധുരമുള്ള ഒരു പാനീയം വേറൊന്നില്ല. നാവ് വരണ്ടുണങ്ങിയപ്പോൾ വെള്ളം തരുമോ എന്ന് ചോദിച്ചപ്പോൾ വെള്ളത്തിന് പകരം വിന്നാഗിരി കൊടുക്കുക. അത് ചുണ്ടിൽ തട്ടുമ്പോൾ, ഇറക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വരുന്ന ഭാവഭേദങ്ങൾ കണ്ട് "ഇവനാണോ ദൈവപുത്രൻ" എന്ന് പരസ്പരം ചോദിച്ച് പരിഹസിച്ച് ചിരിക്കുക. വളരെ ദുസഹമായ അവസ്ഥ.
ഇതിന്റെ ഒരു വ്യാഖ്യാനമായി ഞാൻ കേട്ടിട്ടുള്ളത്, പലപ്പോഴായി വളരെയധികം ഞാൻ ചിന്തിച്ചിട്ടുള്ളത്, ഇതേസമയം ദൈവം സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് നോക്കി, യേശുവിന്റെ കണ്ണുകൾ സ്വർഗ്ഗത്തിലേക്കായിരുന്നു, ലോകത്തിലെ ഏറ്റവും പാപിയായ മനുഷ്യൻ ക്രൂശിൽ കിടക്കുന്നത് കണ്ടു ദൈവം മുഖം തിരിച്ചത്രെ.
ഇസ്രായേലിന്റെയും ഹമാസിന്റെയും കൂട്ടത്തിൽ പെടാത്ത, ഇവരുടെ ഇടയിലെ തർക്കങ്ങളും പ്രശ്നങ്ങളും എന്തെന്ന് പോലും അറിയാത്ത, ആയിരക്കണക്കിന് കുട്ടികളും അമ്മമാരും, സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് പുരുഷന്മാരും, സ്വർഗ്ഗത്തിലേക്ക് ഉറ്റു നോക്കുന്നുണ്ടാവും. ദൈവത്തിന്റെ തിരിച്ചൊരു നോട്ടത്തിനു വേണ്ടി.